Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

ആരാണടുക്കളയില്‍ ?

[രാജന്‍ തിരുവോത്ത്]


മനുഷ്യകുലത്തിന് അഗ്നിയും കലയും തന്നനുഗ്രഹിച്ച പ്രൊമെത്യൂസിനോട് നമ്മള്‍ കടപ്പെട്ടിരിക്കുന്നുവെന്ന് പറയുന്നത് വെറുതെയല്ല. ചൂടിന്റെ സ്നേഹവും (സ്നേഹത്തിന്റെ ചൂടല്ല) വേവിന്റെ രുചിയും അറിഞ്ഞതോടെ മനുഷ്യന്‍ അവന്റെ ഭക്ഷണത്തിന്റെ ചേരുവകളില്‍ ഭിന്നതകള്‍ പരീക്ഷിച്ചുതുടങ്ങി. രുചിഭേദങ്ങള്‍ അവനെ കൊണ്ടെത്തിച്ചത് ഭക്ഷണം പാകം ചെയ്യാന്‍ നിര്‍ദിഷ്ടമായ ഒരിടം വേണമെന്ന ചിന്തയിലേക്കും പാചകം ഒരു കലയാണ് എന്ന വിശ്വാസത്തിലുമാണ്. ഇവിടെ അഗ്നി തന്നെ കലയും കല തന്നെ അഗ്നിയുമായി പരിണമിക്കുന്നു.

 ആരോഗ്യത്തെ സംരക്ഷിക്കുന്ന ഭക്ഷണം പാചകം ചെയ്യാന്‍ സ്വന്തം ആവാസസ്ഥലത്തോട് ബന്ധപ്പെടുത്തി ഒരു പ്രത്യേക സ്ഥലം കാലക്രമത്തില്‍ മനുഷ്യന്‍ രൂപപ്പെടുത്തിത്തുടങ്ങി. ഭക്ഷണം പാകം ചെയ്തെടുത്തശേഷം മണ്ണടുപ്പില്‍ അവശേഷിച്ച കനല്‍ക്കട്ടകളുടെ ചൂടേറ്റ് അവന്‍ ഉറങ്ങി. അമ്മയുടെ മാറില്‍നിന്ന് മുലപ്പാല്‍ നുകര്‍ന്ന് അമ്മയുടെ ഉദരത്തിന്റെ ചൂടേറ്റ് മയങ്ങുന്ന ഒരു ശിശുവിനെപ്പോലെ! ഇതേ മനുഷ്യന്‍ അവന്റെ ചരിത്രപരമായ വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ വഴിതിരിഞ്ഞെത്തിയത് അവന് ഭക്ഷണം നല്‍കുന്ന അടുക്കളയെ വീടിന്റെ പിന്‍ഭാഗത്തേക്ക് തള്ളിമാറ്റുക എന്ന തീരുമാനത്തിലാണ്. അവന്‍ പോലും കയറാത്ത ഒരു സ്വകാര്യ സ്ഥലമാക്കി വീടിന്റെ അടുക്കളയെ മറച്ചുപിടിച്ചു. അവനെ പോറ്റുന്ന അടുക്കളയെ ചവിട്ടി പിന്നിലാക്കിയപ്പോള്‍ സ്വന്തം സംസ്കാരത്തെയും സ്വബോധത്തെയുമാണ് പിന്നിലേക്കാക്കിയതെന്ന് അവന്‍ ഓര്‍ത്തില്ല.

അടുക്കളയില്‍ അന്നം മാത്രമല്ല അരിയും സംസ്കാരവും പാകപ്പെടുന്നുണ്ട്. അടുക്കളയില്‍ നടക്കുന്നത് ഒരു മുലയൂട്ടലാണ്. അതുകൊണ്ടാണ് അടുക്കള അമ്മയാണെന്നും അവിടെനിന്നാണ് ഒരാളുടെ സാംസ്കാരിക വളര്‍ച്ചയുടെ തുടക്കമെന്നും പറയുന്നത്. അടുക്കളയ്ക്ക് അതിന്റേതായ സംഗീതമുണ്ട്, താളമുണ്ട്, ഗന്ധമുണ്ട്. അത് സംസ്കാരത്തിന്റെ രുചിഭേദങ്ങളുമായി ബന്ധപ്പെട്ടതാണ്. ദാനങ്ങളില്‍ മഹത്തായത് അന്നദാനമാണെന്നിരിക്കെ അന്നദാനം നടക്കുന്നിടം പുണ്യസ്ഥലം തന്നെയാണ്. അതില്‍പരം ക്ഷേത്രമേതാണ്. പ്രൊമെത്യൂസിനെതിരെ വിധി പറയാന്‍ പോകുന്നതിന് മുമ്പ് ന്യായാധിപന്‍ അനുഭവിച്ചത് പ്രൊമെത്യൂസ് നല്‍കിയ അഗ്നിയുടെ ചൂടില്‍ വേവിച്ചെടുത്ത ഭക്ഷണത്തിന്റെ രുചിയറിഞ്ഞ ശേഷമാണ്. എന്നിട്ടും അദ്ദേഹം പ്രൊമെത്യൂസിന് കഠിന ശിക്ഷ തന്നെ നല്‍കിയെങ്കില്‍ അത് ഏതോ സമ്മര്‍ദം മൂലം ചെയ്ത ഒരു നന്ദികേടാണ്.

ശരീരത്തില്‍ പ്രധാനപ്പെട്ട രണ്ടു അടുക്കളകളുണ്ട്. ഒന്ന് വയറ്റിലും മറ്റൊന്ന് മനസ്സിലുമാണ്. ഒന്ന് ശരീരത്തിനുവേണ്ടിയുള്ളതാണെങ്കില്‍ മറ്റൊന്ന് വ്യക്തിത്വത്തിനും അതിന്‍പടി സമൂഹത്തിനും വേണ്ടിയുള്ളതാണ്. മറ്റൊരര്‍ഥത്തില്‍ ശരീരത്തിലെ ഓരോ കോശവും ഓരോ അടുക്കളകളാണ്. മൈറ്റോകോണ്‍ട്രിയകള്‍ ഭക്ഷണം (ഊര്‍ജം) പാകം ചെയ്തുകൊണ്ടേയിരിക്കുന്നു. സസ്യങ്ങളിലാണെങ്കില്‍ സൂര്യപ്രകാശത്തിന്റെ സഹായത്തില്‍ ഹരിതകത്തിന്റെ സാന്നിധ്യത്തില്‍ ഓരോ കോശവും ചെടിയ്ക്കാവശ്യമായ ഭക്ഷണം പാകം ചെയ്തു കൊണ്ടേയിരിക്കുന്നു. ഇതാകട്ടെ മനുഷ്യരടക്കമുള്ള ജീവജാലങ്ങള്‍ക്ക് ആവശ്യമായ മരുന്നും ഭക്ഷണവും ഒരുക്കുന്ന അടുക്കളയുടെ ധര്‍മമാണ് അനുഷ്ഠിക്കുന്നത്. അമ്മിയില്‍ നാലുകായ മുളകരഞ്ഞ് പരുവപ്പെടുമ്പോള്‍ മനസ്സില്‍ നാലു വരി കവിത പാകപ്പെടുന്നു എന്നാണ് ജീവിതകാലത്തിന്റെ മിക്ക പങ്കും സ്വന്തം ഭക്ഷണം പകം ചെയ്ത മഹാകവി വൈലോപ്പിള്ളി പറഞ്ഞത്.

“അമ്മിയെന്നാലരക്കല്ല് അമ്മയെന്നാല്‍ അമ്മിഞ്ഞക്കല്ല്” എന്ന് കുഞ്ഞുണ്ണിമാഷ് പറഞ്ഞതിന്റെയും പൊരുള്‍ മറ്റൊന്നായിരിക്കില്ല. അടുക്കള അമ്മയാണെന്നും അവിടെ കലയും കവിതയും അന്നമെന്നതുപോലെ പാകപ്പെടുന്നു എന്നുമാണ്. അടുക്കളയിലെ കരിയും വെണ്ണീറും നമ്മെ ഒരിക്കലും വൃത്തികേടാക്കിയിരുന്നില്ല. അടുക്കളയിലെ കരിക്കട്ടകളാണ് പോയ കാലത്ത് നമ്മള്‍ പല്ല് വൃത്തിയാക്കാന്‍ ഉപയോഗിച്ചിരുന്നത്. വെണ്ണീറാകട്ടെ കേരളീയന്റെ പ്രമുഖ ജീവിതമാര്‍ഗമായ തെങ്ങുകള്‍ക്ക് വളമായും തീര്‍ന്നു. കരിക്കട്ടയുടെ സ്ഥാനം പേസ്റ്റും ബ്രഷും കൈപ്പറ്റിയതോടെ പല്ലും മോണയും അന്യന്റേതായി. ഇന്ന് അടുക്കളയില്‍ കനലില്ല, മറിച്ച് ചൂടായാല്‍ പഴുക്കുകയും അണഞ്ഞാല്‍ വിറങ്ങലിക്കുകയും ചെയ്യുന്ന ചെമ്പുകമ്പികളോ ദുര്‍ഗന്ധമുള്ള പെട്രോള്‍ഗ്യാസോ മാത്രം. അരച്ചു ചേര്‍ക്കാന്‍ അമ്മികളില്ല, പാതിച്ചതയ്ക്കുന്ന ഗ്രൈന്ററുകള്‍ മാത്രം. ഭക്ഷണം സൂക്ഷിക്കാന്‍ ഫ്രിഡ്ജുകളും. ഫ്രിഡ്ജുകള്‍ ശ്വാസം വലിക്കുമ്പോള്‍ എത്രയെത്ര വൈദ്യുതിയാണ് വിഴുങ്ങിക്കളയുന്നത്.

വീടുകള്‍ കൊച്ചു ഫാക്ടറികള്‍ ആയിത്തീരുന്നതോടെ നമ്മുടെ തനത് സംസ്കാരത്തിനു തന്നെ കോട്ടം തട്ടുകയാണ്. ഭക്ഷണം പോലെ നമ്മുടെ തലച്ചോറും ഫ്രിഡ്ജില്‍ വെച്ചു കളയുന്നതാണ് കുഴപ്പം. അടുക്കളയെ നമുക്ക് പിന്‍തള്ളാന്‍ പറ്റില്ല. ഒരു കുഞ്ഞിന്റെ സംസ്കാര രൂപീകരണത്തിലും സ്വഭാവ രൂപീകരണത്തിലും അടുക്കളയ്ക്ക് അനിഷേധ്യമായ പങ്കാണുള്ളത്. ശരീരത്തിന് പുറത്തുള്ള ഒരു ലോകത്തെ കുഞ്ഞ് തിരിച്ചറിയുന്നത് അമ്മയുടെ കൂടെ അടുക്കളയില്‍ നിന്നാണ്. ഷഡ്രസങ്ങളും ഗന്ധവിശേഷങ്ങളും അവന്‍ തിരിച്ചറിയുന്നതും മറ്റൊരിടത്തുനിന്നുമല്ല. അടുക്കളയില്‍ അവശേഷിക്കുന്ന ചിരട്ടകളും ചണനൂലുംകൊണ്ട് ത്രാസുണ്ടാക്കി കളിക്കുന്ന കുട്ടി ലോകത്തിന്റെ നീതിന്യായവും യുക്തിബോധവും മനസ്സിലുറപ്പിക്കുകയാണ് ചെയ്യുന്നത്. അമ്മയുടെ ചൂടല്ല അഗ്നിയുടെ ചൂടെന്ന് കുട്ടി മനസിലാക്കുന്നതും അടുക്കളയില്‍നിന്നാണ്. ഏതൊരു മനുഷ്യനും ചൂട് ഒരു പ്രശ്നം തന്നെയാണ്. ചൂട് നിഷേധിക്കപ്പെടുന്ന ഒരാള്‍ വികല മനസ്കനോ ചിലപ്പോള്‍ സാഡിസ്റ്റോ ഒരു മസോക്കിസ്റ്റോ ഒക്കെ ആയേക്കും. അമ്മയുടെ ഉദരത്തിലെ ചൂടില്‍നിന്ന് പുറത്തുവരുന്ന കുഞ്ഞ് പിന്നീട് അമ്മയുടെ ഉദരബാഹ്യത്തിലെ തൊലിയുടെ ചൂടില്‍ മുഖം പൂഴ്ത്തിയുറങ്ങുന്നു. അതൊരു അനുഭവമാണ്. ഒരു നിര്‍വൃതിയാണ്. ക്രമേണ പ്രായവും പ്രകൃതിയുമാണ് മറ്റൊരു ശരീരത്തിന്റെ ചൂടിലേക്ക് അവനെ ആകര്‍ഷിക്കുന്നത്. അതിനിടയ്ക്കുള്ള ലോകത്തിന്റെ ചൂട് അവന്‍ തിരിച്ചറിയുന്നത് അടുക്കളയില്‍ നിന്നാണ്. അവന്റെ ഭാവിജീവിതത്തിലെ രുചിയും മണവും കൊടുക്കല്‍ വാങ്ങലുകളും അവന്റെ തവിയും കലവും അവന്‍ നേടുന്നതും അടുക്കളയില്‍ നിന്നാണ്. കാരണം അടുക്കളയില്‍ അമ്മ വിളമ്പുന്നത് അപ്പം മാത്രമല്ല, അറിവും ഒരു ജീവിതരീതിയുമാണ്.

സംസ്കാരത്തിന്റെ നിറവാണവന് ലഭിക്കുന്നത്. മൂന്നാളുകള്‍ക്ക് താമസിക്കാന്‍ മുന്നൂറ് ആളുകളെ ഉള്‍ക്കൊള്ളാവുന്ന വീടുണ്ടാക്കുന്ന ദുഷിച്ച മാനസികാവസ്ഥ ചിലപ്പോള്‍ കേരളീയന്റേതു മാത്രമായിരിക്കും. പഴയ വീടുകള്‍ (കാലപ്പഴക്കമുണ്ടെങ്കിലും വളരെ നല്ലവ) പറിച്ചുമാറ്റി പുതിയ വീടുകള്‍ നിര്‍മിച്ച പേര് മാറ്റുക! ഒരു പരിഷ്കാരമാണ്. ഇത് ഒരു സംസ്കാരത്തില്‍നിന്ന് മറ്റൊരു സംസ്കാരത്തിലേക്കുള്ള പറിച്ചു നടലാണ്. അഥവാ ഒരനാവശ്യസഞ്ചാരമാണ്. വീടുകള്‍ക്ക് പേരിടുക എന്നതാണ് ചിലര്‍ക്ക് വലിയ പ്രശ്നം. മാസങ്ങളോളം ചിലപ്പോള്‍ അന്വേഷണം തുടര്‍ന്നെന്നു വരും. ഒടുവില്‍ “സദന”മെന്നും “വില്ല”യെന്നുമൊക്കെ പേരിടുകയായി. സദനം എന്ന വാക്കിന് നോക്കാഞ്ഞാല്‍ നശിച്ചുപോകുന്നത്, നാശം, അധഃപതനം, ക്ഷീണം, യാഗശാല, യമപുരി എന്നൊക്കെയാണര്‍ഥം. താമസിക്കുന്ന വീടിന് “ധര്‍മപുരി” (യമധര്‍മന്റെ കൊട്ടാരം) എന്നുവരെ പേരിട്ടവരുണ്ട്. വില്ല എന്ന വാക്കിന് ഗ്രാമവസതി, ഗ്രാമത്തിലെ സുഖവാസഗൃഹം എന്നൊക്കെയാണര്‍ഥം. ഇംഗ്ലീഷുകാരന് നഗരജീവിതം മടുക്കുമ്പോള്‍ ചെന്ന് താമസിക്കാനുള്ളതാണ് അയാളുടെ “വില്ലകള്‍”. എന്നാല്‍ മലയാളി നഗരമധ്യത്തില്‍ വീട് വച്ച് അതിന് വില്ല എന്നു പേരിടുകയാണ്. എല്ലാ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നായകന്മാരുടെയും പ്രവര്‍ത്തനങ്ങള്‍ക്കും ഊര്‍ജസ്വലതയ്ക്കും ആരോഗ്യത്തിനും പിറകില്‍ ഓരോ അടുക്കളകളുണ്ടാവും (ചിലപ്പോള്‍ കൂടെ കൊണ്ടുനടക്കുന്ന ഒരു സ്ഥിരം പാചകക്കാരനും). എന്നാല്‍ നമ്മള്‍ അടുക്കളയെ മറച്ചുവെക്കുകയോ പിന്‍തള്ളുകയോ ആണ് ചെയ്യുന്നത്. അടുക്കളപ്പോര്, അടുക്കളഞായം, അടുക്കളക്കാരി എന്നിങ്ങനെ ദുഷ്പേരുകള്‍ വിളിച്ച് മോശമായ ഒന്നാക്കി മാറ്റിനിര്‍ത്തുന്നു.

വീട്ടമ്മമാര്‍ ഭര്‍ത്താവിനും മക്കള്‍ക്കുംവേണ്ടി ഭക്ഷണം പാകം ചെയ്യാന്‍ സ്വന്തം അടുക്കളയില്‍ കയറുന്നതുപോലും ഒരു തരംതാണ പ്രവൃത്തിയായി കരുതുകയും അത്തരം ജോലികള്‍ ചെയ്യാന്‍ കൂലികൊടുത്ത് ആളെ നിര്‍ത്തുകയും അടുക്കളയില്‍ ജോലി ചെയ്യുന്നവരുടെ മേല്‍ തന്റെ സാമ്പത്തിക മേല്‍ക്കോയ്മ അടിച്ചേല്‍പ്പിക്കുകയും അവരെക്കൊണ്ട് ബഹുമാനപുരസ്സരം “കൊച്ചമ്മ” എന്നു വിളിപ്പിക്കുകയും ചെയ്യുന്ന ഒരു രീതി ഇന്നും നിലനില്‍ക്കുകയാണ്. പണ്ടുകാലത്ത് സമ്പന്ന കുടുംബത്തിലെ സ്ത്രീകള്‍ അവരുടെ വീടുകളിലെ അടുക്കളകള്‍ ഒരിക്കല്‍പോലും കണ്ടിട്ടുണ്ടാവില്ല. എന്നാല്‍ കൊച്ചമ്മകള്‍ക്ക് അടുക്കളക്കാരിയെ ചീത്ത പറയാനോ മര്‍ദിക്കാനോ ആവശ്യമായ ഊര്‍ജത്തിന്റെ പാകം നിര്‍വഹിക്കുന്നത് അടുക്കളക്കാരികള്‍ ആണെന്നും വീടിന്റെ ഓഫീസ് മുറിയില്‍ വന്നിരിക്കുന്ന വിരുന്നുകാരെ സല്‍ക്കരിക്കുന്നതിനാവശ്യമായ രുചികള്‍ പാകം ചെയ്തെടുക്കുന്നത് അവര്‍ പിന്നില്‍ തള്ളിയ അടുക്കളയാണെന്ന കാര്യവും വിസ്മരിക്കപ്പെടുന്നു. ഒരു വീടിന്റെയും അതിലൂടെ ഒരു നാടിന്റെയും ആരോഗ്യം കാത്തുസൂക്ഷിക്കുന്നത് അടുക്കളയാണ്. അതുകൊണ്ടുതന്നെ അടുക്കളകള്‍ ജീവന്റെയും സംസ്കാരത്തിന്റെയും ആധാരങ്ങളാണ്.

വിശാലമായ അര്‍ഥത്തില്‍ അടുക്കളയെ അരങ്ങത്തേയ്ക്ക് കൊണ്ടുവരാന്‍ ശ്രമിച്ചത് വി ടി ഭട്ടതിരിപ്പാടാണ്. ഭട്ടതിരിപ്പാടിന്റെ ശ്രമം ആഴമേറിയ അര്‍ഥത്തില്‍ പൂര്‍ണമായും വിജയിച്ചോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്. ഭാരതക്ഷമേ നിന്റെ പെണ്‍മക്കള്‍ , അടുക്കളക്കാരികള്‍ വീടാം കൂട്ടില്‍ കുടുങ്ങും തത്തമ്മകള്‍ നരന്നു ഗര്‍ഭാദാന പാത്രങ്ങള്‍ , ആജന്മാന്തം പരതന്ത്രകള്‍ പശുപ്രായകളബലകള്‍ (ഉള്ളൂര്‍ – ചിത്രശാല) എന്ന് ഉള്ളൂര്‍ പറഞ്ഞത് സ്ത്രീകള്‍ അടുക്കളയില്‍ ഭക്ഷണം പാകം ചെയ്തത് മോശമായി എന്ന അര്‍ഥത്തിലല്ല മറിച്ച് സ്ത്രീകളുടെ അക്കാലത്തെ സ്വാതന്ത്ര്യമില്ലായ്മയെക്കുറിച്ചാണ്. അത് ഒരു കാലഘട്ടത്തിന്റെ പ്രശ്നവുമാണ്. എന്നാല്‍ തത്തമ്മകളെ കൂട്ടില്‍നിന്ന് പുറത്തുകൊണ്ടുവരാന്‍ ഉള്ളൂരിന്റെ ഭാഗത്തുനിന്ന് വളരെ വലിയ ശ്രമങ്ങളൊന്നും ഉണ്ടായിട്ടുമില്ല. “തീ” കാക്കുന്നവളായതുകൊണ്ടാണ് സ്ത്രീയെന്ന പേര് വന്നത് എന്ന വാദം ശരിയാണെങ്കില്‍ തീ ചൂടാണ്. അത് സ്നേഹമാണ്. അങ്ങനെയെങ്കില്‍ സ്ത്രീ സ്നേഹത്തിന്റെ കാവലാളാണ്. ഈ ലോകത്തിന്റെ കാവലാളാണ്. ഇന്ന് ഉയര്‍ന്നുകേള്‍ക്കുന്ന ഒരു മുദ്രാവാക്യമാണ് അടുക്കളകള്‍ തിരിച്ചുപിടിക്കുക എന്നത്. ഇപ്പോള്‍ തിരിച്ചുപിടിക്കാന്‍ ഇതാരാണ് കവര്‍ന്നെടുത്തിരിക്കുന്നത് അല്ലെങ്കില്‍ ആരായിരുന്നു കൈയൊഴിഞ്ഞത് എന്ന് ചോദിക്കേണ്ടിവരും. അടുക്കളകള്‍ നമ്മള്‍ തന്നെയാണ് വിറ്റത്. അടുക്കളയില്‍ പുകയില്ലാതായി, പകരം പ്രഷര്‍ വന്നു (ശരീരത്തിനും വന്നു). അടുക്കളയിലെ മിതമായ പുക രോഗാണുക്കളെ നശിപ്പിക്കാന്‍ ഉതകുമെന്ന് നമുക്കറിയാം എന്നിട്ടും? അടുക്കള എന്ന വാക്കിന് “രസവതി” എന്നൊരു പര്യായമുണ്ട്. ഇവിടെ വെച്ച് രസങ്ങള്‍ (സ്വാദ്) പാകപ്പെടുന്നു എന്ന അര്‍ഥത്തിലാവണം അങ്ങനെയൊരു പര്യായം. അടുക്കള കാണുക എന്നാല്‍ ഉള്ളുകള്ളിയറിയുക എന്നാണ്. പുതിയ കാലഘട്ടത്തില്‍ നമ്മള്‍ ഉള്ളുകള്ളികള്‍ മറച്ചുപിടിക്കുകയാണ്. എന്നുപറഞ്ഞാല്‍ യഥാര്‍ഥ സ്വഭാവവും പെരുമാറ്റരീതികളും മറച്ചുവെക്കുകയും ഉടുപ്പുലയാതെ കെട്ടിപ്പിടിക്കുകയും ചുണ്ടില്‍ മരിക്കുന്ന ചിരിയാലെ മനസ്സിനെ മറയ്ക്കുകയുമാണ്. “അടുക്കളക്കുറ്റം” എന്ന പ്രയോഗത്തിന് ചാരിത്രദോഷം എന്നാണര്‍ഥം. അടുക്കളസേവ എന്നാല്‍ സ്ത്രീസേവ എന്നുമാണ്. വധുവിന്റെ അമ്മ മകളുടെ ഭര്‍ത്താവിന്റെ വീട്ടില്‍ ആദ്യമായി ചെല്ലുന്ന ചടങ്ങിനാണ് അടുക്കള കാണല്‍ എന്നുപറയുന്നത്. മകള്‍ എത്തിയത് സംസ്കാരമുള്ള വീട്ടിലാണോ, അമ്മായിഅമ്മ നല്ല സ്വഭാവക്കാരിയാണോ എന്നൊക്കെ അറിയലാണിതിന്റെ പൊരുള്‍ . ചുരുക്കിപ്പറഞ്ഞാല്‍ അടുക്കളയുമായി ബന്ധപ്പെട്ട എല്ലാ പ്രയോഗങ്ങള്‍ക്കും സ്ത്രീയുമായും സംസ്കാരവുമായിട്ടാണ് ബന്ധം.

സമൂഹത്തില്‍ നാം കാണുന്ന എല്ലാ ആഘോഷങ്ങള്‍ക്കും പിറകില്‍ വലിയ ഒരടുക്കളയുടെ സാന്നിധ്യമുണ്ടാകും. ആഘോഷങ്ങള്‍ക്കായാലും അല്ലെങ്കിലും ഭക്ഷണം ഒരു പ്രധാന ഘടകമാണ് എന്നാണിത് സൂചിപ്പിക്കുന്നത്. വീടുകളില്‍ അന്നന്നത്തെ ഭക്ഷണം പാകം ചെയ്യുന്നത് സ്ത്രീകളാണെങ്കില്‍ വലിയ ആഘോഷങ്ങള്‍ക്കു വേണ്ടി ഭക്ഷണം പാകംചെയ്യുന്നതിന് പുരുഷന്മാരെയാണ് ഏല്‍പ്പിക്കുക. അവിടെ സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് സഹായികളും അരവിനു വേണ്ടിയുള്ളവരും മാത്രമായിത്തീരുന്നു. രാഷ്ട്രീയ സമ്മേളനങ്ങള്‍ , യുവജനോത്സവങ്ങള്‍ , സമ്പന്നരുടെ വീട്ടിലെ കല്യാണങ്ങള്‍ എന്നിവയെക്കുറിച്ച് ആലോചിക്കുമ്പോള്‍തന്നെ ഭക്ഷണപദാര്‍ഥങ്ങള്‍ , പാചകക്കാര്‍ , വെപ്പു പാത്രങ്ങള്‍ എന്നിവയെക്കുറിച്ചാണ് ആദ്യം ചിന്തിക്കുന്നത്. യുദ്ധസന്നാഹങ്ങള്‍ ഒരുങ്ങുമ്പോഴും അടുക്കളയെക്കുറിച്ച് സമയമെടുത്തുതന്നെ ആലോചിക്കുന്നു. മഹാഭാരതയുദ്ധം ആരംഭിക്കുന്നതിന്റെ രണ്ടു ദിവസം മുമ്പുതന്നെ ഭക്ഷണത്തിന് ആവശ്യമായ കാട്ടുപോത്തുകളെയും തെളിച്ചുകൊണ്ട് ഇരുട്ടിന്റെ പാതയിലൂടെ കൈപ്പന്തങ്ങളുമായി ഘടോല്‍ക്കചനും സംഘവും വരുന്നതിന്റെ ഒരു ചിത്രം തന്നെയുണ്ട്.

രാജാക്കന്മാര്‍ പണ്ടുകാലത്ത് ഊട്ടുപുരകള്‍തന്നെ സ്ഥാപിച്ചിരുന്നു. റഷ്യയില്‍ യുദ്ധകാലത്ത് സെന്‍സസ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ലിയോ ടോള്‍സ്റ്റോയി, നാടിന്റെ ദയനീയാവസ്ഥ കണ്ടപ്പോള്‍ ആദ്യം ചെയ്തത് കുട്ടികള്‍ക്കും വലിയവര്‍ക്കുമായി വെവ്വേറെ ചെറുതും വലുതുമായ ആയിരക്കണക്കില്‍ അടുക്കളകള്‍ ഒരുക്കുകയാണ്. ജീവിതത്തിന്റെ ഏതു പരിതഃസ്ഥിതിയിലും അടുക്കളകള്‍ക്കുള്ള സ്ഥാനമാണിത് കാണിക്കുന്നത്. അടുക്കളയില്‍ സ്ത്രീകള്‍ക്കുള്ള പങ്ക് വളരെ വലിയതായതുകൊണ്ടാണ് അടുക്കള ഒരമ്മയാണെന്ന് പറയുന്നത്. ഹോട്ടലുകാരന്‍ ഭക്ഷണം പാചകം ചെയ്യുമ്പോള്‍ പാചകക്കാരന്റെ മുമ്പില്‍ ഭക്ഷണം കഴിക്കുന്നത് ഒരു വ്യക്തിയല്ല. ആരെന്നറിയാത്ത അനേകം വ്യക്തികളാണുള്ളത്. തനിക്കറിയാത്തതും താന്‍ കാണാത്തതുമായ ആര്‍ക്കോ വേണ്ടിയാണയാള്‍ പാചകം ചെയ്യുന്നത്. എന്നാല്‍ വീടിന്റെ അടുക്കളയില്‍ അമ്മ പാചകം ചെയ്യുമ്പോള്‍ അവരുടെ മുമ്പിലും മനസ്സിലും അവര്‍ ഈറ്റുനോവനുഭവിച്ച ഒരാളാണുള്ളത്. അതുകൊണ്ടാണ് അടുക്കളയില്‍ അമ്മയരയ്ക്കുന്ന ചമ്മന്തി സ്നേഹം കൂട്ടിയരച്ചതാണ് എന്നും മനസ്സ് കൂട്ടിയരച്ചതാണ് എന്ന് പറയുന്നതും അതിന് ആയിരം കറിയുടെ സ്വാദുണ്ടെന്ന് പറയുന്നതും. പുറത്ത് ജോലിയ്ക്ക് പോയ മക്കള്‍ ഓണത്തിനും വിഷുവിനും ക്രിസ്മസ്സിനും ബക്രീദിനും വീട്ടിലേക്ക് ഓടിയെത്തുന്നത് ഒരുപിടി ചോറുണ്ണാനല്ല, മറിച്ച് സ്വന്തം വീടിന്റെ അടുക്കളയുടെ ചൂടേല്‍ക്കാനാണ്. അത് അമ്മയുടെ ചൂടേല്‍ക്കലാണ്. ഇത് അന്യംനിന്ന സംസ്കാരത്തെ തിരിച്ചുപിടിക്കലാണ്.

The team is order cialis online an expert in implementing innovative methods and techniques to perform procedures like dialysis and kidney transplant. Some of these men have suffered from NAION while taking viagra 100 mg purchased this. It is sildenafil generic uk from online pharmacies who is responsible for solving delicate men’s health problems. If you don’t have too much time to shop around and find the perfect deal. purchase generic levitra

Tagged as: ,

Leave a Reply