Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

നിക്കി ഹെയ്‌ലി ഇന്ത്യാക്കാരിയോ?

 [എം. ജോർജ് മാത്യൂ]

ന്യൂനപക്ഷങ്ങൾക്ക് അമേരിക്കയിൽ വേണ്ടത്ര അംഗീകാരം ലഭിക്കുവാൻ വളരെ ബുദ്ധിമുട്ടുണ്ട്.  പ്രത്യേകിച്ചും കുടിയേറ്റക്കാർക്കും അവരുടെ മക്കൾക്കും.  അന്യരാജ്യങ്ങളിൽനിന്നും വരുന്ന അവരുടെ നിറം വ്യത്യസ്തമാണ്‌.   ജീവിതം ദുരിതപൂർണമാണ്‌.  വേദന നിറഞ്ഞതാണ്‌.  കുടിയേറ്റക്കാരിൽ ആരെങ്കിലും ഉന്നത സ്ഥാനത്തേക്ക് വരുമ്പോൾ തദ്ദേശവാസികൾ  അതുവരെ കേട്ടിട്ടില്ലാത്ത പ്രശ്നങ്ങളുമായി മുന്നോട്ടിറങ്ങുന്നു.  എവിടെയെങ്കിലും ഉടക്കാൻ തക്കം പാർത്തിരിക്കുന്നവരേപ്പോലെ.

 അമേരിക്കയിൽ ജനിച്ചു വളർന്നാലും അമേരിക്കക്കാരനായി അംഗീകരിക്കപ്പെടണമെന്നില്ല.  വ്യത്യസ്ത സംസ്കാരങ്ങളിൽനിന്നു വരുന്നവർ വ്യത്യസ്ത മതത്തിൽ പെടുന്നവരായിരിക്കും.  അങ്ങനെയുള്ള ഒരാൾ അധികാര സ്ഥാനത്തേക്ക് ഉയർത്തപ്പെടുമ്പോൾ  തദ്ദേശവാസികളിൽ അത് കടുത്ത നീരസം സൃഷ്ടിക്കുന്നു.  ഉന്നത സ്ഥാനത്തെത്തിയ ന്യൂനപക്ഷനേതാവ് ഉടനെ ഭൂരിപക്ഷത്തിന്റെ സൂക്ഷ്മനിരീക്ഷണത്തിന്‌ വിധേയരാകുന്നു.

 അമേരിക്കയിൽ ഉന്നതസ്ഥാനത്ത് എത്തിയ രണ്ടു ഇന്ത്യൻ വംശജരാണ്‌ നിക്കി ഹെയ്‌ലിയും ബോബി ജിൻഡാളും.  രണ്ടു പേരുടേയും മാതാപിതാക്കന്മാർ ഇന്ത്യയിൽ നിന്നുള്ളവരും സിക്ക്‌മതക്കാരുമാണ്‌.  ബോബി ജിൻഡാൾ വളരെ ചെറുപ്പത്തിൽ അമേരിക്കയിലെത്തി സ്കൂൾ വിദ്യാഭ്യാസം നേടിയെടുത്തുവെങ്കിൽ നിക്കി ഹെയ്‌ലി ഇവിടെ ജനിച്ച് വളർന്നതാണ്‌.  റിപ്പബ്ളിക്കൻ പാർട്ടിയിൽപ്പെട്ട രണ്ടു പേരും ഗവർണർ സ്ഥാനത്തെത്തി നിൽക്കുന്നവരുമാണ്‌.  ബോബി ജിൻഡാൾ ലൂയിസിയാനയിലെ ഗവർണറാണെങ്കിൽ നിക്കി ഹെയ്‌ലി സൗത്ത് കരോലീന സംസ്ഥാനത്തെ ഗവർണറാണ്‌.

 ഏഴു മാസം മുൻപ് സൗത്ത് കരോലീന ഗവർണർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട നിക്കി ഹെയ്‌ലി ഇപ്പോൾ വിവാദത്തിന്റെ ചുഴിയിൽപ്പെട്ടിരിക്കുന്നു.  കേട്ടാൽ നിസ്സാരമാണെന്നു തോന്നാമെങ്കിലും തദ്ദേശവാസികൾക്ക് അതൊരു വലിയ വാദമുഖമാണ്‌.  അവരുടെ അഭിപ്രായത്തിൽ നിക്കി വലിയ നുണച്ചിയാണ്‌. 2001 ൽ വോട്ടർ രജിസ്ട്രേഷനുവേണ്ടി പൂരിപ്പിച്ച അപേക്ഷയിൽ നിക്കിയുടെ നിറം വെളുത്തതാണെന്നു കാണിച്ചതാണ്‌വിവാദത്തിനു കാരണമായത്.

 വോട്ടർ രജിസ്ട്രേഷൻ ഫോം ഒരു പൗരൻ പൂരിപ്പിക്കുമ്പോൾ അവരുടെ നിറം പ്രഖ്യാപിക്കണം.  ഇച്ഛാനുസരണം തിരഞ്ഞെടുക്കാൻ വൈറ്റ്, ബ്ളാക്/ ആഫ്രിക്കൻ അമേരിക്കൻ, ഏഷ്യൻ, ഹിസ്പാനിക്, നേറ്റിവ് അമേരിക്കൻ, അദർ എന്നിങ്ങനെ ആറ്‌ ചോയിസാണുള്ളത്.  നിക്കി തിരഞ്ഞെടുത്ത ‘വൈറ്റ്’ എന്ന ഓപ്ഷനണ്‌കുഴപ്പത്തിനു കാരണമായത്.  ഇതു ചികഞ്ഞെടുത്തത് സംസ്ഥാനത്തെ ഡെമൊക്രാറ്റിക് പാർട്ടിയും.  നിക്കി ഇന്ത്യൻ വംശജയാണെന്നും അതിനാൽ വൈറ്റ് അല്ലെന്നും അവർ വാദിക്കുന്നു.

 വൈറ്റ് എന്നുള്ളത് സാധാരണ കൊക്കേഷ്യൻ വംശജരായ ആളുകളെ ഉദ്ദേശിച്ചുള്ളതാണ്‌.  വേണമായിരുന്നെങ്കിൽ നിക്കിക്ക്‌വോട്ടർ റജിസ്ട്രേഷൻ ഫോമിൽ ‘ഏഷ്യൻ’ എന്നൊ അതുമല്ലെങ്കിൽ ‘അദർ’ എന്ന ഓപ്ഷനോ ഉപയോഗിക്കാമായിരുന്നു എന്ന് ചിലർ വാദിക്കുന്നു.  ഏഷ്യൻ എന്നുള്ളത് കൂടുതലും ചൈനീസ് വംശജരെ  ഉദ്ദേശിച്ചുള്ളതാണ്‌.  ഇന്ത്യൻ വംശജയായ നിക്കി വേറൊരു ഓപ്ഷൻ ഉപയോഗിക്കാതെ, ‘വൈറ്റ്’ എന്ന ഓപ്ഷൻ ഉപയോഗിച്ച്, താൻ കൊക്കേഷ്യൻ വംശജയാണെന്നു പറഞ്ഞതാണ്‌പലരിലും നീരസം ഉളവാക്കിയത്.  തിരഞ്ഞെടുപ്പു കമ്മീഷന്റെ നിയമപ്രകാരം എല്ലാ പൗരന്മാരും ഈ ചോദ്യത്തിന്‌ഉത്തരം  നൽകണം.  പക്ഷേ പൗരൻ നൽകിയ വസ്തുതകളുടെ നിജസ്ഥിതി ഒരിക്കലും കമ്മീഷൻ പരിശോധിക്കാറില്ല.

 സൗത്ത് കരോലീനയിൽ ഈ വർഷം ആദ്യം നടന്ന തിരഞ്ഞെടുപ്പിൽ നിക്കി ഹെയ്‌ലി ചരിത്രം സൃഷ്ടിച്ചാണ്‌ ഗവർണർ സ്ഥാനത്തെത്തിയത്. 66% വെളുത്ത വർഗക്കാരുള്ള സൗത്ത് കരോലീനയിലെ ആദ്യത്തെ വനിത ഗവർണർ.  സിക്ക്‌മതക്കാരിയായ അമേരിക്കയിലെ ആദ്യത്തെ വനിത ഗവർണർ.  ഇന്ത്യൻ വംശജയായ ആദ്യത്തെ വനിത ഗവർണർ.  ഏഷ്യൻ വംശജയായ ആദ്യത്തെ വനിത ഗവർണർ.  എന്നിങ്ങനെ പല വിശേഷണങ്ങൾ 39 കാരിയായ നിക്കി ഹെയ്‌ലിയെ തേടി എത്തി.

 ഈ വിവാദങ്ങൾക്കെല്ലാം നിദാനമായത് അടുത്ത കാലത്ത് കള്ള വോട്ട് തടയാൻ നിക്കി പാസ്സാക്കിയ നിയമമാണ്‌.  വോട്ട് ചെയ്യാൻ പോകുമ്പോൾ തിരിച്ചറിയൽ കാർഡും കാണിക്കണമെന്നുള്ള പുതിയ നിയമമാണ്‌ നിക്കി പാസ്സാക്കിയെടുത്തത്.  ഇത് ഡെമോക്രാറ്റുകളെ ഉദ്ദേശിച്ചുള്ളതാണെന്ന് അവർ ആരോപിക്കുന്നു.   ഇക്കാരണത്താലാണ്‌ അവർ നിക്കിയുടെ ചരിത്രം ചികയാൻ തീരുമാനിച്ചത്.  താൻ ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടതാണെന്ന് നിക്കി പലപ്പോഴും ചാനൽ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.  നിക്കി ഇങ്ങനെ സന്ദർഭോചിതമായി വളച്ചൊടിക്കുന്നത് തടയേണ്ടതുണ്ടെന്ന് ഡെമോക്രാറ്റിക് നേതാക്കൾ കരുതുന്നു.  നിക്കിയുടെ വംശപാരമ്പര്യത്തെ ക്കുറിച്ചുപോലും സത്യം പറയാൻ മടിയുള്ളവളാണെന്ന് അവർ ആരോപിക്കുന്നു.  ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്ന ഒബാമായെ  വേറൊരു ന്യൂനപക്ഷ നേതാവ് വിമർശിക്കുന്നത് ഡെമോക്രാറ്റുകൾക്ക് അത്ര രുചിക്കുന്നില്ല.  നിയമവിരുദ്ധ കുടിയേറ്റക്കാർക്കെതിരെ കർശന നിലപാടെടുക്കുന്നതും ഡെമോക്രാറ്റുകളുടെ അതൃപ്തിക്കു കാരണമാണ്‌.

 ഒരു യാഥാസ്ഥിതിക സംസ്ഥാനവും വെളുത്തവർക്ക് ഭൂരിപക്ഷവുമുള്ള സൗത്ത് കരോലീനയിൽ ന്യൂനപക്ഷവംശജയായ നിക്കിയെ ഗവർണർ സ്ഥാനത്തേക്കുയർത്തിയത് അവരുടെ കടുത്ത യാഥാസ്ഥിതിക നിലപാടുകളാണ്‌. നിമൃത നിക്കി രണധവ എന്ന സിക്ക് പെൺകുട്ടി, മൈക്കിൾ ഹെയ്‌ലി എന്ന വെള്ളക്കാരനെ വിവാഹം കഴിച്ച് ക്രിസ്തുമതം സ്വീകരിച്ചതോടെ രാഷ്ട്രീയത്തിലേക്കുള്ള അവരുടെ പാതകൾ സുഗമമാവുകയായിരുന്നു.

 ഒബാമായെ നിശിതമായി വിമർശിച്ച്, നികുതി വെട്ടിച്ചുരുക്കലിനെതിരെ നിലകൊണ്ടു.  ബൈബിളിനെ പുകഴ്ത്തിയും, സ്വവർഗപ്രേമികൾക്കും പരിണാമ സിദ്ധാന്തത്തിനെതിരായും ഉറക്കെ സംസാരിച്ചു.  പ്രപഞ്ചസൃഷ്ടിക്ക് കാരണം ദൈവമാണെന്നു പറഞ്ഞു.  ഇത്രയുമൊക്കെ മതിയായിരുന്നു അവർക്ക് ഗവർണർ പദവിയിലെത്തുവാൻ.   2012 ലെ പ്രസിഡന്റു തിരഞ്ഞെടുപ്പിൽ അവർക്ക് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിത്വം വരെ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ്‌ഇപ്പൊഴത്തെ കണക്കുകൂട്ടൽ.  നിക്കി ഇപ്പോൾ റിപ്പബ്ളിക്കൻ പാർട്ടിയുടെ നേതാവായി ദേശീയതലത്തിൽ ഉയർന്നിരിക്കുന്നു.

 പഞ്ചാബിൽനിന്നും കുടിയേറിയ രണധവ ദമ്പതികളുടെ പുത്രിയായ നിക്കിക്ക് റേന, നളിൻ എന്ന പേരിൽ രണ്ടു കുട്ടികളാണുള്ളത്. ഡോ. അജിത് രണധവയും രാജ് രണധവയും കഴിഞ്ഞ 40 വർഷങ്ങളായി സൗത്ത് കരോലീനയിൽ താമസമുറപ്പിച്ചവരാണ്‌.  ഈ ഒക്ടോബറിൽ ഇന്ത്യ സന്ദർശിക്കാൻ നിക്കി ഉദ്ദേശിക്കുന്നു.  സംസ്ഥാനത്ത് നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന ഇന്ത്യൻ കമ്പനികളുമായി ചർച്ച നടത്തും.

 നിക്കി നേരിടുന്ന ഈ ഏറ്റവും പുതിയ വിവാദത്തോടെ ഇന്ത്യാക്കാരുടെ വംശീയത ഏതെന്ന ചോദ്യം ഉയർന്നിരിക്കുകയാണ്‌.  വെളുമ്പനും കറുമ്പനും അല്ലാത്ത അവസ്ഥയിൽ, വംശീയ ചോദ്യത്തിന്‌ ഉത്തരമായി ഇന്ത്യാക്കാർ എന്താണ്‌ നൽകേണ്ടതെന്ന സംശയം ബാക്കി.   1923 ലെ ഒരു വിധി പ്രകാരം ഇന്ത്യാക്കാരെ ‘വൈറ്റ്’ ആയി ഉൾപ്പെടുത്തുവാൻ  പറ്റുകയില്ലെന്ന്‌ അമേരിക്കൻ കോടതിതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.  ‘ഇന്ത്യൻ’ എന്നെഴുതുന്നത് ദേശീയതയെ കാണിക്കുമ്പോൾ, വംശീയമായി ഇന്ത്യക്കാർക്ക് എന്ത് ലേബലാണുള്ളതെന്ന് ഒരു തർക്കവിഷയമായിരിക്കുന്നു.

 ഇന്ത്യൻ വംശജരെ സംബന്ധിച്ചിടത്തോളം നിക്കി ഹെയ്‌ലിയുടെ നിലപാടുകൾ അവർക്കൊരിക്കലും ബാധകമല്ല.  നിക്കിയുടെ സൗത്ത് കരോലീനയിൽ ഒരു ശതമാനം പോലും ഏഷ്യൻ വംശജർ ഇല്ല.  ഇന്ത്യാക്കാർ വളരെ കുറവാണ്‌.  വംശീയതയുടെ പ്രശ്നം ഉണ്ടാകാതിരിക്കാൻ നിക്കിയുടെ പിന്നിൽ പരോക്ഷമായി പല ഇന്ത്യൻ സംഘടനകളും പ്രവർത്തിക്കുന്നുണ്ട്.  നിക്കിയുടെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് അവർ മില്ല്യൺ കണക്കിന്‌ഡോളറാണ്‌സംഭാവനയായി നൽകിയിട്ടുള്ളത്.  നിക്കിക്കു പിന്നാലെ ഭൂരിപക്ഷം ഇന്ത്യൻ വംശജരും അണി നിരക്കുന്നു.

VN:F [1.9.8_1114]
Rating: 8.0/10 (1 vote cast)
VN:F [1.9.8_1114]
Rating: +1 (from 1 vote)
നിക്കി ഹെയ്‌ലി ഇന്ത്യാക്കാരിയോ?, 8.0 out of 10 based on 1 rating

Tagged as: ,