Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

ഇക്കിളി റീമേക്കുകള്‍ മാത്രം മതിയോ?

[സ്വന്തം ലേഖകന്‍]

‘ചെമ്മീന്‍’ എന്താ റീമേക്ക് ചെയ്യാന്‍ തോന്നാത്തത്?.

രതിനിര്‍വേദത്തിനു പുറകെ റീമേക്ക് പടങ്ങള്‍ സെലക്ട് ചെയ്യാന്‍ നിമ്മാതാക്കളുടെ നീണ്ട നിര എത്തുകയും വളരെ ശ്രദ്ധയോടെ ചില ചിത്രങ്ങള്‍ മാത്രം തിരഞ്ഞെടുക്കുകയും ചെയ്തപ്പോള്‍ സാധാരണക്കാരനായ ഒരു പ്രേക്ഷകന്‍ ചോദിച്ച ചോദ്യമാണിത്.

‘രതിചേച്ചിയുടെ’ കച്ചവട സാധ്യത ‘കറുത്തമ്മക്ക്’ ഇല്ലാത്തതുകൊണ്ടാണ് ചെമ്മീന്‍ പരിഗണിക്കപ്പെടാത്തത് എന്ന വസ്തുത ആര്‍ക്കും മനസിലാക്കാവുന്നതേയുള്ളു. രതിനിര്‍വേദം ഹിറ്റായപ്പോള്‍ പുറകെ അവളുടെ രാവുകള്‍ റീമേക്ക് ചെയ്യാന്‍ തിരഞ്ഞെടുക്കുന്നതിലെ മനശാസ്ത്രമെന്തെന്ന് പ്രേക്ഷകര്‍ക്ക് നന്നായി അറിയാമെന്ന് റീമേക്ക് നിര്‍മ്മാതാക്കള്‍ ഓര്‍മ്മിക്കുക.

മലയാളത്തിന്റെ ഒരു സുവര്‍ണ്ണകാലഘട്ടത്തിലെ നല്ല സിനിമകള്‍ റീമേക്കുകളായി വീണ്ടും അവതരിപ്പിക്കുകയും അതുവഴി കലാപരമായ മേന്മ നിലനിര്‍ത്തുകയും, അതുവഴി പ്രേക്ഷകര്‍ക്ക് കഥയും കാമ്പുമുള്ള സിനിമകള്‍ നല്‍കുകയുമാണ് റീമേക്കുകളുടെ കുത്തക എടുത്തിരിക്കുന്ന നിര്‍മ്മാതാക്കളുടെ ലക്ഷ്യമെങ്കില്‍ എന്തുകൊണ്ട് ചെമ്മീന്‍ റീമേക്ക് ചെയ്തു കൂടാ?. എന്തു കൊണ്ട് പാളങ്ങള്‍ റീമേക്ക് ചെയ്തു കൂടാ?. ഓര്‍മ്മക്കായ്, കള്ളന്‍ പവിത്രന്‍, ചാമരം, കാറ്റത്തെ കിളിക്കൂട്… ഇങ്ങനെ പേരെടുത്ത് പറഞ്ഞാല്‍ എത്രയെത്ര മികച്ച ചിത്രങ്ങള്‍. കേരളത്തിലെ കുടുംബ പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്ത് ചിത്രങ്ങള്‍.

എന്നാല്‍ ഇവയൊന്നും ശ്രദ്ധിക്കാതെ ലോറിയിലേക്കും തകരയിലേക്കും ചട്ടക്കാരിയിലേക്കും, അവളുടെ രാവുകളിലേക്കും കണ്ണുവെക്കുമ്പോള്‍ ഇതിന് ഒരു ഇക്കിളി റീമേക്കിന്റെ സാധ്യതകളാണ് നിര്‍മ്മാതാക്കള്‍ കാണുന്നതെന്ന് വ്യക്തം.

ഒരു കാര്യം പ്രത്യേകം എടുത്തു പറയണം. ലോറിയും തകരയും ചട്ടക്കാരിയും അവളുടെ രാവുകളും മോശപ്പെട്ട ചിത്രങ്ങളാണെന്ന് ഈ ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നില്ല. ഒരു കാലത്ത് ഭരതനും പത്മരാജനും കെ.എസ് സേതുമാധവനും ഐ.വി ശശിയുമൊക്കെ തങ്ങളുടെ പ്രതിഭയുടെ റേയ്ഞ്ച് വെളിപ്പെടുത്തിയ ചിത്രങ്ങളാണിതൊക്കെ. അവയിലൊന്നും കഥക്ക് ഇണങ്ങാത്ത രംഗങ്ങളോ, കപടമായ അശ്ളിലകാഴ്ചകളോ ഉണ്ടായിരുന്നില്ല. പച്ചയായ കഥകള്‍ വ്യക്തമായി അവതരിപ്പിക്കപ്പെട്ട മികച്ച സിനിമകളാണ് ലോറിയും തകരയുമൊക്കെ.

എന്നാല്‍ ഇന്ന് ഇത് റീമേക്ക് ചെയ്യാന്‍ തിടുക്കം കാണിക്കുമ്പോള്‍ ഈ സിനിമകള്‍ എങ്ങനെ വളച്ചൊടിക്കപ്പെടുമെന്ന് പ്രേക്ഷകര്‍ക്ക് വ്യക്തമായി അറിയാം. അതിന്റെ വ്യക്തമായ ഉദാഹരണമാണല്ലോ രതിനിര്‍വേദത്തിന്റെ പോസ്ററുകളില്‍ തുടങ്ങുന്ന ഇക്കിളി കാഴ്ചകള്‍.

ഭരതനും പത്മരാജനും ഡിസൈന്‍ ചെയ്ത രതിനിര്‍വേദത്തില്‍ നിന്നും പുതിയ രതിനിര്‍വേദം ബഹുദൂരം പിന്നിലേക്ക് പോയി എന്നത് പുതിയ പതിപ്പിന്റെ പോസ്ററുകളില്‍ നോക്കിയാല്‍ മതിയാവും.

ഇത്തരം തരംതാണ റീമേക്കുകക്ക് ശ്രമിക്കുന്നവരുടെ ഉദ്ദേശം ഒന്നുമാത്രമേയുള്ളു. ‘കിന്നാരതുമ്പികള്‍ക്ക്’ ലഭിക്കുന്ന അശ്ളീല ചിത്രമെന്ന ലേബല്‍ ലഭിക്കാതെ എന്നാല്‍ എല്ലാ കാഴ്ചകളും നിറച്ച് ഒരു ചിത്രം തീയേറ്ററിലെത്തിക്കുക. എന്നിട്ട് മലയാള സിനിമയെ പുനരുദ്ധാരണം ചെയ്യുന്നതിന്റെ അവകാശം നേടിയെടുക്കുക. മലയാളിക്ക് കഥയുള്ള സിനിമ നല്‍കിയെന്ന് വീമ്പ് പറയുക. അവസാനം ഇക്കിളിപ്പടത്തിന് കിട്ടുന്ന കളക്ഷന്‍ നേടിയെടുക്കുക.

സമീപകാലത്തിറങ്ങിയ ഒരു സൂപ്പര്‍ഹിറ്റ് റീമേക്ക് ചിത്രത്തിന്റെ സാറ്റ്ലൈറ്റ് റൈറ്റ് സൂപ്പര്‍താര സിനിമകളുടെ സാറ്റ്ലൈറ്റ് റൈറ്റിനൊപ്പമായിരുന്നു. ചിത്രം തീയേറ്ററില്‍ വന്‍ ഇന്‍ഷ്യലും നേടി. എന്നാല്‍ തന്റെ സിനിമക്ക് എത്ര സാറ്റ്ലൈറ്റ് റൈറ്റ് നേടിയെന്ന് പുറത്തു പറയാന്‍ നിര്‍മ്മാതാവ് തയാറായില്ല. കാരണം കേട്ടാല്‍ ആളുകള്‍ ഞെട്ടുമെന്നത് തന്നെ.

മലയാളത്തിലെ പ്രശസ്തനായ ഒരു തിരക്കഥാകൃത്ത് ഇത്തരം റീമേക്കുകളോട് പ്രതികരിച്ചത് ഇങ്ങനെയാണ് – “രതിനിര്‍വേദവും, അവളുടെ രാവുകളും റീമേക്ക് ചെയ്യുകയും ചെയ്യാന്‍ പ്ളാനിടുകയും ചെയ്യുന്നതിനു പിന്നില്‍ ഒരു ലക്ഷ്യം മാത്രമേയുള്ളു. ഒരുകാലത്ത് മികച്ച ചിത്രങ്ങളെന്ന പേരെടുത്ത ഈ ചിത്രങ്ങളിലെ മറ്റു സാധ്യതകള്‍ ഉപയോഗിപ്പെടുത്തി അശ്ളിലത അവതരിപ്പിച്ച് പണം നേടുക. തികഞ്ഞ ക്രൈം ആണ് ഇവിടെ നടപ്പാക്കപ്പെടുന്നത്. പഴയകാല മികച്ച ചിത്രങ്ങള്‍ പുനരാവിഷ്കരിക്കുകയാണ് ലക്ഷ്യമെങ്കില്‍ എന്തുകൊണ്ട് രതിരംഗങ്ങള്‍ ഉള്‍പ്പെടുന്ന ചിത്രങ്ങള്‍ മാത്രം തിരഞ്ഞെടുക്കുന്നു”.

പ്രസക്തമായ ചോദ്യമാണിത്. ഇതിന് ഉത്തരം നല്‍കേണ്ടത് തകരയും, ലോറിയും, അവളുടെ രാവുകളും റീമേക്ക് ചെയ്യാനൊരുങ്ങുന്ന നിര്‍മ്മാതാക്കളും സംവിധായകരും തന്നെയാണ്.

ഇവിടെയാണ് ചെമ്മീന്‍ എന്തുകൊണ്ട് റീമേക്കിനായി തിരഞ്ഞെടുക്കുന്നില്ല എന്ന ചോദ്യം ഉയര്‍ന്നു വരുന്നത്. രതിചേച്ചിയുടെ ഇക്കിളിസാധ്യതകള്‍ കറുത്തമ്മയില്‍ ഇല്ല എന്നത് തന്നെ കാരണം. രതിചേച്ചിയുടെ വില്‍പ്പന സാധ്യത കറുത്തമ്മയെ എങ്ങനെ അവതരിപ്പിച്ചാലും കിട്ടില്ല. അപ്പോള്‍ പിന്നെ ചെമ്മീന്‍ ഉപേക്ഷിക്കുന്നതാണ് നല്ലത്. ഇവിടെ ചെമ്മീന്‍ എന്ന ചിത്രത്തെ ഉദാഹരണമായി പറഞ്ഞുവെന്ന് മാത്രം. റീമേക്ക് നിര്‍മ്മാതാക്കളുടെ കണ്ണെത്താത്ത നിരവധി കുടുംബചിത്രങ്ങള്‍ ഇവിടെയുണ്ട്.

റീമേക്കിന് സാധ്യതയുള്ള എത്രയോ മികച്ച ചിത്രങ്ങള്‍ മലയാളത്തിലെ ഒരു കാലഘട്ടത്തിന്റെ സംഭാവനയായി നമുക്ക് മുമ്പിലുണ്ട്. പ്രമേയം മാത്രം കടമെടുത്ത് പുതിയ കാലഘട്ടത്തിലേക്ക് പുതിയൊരു തിരക്കഥ അവതരിപ്പിക്കാവുന്ന ചിത്രങ്ങളും നിരവധി. എന്നാല്‍ ഇത്തരം സാധ്യതകളിലേക്കൊന്നും ഒരു നിര്‍മ്മാതാവും ശ്രദ്ധിച്ചിട്ടേയില്ല.

രതിനിര്‍വേദം സൂപ്പര്‍ഹിറ്റായി മാറിയപ്പോള്‍ ഇതിന്റെ ചുവടുപിടിച്ച് ഇനിയും സിനിമകള്‍ വരാന്‍ സാധ്യതയുണ്െടന്നും അത് മലയാള സിനിമയെ ഒരു മോശപ്പെട്ട പ്രവണതയിലേക്ക് തള്ളിയിടുമെന്നും ‘കമന്റ്’ എന്ന കോളത്തിലൂടെ രാഷ്ട്രീദിപിക സിനിമ തന്നെ ആശങ്കപ്പെട്ടിരുന്നു. ഇത് യാഥാര്‍ഥ്യമാകുന്ന തരത്തിലാണ് ഇപ്പോള്‍ റീമേക്കുകള്‍ക്കായി നിര്‍മ്മാതാക്കള്‍ പഴയകാല സിനിമകള്‍ തപ്പിയിറങ്ങിയിരിക്കുന്നത്. ഇവിടെ ലൈംഗീകതയുടെ രംഗങ്ങള്‍ ഉപയോഗപ്പെടുത്താവുന്ന ചിത്രങ്ങള്‍ മാത്രമാണ് റീമേക്കുകള്‍ക്കായി പറഞ്ഞു കേള്‍ക്കുന്നത്.

നീലത്താമര റീമേക്ക് ചെയ്തപ്പോള്‍ മലയാള സിനിമക്ക് ലഭിച്ചത് ഒരു മികച്ച ചിത്രം തന്നെയായിരുന്നു. സ്വന്തം തിരക്കഥ എം.ടി തന്നെ വീണ്ടും റീമേക്കിനായി ഒരുക്കി നല്‍കി എന്നത് ചിത്രത്തിന്റെ മേന്മ നിലനിര്‍ത്തി. ഇതിനൊപ്പം പുതിയ കാലഘട്ടത്തിലെ സംവിധായകരില്‍ ഏറ്റവും മികവു പുലര്‍ത്തുന്ന ലാല്‍ജോസിന്റെ കൈയ്യൊപ്പ് പതിഞ്ഞതാണ് നീലത്താമരയെ ഒരു മികച്ച കുടുംബ ചിത്രമാക്കി മാറ്റിയത്. നീലത്താമര ഏറ്റവും മാന്യമായി പ്രേക്ഷകര്‍ക്കായി ഒരുക്കപ്പെട്ട ചിത്രം തന്നെയായിരുന്നു. ഇതിനു ശേഷം ലാല്‍ ജോസ് ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഇനി താന്‍ റീമേക്ക് ചിത്രങ്ങള്‍ ചെയ്യുന്നില്ല എന്നായിരുന്നു. തുടര്‍ച്ചയായി വരുന്ന റീമേക്കുകളുടെ ഉദ്ദേശു ശുദ്ധിയില്‍ സംശയമുളളതു കൊണ്ടു കൂടിയാവണം ലാല്‍ജോസ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

റീമേക്കുകാര്‍ക്ക് ഏറെ താത്പര്യമുള്ള പത്മരാജന്‍ ചിത്രങ്ങള്‍ നല്ല നിലയില്‍ കൈകാര്യം ചെയ്യപ്പെടില്ല എന്നു മനസിലായതു കൊണ്ടു തന്നെയാവില്ലേ പത്മരാജന്റെ ഭാര്യ രാധാലക്ഷമി പത്മരാജന്റെ കഥകളൊന്നും ഇനി റീമേക്കിന് നല്‍കുന്നില്ല എന്ന് പറഞ്ഞത്.

ഇതെല്ലാം പ്രേക്ഷകരും മനസിലാക്കുന്ന കാര്യങ്ങളാണ് എന്ന് നിര്‍മ്മാതാക്കള്‍ അറിയേണ്ടതുണ്ട്. രതിനിര്‍വേദം സൃഷ്ടിച്ചത് വെറും താത്കാലികമായ ഒരു ട്രെന്‍ഡാണ്. മലയാള സിനിമയിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി ഭരതനും പത്മരാജനും ചേര്‍ന്നൊരുക്കിയ രതിനിര്‍വേദം വീണ്ടും സൃഷ്ടിക്കപ്പെട്ടപ്പോള്‍ എങ്ങനെയുണ്ട് എന്ന് അറിയുവാനുള്ള ആകാക്ഷയാണ് ഒരു വിഭാഗത്തെ തീയേറ്ററിലെത്തിച്ചത്. മറ്റൊരു വിഭാഗം തീര്‍ച്ചയായും രതിചേച്ചിയുടെ രതിതരംഗത്തില്‍ ആവേശം കൊണ്ടാണ് എത്തിയതെന്ന് തീര്‍ച്ച.

ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിന് അബുനിര്‍വേദം എന്ന് പേരിട്ടിരുന്നെങ്കില്‍ കൂടുതല്‍ പ്രേക്ഷകര്‍ തീയേറ്ററിലെത്തിയേനെ എന്ന് സലിംകുമാര്‍ പറഞ്ഞത് കൌതുകമായി മാത്രം നോക്കി കണ്ടാല്‍ പോരാ. അത് ഗൌരവമുള്ള ഒരു നിരീക്ഷണം തന്നെയാണ്.

ഇവിടെ മനസിലാക്കേണ്ട വസ്തുത രതിനിര്‍വേദത്തിന്റെ ട്രെന്‍ഡ് ഇനിയും ആവര്‍ത്തിക്കില്ല എന്നത് തന്നെയാണ്. ഇനിയുമൊരു രതിനിര്‍വേദം ഇവിടെ ഓടുന്നുവെങ്കില്‍ തന്നെ അത് പക്കാ വാണിജ്യച്ചരക്കായി മാത്രമായിരിക്കും. അങ്ങനെയെങ്കില്‍ തികച്ചും അശ്ളീല ചിത്രമെന്ന പേരില്‍ മാത്രമേ അവയെ വിളിക്കാന്‍ കഴിയു. അതുകൊണ്ട് റീമേക്കുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ നമ്മള്‍ എക്കാലത്തും ആരാധിക്കുന്ന ഒരു പ്രതിഭകളുടെ ഇമേജ് തകര്‍ക്കുന്ന നിലയില്‍ സിനിമകളൊരുക്കരുത്. അത് മലയാള സിനിമയെ വീണ്ടും മോശപ്പെട്ട ഒരു അവസ്ഥയിലേക്ക് കൊണ്െടത്തിക്കുക മാത്രമായിരിക്കും ചെയ്യുക.

Tagged as: ,

0 comments