Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

അമേരിക്കൻ സാമ്പത്തിക പ്രതിസന്ധി: ഒരു ഫ്ളാഷ് ബാക്ക്‌

[ജോർജ്‌ മുകളേൽ]

 1929 ലെ മഹാസാമ്പത്തികമാന്ദ്യത്തിനു ശേഷം സംഭവിക്കുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി അമേരിക്ക നേരിടുകയാണ്‌.  2007 ൽ മോർട്ഗേജ്‌ മാർക്കറ്റിൽ ആരഭിച്ച പ്രതിസന്ധി വേറൊരു ഘട്ടത്തിൽ വന്നെത്തി നിൽക്കുന്നു.  വൻ കടക്കെണിയിൽ അകപ്പെട്ടിരിക്കുന്ന അമേരിക്കൻ ഗവണ്മെന്റിന്‌ സാമ്പത്തിക വളർച്ചക്കും രാജ്യപുരോഗതിക്കും മുടക്കാൻ പണമില്ലാത്ത അവസ്ഥ.  ഈ സ്ഥിതിയിൽ, സ്റ്റോക്മാർക്കറ്റുകൾ ദിവസവും അപ്രതീക്ഷിത മാറ്റങ്ങൾക്ക്‌ വിധേയമാകുകയാണ്‌.  അമേരിക്കയിൽ സാമ്പത്തിക പ്രതിസന്ധി ഉടലെടുക്കുമ്പോൾ അത്‌ ലോകം മുഴുവൻ വ്യാപിക്കുന്നു.  ആഗോളസാമ്പത്തികം അമേരിക്കൻ  സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്‌.  ചൈനയിലും ഇന്ത്യയിലും ഉടനെ ഇതിന്റെ തരംഗങ്ങൾ അടിക്കുകയില്ലെങ്കിലും  കാലക്രമേണ, ഇങ്ങനെ തുടർന്നാൽ, അവരേയും ഇത്‌ ബാധിക്കും.
 ഈ പ്രതിസന്ധിയുടെ മൂലകാരണം മനസ്സിലാക്കണമെങ്കിൽ നാം കുറച്ച്‌ പിറകോട്ട്‌ തിരിഞ്ഞു നോക്കണം.  രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിൽ  കോർപ്പറേറ്റുകൾക്ക്‌ അധികം ലാഭം ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല.  1950 മുതൽ 1975 കാലഘട്ടം വരെ ലാഭവിഹിതത്തിലുണ്ടായ ഇടിവ്‌ ഏകദേശം 50 ശതമാനമായിരുന്നു.  ലാഭവിഹിതത്തിലെ കുറവുമൂലം പണപ്പെരുപ്പവും തൊഴിലില്ലായ്മയും സൃഷ്ടിക്കപ്പെട്ടു.  ഇതു പരിഹരിക്കാനായി 1970 കളിൽ സാമ്പത്തിക ഉദാരവൽക്കരണ നയങ്ങൾ (ഗവണ്മെന്റ്‌ ചെലവ്‌ വർദ്ധിപ്പിക്കുക, ടാക്സും പലിശനിരക്കും കുറക്കുക) പ്രഖ്യാപിച്ചെങ്കിലും അത്‌ ഫലവത്തായില്ല.  വ്യവസായ ഉടമകൾ ഉയർന്ന ലാഭം മോഹിച്ച്‌ സാധനസാമഗ്രികളുടെ വില വർദ്ധിപ്പിക്കുകയും തത്ഫലമായി കൂടുതൽ പണപ്പെരുപ്പം ഉണ്ടാവുകയും ചെയ്തു.

 പണപ്പെരുപ്പത്തെ ഒന്നടങ്കം എതിർത്ത ധനകാര്യ സ്ഥാപനങ്ങൾ പുതിയ നയങ്ങൾ ഉണ്ടാക്കാൻ മുറവിളി കൂട്ടുകയും, ഗവണ്മെന്റ്‌ പലിശനിരക്ക്‌ ഉയർത്തുകയും ചെയ്തു.  പണപ്പെരുപ്പം കുറഞ്ഞെങ്കിലും കൂടുതൽ തൊഴിലില്ലായ്മക്ക്‌ അത്‌ വേദി ഒരുക്കി. വ്യവസായികൾക്ക്‌ വൻ ലാഭം ഉണ്ടാക്കിയെടുക്കാൻ സാധിച്ചതുമില്ല.

 പുതിയ തന്ത്രങ്ങൾ

 മൂലധന നിക്ഷേപകൻ ലാഭം  ഉയർത്തിയെടുക്കാൻ പല മാർഗങ്ങളും കണ്ടുപിടിച്ചു. കമ്പോള സാധനങ്ങളുടെ വില വർദ്ധനവ്‌ മൂലം ജോലിക്കാരുടെ വേതനമൂല്യം കുറഞ്ഞു. ലാഭമില്ലായ്മയെ ചൂണ്ടിക്കാട്ടി വേതനം കുറക്കുകയോ അല്ലെങ്കിൽ വർദ്ധിപ്പിക്കാതിരിക്കുകയോ ചെയ്ത്‌ ഉൽപ്പാദനക്ഷമത ഉയർത്തി. ക്രമേണ  സ്ഥാപനങ്ങളുടെ ലാഭം അനുദിനം വർദ്ധിച്ചു. ഈ നയം കമ്പനി ഉടമസ്ഥർ 1980 നു ശേഷവും പിന്തുടർന്നു. കമ്പനി നൽകുന്ന വേതനം സീകാര്യമല്ലെങ്കിൽ ജോലി ഉപേക്ഷിക്കുകയേ തൊഴിലാളികൾക്ക് തരമുണ്ടായിരുന്നുള്ളു.

 ജോലിക്കാർക്ക്‌ നൽകുന്ന ആനുകൂല്യം നിർത്തലാക്കിയതാണ്‌ മൂലധന ഉടമസ്ഥർ രൂപപ്പെടുത്തിയെടുത്ത മറ്റൊരു നയം. അമേരിക്കയിലെ എല്ലാ കമ്പനികളിലും ജോലിക്കാർക്ക്‌ പണ്ട്‌ നല്ല ആനുകൂല്യങ്ങൾ നൽകിയിരുന്നു. ആനുകൂല്യങ്ങൾ എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ മെഡിക്കൽ ഇൻഷുറൻസ്‌, പെൻഷൻ തുടങ്ങിയവയൊക്കെയാണ്‌. ഇപ്പോൾ പല കമ്പനികളും ജോലിക്കാർക്ക്‌ ആനുകൂല്യങ്ങൾ നൽകുന്നതേയില്ല. ഹെൽത്ത്‌ ഇൻഷുറൻസ്‌ പോലുള്ളവ നൽകിയാൽത്തന്നെ അവയുടെ പ്രീമിയത്തിന്‌ ജോലിക്കാർ നൽകേണ്ട വീതം വളരെ ഉയർന്നതായിരിക്കും.

 തൊഴിലാളികളെ ഉപയോഗിച്ച്‌ കൂടുതൽ വേഗത്തിലും കഠിനമായും ജോലി ചെയ്യിപ്പിക്കുന്ന തന്ത്രമായിരുന്നു മറ്റൊന്ന്‌. തൊഴിലില്ലായ്മ വർദ്ധിക്കുമ്പോൾ ജോലി നഷ്ടപ്പെടുമെന്ന ഭയത്താൽ ജോലിക്കാർ കഠിനമായി അദ്ധ്വാനിക്കേണ്ടി വരുന്നു. പല കമ്പനികളും തൊഴിലാളികളുടെ എണ്ണം വെട്ടിച്ചുരുക്കി മിച്ചമുള്ള ജോലിക്കാരെ ഉപയോഗിച്ച്‌, കഠിനമായി പണി എടുപ്പിച്ച്‌,  കൂടുതൽ ലാഭമുണ്ടാക്കി.

 യൂണിയനുകളെ പരാജയപ്പെടുത്താനും ചെറുകിട കമ്പനികളിൽ യൂണിയൻ സംഘടിപ്പിക്കാതിരിക്കാനും കമ്പനി ഉടമകൾ ശ്രദ്ധിച്ചു. ഇതിനാൽ പലപ്പോഴും വേതനനിരക്കും ആനുകൂല്യങ്ങളും കുറക്കാൻ അവർക്ക്‌ സാധിക്കുമായിരുന്നു. മിനിമം വേജ്‌ പലർക്കും നൽകി.  അനേകം കമ്പനികൾ നിർദ്ധനത്വം  പ്രഖ്യാപിച്ച്‌, ‘ഉള്ളത്‌ നൽകിയാൽ മതി’യെന്നുള്ള നിയമത്തെ മുതലെടുത്തു. പുതിയ തൊഴിൽ കണ്ടെത്താൻ ബുദ്ധിമുട്ടുള്ളതിനാൽ പല ജോലിക്കാരും കുറഞ്ഞ വേതനത്തിൽ പഴയ സ്ഥാപനത്തിൽത്തന്നെ ജോലി തുടർന്നു. ഈ നയമാണ്‌ സ്റ്റീൽകമ്പനികൾ, എയർലൈൻ കമ്പനികൾ എന്നിവയുമൊക്കെ സ്വീകരിച്ചത്‌. അമേരിക്കയിലെ പകുതിയിലധികം എയർലൈൻകമ്പനികളും നിർദ്ധനത്വം പ്രഖ്യാപിച്ചവരാണ്‌.

 കൂടുതൽ ലാഭം ഉണ്ടാക്കാൻ കോർപ്പറേഷനുകളെ സഹായിച്ചത്‌ കമ്പനിയുടെ ഉൽപ്പന്നം വിദേശത്ത്‌ നിർമ്മിക്കുക എന്ന തന്ത്രത്തിലൂടെ ആയിരുന്നു. ചൈന ഉൾപ്പടെ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക്‌ ഉൽപ്പന്ന നിർമ്മാണത്തിനായി, കുറഞ്ഞ വേതനം നൽകി, അനേകം കമ്പനികൾ ചേക്കേറി. അമേരിക്കയിലെ പല ബിസിനസ്സുകളും ഔട്സൊഴ്സിങ്ങിലൂടെ ലോകത്തിന്റെ നാനാഭാഗത്തുനിന്നും പ്രവർത്തിച്ചു തുടങ്ങി. കോർപ്പറേഷനുകൾക്ക്‌ ഇതുമൂലം വേതനച്ചിലവിൽ വളരെ വലിയ മിച്ചം ആർജ്ജിക്കാനായി. ചുരുങ്ങിയ ചിലവിൽ ഉൽപ്പന്നങ്ങൾ വിദേശത്ത്‌ നിർമ്മിച്ച്‌ അമേരിക്കയിലെത്തിച്ചു. ‘ആഗോളവൽക്കരണം’ എന്നതുതന്നെ അമേരിക്കൻ കമ്പനികൾക്ക്‌ വലിയ ലാഭമുണ്ടാക്കാനുള്ള ഒരു ആശയമായിരുന്നു. നാഫ്‌റ്റാ ( NAFTA )യും കാഫ്‌റ്റാ (CAFTA)യും ആഗോളവൽക്കരണത്തിനും അതുമൂലം അമേരിക്കൻ കോർപ്പറേറ്റ്‌ ലാഭത്തിനും വേണ്ടി സൃഷ്ടിക്കപ്പെട്ടതാണ്‌. ചൈന, ഇന്ത്യ തുടങ്ങി പല  രാജ്യങ്ങളും ഇതുമൂലം നേട്ടങ്ങൾ ഉണ്ടാക്കിയെങ്കിലും അമേരിക്കയിൽ ഈ സമയം ചെറുകിട വ്യവസായങ്ങൾ പലതും അപ്രത്യക്ഷമായി. അനേകം പേർ തൊഴിൽരഹിതരുമായി. ജോലിയുള്ളവർ കുറഞ്ഞ വേതനത്തിൽ ജോലി ചെയ്ത്‌ ജീവിക്കേണ്ടിവന്നു. ജീവിതനിലവാരവും കുറഞ്ഞു. അനേകം കോർപ്പറേഷനുകൾ പെട്ടെന്ന്‌ ധനികരായി. വിദേശികളും ഇന്ത്യാക്കാരുമായ അനേകം കോടീശ്വരന്മാർ അമേരിക്കയിലുണ്ടായി.

 ലാഭം ഉണ്ടാക്കാൻ ബിസിനസ്സ്‌ സ്ഥാപനങ്ങൾ സൃഷ്ടിക്കുന്ന തന്ത്രം മൂലം അനേകം ജോലിക്കാർ കഷ്ടപ്പെടുന്നു. തൊഴിലില്ലായ്മ, കുറഞ്ഞ ജീവിതനിലവാരം, സാധനങ്ങളുടെ വിലവർദ്ധനവ്‌, ജോലിസ്ഥലത്തെ അസ്ഥിരതയും സമ്മർദ്ദവും തുടങ്ങി പലതും നിത്യജീവനക്കാരെ ശ്വാസം മുട്ടിച്ചു. അമേരിക്കയിലെ ഭൂരിപക്ഷം ജനങ്ങളും ഇന്ന്‌ കുറഞ്ഞ വേതനത്തിനും ആനുകൂല്യത്തിനും ജോലി ചെയ്ത്‌ കഠിനമായി കൂടുതൽ സമയം അദ്ധ്വാനിച്ച്‌, കഷ്ട്ടപ്പെട്ട്‌, ജീവിക്കുന്നവരാണ്‌. കഴിഞ്ഞ മുപ്പത്‌ വർഷങ്ങൾക്കുള്ളിൽ സംഭവിച്ച ഈ മാറ്റം അനേകം വൻകിട ബിസിനസ്സുകാർക്ക്‌ അനുകൂലമായി ഭവിച്ചു. ലാഭനിരക്ക്‌ കഴിഞ്ഞ 50 വർഷങ്ങൾക്കു മുൻപുണ്ടായിരുന്ന അവസ്ഥയിലെത്തിച്ചേർന്നു. 2001 മുതൽ ഉൽപ്പാദന വർദ്ധനവ്‌ ഏകദേശം അഞ്ചു ശതമാനമായിരുന്നു.

 പുതിയ വായ്പകൾ

ബിസിനസ്സുകൾ നന്നായി കൊയ്തെടുത്ത ലാഭം കൂടുതൽ ബിസിനസ്സ് ഇൻവെസ്റ്റുമെന്റുകൾക്കുവേണ്ടി ഉപയോഗിച്ചില്ല.  തന്മൂലം വീണ്ടും തൊഴിൽ വർദ്ധനവ് ഇല്ലാതായി.  തൊഴിൽ ഉടമകളും കമ്പനി എക്സിക്യൂട്ടീവുകളും ഉണ്ടാക്കിയ ലാഭം മുഴുവൻ മറ്റു കാര്യങ്ങൾക്കായി ഉപയോഗിച്ചു.  ഡിവിഡന്റിലുണ്ടായ വർദ്ധനവ് ഓഹരി ഉടമകൾക്ക് വീതിച്ചു നൽകി (മറ്റൊരർത്ഥത്തിൽ, അവർ സ്വയം പങ്കിട്ടു).  കമ്പനി ഓഹരികൾ മറ്റുള്ളവരിൽനിന്ന് തിരിച്ചു വാങ്ങിച്ചു.  ബിസിനസ്സ് ഇൻവെസ്റ്റ്മെന്റ് കുറഞ്ഞതിനാൽ ധനകാര്യസ്ഥാപനങ്ങളിൽ കൂടുതൽ പണം പുറത്തോട്ടൊഴുകാതെ കുന്നുകൂടി.  നിലവിലുള്ള വ്യവസായ സ്ഥാപനങ്ങളിൽ അധിക ലാഭമുണ്ടായിരുന്നതിനാൽ അവർക്ക് പണം കടം വാങ്ങേണ്ടിയിരുന്നതുമില്ല.  ഇക്കാരണത്താൽ ഉപഭോക്താവിന്‌ കടം നൽകുവാൻ ബാങ്കുകൾക്ക് പുതിയ പാതകൾ തിരയേണ്ടി വന്നു.

 കുറഞ്ഞ വരുമാനത്തിൽ ജീവിച്ചിരുന്ന തൊഴിലാളികൾക്ക് ജീവിതം വഴി മുട്ടി.  ശമ്പളം കുറവ്.  വർദ്ധനവില്ല.  ജീവിത നിലവാരം പഴയപോലെ സൂക്ഷിക്കാൻ, നിത്യ ജീവിതത്തിൽ ആവശ്യമായ സാധനങ്ങൾ മേടിക്കാൻ, പണം തികയുന്നില്ല.  ഈ അവസരത്തിലാണ്‌ ധനകാര്യ സ്ഥാപനങ്ങൾ പണം വായ്പ നൽകാനായി ഇവരെ കണ്ടെത്തിയത്.  വീടു മേടിക്കാനായി വരുമാനവും പേപ്പർവർക്കുകളും ആവശ്യമില്ലാതെ ബാങ്കുകൾ പണമിടപാടുകൾ നടത്തി.  നല്ല ക്രെഡിറ്റ് ഹിസ്റ്ററിയുള്ള ആര്‌കടം ചോദിച്ചാലും വീട് മേടിക്കാൻ ബാങ്ക് പണം കൊടുക്കുമെന്ന അവസ്ഥ ആയിരുന്നു.  ബാങ്കുകളുടെമേൽ ഗവണ്മെന്റ് പ്രത്യേകം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതുമില്ല.  വീട് മേടിക്കാൻ പണം കടം കൊടുക്കുന്നത് 1970 ൽ 30 ശതമാനം ആയിരുന്നെങ്കിൽ അത്‌ 2006 ൽ 50 ശതമാനമായി ഉയർന്നു.  ഗാർഹിക കടവും ഡിസ്പോസിബിൾ വരുമാനവും തമ്മിലുള്ള അനുപാതം 60% (1970) ൽ നിന്ന് 100% (2000) ലേക്കും, പിന്നീട് 140% (2007) ലേക്കും വർദ്ധിച്ചു.  അമേരിക്ക ഇതിനുമുൻപ് കണ്ടിട്ടില്ലാത്ത ഗാർഹിക കടത്തിന്റെ വർദ്ധനവായിരുന്നു ഇത്.  അനേകം പേർ കടക്കെണിയിലായി.  ഒരൊരുത്തരും ഓടി നടന്ന് അവർക്ക് താങ്ങാവുന്നതിലും കൂടുതൽ പണം കടം വാങ്ങിച്ച് ആകർഷകമായ വൻ വീടുകളും ആഡംഭരവസ്തുക്കളും വാങ്ങിക്കൂട്ടി.  ചിലർ വീട് മേടിച്ച് പെട്ടെന്ന് തിരിച്ചു വിറ്റ്  പണം ഉണ്ടാക്കാനും ശ്രമിച്ചു.

 നല്ല ക്രെഡിറ്റ് ഉള്ളവരുടെ എണ്ണം കുറഞ്ഞപ്പോൾ ക്രെഡിറ്റ് മോശമായവർക്കും ബാങ്ക് പണം കടം കൊടുക്കാൻ തുടങ്ങി.  ഇക്കൂട്ടരിൽ വളരെ മോശമായ ക്രെഡിറ്റ് ഉള്ളവരും, വരുമാനം തീരെ കുറഞ്ഞവരും ഉണ്ടായിരുന്നു.  ധരാളംപേർ ബാങ്ക് ആപ്ളിക്കേഷനുകളിൽ കൃത്രിമം എഴുതി പിടിപ്പിച്ചു. ഇത്തരം ‘സബ്പ്രൈം’ മോർട്ഗേജുകൾ പെട്ടെന്ന് ഏഴു ശതമാനത്തിൽനിന്ന്‌(2000),  20 ശതമാനമായി (2006).  അപേക്ഷിച്ചവർക്കെല്ലാം ബാങ്ക് നിജസ്ഥിതി പരിശോധിക്കാതെ വായ്പാധനം നൽകി.  കുറഞ്ഞ വരുമാനക്കാർക്ക് പണം കടം നൽകുന്നത് വളരെ അപകടകരമായ ഇടപാടാണെന്ന് എല്ലാവർക്കും അറിയാം.  പക്ഷേ ഇതിന്റെ പിന്നിൽ വലിയ കുരുക്ക് ബാങ്കുകൾ സൃഷ്ടിച്ചിരുന്നു.

 കടം നൽകുമ്പോൾ ബാങ്കുകൾ ആദ്യത്തെ രണ്ടു മൂന്ന് വർഷം തീരെ കുറഞ്ഞ പലിശനിരക്കിൽ പണം കടം നൽകും.  ഇതിന്റെ കാലവധി അവസാനിക്കുമ്പോൾ വീടിന്റെ വില വർദ്ധിക്കുമെന്നും അപ്പോൾ വീട് വിറ്റിട്ട് പണം തിരിച്ചടക്കുകയോ അല്ലെങ്കിൽ ഉയർന്ന പലിശ നിരക്കിൽ വായ്പ മാസംതോറും തിരിച്ചടക്കുകയോ ചെയ്താൽ മതിയെന്നുമായിരുന്നു ബാങ്കുകളുടെ നിലപാട്.  പക്ഷേ 2006 അവസാനമായതോടെ വർദ്ധിച്ചുകൊണ്ടിരുന്ന വീടുകളുടെ വില പെട്ടെന്ന് താഴാൻ തുടങ്ങി.  കൂടിയ പലിശ നിരക്കും വീടിന്റെ വില ഇടിവും മൂലം കടം വാങ്ങിച്ചവർക്ക് ബാങ്കിലേക്ക് പണം തിരിച്ചടക്കാൻ നിർവാഹമില്ലാതായി.  കടത്തിൽ വീഴ്ച വരുത്തുന്നവരുടെ എണ്ണം അനുദിനം വർദ്ധിച്ചു.

 ഹോം മോർട്ഗേജ് മാർക്കറ്റ്

 കുറഞ്ഞ വരുമാനക്കാർക്ക് വായ്പ ലഭിച്ചതിനുള്ള കാരണം മോർട്ഗേജ് മാർക്കറ്റിന്റെ ഘടനയിലുള്ള പ്രത്യേകതയാണ്‌.   വീടുകളിന്മേലുള്ള വായ്പാവിതരണത്തിന്‌ ബാങ്കുകൾ മാത്രമായിരുന്നു ഉത്തരവാദികൾ.  ഒരു വായ്പ പൂർണമായും തിരിച്ചടക്കുന്നതുവരെ ആ വായ്പയുടെ ഉടമസ്ഥാവകാശം ബാങ്കുകൾക്കായിരുന്നു. 1980 കളോടെ ഈ സ്ഥിതിക്ക് മാറ്റം വന്നു.  ബാങ്കുകൾ ഒരു വായ്പയുടെ പൂർണമായ ചുമതല വഹിക്കുന്നതിനു പകരം അവർ അത് പിന്നീട് ഇൻവെസ്റ്റ്മെന്റ് ബാങ്കുകൾക്ക് വിറ്റു.  വായ്പകളുടെ എണ്ണം വർദ്ധിച്ച് നൂറും ആയിരവുമൊക്കെയാകുമ്പോൾ ഇൻവെസ്റ്റ്മെന്റ് ബാങ്കുകൾ അത് ഒന്നിച്ച് ഹെഡ്ജ് ഫണ്ടുകൾക്കോ, പെൻഷൻ ഫണ്ടുകൾക്കോ, വിദേശ നിക്ഷേപകർക്കോ മറിച്ചു വിറ്റു.

 ഈ തിരിമറിയലുകൾക്കിടയിൽ ആര്‌, എങ്ങനെ പണമുണ്ടാക്കുന്നു എന്നുള്ളതാണ്‌ രസകരം.  ബാങ്കുകൾ വീട് കരസ്ഥമാക്കുന്നവനിൽനിന്ന് ഒറിജിനേഷൻ ഫീസ് എന്ന പേരിൽ ഒരു സംഖ്യ മേടിക്കുന്നു.  കൂടുതൽ വീടുകൾ വിൽക്കുമ്പോൾ കൂടുതൽ ഫീസ് ബാങ്കുകൾക്ക് ലഭിക്കുന്നു.  ഇൻവെസ്റ്റ്മെന്റ് ബാങ്കുകൾ ഇടനിലക്കാരനെന്ന പേരിൽ ഓരോ വായ്പക്കും പ്രൊസസ്സിങ്ങ് ഫീസ് (ബ്രോക്കർ ഫീസ്) എന്ന പേരിൽ ബാങ്കുകളിൽനിന്നും ഈടാക്കുന്നു.

 കാലിക പ്രതിസന്ധി

 2007 മുതൽ വീടുകളുടെ വില ഇടിയാൻ തുടങ്ങി.  അടുത്ത കാലത്തെ കണക്കനുസരിച്ച് 33  ശതമാനത്തിലും കൂടുതൽ വിലയിടിവ് ഉണ്ടായിടുണ്ട്.  ഫ്ളോറിഡ, നിവാഡ, കാലിഫോർണിയ തുടങ്ങിയ സംസ്ഥാനങ്ങളിൽ 50 മുതൽ 60 ശതമാനം വരെ വീടുകളുടെ വില ഇടിഞ്ഞിരിക്കുന്നു.  പലർക്കും റീഫിനാൻസ് ചെയ്യാൻ ബുദ്ധിമുട്ടായി.  അനേകം വീട്ടുടമസ്ഥർ വീടുകളുപേക്ഷിച്ച് നിർദ്ധനത്വം പ്രഖ്യാപിച്ചു.  ഇതുമൂലം ബാങ്കുകൾ വലിയ നഷ്ടത്തിലായി.

 മോർട്ഗേജ് രംഗത്തുണ്ടായ നഷ്ടം കൂടാതെ മറ്റ് മേഖലകളിലും പല നഷ്ടങ്ങളും ബാങ്കുകൾക്കുണ്ടായി. കൺസ്യൂമർ വായ്പകൾ, കൊമേർസ്യൽ വായ്പകൾ, കോർപ്പറേറ്റ് ജങ്ക് ബോണ്ടുകൾ തുടങ്ങിയവക്കുണ്ടായ നഷ്ടങ്ങളും ബാങ്കുകളെ കഷ്ടത്തിലാക്കി.  ഈ സമയത്ത് കൂടുതൽ വ്യവസായങ്ങൾ തുടങ്ങാതിരുന്നതിനാൽ തൊഴിലവസരങ്ങൾ കുറഞ്ഞു. അനേകംപേർക്ക് തൊഴിൽ നഷ്ടപ്പെട്ടു.  ഇതും സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ദുർബ്ബലമാക്കി.

 ഇതുവരെ ധനകാര്യസ്ഥാപനങ്ങൾക്കുണ്ടായ നഷ്ടം ഏകദേശം മൂന്ന് ട്രില്ല്യൺ ഡോളറാണെന്നു കണക്കാക്കുന്നു.  അമേരിക്കൻ ബാങ്കുകളുടെ ആകെ മൂലധനം ഒന്നര ട്രില്ല്യൺ ഡോളറാണ്‌.  ബാങ്കുകൾക്കുണ്ടായ ഭീമമായ നഷ്ടമാണ്‌ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായത്.  ബാങ്കുകളെ രക്ഷപ്പെടുത്താൻ അമേരിക്കൻ ഗവണ്മെന്റ് സഹായധനം നൽകേണ്ടി വന്നു.  ബാങ്കുകൾക്ക് ഏൽക്കുന്ന ഈ പ്രഹരം രാജ്യത്തിന്റെ സമ്പദ്ഘടനയേയും വൻതോതിൽ ബാധിച്ചു.  പുതിയ വ്യവസായങ്ങളും ചെറുകിട ബിസിനസ്സുകളും ആരംഭിക്കാൻ ജനങ്ങൾക്ക് ബാങ്കുകളിൽനിന്നും വായ്പ ലഭിക്കണം. വായ്പ നൽകാൻ ബാങ്കുകളിൽ പണമില്ലാതെ വന്നാൽ (ക്രെഡിറ്റ് ക്രഞ്ച്) സാമ്പത്തികം മുരടിക്കും.

 ബാങ്കുകളിൽ പണമില്ലാതെ വരുന്ന ഈ അവസ്ഥ ‘റീക്യാപ്പിറ്റലൈസേഷൻ’ മൂലം നികത്താൻ സാധിക്കേണ്ടതാണ്‌.  അമേരിക്കൻ ബാങ്കുകൾ വിദേശ നിക്ഷേപകരുടെ സഹായം അഭ്യർത്ഥിച്ചു.  ചൈന, ഗൾഫ് രാജ്യങ്ങൾ തുടങ്ങി പലർക്കും ബാങ്കുകളിൽ ഉടമസ്ഥാവകാശം ലഭ്യമായി.  വിദേശനിക്ഷേപം കുറച്ചൊക്കെ ലഭിച്ചെങ്കിലും ഉദ്ദേശിച്ചപോലെ നിക്ഷേപകരെ കണ്ടെത്താൻ ബാങ്കുകൾക്ക് സാധിച്ചില്ല.  കാരണം, പല വിദേശ നിക്ഷേപകർക്കും ബാങ്കുകൾമൂലം മുമ്പേതന്നെ പണം നഷ്ടപ്പെട്ടിരുന്നു.

ബാങ്കുകൾ വായ്പ നൽകുന്നത് തീരെ കുറഞ്ഞതുകൂടാതെ ജനങ്ങൾ പണം ചിലവാക്കാതെ വരുന്നതും (കൺസ്യൂമർ സ്പെണ്ടിങ്ങ്‌) സമ്പദ്‌വ്യവസ്ഥയെ കാര്യമായി ബാധിക്കുന്നു.  ശമ്പളക്കുറവുമൂലം ജനങ്ങൾക്ക് അത്യാവശ്യ സാധനങ്ങൾ വാങ്ങിക്കാൻ മാത്രമേ പണം തികഞ്ഞിരുന്നുള്ളു.

 ധനകാര്യസ്ഥാപനങ്ങളിൽ ധനം ഇല്ലാതെ വന്നപ്പോൾ ഫെഡറൽ ഗവൺമെന്റ് അവർക്ക് ധാരാളം ധനം സഹായമായി നൽകി (ബെയിൽ ഔട്).  എന്നിട്ടും ബാങ്കുകൾ, ജനങ്ങൾക്ക് പുതിയ സംരംഭങ്ങൾ തുടങ്ങാൻ, വായ്പാധനം നൽകുന്നതിൽ ഔദാര്യം കാട്ടിയില്ല.  വീടിന്റെ വിലയിടിവിനെ പിടിച്ചു നിർത്താനോ, ജനങ്ങളിൽ കടം കൂടുന്നതോ,  നിർദ്ധനത്വം പ്രഖ്യാപിക്കുന്നത് കുറക്കനോ ഫെഡറൽ ഗവണ്മെന്റിനു സാധിച്ചുമില്ല.  2008 ൽ 168 ബില്ല്യൺ ഡോളറിന്റെ സാമ്പത്തിക പാക്കേജ് ജനങ്ങൾക്ക് നൽകി.  അതിനുശേഷം ഒബാമ ഭരണകൂടം വീണ്ടും 850 ബില്ല്യൺ ഡോളറിന്റെ സമ്പത്തിക പാക്കേജ് അനുവദിച്ചെങ്കിലും കാര്യമായ ഗുണമൊന്നും സമ്പദ്‌വ്യവസ്ഥയിൽ വരുത്താൻ കഴിഞ്ഞില്ല.  സാധാരണ ജനങ്ങൾ വൻ കടക്കെണിയിലേക്ക് വീണ്ടും വീഴുകയായിരുന്നു.

 മറ്റ് കാരണങ്ങൾ

 ഇന്നത്തെ സാമ്പത്തിക പ്രതിസന്ധിക്ക് ഏറ്റവും പ്രധാനകാരണം മോർട്ഗേജ് വായ്പകളിലുണ്ടായ തിരിമറിവുകളും അതിന്റെ പ്രത്യാഘാതമായി സംഭവിച്ച ധനകാര്യസ്ഥാപനങ്ങളുടെ തകർച്ചയുമാണ്‌.  ഇതിനോടനുബന്ധമായി സംഭവിച്ച തകർച്ചകളിൽനിന്ന് അമേരിക്കൻ സ്ഥാപനങ്ങളെ രക്ഷിച്ചെടുക്കാൻ ഗവ്ൺമെന്റ് വീണ്ടും വീണ്ടും വൻ തുക ഒഴുക്കിക്കൊണ്ടിരുന്നു.  ഗവൺമെന്റ് മറ്റുള്ള ആവശ്യങ്ങൾക്കും വൻ തുക ചിലവാക്കി.  തൊഴിലില്ലായ്മയും പട്ടിണിയും വർദ്ധിച്ചപ്പോൾ തൊഴിലില്ലായ്മ വേതനവും, പാവപ്പെട്ടവർക്ക് ഫുഡ്സ്റ്റാമ്പും മെഡിക്കൽ ഇൻഷുറൻസും നൽകി.  9/11നു ശേഷം ജോർജ് ബുഷ് ആരംഭിച്ച യുദ്ധം ഇന്നും തുടർന്നു കൊണ്ടിരിക്കുന്നു.  യുദ്ധത്തിനും ഭീകരതയെ തടയുന്നതിനും, പാകിസ്ഥനെ സന്തോഷിപ്പിക്കുന്നതിനും കണക്കില്ലാത്ത വൻ തുകയാണ്‌ അമേരിക്ക ഒഴുക്കിയിരുന്നത്. 

വൻകിട കോർപ്പറേഷനുകൾ വിദേശത്തുപോയി കുറഞ്ഞ ചിലവിൽ ഉൽപ്പാദിപ്പിച്ചും, ഇറക്കുമതി ചെയ്തും, ഔട്സോഴ്സിങ്ങ് നടത്തിയും വൻലാഭം ഉണ്ടാക്കി.  അവർക്ക് അമേരിക്കയിൽ ജോലി സൃഷ്ടിക്കുന്നതിലായിരുന്നില്ല താൽപ്പര്യം. ടെക്നോളജിയെ വേണ്ടവിധം കൈയ്യിലിട്ട് അമ്മാനമാടാൻ അവർക്ക് കഴിഞ്ഞു.  ഗ്ളോബലൈസേഷൻമൂലം ചെറുകിട ബിസിനസ്സുകൾ വലഞ്ഞു.  അമേരിക്കൻ സമ്പദ് ഘടനയുടെ ഹൃദയം ചെറുകിട ബിസിനസ്സുകളാണ്‌. 50 ശതമാനത്തിൽ കൂടുതൽ ജോലികളും അമേരിക്കയിൽ സൃഷ്ടിക്കുന്നത് ചെറുകിട ബിസിനസ്സുകളാണ്‌.  ചൈനയിൽനിന്നുള്ള ഇറക്കുമതി കൂടിയപ്പോൾ ചെറുകിട ബിസിനസ്സുകൾ അനേകം അമേരിക്കയിൽ തകർന്നു.  അതോടെ അമേരിക്കയുടെ നട്ടെല്ല് തകരുകയായിരുന്നു.  പ്രത്യേകിച്ചും ബാങ്കിൽനിന്ന് വായ്പ ലഭ്യമല്ലാത്ത ഒരവസ്ഥയും അവക്ക് നേരിടേണ്ടി വന്നു.

 ധാരാളം ചെറുകിട കമ്പനികൾ അടച്ചതിനാലും തൊഴിലില്ലായ്മ വർദ്ധിച്ചതിനാലും നികുതിയിൽനിന്നുള്ള വരുമാനം ഗവൺമെന്റിന്‌ കുറഞ്ഞു.  ജി ഡി പി വളർച്ചാനിരക്ക് കുറഞ്ഞു കൊണ്ടിരുന്നു.  കൺസ്യൂമർ കോൺഫിഡൻസ് വളരെ കുറഞ്ഞു.  ജനങ്ങൾ പണം ചിലവാക്കുന്ന സ്വഭാവം മാറ്റി.  അത്യാവശ്യ സാധനങ്ങൾ മാത്രം വാങ്ങിച്ചു.  ഇത് ചെറുകിട കച്ചവടക്കാരുടേയും മറ്റു മേഖലയിലുള്ളവരുടെയും വളർച്ചയിൽ മാറ്റങ്ങൾ വരുത്തി.  വിദ്യാഭ്യാസരംഗത്ത് കൂടുതൽ പ്രശ്നങ്ങളുണ്ടായി.  ഹൈസ്കൂൾ പാസ്സാകുന്നവരുടേയും കോളേജ് ഉപരിപഠനം ചെയ്യുന്നവരുടേയും എണ്ണം കുറയുന്നതിനാൽ വിദേശത്തുനിന്നും വിദ്യാഭ്യാസമുള്ളവരെ റിക്രൂട് ചെയ്യേണ്ടി വന്നു.

 ഇങ്ങനെ പല തുറകളിൽ അമേരിക്കൻ ഗവണ്മേന്റിന്റെ സ്പെണ്ടിങ്ങ് വർദ്ധിച്ചു.  ഖജനാവിലുള്ളത് തീർന്നപ്പോൾ പുറത്തുനിന്നും കടം വാങ്ങേണ്ടി വന്നു.  ക്ളിന്റൺ ഭരണകൂടം പുറത്തു പോയപ്പോൾ വളരെ കുറഞ്ഞ കടത്തിലായിരുന്ന അമേരിക്ക, ജോർജ് ബുഷിന്റെ ഭരണം അവസാനിച്ചപ്പോൾ വലിയ കടക്കെണിയിൽ വീണ്ടും വീണിരുന്നു.  അതിനുശേഷം വന്ന ഒബാമ ഭരണകൂടം കൂടുതൽ സത്വര നടപടി സ്വീകരിച്ചെങ്കിലും കൂടുതൽ പ്രശ്നങ്ങളിൽ കുരുങ്ങുകയായിരുന്നു.

 2008 ലെ സാമ്പത്തികമാന്ദ്യം ധനകാര്യ സ്ഥാപനങ്ങളിലെ പിടിപ്പുകേടും അലസതയുമായിരുന്നെങ്കിൽ 2011 ലെ മാന്ദ്യത്തിനു കാരണം മോശമായ സാമ്പത്തിക വളർച്ചയാണ്‌.  സ്വന്തം രാജ്യത്തെ വേണ്ട രീതിയിൽ നയിക്കാതിരുന്നതിനാൽ ഉപഭോക്താക്കളുടേയും ബിസിനസ്സുകാരുടേയും ധനകാര്യസമൂഹത്തിന്റേയും നഷ്ട്ടപ്പെട്ട വിശ്വാസ്യതയാണ്‌ വേറൊരു കാരണം.  ഇതിനാൽ നിക്ഷേപവും സ്പെണ്ടിങ്ങും തീരെ ഇല്ലാതായി.  നിക്ഷേപവും ചിലവാക്കലും തീരെ ഇല്ലാതാകാൻ മറ്റു പല കാരണങ്ങളും ചൂണ്ടിക്കാണിക്കുന്നു.  വയസ്സായിക്കൊണ്ടിരിക്കുന്ന അമേരിക്കൻ സമൂഹം, മനുഷ്യന്‌ പകരം ജോലി ചെയ്യുന്ന യന്ത്രങ്ങളുടെയും മറ്റ് ഉപകരണങ്ങളുടേയും വർദ്ധനവ് എന്നിവയും ഇവയിൽപ്പെടുന്നു.

 സാമ്പത്തിക വളർച്ച

സാമ്പത്തികവളർച്ച ഉണ്ടാകണമെങ്കിൽ കൂടുതൽ ജോലി സൃഷ്ടിക്കപ്പെടണം.  പുതിയ ബിസിനസ്സുകൾ തുടങ്ങാൻ വായ്പ കിട്ടണം.  തൊഴിലില്ലായ്മ കുറയണം.  ഉപഭോക്താക്കൾ പണം സൂക്ഷിച്ചു വയ്ക്കാതെ കൂടുതൽ ചിലവാക്കണം.  ഇപ്പോഴത്തെ അവസ്ഥയിൽ ഒബാമാക്ക് രണ്ടു കാര്യങ്ങളാണ്‌ ചെയ്യാൻ സാധിക്കുക.  ഒന്നുകിൽ നികുതി വർദ്ധിപ്പിക്കുക.  അല്ലെങ്കിൽ ചിലവ് ചുരുക്കുക.  ധനികർക്കെതിരെ കൂടുതൽ നികുതി വർദ്ധിപ്പിക്കുന്നത് കൂടുതൽ എതിർപ്പിനു കാരണമാകും.  ചിലവ് ചുരുക്കിയാൽ കൂടുതൽപേർ ദാരിദ്ര്യം അനുഭവിക്കും.

 ഔട്സോഴ്സ് ചെയ്യുന്ന കോർപ്പറേഷനുകളുടെമേൽ വർദ്ധിച്ച നികുതി ഈടാക്കുക, ഔട്സോഴ്സിങ്ങ് നിയന്ത്രിക്കുക, അമേരിക്കയിലുണ്ടാക്കുന്ന കൂടുതൽ ടെക്നോളജി പുറത്തുവിടാതെ സൂക്ഷിക്കുക, ഇമിഗ്രേഷൻ നിയന്ത്രണം ഏർപ്പെടുത്തുക,  വിദ്യാഭ്യാസ നിലവാരം ഉയർത്തുക, വിദേശികൾക്ക് ജോലി നൽകുന്നത്‌ വെട്ടിക്കുറക്കുക, യുദ്ധം അവസാനിപ്പിക്കുക, വിദേശ രാജ്യങ്ങൾക്കുള്ള ധനസഹായം കുറക്കുക, പുതിയ രീതിയിലുള്ള ശുദ്ധ ഊർജ്ജം ഉണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങൾക്കായി ജനം മുറവിളി കൂട്ടുന്നു.

 കയറ്റുമതി വർദ്ധിപ്പിക്കുക, ഉപഭോക്താവിന്റെ ആത്മവിശ്വാസം ഉയർത്തുക, ജീവിതരീതിയിൽ മാറ്റം വരുത്തുക തുടങ്ങിയ വിഷയങ്ങളിൽ ഒബാമ ഗവൺമെന്റ് പരീക്ഷണത്തിന്‌ തയ്യാറായേക്കാം.  ബാങ്കുകൾ ദേശസാൽക്കരിക്കുക, മാർക്കറ്റ് പാതിയെങ്കിലും മറ്റുള്ള രാജ്യങ്ങൾക്ക് അടക്കുക എന്നിവയൊക്കെ പരീക്ഷിക്കാൻ മുതിരുമ്പോൾ മുതലാളിത്ത വ്യവസ്ഥിതിയുടെ തനിമയ്ക്ക് മാറ്റങ്ങൾ സംഭവിക്കുന്നു.  ഇതിനെ എതിർക്കുന്നവർ അനവധിയാണ്‌.  ചെറിയ സോഷ്യലിസ്റ്റ് പരീക്ഷണങ്ങൾക്ക്  ഒബാമ മുതിരുമ്പോൾ അതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നു.  തൊഴിലില്ലായ്മയും, ദാരിദ്ര്യവും, വർഗവ്യതിരിക്തതയും സംഭവിക്കുമ്പോൾ മുതലാളിത്തത്തിന്‌ മുറിവേൽക്കുന്നു.

 വളർച്ചാനിരക്ക് ഒരു ശതമാനം വീതം എല്ലാ വർഷവും തുടർച്ചയായി ലഭിച്ചാൽ അമേരിക്കയുടെ പ്രതാപം വീണ്ടെടുക്കുവാൻ സാധിക്കുമെന്നാണ്‌ സാമ്പത്തിക ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം.  അമേരിക്ക ഇപ്പോഴും നവവിധാനങ്ങൾക്ക് വളരെ കഴിവുള്ള ഒരു രാജ്യമാണ്‌.  ലോകത്തിലെ ഏറ്റവും മികവുറ്റ ശാസ്ത്രസാങ്കേതിക വിദഗ്ധർ ഇവിടേക്ക് കുടിയേറാൻ ഇഷ്ടപ്പെടുന്നു.  അവരെ കൂടുതൽ പ്രോൽസാഹിപ്പിച്ചെടുത്താൽ ഇനിയും അവർ അമേരിക്കയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന്‌കരുതുന്നു.

 ഈ അവസ്ഥയിലും മറ്റുള്ള രാജ്യങ്ങളേക്കാൾ ഒരു വലിയ സമ്പദ് ഘടനയാണ്‌ അമേരിക്കക്കുള്ളത്.  കഴിഞ്ഞ ജൂൺമാസത്തിൽ അമേരിക്കയിൽ നടത്തിയ ഒരു സർവേയിൽ അമേരിക്ക ഇപ്പോഴും മഹത്തായ രാജ്യം തന്നെയാണെന്ന് 53 ശതമാനം ജനങ്ങളും വിശ്വസിക്കുന്നു.  പ്രശ്നങ്ങളുണ്ടായാൽ അതിനെ തരണം ചെയ്യാൻ അമേരിക്കയ്ക്ക് സാധിക്കുമെന്നാണ്‌ ശതമാനം ജനങ്ങളും കരുതുന്നത്. ഏറ്റക്കുറച്ചിലുകൾ മാറിമറിയുന്നതിനെ ഈ രാജ്യം സമർത്ഥമായി തരണം ചെയ്തിട്ടുണ്ടെന്ന് ചരിത്രം വ്യക്തമാക്കുന്നു.  ഇനിയും എന്താണ്‌ സംഭവിക്കുകയെന്ന് കാത്തിരുന്നു കാണാം.

This article was published in Keralakaumudi Daily.  Please see the link.
http://news.keralakaumudi.com/news.php?nid=1e8e3fa1336b9a7006c60ca792abda56

VN:F [1.9.8_1114]
Rating: 8.0/10 (1 vote cast)
VN:F [1.9.8_1114]
Rating: +2 (from 2 votes)
അമേരിക്കൻ സാമ്പത്തിക പ്രതിസന്ധി: ഒരു ഫ്ളാഷ് ബാക്ക്‌, 8.0 out of 10 based on 1 rating

Tagged as: ,

Categorised in: Articles, Indo-American