Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

കലഹിക്കാന്‍ പഠിപ്പിച്ച എഴുത്തുകാരന്‍

[എം. മുകുന്ദന്‍]


കാക്കനാടനെ കലഹിക്കുന്ന എഴുത്തുകാരനായി മാത്രമേ എനിക്ക് കാണാന്‍ കഴിയുള്ളൂ. എഴുത്തുകൊണ്ടും ജീവിതം കൊണ്ടും വ്യവസ്ഥാപിത സമൂഹത്തോട് കലഹിക്കുന്നതില്‍ കാക്കനാടന് ഒട്ടും വിട്ടുവീഴ്ചയുണ്ടായിരുന്നില്ല. എഴുത്തുകൊണ്ട് എന്നെ കലഹിക്കാന്‍ പഠിപ്പിച്ച ആത്മസുഹൃത്തു കൂടിയാണ് കാക്കനാടന്‍. മലയാള സാഹിത്യത്തില്‍ ആധുനികത പരിചയപ്പെടുത്തിയ എഴുത്തുകാരനെയാണ് കാക്കനാടന്റെ വിയോഗത്തോടെ നഷ്ടമായത്.

കാക്കനാടനെ ഞാനറിയുന്നത് അറുപതുകളുടെ തുടക്കത്തില്‍ ഡല്‍ഹിയിലെ ലജ്പത് നഗറില്‍ വച്ചാണ്. അന്ന് കാക്കനാടന്റെ കഥകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഞാനും കഥകളെഴുതി പ്രസിദ്ധീകരിക്കുന്നുണ്ടായിരുന്നു. അത് സ്വപ്നത്തിലാണെന്നുമാത്രം. ഞാന്‍ അന്ന് ഡല്‍ഹി ജീവിതം തുടങ്ങിയിട്ടേയുള്ളൂ.

ഡല്‍ഹിയില്‍ ഒരുപാട് എഴുത്തുകാരുണ്ടായിരുന്നു. അവരെ മനസിലാക്കുക എളുപ്പമായിരുന്നില്ല. ഒ.വി. വിജയന്‍ ആര്‍ക്കും പിടികൊടുക്കാതെ വഴുതിപ്പോകുന്ന അതിപ്രതിഭാശാലിയായ എഴുത്തുകാരനായിരുന്നു. വി.കെ. എന്നിനെയും എം.പി. നാരായണപിള്ളയെയും എനിക്ക് പൂര്‍ണമായി മനസിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്റെ അനുഭവദാരിദ്യ്രമോ അറിവില്ലായ്മയോ ആയിരിക്കാം കാരണം. പക്ഷേ കാക്കനാടനെ ആര്‍ക്കും, ഒരു കുഞ്ഞിനുപോലും എളുപ്പം മനസിലാക്കാന്‍ കഴിയും. കാക്കനാടനില്‍ മനസിലാക്കാന്‍ സങ്കീര്‍ണമായി ഒന്നുമില്ല എന്നതായിരുന്നു സത്യം. ആ പരുക്കന്‍ രൂപത്തിനും ശബ്ദത്തിനും പിറകിലുള്ളത് നിഷ്കളങ്കനായ കുട്ടിയാണ്. കുട്ടികള്‍ക്ക് കലാപങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് ഞാനറിഞ്ഞതും കാക്കനാടനില്‍ നിന്നാണ്.

കാപട്യങ്ങള്‍ അറിയാത്ത എഴുത്തുകാരനായിരുന്നു അദ്ദേഹം. കാക്കനാടന്റെ ഭാഷണങ്ങള്‍ പോലെതന്നെ എഴുത്തും സുതാര്യമാണ്. ബേബിച്ചായന്റെ രചനകളില്‍ കലാപമുണ്ട്. ഈ വയലന്‍സ് ലോകവുമായി കാക്കനാടന് താദാത്മ്യം പ്രാപിക്കാന്‍ കഴിയാത്തതിന്റെ ഫലമായുണ്ടായതാണ്. തന്നെപ്പോലെ തന്നെ സമൂഹവും ആര്‍ദ്രമനസ്കരായിരിക്കണമെന്ന് കാക്കനാടന്‍ ആഗ്രഹിക്കുന്നു. തന്റെ പ്രതീക്ഷയ്ക്ക് വിപരീതമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യമനസ് ഈ എഴുത്തുകാരനെ പ്രകോപിപ്പിക്കുന്നു. അദ്ദേഹത്തിലെ വയലന്‍സിന് തിരികൊളുത്തുന്നു. അമ്പ് നെഞ്ചില്‍ തറച്ചുവീണ ഒരു പക്ഷിയുടെ ചിറകുകളിലെ കലാപമായാണ് ഞാന്‍ കാക്കനാടന്റെ സാഹിത്യരചനകളെ തിരിച്ചറിഞ്ഞത്. കാക്കനാടന്റെ സാഹിത്യരചനകളില്‍ കാമമുണ്ട്. പക്ഷേ നിഷ്കാമമാണ് കാക്കനാടന്റെ സര്‍ഗാത്മകത. രതി ഒരു ആവിഷ്കാരഭാഷയാണ് കാക്കനാടന്. കാമത്തിനു വേണ്ടി കാമത്തെക്കുറിച്ച് കാക്കനാടന്‍ എഴുതിയില്ല.

കലഹിക്കുന്ന ഇടതുപക്ഷ എഴുത്തുകാരനായിരുന്നു അദ്ദേഹം. സാമൂഹ്യബോധത്തിന്റെ അടിയൊഴുക്കുകള്‍ കാക്കനാടന്റെ രചനകളില്‍ കാണാം. സാമൂഹ്യ-രാഷ്ട്രീയ പ്രശ്നങ്ങളില്‍ വ്യക്തമായ നിലപാടുകള്‍ കാക്കനാടന്‍ സ്വീകരിച്ചിരുന്നു. സൌഹൃദങ്ങളോ സ്ഥാനമാനങ്ങളോ അതിന് തടസമാകാറില്ല. ഇടതുപക്ഷ സര്‍ക്കാര്‍ നിലവിലിരിക്കുമ്പോഴാണ് കേരള സാഹിത്യ അക്കാഡമിയുടെ വിശിഷ്ടാംഗത്വം ലഭിക്കുന്നത്. അപ്പോഴും ഇടതുപക്ഷ അപചയങ്ങളെ വിമര്‍ശിക്കാന്‍ അദ്ദേഹം മടികാണിച്ചില്ല. എനിക്ക് ഒരു ജ്യേഷ്ഠസഹോദരന്റെ സ്നേഹവും വാത്സല്യവും കാക്കനാടന്‍ നല്‍കിയിട്ടുണ്ട്. പക്ഷേ അതൊന്നും എന്നോടുള്ള വിയോജിപ്പുകള്‍ പ്രകടിപ്പിക്കുന്നതില്‍നിന്നും വിമര്‍ശിക്കുന്നതില്‍നിന്നും കാക്കനാടനെ പിന്തിരിപ്പിച്ചിട്ടില്ല. ഞാന്‍ ഒരിക്കലും എഴുതാന്‍ പാടില്ലാത്ത കഥയായിരുന്നു ദിനോസറുകളുടെ കാലം എന്ന് ബേബിച്ചായന്‍ എന്നോട് പറഞ്ഞിരുന്നു.
അധികാരസ്ഥാനങ്ങളോ പദവികളോ കാക്കനാടനെ പ്രലോഭിപ്പിച്ചിരുന്നില്ല. സര്‍ക്കാര്‍ ഉദ്യോഗവും ജര്‍മ്മനിയിലെ ഗവേഷണവുമെല്ലാം ഉപേക്ഷിച്ച മനുഷ്യനാണിത്. എന്നാല്‍ മറ്റുള്ളവരും തന്നെപ്പോലെയാകണമെന്ന് കാക്കനാടന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ സാഹിത്യ അക്കാഡമി അദ്ധ്യക്ഷസ്ഥാനം സ്വീകരിച്ചപ്പോള്‍ അത് തെറ്റായ തീരുമാനമാണെന്ന് ഡോ. വി. രാജകൃഷ്ണനും ഡോ. പി.കെ. രാജശേഖരനും മറ്റു നിരവധി പേരും പറഞ്ഞു. ബേബിച്ചായന്‍ മാത്രം എന്നോടത് പറഞ്ഞില്ല.

സ്വന്തം കാഴ്ചപ്പാടുകള്‍ മാത്രമാണ് ശരിയെന്നും തന്റെ കണ്ണുകളിലൂടെ വേണം മറ്റുള്ളവരും ലോകത്തെ വീക്ഷിക്കേണ്ടതെന്നും ശഠിക്കുന്ന എഴുത്തുകാരാണ് നമ്മുടെ ചുറ്റുമുള്ളത്. കാക്കനാടന്‍ അവരില്‍ ഒരാളല്ല. ഭൂമി തനിക്കുവേണ്ടി തിരിയണമെന്ന് ആഗ്രഹിക്കാത്ത എഴുത്തുകാരനായിരുന്നു കാക്കനാടന്‍. എന്നാല്‍ ഭൂമി അപഥസഞ്ചാരം ചെയ്താല്‍ അദ്ദേഹം ഒച്ചവയ്ക്കും. പ്രതിഷേധിക്കും. കലഹിക്കും. എഴുത്തുകാര്‍ പല തരത്തിലുണ്ട്. ബുദ്ധിയും യുക്തിയും മാത്രമുപയോഗിച്ച് എഴുതുന്നവരുണ്ട്. അത് രണ്ടുമില്ലാതെ എഴുതുന്നവരുമുണ്ട്. കാക്കനാടന്റെ രചനകളില്‍ നിറഞ്ഞുകിടക്കുന്നത് ബുദ്ധിയോ യുക്തിയോ അല്ല. എന്നുവച്ച് ഇത് രണ്ടും ബേബിച്ചായന്റെ കഥകളിലും നോവലുകളിലും ഇല്ലെന്നല്ല പറയുന്നത്. എന്നാല്‍ ഭാഷാസാഹിത്യത്തിന് കാക്കനാടന്‍ നല്‍കിയ സംഭാവനകള്‍ അദ്ദേഹത്തിന്റെ രചനകളിലെ ഈ തീവ്രമായ സര്‍ഗാത്മകത മാത്രമല്ല. നമ്മുടെ സംവേദനശീലങ്ങളെ കാക്കനാടന്‍ നിരന്തരം നവീകരിച്ചു. നമ്മുടെ കപട സദാചാരബോധത്തിനെതിരെ അക്ഷീണം കലഹിച്ചു. കഥയുടെ മാസ്മരികതയിലേക്ക് നമ്മെ നയിച്ചു. ശ്രീചക്രവും യൂസഫ്സരായിയിലെ ചരസൂവ്യാപാരിയും നമ്മുടെ കഥാസങ്കല്പങ്ങളെ കീഴ്മേല്‍മറിച്ചു. ‘ ഏഴാം മുദ്ര’ എന്ന നോവല്‍ വീര്‍പ്പുമുട്ടലോടെയാണ് ഞാന്‍ വായിച്ചത്. നമ്മുടെ ഭാഷയ്ക്ക് ഇത്രമാത്രം സംഹാരശക്തിയുണ്ടെന്ന് ഞാനറിഞ്ഞത് കാക്കനാടന്റെ കഥകളിലൂടെയും നോവലുകളിലൂടെയുമാണ്. ഉഷ്ണമേഖലയില്‍ ഒരു പ്രവാചകവചനം പ്രച്ഛന്നമായി കിടപ്പുണ്ട്. പൊടിതട്ടി ഈ പുസ്തകം പുറത്തെടുത്ത് ഇപ്പോള്‍ നമ്മള്‍ വായിക്കണം. കാരണം അതെഴുതിയ കാലത്തെ പ്രസക്തി ഇപ്പോഴും ആ നോവലിനുണ്ട്.

സ്നേഹരഹിതമാണ് ഇന്ന് എഴുത്തുകാരുടെ ലോകം. നിരാര്‍ദ്രരാണ് ഇന്ന് നമ്മള്‍ എഴുത്തുകാര്‍. ഇതുപോലൊരു ലോകത്ത് ലാഭനഷ്ടങ്ങളുടെ കണക്കുകൂട്ടാതെ, ആരോടും അസൂയയോ മത്സരമോ ഇല്ലാതെ, എല്ലാവരെയും സ്നേഹിച്ച് തന്റെ അലങ്കോലപ്പെട്ട ചെറിയ ലോകത്തില്‍ ജീവിക്കുന്ന വലിയ എഴുത്തുകാരനായിരുന്നു കാക്കനാടന്‍. മുമ്പെന്നത്തേതിനെക്കാളും നമുക്ക് ഈ എഴുത്തുകാരനെയും അദ്ദേഹത്തിന്റെ കൃതികളെയും ഇന്ന് ആവശ്യമുണ്ട്.
രതിയും കലാപവും അവയുടെ ഏറ്റവും നൈസര്‍ഗികമായ ആവിഷ്കാരങ്ങളായാണ് കാക്കനാടന്റെ കൃതികളില്‍ പ്രത്യക്ഷപ്പെടുന്നത്. രതിയെ ഞെക്കിപ്പിഴിഞ്ഞ് എഴുത്തുകാര്‍ വാണിജ്യവത്കരിക്കുന്ന ഇക്കാലത്ത് ഈ നൈസര്‍ഗികത നമ്മെ മോഹിപ്പിക്കുന്നു.

Few appalachianmagazine.com tadalafil 50mg men may experience possible side effects of this medicine, such as headache, dizziness, nausea, runny nose and flushing. So, if you are having a mastectomy, prepare yourself and your partner buy tadalafil uk of what’s coming. Exercise surely improves sex life, but it levitra online isa gradual process. This cialis sales australia is a serious condition in men often leads to more than one cause.

Tagged as: ,

Leave a Reply