Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

വാള്‍ സ്ട്രീററില്‍ മുല്ല പൂക്കുമ്പോള്‍

[ആര്‍.ഗോപീകൃഷ്ണന്‍]


 ആഗോളവത്കരണത്തിന് കാലം ഇങ്ങനെയൊരു അര്‍ത്ഥം വായിച്ചെടുക്കുമെന്ന് അമേരിക്ക സ്വപ്നത്തില്‍ കരുതിയിട്ടുണ്ടാവില്ല. കച്ചവടത്തിന്റെ ആഗോളവത്കരണത്തില്‍നിന്ന് ആശയങ്ങളുടെ ആഗോളവത്കരണത്തിന്റെ തലത്തിലെത്തിയപ്പോഴാണ് അവര്‍ അക്കഥ മനസിലാക്കുന്നത്. അപ്പോഴേക്കും വാള്‍ സ്ട്രീറ്റ് യുവ സമര ഭടന്മാരെക്കൊണ്ട് നിറഞ്ഞിരുന്നു. ഈജിപ്തിലെ താഹ്രീര്‍ ചത്വരത്തില്‍ നിന്ന് മുല്ലപ്പൂമണം അറ്റ്ലാന്റിക് കടന്ന് ന്യൂയോര്‍ക്കില്‍ പ്രസരിച്ചു.

2011 ജൂലായ് 13. അരാജകവാദികളുടെ പ്രസിദ്ധീകരണമായ അഡ്ബസ്റ്റേര്‍സിലൂടെ കള്‍ച്ചര്‍ ജാമേര്‍സ് ആസ്ഥാനമെന്ന് സ്വയം അവകാശപ്പെടുന്നവരുടെ ഒരു സന്ദേശം ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചു: വാള്‍സ്ട്രീറ്റ് കൈയടക്കുക. സെപ്തംബര്‍ 17ന് ഞങ്ങള്‍ 20,000 പേര്‍ ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റില്‍ സമ്മേളിക്കുന്നു. ഒരു ബഹുജന പരിപാടിയുടെ തുടക്കമെന്ന നിലയില്‍ ഞങ്ങളുടെ സംഘം രണ്ടു മാസക്കാലത്തേക്ക്, ഒരു പക്ഷേ അതിലേറെ കാലത്തേക്ക് വാള്‍സ്ട്രീറ്റ് പിടിക്കാന്‍ ഉദ്ദേശിക്കുന്നു. ഈജിപ്തിലും സ്പെയിനിലും മെക്സിക്കോയിലും ലോകത്തിന്റെ ഇതര ഭാഗങ്ങളിലും നടന്ന ജനകീയ മുന്നേറ്റങ്ങളാണ് ഞങ്ങളുടെ പ്രചോദനം.

കാനഡ ആസ്ഥാനമായുള്ള ആക്ടിവിസ്റ്റ് ഗ്രൂപ്പാണ് അഡ്ബസ്റ്റേര്‍സ്. അമേരിക്കയിലെ ധനികവര്‍ഗത്തിന്റെ രാഷ്ട്രീയ സ്വാധീനം, സാമൂഹ്യവും സാമ്പത്തികവുമായ അസമത്വം, കോര്‍പറേറ്റ് അത്യാര്‍ത്തി എന്നിവയ്ക്കെതിരെയാണ് സമരം സംഘടിപ്പിച്ചതെങ്കിലും ഔദ്യോഗികമായി ഒരാവശ്യവും അവര്‍ മുന്നോട്ടുവച്ചിട്ടില്ല.

സാങ്കേതിക വിദ്യയുടെ ശക്തിയറിഞ്ഞും അതിനെ മുതലെടുക്കാന്‍ ഉറച്ചുമാണ് സനനന്‍ഹരുള്‍ദവവറര്‍. സഴഭ എന്ന വെബ്സൈറ്റ് ആരംഭിച്ചത്. പൊതു ആവശ്യം നേടിയെടുക്കാന്‍ പരസ്പരം സഹായിച്ചും സഹകരിച്ചും പ്രവര്‍ത്തിക്കുന്നതിന് നൂതന പ്രചാരണ വിദ്യകള്‍ വഴിയൊരുക്കി.

ആഗസ്റ്റ് രണ്ടിനായിരുന്നു ആദ്യ ജനറല്‍ അസംബ്ളി. അതിന്റെ ക്ഷണക്കത്ത് മറ്റൊരു ബോംബായി. എവിടെ നിന്നാണ് ബാങ്കുകള്‍ ശതസഹസ്ര കോടികള്‍ സ്വന്തമാക്കിയത് എന്ന ചോദ്യത്തിന് സംഘാടകര്‍ തന്നെ ഉത്തരം നല്‍കി. നികുതി ചുമത്തിയും ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചും കൊള്ളയടിച്ചും നമ്മളെ പിഴിഞ്ഞുണ്ടാക്കിയ പണം. ആരുടെ പണം? നമ്മുടെ പണം. നമ്മള്‍ വിയര്‍പ്പൊഴുക്കി നേടിയ നമ്മുടെ സമ്പാദ്യം.

പണവും രാഷ്ട്രീയവുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന ആഹ്വാനവും ഉണ്ടായി. നിലവിലുള്ളത് ഡെമോക്രസിയല്ല, കോര്‍പറേറ്റോക്രസിയാണ്. അതു നമുക്കു വേണ്ടാ. അഴിമതി തുടച്ചുനീക്കുകയെന്നതാണ് ഏതൊരു അമേരിക്കക്കാരന്റെയും ആവശ്യം. അതിന് രാഷ്ട്രീയ വ്യത്യാസമില്ല. അതാണ് സമരക്കാരുടെയും തുറുപ്പുചീട്ട്. ‘പോരുകാളയെ കൊമ്പിനു പിടിച്ചു നേരിടുക’ എന്ന പരസ്യവാചകം ജനങ്ങള്‍ക്കു നന്നേ ബോധിച്ചു.

അടുത്തയാഴ്ചതന്നെ അമേരിക്കന്‍ എക്സ്പ്രസിനും മര്‍ക്കന്റയില്‍ എക്സ്ചേഞ്ചിനും സമീപം പൊട്ടറ്റോ ഫാമിന്‍ മെമ്മോറിയലില്‍ രണ്ടാം ജനറല്‍ അസംബ്ളി വിളിച്ചു. മുദ്രാവാക്യം മാറി- 99 ശതമാനം വരുന്ന ഞങ്ങള്‍ ആവശ്യപ്പെടുന്നു എന്നാക്കി. ആഗസ്ത് 13 ന് അടുത്തത്. അപ്പോഴേക്കും സമരത്തിന് രൂപഭാവങ്ങള്‍ കൈവന്നു.

സംഘാടകരുടെ സംബോധനയില്‍ത്തന്നെ ഇതു വ്യക്തമായി. ‘വിമതരേ, വിപ്ളവകാരികളേ, ഉട്ടോപ്യന്‍ സ്വപ്നജീവികളേ’ എന്നായിരുന്നു അത്. ഒപ്പം നയപ്രഖ്യാപനവും. ‘മുതലാളിത്തം വലിച്ചെറിയൂ’ എന്ന മുദ്രാവാക്യം വിളിക്കുന്നതുകൊണ്ട് പ്രയോജനമില്ല. കൌശലപൂര്‍ണമായ തന്ത്രം സ്വീകരിച്ചേ മതിയാകൂ. അതുകൊണ്ട് ട്രോജന്‍ കുതിരയാവുക. കേള്‍ക്കുന്നവര്‍ക്ക് പ്രായോഗികമായ നിര്‍ദ്ദേശമാണെന്നു തോന്നണം. അങ്ങനെയെങ്കില്‍ മെല്ലെമെല്ലെ ആളുകള്‍ ശ്രദ്ധിക്കും. പ്രസിഡന്റ് ഒബാമയ്ക്കും പ്രതികരിക്കേണ്ടിവരും. അതുകൊണ്ട് സെപ്തംബര്‍ 17ന് ഒരു ടെന്റുമായി ലിബര്‍ട്ടി പാര്‍ക്കില്‍ എത്തുക.

അറബിലോകത്തു നിന്ന് വാള്‍സ്ട്രീറ്റിലേക്ക് വഴിതുറക്കുന്ന നാള്‍ വരുമെന്ന് ഒരു പാതിരാസ്വപ്നത്തില്‍ പോലും അമേരിക്ക കരുതിയതല്ല. മുതലാളിത്ത സമ്പദ് വ്യവസ്ഥയ്ക്കെതിരേ അമേരിക്കന്‍ മണ്ണില്‍ ശബ്ദമുയരുമെന്നു ചിന്തിച്ചതല്ല. അചിന്ത്യമായതാണു സംഭവിച്ചത്. ഇടതുപക്ഷ വിശ്വാസികളായ ഒരു കൂട്ടം ചെറുപ്പക്കാര്‍ ആശയങ്ങളുടെ ചെപ്പു തുറന്നപ്പോള്‍ അതിനെ പിന്തുണയ്ക്കാന്‍ ജനമുണ്ടായി.

ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള മത്സരത്തില്‍ ഉള്ളവന്‍ ആയുധമോ, സമ്പത്തോ കൊണ്ട് ഇല്ലാത്തവനുമേല്‍ ആധിപത്യം സ്ഥാപിക്കുമെന്നതാണ് മുതലാളിത്ത സമ്പദ് വ്യവസ്ഥ. ഉള്ളവരായ വിഭാഗത്തില്‍ പെട്ടവരാണ് തങ്ങളെന്നു ധരിച്ചു വളര്‍ന്നവരാണ് അമേരിക്കക്കാര്‍. അതുകൊണ്ട് അവര്‍ ആ വ്യവസ്ഥയുടെ വക്താക്കളും പ്രയോക്താക്കളുമായിരുന്നു. എന്നാല്‍ ഒരു പ്രഭാതത്തില്‍ അവര്‍ തിരിച്ചറിയുന്നു: ജനസംഖ്യയുടെ 99 ശതമാനം വരുന്ന തങ്ങള്‍ ഇല്ലാത്തവരായെന്നും ഒരു ശതമാനം വരുന്ന വന്‍കിടക്കാരും രാഷ്ട്രീയക്കാരും ചേര്‍ന്ന് തങ്ങളുടേതെല്ലാം പിടിച്ചെടുത്തെന്നും- സമ്പത്തും സ്വാതന്ത്യ്രവും.

അതുകൊണ്ട് അവ വീണ്ടെടുക്കാനുള്ള മാര്‍ഗങ്ങളാണ് സമരക്കാര്‍ ചര്‍ച്ച ചെയ്യുന്നത്. സ്വാതന്ത്യ്രം അവകാശമെന്നു വിശ്വസിക്കുന്നവരും അദ്ധ്വാനിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നവരും അധികാരം ശരിയല്ലെന്നു കരുതുന്നവരും രാഷ്ട്രീയവും കോര്‍പറേറ്റുകളും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണെന്ന തത്വത്തോടു യോജിപ്പുള്ളവരെയുമാണ് സമരക്കാര്‍ തങ്ങള്‍ക്കൊപ്പം ചേരാന്‍ ക്ഷണിച്ചത്. എല്ലാ നിയമങ്ങളും ലംഘിച്ച് അമേരിക്കയിലെ എല്ലാ സംവിധാനങ്ങളെയും സ്തംഭിപ്പിക്കാന്‍ സംഘാടകര്‍ ആഹ്വാനം ചെയ്യുന്നു.

‘അക്രമത്തിന്റെ സൂക്ഷ്മമായ അര്‍ത്ഥതലം പരിശോധിച്ചാല്‍ ബ്രിട്ടീഷ് കോളനിവാഴ്ചയുടെ സംവിധാനങ്ങളെല്ലാം തകര്‍ത്ത ഗാന്ധിയാണ് ഹിറ്റ്ലറെക്കാള്‍ വലിയ അക്രമകാരി’യെന്ന് പ്രസ്താവന നടത്തിയ വിവാദ ചിന്തകന്‍ സ്ലവോജ് സിസെക് സമരക്കാരോടു നടത്തിയ പ്രസംഗം ഇങ്ങനെ പോയി:

”നമ്മള്‍ സ്വപ്നജീവികളല്ല. സ്വപ്നത്തില്‍ നിന്ന് ഉണരുന്നവരാണ്, പേടിസ്വപ്നത്തില്‍ നിന്ന് ഞെട്ടിയുണരുന്നവര്‍. നമ്മള്‍ ഒന്നും നശിപ്പിക്കുന്നില്ല, മറിച്ച് സംവിധാനങ്ങള്‍ എങ്ങനെ നശിക്കുന്നു എന്നതിന്റെ സാക്ഷികളാണ്.

ഏപ്രിലില്‍ ചൈനീസ് സര്‍ക്കാര്‍ ബദല്‍ യാഥാര്‍ത്ഥ്യങ്ങളും കാലസഞ്ചാരവും ചിത്രീകരിക്കുന്ന സിനിമകളും നോവലുകളും നിരോധിച്ചു. ആളുകള്‍ ബദലുകളെ കുറിച്ച് സ്വപ്നം കാണുന്നുവെന്നതല്ലേ അതിനര്‍ത്ഥം? ചൈനയില്‍ സ്വപ്നങ്ങള്‍ നിരോധിക്കാം. ഇവിടെ സ്വപ്നം കാണാനുള്ള ശക്തിപോലും ബാക്കിയില്ല. നമ്മുടെ സിനിമകള്‍ എന്താണ്? എല്ലാം ലോകാവസാനം. ഉല്‍ക്ക വന്നിടിക്കുന്നു, ലോകം നശിക്കുന്നു. ലോകം നശിക്കുന്നത് ഭാവനയില്‍ കാണാം. എന്നാല്‍ മുതലാളിത്തം തകരുന്നത് സങ്കല്‍പ്പിക്കാനാവുമോ?

നമുക്ക് എല്ലാം ഉണ്ട്. എന്നാല്‍ പാരതന്ത്യ്രത്തെ കുറിച്ചു പറയാനുള്ള ഭാഷാവൈഭവം മാത്രമില്ല. ഒരു കാര്യം പറയാം. നാമിപ്പോള്‍ ഇവിടെ ഒത്തുകൂടി. ഉത്സവങ്ങള്‍ വന്നുപോകും. അതിനുശേഷമുള്ള ജീവിതമാണു പ്രധാനം. നാളെ സാധാരണ നിലയിലേക്കു മടങ്ങുമ്പോള്‍ എന്തു നേടി എന്നതാണു പ്രധാനം”. ഇടതുപക്ഷ തീവ്രവാദിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന സിസെക് ഉപദേശിക്കുന്നു.

എന്നാല്‍ അമേരിക്കന്‍ മണ്ണില്‍ ഈ സമരത്തിന് കാര്യമായ പിന്തുണ ഉണ്ടായിട്ടില്ല. ആദ്യമൊക്കെ എല്ലാവരും സംശയദൃഷ്ടിയോടെയാണ് സമരത്തെ വീക്ഷിച്ചത്. നായകനില്ലാത്ത സമരമെന്നും അജന്‍ഡയില്ലാത്ത ആള്‍ക്കൂട്ടമെന്നും സമരക്കാരെ വിശേഷിപ്പിച്ച മാദ്ധ്യമങ്ങള്‍ക്കും ദിവസങ്ങള്‍ കടന്നുപോകെ, അവരെ ശ്രദ്ധിക്കാതെ തരമില്ലെന്നു വന്നിരിക്കുന്നു.

സമരാഹ്വാനം ഇങ്ങനെ

നഗരങ്ങളില്‍ പ്രക്ഷോഭം സജീവമാക്കുക. നിലവിലുള്ളവ ശക്തമാക്കുക. ഇല്ലാത്തിടത്ത് സംഘടിപ്പിക്കുക. സംവിധാനങ്ങള്‍ സ്തംഭിപ്പിക്കുക.

തൊഴിലാളികള്‍ പണിമുടക്കിയാല്‍ മാത്രം പോരാ, പണിശാലകള്‍ കൈയടക്കണം. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ക്ളാസ് മുറികള്‍ കൈയടക്കി ജനാധിപത്യം പഠിപ്പിക്കണം.

തൊഴില്‍രഹിതര്‍ പ്രക്ഷോഭകരെ ഒരു സമൂഹമായി വളര്‍ത്തുന്നതിനുള്ള സന്നദ്ധ സേവകരാകണം.

എല്ലാ നഗരങ്ങളിലും എല്ലാ പൊതു ചത്വരങ്ങളിലും ജനകീയ കൂട്ടായ്മകള്‍ സംഘടിപ്പിക്കണം.

ഉപേക്ഷിക്കപ്പെട്ട എല്ലാ കെട്ടിടങ്ങളും ഉപേക്ഷിക്കപ്പെട്ട ഭൂമിയും പിടിച്ചെടുത്ത് ജനാധിപത്യപരമായി ഭരണം നടത്തണം

ലിബര്‍ട്ടി പാര്‍ക്ക്

വേള്‍ഡ് ട്രേഡ് സെന്റര്‍ നിന്നിരുന്ന ഗ്രൌണ്ട് സീറോയ്ക്ക് നേരെ എതിര്‍ഭാഗത്താണ് ലിബര്‍ട്ടി പാര്‍ക്ക്.

സുക്കോട്ടി പാര്‍ക്ക് എന്നാണ് 2001 വരെ അത് അറിയപ്പെട്ടിരുന്നത്.

വാള്‍സ്ട്രീറ്റിലെ ജീവനക്കാര്‍ ഉച്ചഭക്ഷണം കഴിക്കാന്‍ ഒത്തുകൂടിയിരുന്നത് ഈ പാര്‍ക്കിലാണ്.

വേള്‍ഡ് ട്രേഡ് സെന്റര്‍ ദുരന്തത്തില്‍ പാര്‍ക്കിനും കേടുപാടുണ്ടായി. അന്ന് രക്ഷാ പ്രവര്‍ത്തന വേദിയായിരുന്നു പാര്‍ക്ക്. അതിനാല്‍ ദുരന്തത്തിനുശേഷം അത് ലിബര്‍ട്ടി പാര്‍ക്ക് എന്നറിയപ്പെട്ടു.

2006 ല്‍ പാര്‍ക്ക് നവീകരിച്ചു. 55 മരങ്ങള്‍ നട്ടു. ശില്‍പങ്ങള്‍ സ്ഥാപിച്ചു. ഇരിക്കാന്‍ ബെഞ്ചുകളും.

പൊതുസ്ഥലത്ത് സ്വകാര്യ ഉടമസ്ഥതയിലാണ് പാര്‍ക്ക്.

തങ്ങളുടെ ആസ്ഥാന മന്ദിരത്തിന് ഉയരം കൂട്ടാന്‍ ചട്ടങ്ങളില്‍ ഇളവു വരുത്തിയതിനു പ്രത്യുപകാരമായി യു.എസ് സ്ട്രീറ്റിലാണ് പാര്‍ക്ക് നിര്‍മ്മിച്ചത്.

ഇത്തരം ഇടപാടുകളെ കുറിച്ചാണ് സമരക്കാര്‍പ്രതികരിക്കുന്നത്. അതിനാല്‍ അവര്‍ അവിടം തന്നെ വേദിയാക്കി.

Tagged as:

0 comments