Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

എയിഡ്സ് സുവാർത്തകൾ : മുക്തിയിലേക്ക് ഇനിയെത്ര നാൾ ?

[ഡോ. സൂരജ്  രാജൻ, യൂണിവേർസിറ്റി ഓഫ് മിസൂറി, യു. എസ്. എ.]

അമേരിക്കൻ സംസ്ഥാനമായ ജോർജിയയിൽ നടന്ന “20-ആം റിട്രോവൈറൽ ആന്റ് ഓപ്പർച്യൂണിസ്റ്റിക്

Image courtesy : Russell Kightley

ഇൻഫക്ഷൻസ് കോൺഫറൻസ് (‘ക്രോയി’)” പൊടുന്നനവെ ലോകത്തിന്റെ  ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. സമയോചിതമായി ഇടപെട്ട് ചികിത്സ ഉറപ്പാക്കിയാൽ കുട്ടികളിലേക്ക് അമ്മയിൽ നിന്ന് ജനനസമയത്ത് പകരുന്ന എച്ഐവി അണുബാധയെ കീഴ്‌പെടുത്താ‍നാവും എന്നതിന്റെ തെളിവായി മിസിസിപ്പി സംസ്ഥാനത്ത് നിന്നുമുള്ള ഒരു കുഞ്ഞിന്റെ വിശേഷം അവിടെ അവതരിപ്പിക്കപ്പെട്ടു എന്നതാണ് ലോകമാകെ ശാസ്ത്രലോകത്തെ ആഹ്ലാദിപ്പിച്ച സംഭവം. ഇത് എയിഡ്സിൽ നിന്നുള്ള മുക്തിയിലേക്ക് നമ്മെ നടത്തുമോ എന്നതാണ് ഇപ്പോൾ ലോകം ഉറ്റുനോക്കുന്നതും.

എച്ഐവിയുടെ ശാസ്ത്ര വശങ്ങൾ

ഹ്യൂമൻ ഇമ്മ്യുണോഡേഫീഷ്യൻസി വൈറസ് എന്ന എച്‌ഐവി ലളിതമായി പറഞ്ഞാൽ മജ്ജയിലും ലസികാഗ്രന്ഥികളിലുമായി ഉല്പാദിപ്പിക്കപ്പെടുന്നതും നമ്മുടെ രോഗപ്രതിരോധത്തെ മുന്നിൽ നിന്ന് നയിക്കുന്നതുമായ  CD4+  എന്ന ഗ്രൂപ്പിൽ വരുന്ന ടി-ലസികാകോശങ്ങൾ ( CD4+ Tcells) എന്ന് വിളിക്കുന്ന ഒരുകൂട്ടം കോശങ്ങളിൽ കയറിപ്പറ്റി പെറ്റുപെരുകി അവയെ തളർത്തുന്ന രോഗാണുവാണ്. ആത്യന്തികമായി ഇങ്ങനെ അവ നമ്മുടെ പ്രതിരോധശേഷിയെത്തന്നെ ഇല്ലാതാക്കുന്നു. വൈറസിന്റെ രക്തയളവുകൾ വർദ്ധിക്കുന്നതിനനുസരിച്ച് ശരീരപ്രതിരോധം തളരുന്നു; വഴിയേ പോകുന്ന സകല അണുബാധയും – ബാക്റ്റീരിയ മുതൽ പൂപ്പലും പരാദ അണുക്കളും വരെയുള്ളവ – രോഗിയിൽ കേറി “വിളയാടുന്നു”. മറ്റ് രോഗങ്ങൾക്കുള്ള ഒരു മേച്ചിൽ‌പ്പുറമായി രോഗി മാറുന്ന അവസ്ഥയെ ആണ് ആർജിത പ്രതിരോധശോഷണ സിൻഡ്രോം അഥവാ എയിഡ്സ്  (Acquired immunodeficiency syndrome – AIDS) എന്ന് വിളിക്കുന്നത്. ചുരുക്കത്തിൽ എച്‌ഐവി ബാധയേറ്റവർ മരിക്കുന്നത് ആ വൈറസിനെക്കൊണ്ടല്ല, മറിച്ച് മറ്റ് രോഗങ്ങളെ പ്രതിരോധിക്കാൻ പറ്റാതെ ആണ്. എച്‌ഐ‌വി ബാധയേറ്റവരെല്ലാം എയിഡ്സ് രോഗികളല്ല എന്നും ഈപ്പറഞ്ഞതിൽ നിന്ന് മനസിലാക്കണം. കാരണം അണുബാധയേറ്റ അവസ്ഥയിൽ നിന്ന്, “പ്രതിരോധശോഷണ അവസ്ഥ” യിലേക്ക് രോഗി എത്താൻ വർഷങ്ങളെടുക്കും. ഇപ്പോഴാകട്ടെ നല്ല മരുന്നുകൾ കൊണ്ട് വൈറസിനെ അമർത്തി വയ്ക്കാമെന്നായിട്ടുള്ളതിനാൽ വളരെയേറെ രോഗികൾ അണുബാധാ സ്റ്റേജിൽ നിന്ന് എയിഡ്സ് സ്റ്റേജിലേക്ക് പോകാതെ നിൽക്കുന്നുമുണ്ട്.

ഒരു ലസികാകോശത്തിനു (നീല) പുറത്തായി വളരുന്ന എച്‌ഐ‌വി (പച്ച) കോശങ്ങൾ (courtesy: wikimedia commons)

എച്‌ഐവിക്ക് ശരീരത്തിൽ കേറി കുറച്ച് കാലത്തിനുള്ളിൽ പെറ്റ് പെരുകിയ ശേഷം ചെന്ന്  പതുങ്ങിയിരിക്കാൻ സാധ്യതയുള്ള ചില റിസർ‌വോയർ സ്ഥാനങ്ങളുണ്ട് — നാഡീവ്യൂഹം, ലസികാവ്യൂഹം (ലിം‌ഫ് ഗ്രന്ഥികളുടെ വ്യൂഹം), കുടൽ, എല്ലിനുള്ളിലെ മജ്ജ എന്നിവിടങ്ങൾ മുഖ്യ ഒളിത്താവളങ്ങളാകുന്നു. ഈ ഭാഗങ്ങളിൽ ചെല്ലുന്ന അണുക്കൾ ഉടൻ  ശല്യക്കാരാകുന്നില്ലെങ്കിലും കാലാകാലം രോഗിയിൽ രോഗം മൂർച്ഛിക്കാൻ കാരണമാകുന്നുണ്ട്. ഏറ്റവും പ്രധാനം, ഇങ്ങനെ ഒളിക്കുന്നതോടെ ഈ വൈറസിനെ ശരീരത്തിന്റെ പ്രതിരോധ കോശങ്ങൾക്ക് “തപ്പിയെടുത്ത്” തട്ടിക്കളയാനും പറ്റാതാകുന്നു എന്നതാണ്. മാത്രവുമല്ല ഇവിടങ്ങളിൽ നിന്ന് ഇവറ്റയെ കൊല്ലാൻ മരുന്നുകൾ ഇവിടങ്ങളിൽ രക്തം വഴി എത്തിക്കണം. അതാണ് മരുന്നു വികസിപ്പിക്കുന്നതിലെ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യവും.

എച്ഐവിയെ തുരത്താനുള്ള പടക്കോപ്പുകൾ

ടി-ലസികാകോശങ്ങളിലേക്ക് എച്‌ഐ‌വി പ്രവേശിക്കുന്നത് കോശത്തിന്റെ പ്രതലത്തിലെ CCR5 പോലുള്ള ചില സ്വീകരിണികളുമായി (റിസപ്റ്റർ) ബന്ധം സ്ഥാപിച്ചിട്ടാണ്. അകത്ത് കയറുന്ന കോശങ്ങളുടെ ജനിതകവസ്തു നമ്മുടെ ലസികാകോശത്തിന്റെ ജനിതകവസ്തുവിലേക്ക് പകർത്തപ്പെടുന്നു. പിന്നീട് നമ്മുടെ ജനിതകവസ്തുവിനെത്തന്നെ വൈറസിന്റെ ജനിതകം പകർത്താനായി ഈ രോഗാണു ഉപയോഗിക്കുന്നു. ഇങ്ങനെയാണ് കോശത്തിന്റെ പ്രത്യുല്പാദന സങ്കേതത്തെ മുഴുവനായി ഈ വൈറസ് ഹൈജാക്ക് ചെയ്യുന്നത്. ഈ പ്രക്രിയയിലെ പല ഘട്ടങ്ങളിൽ ഇടപെടാൻ പറ്റിയ മരുന്നുകൾ ഇന്ന് വികസിപ്പിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന്, നമ്മുടെ ജനിതകത്തിലേക്ക് കടത്തിവിടാൻ പറ്റുന്ന പരുവത്തിൽ എച്‌ഐവിയുടെ ജീനുകളുടെ പകർപ്പെടുക്കൽ നടക്കുന്ന ഘട്ടത്തിൽ അതിനെ തടയുന്ന ഒരു കൂട്ടം മരുന്നുകളാണ് ലാമിവുഡീൻ, സിഡോവുഡീൻ, അബാകാവിർ എന്നിവയൊക്കെ. മറ്റൊരു ഉദാഹരണമാണു വൈറസിന്റെ കോശ-പ്രവേശനം തന്നെ തടയുന്ന, താരതമ്യേന പുതിയ മരുന്നായ മാരാവിറോക് എന്ന രാസവസ്തു. ഇങ്ങനെ 7-ഓളം ഉപവിഭാഗങ്ങളിൽ പെടുന്ന ഇരുപതോ മുപ്പതോ മരുന്നുകൾ ഇന്ന് എച്‌ഐവി അണുവിന്റെ പെരുകൽ തടയാൻ നാമുപയോഗിക്കുന്നുണ്ട്. ഈ വൈറസ് ശരീരത്തിൽ കടന്ന് കഴിഞ്ഞാൽ ചെന്ന് “ഒളിച്ചിരിക്കുന്ന” ഇടങ്ങളിലേക്കൊക്കെ മരുന്ന് രക്തം വഴി എത്തിക്കുക എന്നത് തൊല്ലപിടിച്ച പരിപാടിയാണ്. മരുന്ന് ഏൽക്കുന്നു എന്ന് ഉറപ്പ് വരുത്തണമെങ്കിൽ ഒന്നിലധികം തരത്തിൽ വൈറസിന്റെ പെരുകൽ തടയുന്ന മരുന്നുകൾ ഉപയോഗിക്കണം താനും. ദീർഘകാലമായുള്ള മരുന്നുപ്രയോഗ അനുഭവവും പഠനങ്ങളും കൊണ്ട് നാം ഇപ്പോൾ പൊതുവേ 3 തരം മരുന്നുകളുടെ ഒരു കോമ്പിനേഷനാണ് റിട്രോവൈറൽ ചികിത്സയിൽ ഉപയോഗിക്കുന്നത്. ബാക്റ്റീരിയകൾ പരിണാമത്തിന്റെ ഫലമായി ആന്റിബയോട്ടിക്കുകൾക്കെതിരേ പ്രതിരോധം നേടുന്ന പോലെത്തന്നെ ഈ റിട്രോവൈറൽ ചികിത്സാ കോമ്പിനേഷനുകളിലെ ചില മരുന്നുകൾക്കെതിരേ എയിഡ്സ് വൈറസിന്റെ സം‌വർഗ്ഗങ്ങളും പ്രതിരോധം ആർജ്ജിക്കുന്നുണ്ട്. ശരിയായ ചികിത്സ കിട്ടാത്തതോ ഭാഗികമായി മാത്രം ചികിത്സ കിട്ടിയിട്ട് തുടരാൻ പറ്റാതെ ഇട്ടിട്ട് പോകുന്ന രോഗികളുള്ള ഇന്ത്യ, ആഫ്രിക്ക എന്നിവിടങ്ങളിലൊക്കെയാണ് ഈ ദുർഗതി വന്ന് ഭവിച്ചിരിക്കുന്നതും.

മിസിസിപ്പിക്കുഞ്ഞും ഡോക്ടറമ്മമാരും എച്‌ഐവി തോല്പിച്ചത്

എച്ഐവി അണുബാധയിൽ നിന്ന് മുക്തിപ്രാപിച്ചച്ചെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ  തെളിയിക്കപ്പെട്ട ലോകത്തിലെ ജീവിക്കുന്ന രണ്ടാമത്തെ  വ്യക്തിയാണ് നിലവിലെ ശ്രദ്ധാകേന്ദ്രമായ “മിസിസിപ്പി

ഡോ: ഹന്ന ഗേ, (UMMCH)

പെൺകുഞ്ഞെ”ങ്കിലും കുഞ്ഞുങ്ങളിലെ എച്‌ഐ‌വി ബാധയുടെ കാര്യത്തിൽ ഇത് ലോകത്തിലെ ആദ്യ കേസ് ആണ്. മാത്രവുമല്ല, സാധാരണക്കാർക്ക് കുറേക്കൂടി കൈയ്യെത്തിപ്പിടിക്കാവുന്ന ദൂരത്തിലുള്ള ചികിത്സകൾ മാത്രമാണ് ഈ കുഞ്ഞിനു ലഭിച്ചത് എന്നത് ഈ കണ്ടെത്തലിൽ ലോകത്തിനുള്ള പ്രതീക്ഷ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ജോൺസ് ഹോപ്കിൻസ് സർ‌വകലാശാല, മിസിസിപ്പി സർവ്വകലാശാല, നാഷനൽ ഇൻസ്റ്റിട്യൂട്സ് ഫോർ ഹെൽത്, കാലിഫോണിയ സർവ്വകലാശാല, മാസച്യൂസെറ്റ്സ് സർവ്വകലാശാല എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരടങ്ങുന്ന സംഘമാണ് ഹോപ്കിൻസിലെ വൈറൽ അണുവിജ്ഞാനീയ വിദഗ്ധയായ ഡോ: ഡെബൊറ പെർസോദിന്റെയും മിസിസിപ്പിയിലെ ശിശുരോഗവിദഗ്ധയായ ഡോ: ഹന്ന ഗേയുടെയും നേതൃത്വത്തിൽ ഈ കേസ് ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത്.

ഡോ: ഡെബോറ പെർസോദ് (Hopkinsmedicine)

മിസിസിപ്പിക്കുഞ്ഞ് ജനിച്ചത് അമേരിക്കയിലെ ഗ്രാമപ്രദേശത്തെ എച്‌ഐ‌വി രോഗബാധയുള്ള ഒരു അമ്മയ്ക്കാണ്. ഗർഭകാലത്ത് വൈറസിന്റെ രക്തയളവ് താഴ്ത്താനുള്ള മരുന്നുകളൊന്നും അമ്മ കഴിച്ചിരുന്നില്ല എന്നത് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രസവാനന്തരം കുട്ടിയെ ജാക്സണിലെ മിസിസിപ്പി സർ‌വകലാശാല ആശുപത്രിയിലേക്ക് മാറ്റി. ജനനശേഷം, അമ്മയുടെ അണുബാധയെപ്പറ്റി അറിയാമായിരുന്ന, യൂണിവേഴ്സിറ്റി ആശുപത്രിയിലെ ശിശുരോഗവിദഗ്ധ ഡോ: ഹന്ന ഗേ, കുഞ്ഞിന്റെ പരിശോധനാഫലത്തിനു കാത്ത് നിൽക്കാതെ 30 മണിക്കൂറിനകം തന്നെ കുഞ്ഞിനു റിട്രോവൈറൽ മരുന്നുകൾ നൽകി തുടങ്ങി. കുട്ടി  ജനിച്ച് 2 ദിവസത്തിനുള്ളിൽ നടത്തിയ രണ്ട് വ്യത്യസ്ത ടെസ്റ്റുകൾ –  വൈറസിന്റെ തന്നെ രക്തത്തിലെ എണ്ണം അളന്ന് നോക്കലും, വൈറസിന്റെ ജനിതകവസ്തു അളന്ന് ഉറപ്പാക്കലും – രണ്ട് വ്യത്യസ്ത അവസരങ്ങളിൽ പോസിറ്റിവ് ആയിരുന്നു.  കുട്ടിക്ക് 7 ദിവസവും 12 ദിവസവും 22 ദിവസവും പ്രായമാകുമ്പോഴൊക്കെ വൈറസ് അണുബാധ ഉണ്ടോ എന്ന് തുടർന്ന് പരിശോധിച്ചു. ഒരുമാസം പ്രായമാകുമ്പോഴേക്ക് വൈറസ് അളവുകൾ നന്നേ കുറഞ്ഞതായി കണ്ടു. ഈ കാലയളവിലെല്ലാം റിട്രോവൈറൽ മരുന്നുകൾ തുടർന്നിരുന്നു; 18 മാസമായപ്പോഴേക്ക് മരുന്നുകൾ തുടരാതെ അമ്മയും കുഞ്ഞും ആസ്പത്രി വിട്ടു. പിന്നീട് തുടർചെക്കപ്പുകൾ നടത്തുമ്പോഴേക്കും മരുന്നുകൾ  കൊടുക്കാനും മാത്രം വൈറൽ അളവുകൾ ഉണ്ടായിരുന്നില്ല. ഇപ്പോൾ 3 വയസ്സിനോടടുക്കുന്ന കുഞ്ഞിൽ ഇന്നേവരെ 16 തവണയോളം വൈറൽ ടെസ്റ്റുകൾ നടത്തി ക്രമത്തിൽ അതിന്റെയളവ് കുറഞ്ഞ് വരുന്നതായി സംശയാതീതമായി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

കുട്ടികളിലെ എച്‌ഐ‌വി ചികിത്സ : പ്രശ്നങ്ങൾ

മുതിർന്നവരിൽ അസുരക്ഷിത ലൈംഗികബന്ധവും രക്ത ദാനവും സൂചിക്കുത്തിവയ്പ്പും ഒക്കെയാണ് അണുബാധാ മാർഗങ്ങൾ. എന്നാൽ നവജാതശിശുക്കളിൽ എച്‌ഐ‌വി പകരുന്നത് മുഖ്യമായും 3 വിധത്തിലാണ്. ഗർഭകാലത്ത് തന്നെ മറുപിള്ളയിലൂടെ അമ്മയിലെ രക്തത്തിൽ നിന്ന് കുട്ടിയുടെ ശരീരത്തിലേക്ക് അണുക്കൾ കടക്കാം. അല്ലെങ്കിൽ അമ്മയിൽ നിന്നുള്ള പ്രസവസമയത്തെ രക്തവുമായി കുട്ടിനേരിട്ട് ബന്ധപ്പെടുന്നതു  വഴിയോ, മുലപ്പാൽ വഴിയോ ആവും. ഗർഭകാലത്ത് അമ്മയുടെ വൈറസ് അളവ് കുറച്ച് നിർത്താൻ മരുന്നു നൽകുക, പ്രസവത്തിനു (ഒരു 38 ആഴ്ച വളർച്ചയാകുമ്പോൾ) സിസേറിയൻ വഴി ശ്രദ്ധിച്ച് കുഞ്ഞിനെ വേർപെടുത്തുക, അണുബാധയുള്ള അമ്മയെക്കൊണ്ട് മുലയൂട്ടിക്കാതിരിക്കുക, നവജാതാവസ്ഥയിലേ തന്നെ കുട്ടിക്ക് റിട്രോവൈറൽ മരുന്ന് ആരംഭിക്കുക എന്നിവയാണ് നിലവിൽ ഈ അണുപ്പകർച്ച ഒഴിവാക്കാനും വന്നാൽ ചികിത്സിക്കാനും നാം അനുവർത്തിക്കുന്ന  രീതിശാസ്ത്രം. ഈ വക ശ്രദ്ധകളൊന്നുമില്ലെങ്കിൽ ഏതാണ്ട് 50%-ത്തോളം  കുട്ടികൾക്കും അമ്മയിൽ നിന്ന് അണുബാധകിട്ടുമെന്നും എന്നാൽ ഈ പറഞ്ഞ നടപടികൾ സ്വീകരിച്ചാൽ ആ അണുബാധത്തോത്  1% വരെയായി കുറയ്ക്കാമെന്നും ഏറേ ഗവേഷണത്തെളിവുകളുണ്ട്.

മിസിസിപ്പിക്കുഞ്ഞിന്റെ കഥ സൂചിപ്പിക്കുന്നത് എത്ര നേരത്തേയാണ് അണുബാധ സ്ഥിരീകരിച്ച കുട്ടികളിൽ  മരുന്നുപ്രയോഗം തുടങ്ങേണ്ടത് എന്ന കാര്യമാണ്. എച്‌ഐവിക്ക് ശരീരത്തിൽ ഒളിച്ചിരിക്കാൻ സാധ്യതയുള്ള റിസർ‌വോയർ സ്ഥാനങ്ങളിലേക്കൊക്കെ എത്തുന്നതിനു മുൻപേ തന്നെ വൈറസിനെ കൈയ്യോടെ തട്ടിക്കളയുക എന്നതാണ് ഇതിന്റെ മുഖ്യ പോയിന്റ്. ഇതെത്ര നേരത്തേ ആണു സാധ്യമാകുക എന്ന ഗവേഷണത്തിലേക്കുള്ള വലിയ ചർച്ചകളാകും തുടർന്ന് ശാസ്ത്രലോകം നടത്തുക.

റിട്രോവൈറൽ മരുന്നുകൾക്ക് ധാരാളം പാർശ്വഫലങ്ങളുണ്ട്. നിലവിലെ അവസ്ഥയിൽ ജീവകാലം മുഴുവനും മരുന്നെടുത്താലേ വൈറസിനെ അമർച്ചചെയ്ത് നിർത്താനാവൂ.  അതിനാൽത്തന്നെ കുട്ടികളിൽ ഈ ചികിത്സ ആരംഭിക്കുന്നത് കൃത്യമായും അണുബാധ സ്ഥിരീകരിച്ചിട്ടേ പാടുള്ളൂ. അണുബാധ ശാസ്ത്രീയമായി ഉറപ്പിക്കാനുള്ള ടെസ്റ്റുകൾ താരതമ്യേന ചെലവുള്ളതാണ് എന്നത് പിന്നാക്കരാജ്യങ്ങളിൽ ഒരു പ്രശ്നമാണ്. കുട്ടികളിലെ ജൈവരസങ്ങൾ വികസിച്ചുവരുന്ന അവസ്ഥയിലാണു് എന്നത് കൊണ്ട് മരുന്നുകൾ മുതിർന്നവരിലേതിൽ നിന്ന് വ്യത്യസ്തമായിട്ടൊക്കെ പ്രവർത്തിക്കാനും ചില്ലറ സാധ്യതകളുണ്ട് എന്നത് പ്രശ്നമാണ്. ഒട്ടേറേ മരുന്നുസം‌വർഗ്ഗങ്ങളിൽ ഓരോന്നും എപ്പോഴൊക്കെ എത്രയൊക്കെ അളവുകളിൽ ഏതൊക്കെ കാലത്ത് ഉപയോഗിക്കണമെന്നതും കുട്ടികളിൽ വ്യത്യാസപ്പെടുന്നുണ്ട്. ഇതിലെല്ലാം നല്ല വൈദഗ്ധ്യമുള്ള സംഘങ്ങളെ ഓരോ രാജ്യവും വളർത്തിക്കൊണ്ടു വരുകയും ഫണ്ട് കൊടുത്ത് പോഷിപ്പിക്കുകയും ചെയ്യാതെ ഈ രോഗത്തെ നേരിടാനാവില്ല എന്നത് ഒരു സാമൂഹ്യയാഥാർത്ഥ്യവുമാണ്. സർവ്വോപരി വിദ്യാഭ്യാസമുള്ള അമ്മമാരാണ് എല്ലാറ്റിലുമെന്ന പോലെ ഇക്കാര്യത്തിലും ആരോഗ്യസൂചികയെ മുന്നോട്ട് തള്ളുന്നത്.

എച്‌ഐ‌വി ബാധ മാറ്റാൻ : ഗവേഷണത്തിലെ പ്രതീക്ഷകൾ

ഏറ്റവും അഭിമാനകരവും ആഹ്ലാദകരവുമായ ഉദാഹരണങ്ങളിലൊന്നാണു കഴിഞ്ഞ രണ്ട് പതിറ്റാണ്ടിൽ എയിഡ്സിനെതിരേ വൈദ്യശാസ്ത്രം കൈവരിച്ച നേട്ടങ്ങൾ. മരണവാറന്റുമായി കഴിഞ്ഞിരുന്ന അവസ്ഥയിൽ നിന്ന് ഇന്ന് എച്‌ഐ‌വി ബാധ എന്നത് ഒരു നിസാര രോഗമായി കണക്കാക്കാവുന്ന തരത്തിലേക്ക് എത്തിയിട്ടുണ്ട്, കൃത്യമായ ചികിത്സ ലഭ്യമാകുന്ന മിക്ക രാജ്യങ്ങളിലും. എയിഡ്സ് എന്ന, പ്രതിരോധശോഷണാവസ്ഥയിലേക്ക് പോകുന്ന രോഗികളുടെ എണ്ണം നന്നേ കുറഞ്ഞതായി കണക്കുകളെല്ലാം കാണിക്കുന്നുണ്ട്. അതേസമയം കൂടുതൽ കൃത്യതയാർന്നതും ചെലവ് കുറഞ്ഞതുമായ രോഗനിർണയ കിറ്റുകൾ സർ‌വസാധാരണമായതിനാൽ കൂടുതൽ ആളുകളിൽ രോഗം കണ്ടെത്തപ്പെടുന്നുണ്ട് താനും. മികച്ച സാമൂഹ്യാവബോധ ക്യാമ്പെയിനുകളിലൂടെ ഗർഭനിരോധന ഉറകളും, സുരക്ഷിത ലൈംഗികബന്ധവും ഒക്കെ പ്രചരിപ്പിക്കാനായതിന്റെ ഫലമായി പുതിയ അണുബാധാ കേസുകളും നന്നേ കുറഞ്ഞിരിക്കുന്നു. എന്നിരുന്നാലും ഈ അണുവിനെ നിർമാർജ്ജനം ചെയ്യാനുള്ള യജ്ഞം ലക്ഷ്യം കണ്ടിട്ടില്ല.

ഒട്ടേറേ രോഗാണുക്കൾക്കെതിരേ നമ്മൾ പ്രതിരോധവാക്സീനുകൾ വികസിപ്പിച്ചിട്ടുണ്ട്. എച്‌ഐ‌വിക്കെതിരേയും ഒന്ന് വികസിപ്പിക്കാനുള്ള ശ്രമത്തിനു മൂന്നര പതിറ്റാണ്ടോളം പഴക്കമുണ്ട്. സ്വജനിതകത്തെ തന്നെ പെറ്റുപെരുകാൻ ഉപയോഗിക്കുന്നു എന്നതാണു എച്‌ഐവിക്കെതിരേ ഒരു വാക്സീനുണ്ടാക്കാൻ ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കുന്ന സംഗതി. സാധാരണ ഗതിയിൽ ഒരു വാക്സീൻ എന്നത് ഒരു രോഗാണുവിന്റെ കോശക്കഷണങ്ങളെയോ പ്രോട്ടീനുകളെയോ ജനിതകത്തെ തന്നെയോ എടുത്ത് നിർ‌വീര്യമാക്കി നമ്മുടെ ശരീരത്തിൽ കുത്തിവയ്ക്കുകയും ആ “വിദേശി” കോശഭാഗങ്ങൾക്കെതിരേ ശരീരപ്രതിരോധകോശങ്ങളെ ആക്രമണോത്സുകരാക്കി സജ്ജരാക്കുകയും ചെയ്യുന്ന വിദ്യയെ ആണ് ഉപയോഗപ്പെടുത്തുന്നത്. ഒരിക്കൽ ആക്രമണത്തിനു പഠിപ്പിച്ചു കൊടുത്താൽ ശരീരം തന്നെ പിന്നീട് സാക്ഷാൽ രോഗാണു തന്നെ അണുബാധയേൽ‌പ്പിക്കാൻ വന്നാലും അതിനെ ഉടനടി കണ്ട് പിടിച്ച് തട്ടിക്കളയും എന്നതാണു വാക്സീന്റെ ഗുണം. എച്ഐവിയുടെ കാര്യത്തിൽ ഇത് പലേ കാരണങ്ങളാൽ ഫലിച്ചിട്ടില്ല. എച്‌ഐവിയുടെ ഏതാനും ജീനുകളുടെ കഷണത്തെ ചീന്തിയെടുത്ത് വേറൊരു വൈറസിനോട് ചേർത്ത് “വേഷം മാറ്റി” വാക്സീനായി കുത്തിവച്ചുള്ള പരീക്ഷണമാണു് ഏറേക്കാലമായി പ്രതീക്ഷതന്നിരുന്നത്. എന്നാലും ഇത് കഷ്ടിച്ച് 30% ആളുകളിൽ ഇൻഫക്ഷൻ സാധ്യത കുറയ്ക്കുന്നതായിട്ടേ കണ്ടിട്ടുള്ളൂ. നല്ല വാക്സീനാണെന്ന നിലവാരം ശാസ്ത്രീയമായി സ്ഥാപിക്കണമെങ്കിൽ ഈ ശതമാനമൊന്നും പോരാ (വസൂരിക്ക് കൊടുക്കുന്ന വാക്സീൻ ഏതാണ്ട് 99% ഒക്കെയാണു സംരക്ഷണം തരുന്നതെന്നോർക്കണം !). മറ്റൊരു ആശയമെന്നത് ടി-ലസികാകോശങ്ങളെ തന്നെ നേരത്തേകൂട്ടി ഉണർത്തി വിടുക എന്നതാണ്. പിന്നെ ഒരു ആശയമെന്നത്, എച്‌ഐവിക്കെതിരേ രോഗികളിൽ വ്യാപകമായി കാണുന്ന ആന്റിബോഡികളെ കൃത്രിമമായി ഉല്പാദിപ്പിച്ച് വാക്സീനാക്കി കുത്തിവയ്ക്കുക എന്നതാണ് (പാമ്പിൻ വിഷത്തിനു മറുമരുന്നായി ഉപയോഗിക്കുന്നത് വിഷത്തെ കുതിരയിലും മറ്റുമൊക്കെ ചെറിയ അളവിൽ കുത്തിവച്ചിട്ട് ഉല്പാദിപ്പിച്ചെടുക്കുന്ന ഇത് പോലെയുള്ള ആന്റിബോഡികളെയാണ്).

“ബെർലിൻ രോഗി” എന്ന അനോണീനാമത്തിൽ 2007-ഓടെ പ്രസിദ്ധനായ തിമൊത്തി റേ ബ്രൌൺ എന്ന ജർമ്മനിക്കാരൻ ആണ് നിലവിൽ എച്‌ഐവി ബാധയിൽ നിന്ന് മുക്തിപ്രാപിച്ചെന്ന് ശാസ്ത്രത്തെളിവുള്ള ആദ്യത്തേതും ജീവിച്ചിരിക്കുന്നതുമായ വ്യക്തി. എച്‌ഐ‌വി അണുബാധയുണ്ടെന്ന് സ്ഥിരീകരിച്ച രോഗിയായിരുന്നു ഇദ്ദേഹം. പിന്നീട് ല്യൂക്കീമിയ എന്ന രക്താർബുദം വന്നതിനെത്തുടർന്ന് ഇദ്ദേഹത്തിനു രക്തവിത്തുകോശം മാറ്റിവയ്ക്കൽ ചികിത്സ നൽകുകയുണ്ടായി.

തിമൊത്തി ബ്രൌൺ : courtesy of POZ dot com

ഇദ്ദേഹത്തിലേക്ക് മാറ്റിവയ്ക്കപ്പെട്ട രക്തവിത്തുകോശങ്ങൾക്ക് എച്‌ഐ‌വി അണുവിനെ ചെറുക്കാൻ സഹായിക്കുന്നതെന്ന് തെളിയിക്കപ്പെട്ട ഒരു തരം ഉൾപ്പരിവർത്തനം (ജനിതക മ്യൂട്ടേഷൻ) ഉണ്ടായിരുന്നു. വിത്തുകോശം മാറ്റിവയ്ക്കുന്നതിനു മുന്നോടിയായി റേഡിയേഷൻ ചികിത്സ, കീമോതെറാപ്പി എന്നിവകൊണ്ട് രോഗിയുടെ ശരീരത്തിലെ ക്യാൻസർ ഉള്ള രക്തകോശങ്ങളെയും ജന്മസിദ്ധമായ രക്ത-വിത്തുകോശങ്ങളെയും നശിപ്പിച്ച് “അടിച്ച് തളിച്ച് ശുദ്ധംവരുത്തുന്ന” ഒരു പ്രക്രിയയുണ്ട്. ഇതിനുശേഷമാണ് ദാതാവിന്റെ (ഡോണർ) രക്തവിത്തുകോശം മാറ്റിവച്ച് അതിൽ നിന്നും രക്തകോശങ്ങളെ മുളപ്പിക്കാനുള്ള മരുന്നുകളും വളർച്ചാപോഷകങ്ങളുമൊക്കെ നൽകുന്നത്. ദാനം കിട്ടിയ വിത്തുകോശത്തിൽ ഉള്ള  CCR5Δ32/Δ32 എന്ന മ്യൂട്ടേഷന്റെ പ്രത്യേകത എന്തെന്ന് വച്ചാൽ ഈ മ്യൂട്ടേഷനുള്ളവരിൽ എച്‌ഐ‌വി അണുവിനെ ടി-ലസികാകോശങ്ങളിലേക്ക് “സ്വാഗതം” ചെയ്യുന്ന സ്വീകരിണി (റിസപ്റ്റർ) പ്രോട്ടീൻ നേരാം‌വണ്ണം പ്രവർത്തിക്കില്ല എന്നതാണ്. അപ്പോൾ CCR5Δ32/Δ32 മ്യൂട്ടേഷൻ കിട്ടിയ ആൾക്ക് ഫലത്തിൽ എച്‌ഐ‌വി അണു കോശത്തിനകത്ത് കയറുന്നതിനും പെരുകുന്നതിനും എതിരേ പ്രതിരോധശേഷി കിട്ടി എന്ന് പറയാം. തിമോത്തിക്ക് വിത്തുകോശപ്രതിരോപണം നടന്ന് മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ രക്തത്തിലെയും പ്രധാനപ്പെട്ട ചില ശരീരകലകളിലെയും എയിഡ്സ് വൈറസിന്റെ അളവ് നന്നേ താഴ്ന്നിരുന്നു. റിട്രോവൈറൽ മരുന്നുകൾ തന്നെ ആവശ്യമില്ലാതായി പുള്ളിക്ക്.  CCR5 പ്രോട്ടീനെ ചുറ്റിപ്പറ്റിയുള്ള ജനിതക മ്യൂട്ടേഷന്റെ സാധ്യതകളെപ്പറ്റി ഏറേക്കാലമായി ഗവേഷകർക്ക് അറിയാമായിരുന്നെങ്കിലും (മുകളിൽ നോക്കുക) ശരിക്കുമൊരു രോഗിയിലേക്ക് ഈ മ്യൂട്ടേഷനുള്ള കോശങ്ങൾ പ്രതിരോപണം (ട്രാൻപ്ലാന്റ്) ചെയ്യുന്നത് വഴി അയാളെ രോഗമുക്തനാക്കാമെന്നത് പ്രോത്സാഹനജനകമാണ്. [കൂട്ടിച്ചേർത്തത് : CCR5Δ32ഡിലീഷൻ മ്യൂട്ടേഷനിൽ ഹോമോസൈഗോസിറ്റി ഉള്ള വിത്തുകോശ ദാതാവിനെ തന്നെ തെരഞ്ഞെടുക്കുകയായിരുന്നു തിമോത്തിയെ ചികിത്സിച്ച ഡോക്ടർമാർ. ഇതിനായി ജർമ്മനിയിലെ വിത്തുകോശ ദാനസന്നദ്ധരുടെ ലിസ്റ്റിൽ നിന്ന് 60ലധികം റെജിസ്റ്റേഡ് ദാതാക്കളുടെ ജനിതകം സ്ക്രീൻ ചെയ്യുകയും ചെയ്തിരുന്നു ഈ പ്രതിരോപണ ചികിത്സയ്ക്ക് അതിലൊരാളെ ഉറപ്പിക്കും മുൻപ്. ]

എന്നാൽ വിത്തുകോശം മാറ്റിവയ്ക്കൽ ചികിത്സ വലിയ അപകടങ്ങളും ചെലവും ഉള്ള പ്രക്രിയയാണ്. അത്രയൊന്നും ശാരീരികക്ഷമതയില്ലാത്ത എയിഡ്സ് രോഗികൾക്ക് വ്യാപകമായി ഇത് നടപ്പിലാക്കുന്നത് ആലോചിക്കാൻ പോലും നിലവിൽ പറ്റില്ല. എന്നാൽ ഭാവിയിൽ ഈ ജനിതക മ്യൂട്ടേഷനെ നമുക്ക് മനുഷ്യരിൽ ദോഷമില്ലാത്തവിധം ഡിസൈൻ ചെയ്ത് കേറ്റിവിടാമെങ്കിൽ സ്ഥിരമായ ഒരു എച്‌ഐ‌വി പ്രതിരോധശേഷി കൈവരുത്തിയ കുട്ടികളെ ഉല്പാദിപ്പിക്കാനുള്ള സാങ്കേതികവിദ്യയിലേക്ക് അത് വാതിൽ തുറക്കുമെന്നതിൽ സംശയമില്ല.

മുകളിൽ സൂചിപ്പിച്ച വൈറൽ ഒളിത്താവളങ്ങളിൽ നിന്ന് വൈറസിനെ “പുകച്ച് ചാടിച്ച്” നമ്മുടെ തന്നെ

UNAIDS logo (courtesy http://www.un.org.me)

പ്രതിരോധ കോശങ്ങൾക്ക് “കൊല്ലടാ അവനെ” എന്ന് പറഞ്ഞ്കാട്ടിക്കൊടുത്താൽ, നമ്മുടെ പ്രതിരോധകോശങ്ങൾ തന്നെ ഇതിനെ ശരിപ്പെടുത്തിക്കോളും. ഈ ആശയത്തിന്റെ അടിസ്ഥാനത്തിൽ ചില ഗവേഷകർ പറയുന്നത് റിട്രോവൈറൽ മരുന്നുകൾക്കൊപ്പം വൈറസിനെ ഉത്തേജിപ്പിച്ച് ഊർജസ്വലമാക്കി “വെളിയിലേക്ക് ചാടിക്കാനുള്ള” ചില രാസവസ്തുക്കളും കൂടി കൊടുത്താൽ റിസർ‌വോയറിലൊളിച്ചിരിക്കുന്നവരെ കൂടി തട്ടാൻ പറ്റുമെന്നാണ്. ഈ ഗവേഷണവും ഒരു വശത്തുണ്ട്.

ഏതായാലും എച്‌ഐ‌വിയെ ഒതുക്കാനുള്ള യുദ്ധത്തിൽ നാം മുപ്പത് വർഷം കൊണ്ട് ഏറേ മുന്നേറിയിട്ടുണ്ട്. ഇതിന്റെ നെഞ്ചത്ത് അവസാന ആണി കേറ്റുന്ന ടീമിന് നോബൽ സമ്മാനം ഉറപ്പാണെന്ന് ശാസ്ത്രലോകത്തിനറിയാം. ആരാകും ആ രക്ഷകർ ? ആ സുദിനത്തിൽ കൈയ്യടിക്കാൻ നമ്മൾക്ക് ഭാഗ്യമുണ്ടാകുമോ ?

ശാസ്ത്രം – അതാണ്, അതു മാത്രമാണുത്തരം ….

അവലംബം:

1. Persaud D et al., (2013). Functional HIV Cure after Very Early ART of an Infected Infant. Oral Abstract. 20th Conference on Retroviruses and Opportunistic Infections, Atlanta, Georgia. March 3-6, 2013.

2. Allers K, et al., 2010. Evidence for the cure of HIV infection by CCR5Δ32/Δ32 stem cell transplantation. Blood. 2011 Mar 10;117(10):2791-9.

3. Biancotto A, et al., 2004. Dual role of prostratin in inhibition of infection and reactivation of human immunodeficiency virus from latency in primary blood lymphocytes and lymphoid tissue. J Virol 78:10507-10515.

4. Archin NM et al., 2009. Expression of Latent HIV Induced by the Potent HDAC Inhibitor Suberoylanilide Hydroxamic Acid.AIDS Res Hum Retroviruses. 2009 February; 25(2): 207–212.

Image courtesy : Dr. Deborah Persaud : Hopkinsmedicine; Dr. Hanna Gay : UMMCH, Jackson.

Disclaimer

Suggestions on medical issues published in this website are based on current consensus of opinion and protocols in health sciences and are to be considered in a general setting ; individual health related decisions should be made only after consulting your personal physician.

For such conditions, you are advised go with some erection-boosting medicines viagra buy india http://www.icks.org/html/04_publication.php?cate=FALL%2FWINTER+2006 like Kamagra, Caverta, Silagra, Eriacta, Aurogra etc. By Providing Online Support:- Online tech support has pill sildenafil unleashed new ways to handle the technical issues related to marital relationship. A complete multivitamin supplement comes into play because it keeps your worry icks.org viagra without prescription away and offer you true pleasure. Cenforce 200 mg is formulated to use when needed, so purchase levitra online doses are not scheduled for continue consumption.

Tagged as: ,

Leave a Reply