Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

ഹൈക്കുവിനെപ്പറ്റി ഒരു ടെലി കോണ്‍ഫറന്‍സ്

[മ­നോ­ജ് കു­റൂര്‍]

ഇന്നു രാവിലെ കൌതുകകരമായ ഒരു സംഭവമുണ്ടായി. അമേരിക്കയില്‍ കവിതയെഴുതുന്ന കുറച്ചു മലയാളിസുഹൃത്തുക്കളുമായി ഒരു കാവ്യസംവാദം. അവിടെയുള്ള ജെയിന്‍ എന്ന സുഹൃത്ത് ഫോണില്‍ വിളിച്ചു. മലയാളത്തിലെ ആധുനികകവിതയുടെതന്നെ തുടക്കക്കാരിലൊരാളായ ചെറിയാന്‍ കെ. ചെറിയാനുമായി ഫോണില്‍ സംസാരിച്ചു. ആലപ്പുഴയില്‍നിന്ന് എന്റെ അധ്യാപകന്‍ കൂടിയായ ഐ. ഇസ്താക്ക് സര്‍ കൂടെച്ചേര്‍ന്നു. തുടര്‍ന്ന് അമേരിക്കയുടെ പല ഭാഗങ്ങളിലുള്ള മലയാളിസുഹൃത്തുക്കളും ചേര്‍ന്നു. ജോസഫ് നമ്പിമഠം, മാത്യു മൂലേച്ചേരില്‍, ഡോണ മയൂര എന്നിവര്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. പിന്നീട് മാന്നാനം കെ. ഇ. കോളേജ് അധ്യാപകനായ മാത്യു ജെ. മുട്ടത്തും കൂടെക്കൂടി.

ഹൈക്കു കവിതയായിരുന്നു ചര്‍ച്ചാവിഷയം. ചെറിയാന്‍ കെ. ചെറിയാന്‍ അത് ഒരു പ്രബന്ധമായി അവതരിപ്പിച്ചു. ജാപ്പനീസ് ഹൈക്കുവില്‍ ആയിരുന്നില്ല അദ്ദേഹം പ്രധാനമായി ഊന്നിയത്. മേല്പറഞ്ഞ മലയാളിസുഹൃത്തുക്കള്‍ ഉള്‍പ്പെടെയുളവര്‍ എഴുതുന്ന ചെറുകവിതകള്‍ എന്ന വിശാലമായ അര്‍ത്ഥത്തിലാണ് അദ്ദേഹം ഹൈക്കുവിനെ അവതരിപ്പിച്ചത്. ഹൈക്കുവിന്റെ രൂപപരമായ ഘടകങ്ങളെക്കാള്‍ ‘ഹൈകൃതം’ എന്ന് അദ്ദേഹം തന്നെ പേര്‍ നല്‍കിയ കാവ്യാത്മകഘടകമാണു ഹൈക്കുവില്‍ പ്രധാനമെന്നും അനിര്‍വചനീയമായ ആഴവും കാവ്യാനുഭവവും പകര്‍ന്നു തരുന്ന ഹൈകൃതമാണു ഹൈക്കുവിന്റെ സത്ത എന്നും ചെറിയാന്‍ കെ. ചെറിയാന്‍ സമര്‍ത്ഥിച്ചു. നമ്പിമഠത്തിന്റെയും ഡോണ മയൂരയുടെയും മാത്യു മൂലച്ചേരിലിന്റെയും സോണി ഡിത്തിന്റെയും ഉള്‍പ്പെടെയുള്ള കവിതകള്‍ അദ്ദേഹം ചൊല്ലുകയും വിശദീകരിക്കുകയും ചെയ്തു.

തുടന്നു സംസാരിച്ചത് ഇസ്താക്ക് സര്‍ ആണ്. ഫോണ്‍ കണക്ഷന്റെ തകരാറും എന്റെ നിര്‍ഭാഗ്യവും മൂലം അതു കേള്‍ക്കാന്‍ സാധിക്കാതെപോയി. തുടര്‍ന്നു ഫോണ്‍ കണക്ട് ചെയ്യപ്പെട്ടപ്പോള്‍ എന്നോടു സംസാരിക്കാനാവശ്യപ്പെട്ടു.

ഹൈക്കു പദ്യത്തിലുള്ള ഒരു കളി എന്ന മട്ടിലാണു രൂപം കൊണ്ടതെങ്കിലും പിന്നീട് അതിന്റെ അര്‍ത്ഥം കൂടുതല്‍ ആഴമുള്ളതായിത്തീരുന്നുണ്ട്. പ്രാഥമികമായ അര്‍ത്ഥത്തില്‍ അതൊരു കാവ്യരൂപമാണ്.

അഞ്ച് അക്ഷരങ്ങള്‍ ആദ്യത്തെ വരി

ഏഴ് അക്ഷരങ്ങള്‍ രണ്ടാം വരി

അഞ്ച് അക്ഷരങ്ങള്‍  മൂന്നാം വരി

എന്നിങ്ങനെയാണ് അതില്‍ അക്ഷരങ്ങളുടെ (ഓണ്‍ജി/സിലബിള്‍) ക്രമം. ശരിക്കും സിലബിള്‍ എന്നോ അക്ഷരം എന്നോ ഓണ്‍ജി(onji or morae)യെ പറയാനാവില്ല. ചുരുങ്ങിയ വര്‍ണങ്ങള്‍ കൊണ്ട് കൂടുതല്‍ വാക്കുകളുണ്ടാക്കാവുന്ന ജാപ്പനീസ് ഭാഷയുടെ ലയാത്മകമായ സവിശേഷതയുമായി ബന്ധപ്പെട്ട സങ്കേതമാണത്. പിന്നെയുമുണ്ട് ഹൈക്കു ആകുന്നതിനുള്ള രൂപപരമായ നിബന്ധനകള്‍. Kireji (cutting word) അതിലൊന്നാണ്. മൂന്നു വരികളില്‍ (ജാപ്പനീസ് ഭാഷയില്‍ പലപ്പോഴും വരി തിരിക്കാതെ ഒറ്റ വരിയായാണ് ഹൈക്കു എഴുതുന്നത്) ഈ മുറിക്കുന്ന വാക്ക് മറ്റു ഭാഷകളിലാകുമ്പോള്‍ ആശ്ചര്യചിഹ്നമോ അര്‍ത്ഥവിരാമമോ പോലുള്ള ചിഹ്നങ്ങളാവാം. ഈ വാക്ക് ഹൈക്കുവിനെ രണ്ടു ഭാഗങ്ങളായി തിരിക്കുന്നു. കവിതയുടെ സ്വരപരവും ഭാവപരവുമായ സവിശേഷതകള്‍, അതിലുപയോഗിക്കുന്ന ഇമേജുകള്‍ എന്നിങ്ങനെ രൂപത്തില്‍ ചെറുതെങ്കിലും ഓരോ സൂക്ഷ്മാംശത്തിലും ഹൈക്കുവിനു നിബന്ധനകളുണ്ട്. (എന്നാല്‍ ആധുനിക ഹൈക്കു രചയിതാക്കള്‍ ഈ നിയമങ്ങളെ അത്ര കാര്യമാക്കുന്നില്ല. ചുരുങ്ങിയ വാക്കുകളില്‍ ഒരു സന്ദര്‍ഭത്തിന്റെ വെളിപാട്‌ എന്ന വിശാലമായ അര്‍ത്ഥം സ്വീകരിച്ചാല്‍ മതിയാകും എന്നാണ് അവരുടെ പൊതുവായ നിലപാട് എന്നു തോന്നും.)

പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ബാഷോയുടെ കാലത്തോടെയാണ് ഹൈക്കു അതിന്റെ പ്രധാനപ്പെട്ട പരിണാമദശയിലേക്കു പ്രവേശിക്കുന്നത്. യോസ ബുസോണ്‍, കോബയാഷി ഇസ്സാ, മസോക്കാ ഷികി തുടങ്ങി പല കാലത്തു ജീവിച്ചിരുന്ന കവികള്‍ ഹൈക്കുവിന്റെ പരിണാമത്തില്‍ പ്രധാനപങ്കു വഹിച്ചവരാണ്.

രൂപപരമായി ജാപ്പനീസ്‌ ഭാഷയുടെ താളാത്മകമായ ഘടകങ്ങളിലാണ്‌ ഹൈക്കു ഊന്നല്‍ നല്‍കുന്നത്‌. മറ്റു ഭാഷകള്‍ക്ക്‌ അതാതിന്റേതായ താള-ലയ നിയമങ്ങളുണ്ട്‌. ബുദ്ധമതത്തിന്റെ മതാത്മകമായ സ്വാധീനവും സെന്‍ ബുദ്ധിസത്തിന്റെ ദാര്‍ശനികമായഅടിത്തറയുമൊക്കെ ഹൈക്കുവില്‍ കാണാം. പൊതുവെ കവിതയുടെ അതിഭൌതികതയ്ക്കാണ്‌ ഉള്ളടക്കത്തിലുള്ള ഊന്നല്‍. മലയാളത്തില്‍ ടി. കെ. നാരായണക്കുറുപ്പ്‌ 1935 ല്‍ പുറത്തിറക്കിയ ആത്മഗീതം എന്ന പുസ്തകത്തില്‍ ഗദ്യത്തിലെഴുതിയ മുക്തകങ്ങളുണ്ട്‌. കര്‍ശനനിയമങ്ങള്‍ മാറ്റിവച്ചു നോക്കിയാല്‍ ഇവയില്‍ പലതിനും ഹൈക്കു സ്വഭാവമുണ്ട്.

ഇരുപതാം നൂറ്റാണ്ടിലെ മലയാളകവികള്‍ക്ക്‌ ഹൈക്കുവിനെപ്പറ്റി ധാരണയുണ്ടെങ്കിലും അവരുടെ കവിതയെ അതു സ്വാധീനിച്ചതായി തോന്നുന്നില്ല. അയ്യപ്പപ്പണിക്കരുടെ ചൊല്‍ക്കെട്ടുകളിലും എം. ഗോവിന്ദന്റെ കുറുംകവിതകളിലുമൊക്കെ മലയാളത്തിന്റെ താളവ്യവസ്ഥയും സംസ്കാരവും സ്വാംശീകരിക്കാനുള്ള ശ്രമമാണുള്ളത്‌. ചെറിയ രൂപത്തില്‍ കാവ്യാത്മകമായ വലിയ ആശയം പ്രകടിപ്പിക്കാന്‍ ശ്രമിച്ച കുഞ്ഞുണ്ണിയാണു മറ്റൊരാള്‍. (കുഞ്ഞുണ്ണിക്കവിതയ്ക്ക് കാവ്യരൂപമെന്ന അര്‍ത്ഥത്തില്‍ ഹൈക്കുവിന്റെ സ്വഭാവമില്ലാത്തതിനാല്‍ അതു ഹൈക്കുവാണോ അല്ലയോ എന്ന മട്ടില്‍ തര്‍ക്കങ്ങള്‍ തുടരുന്നുമുണ്ട്) കുഞ്ഞുണ്ണി കവിയല്ല എന്ന വിമര്‍ശനത്തിന്റെ പശ്ചാത്തലവും ഓര്‍ക്കാവുന്നതാണ്‌. അതായത്‌ മലയാളി മനസ്സുകൊണ്ട്‌ ഹൈക്കു എന്ന കാവ്യരൂപത്തെ സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല എന്നു തോന്നും.

തൊണ്ണൂറുകളിലാണ്‌ ഹൈക്കുവിന്റെ പരോക്ഷമായ സ്വാധീനം മലയാളകവിതയില്‍ വീണ്ടും സജീവമാകുന്നത്‌. വാക്കുകളുടെ മിതവ്യയത്തില്‍ വിശ്വസിക്കുന്ന ഇമേജിസത്തിന്റെയും ആധുനിക തമിഴ്‌ കവിതയുടെയും സെന്‍ ബുദ്ധിസ്റ്റ്‌ ദര്‍ശനത്തിന്റെയും സ്വാധീനമാണ്‌ ഇതിനു കാരണമാകുന്നത്‌.

ചിലയ്ക്കുന്ന അണ്ണാന്‍/

വാലില്‍ ഒരു കാറ്റാടി/

മുതുകിലൊരു ഹൈക്കുവും

എന്ന മേതില്‍ രാധാകൃഷ്ണന്റെ ഹൈക്കു കൌതുകകരമാണ്.

പി. രാമന്റെ ചില കവിതകള്‍:

അമ്മ

എന്റെ/ കുടത്തില്‍/ നിറയാന്‍/ പുഴയ്ക്കൊരു/ പുഞ്ചിരി മാത്രം/മതി

കരിങ്കല്ലിനെ/ഊമേ എന്നു/വിളിക്കുന്നതു പോലെയാണ്‌/മരണത്തെപ്പറ്റി/കവിതയെഴുതുന്നത്‌.

ആഴമേ നിന്റെ കാതലിലെങ്ങും

മീനുകള്‍ കൊത്തുവേല ചെയ്യുന്നു

വീരാന്‍‌കുട്ടിയുടെയും ശ്രീകുമാര്‍ കരിയാടിന്റെയും പല കവിതകള്‍ക്കും വിശാലമായ അര്‍ത്ഥത്തില്‍ ഹൈക്കുവിന്റെ സ്വഭാവമുണ്ട്.

ചില കവിതകളുടെ ഭാഗമായി വരുന്ന വരികളെ വേറിട്ടെടുത്താല്‍ ഹൈക്കുവിന്റെ സ്വഭാവം തോന്നും. എസ്‌. ജോസഫിന്റെ കുടപ്പന എന്ന കവിതയുടെ അവസാന വരികള്‍:

കല്യാണത്തിനു പോണില്ല

ഇവിടിരുന്നാല്‍ കാണാമല്ലൊ

പൂത്തു നില്‍ക്കുന്ന കുടപ്പന

ഇവിടെ കുടപ്പന മറ്റെന്തെങ്കിലും അതിഭൌതികമായ ആശയത്തിന്റെ ധ്വനിയിലേക്കു നയിക്കുന്നില്ല. മറ്റെന്തിന്റെയെങ്കിലും രൂപകവുമാകുന്നില്ല അത്‌. കുടപ്പന കുടപ്പന മാത്രമാകുന്നു. കവിതയുടെ അതിഭൌതികമാനങ്ങള്‍ വെളിപ്പെടുത്തുന്നതിനു പകരം രൂപവും ഉള്ളടക്കവും ചേര്‍ന്ന്‌ കവിതതന്നെ ഒരു വെളിപാടാകുന്നിടത്താണ്‌ ഇന്നത്തെ കാലത്ത്‌ ഹൈക്കുവിന്റെ പ്രസക്തി എന്നു തോന്നുന്നു.

an ancient pond /
a frog jumps in /
the splash of water [1686]
എന്ന ബാഷോയുടെ പ്രസിദ്ധമായ ഹൈക്കു എടുത്താല്‍ പഴയൊരു കുളവും അതിന്റെ നിശ്ശബ്ദതയും ഒരു തവളയുടെ ചാട്ടവും തുടര്‍ന്നുള്ള ശബ്ദവും അനുഭവിക്കുന്നിടത്താണ് അതിലെ കവിത എന്നാണ് എന്റെ തോന്നല്‍. ജപ്പാനില്‍ ഈ കവിത അതിപ്രസിദ്ധമാകുന്നത് സെന്‍ ബുദ്ധിസത്തിന്റെ ദാര്‍ശനികപശ്ചാത്തലമുള്ളതുകൊണ്ടാണ്. എന്നാല്‍ ബുദ്ധമതത്തിന്റെ ദാര്‍ശനികഗരിമയൊന്നുമില്ലാതെതന്നെയാണു ഞാനതു വായിക്കുന്നത്. ദര്‍ശനങ്ങളും ഇമേജുകളിലൂന്നിയുള്ള വിപുലമായ വ്യാഖ്യാനങ്ങളും കവിതയില്‍ കാവ്യാത്മകമായ അനുഭവത്തെക്കാള്‍ വലുതാണോ? ഒന്നുകൂടി കടന്നു ചിന്തിച്ചാല്‍ മലയാളത്തിലോ മറ്റു ഭാഷകളിലോ എന്തിനാണു ഹൈക്കു? ഈ ഭാഷയുടെയും അതിന്റെ വിപുലമായ സാംസ്കാരികവൈവിധ്യത്തിന്റെയും പശ്ചാത്തലത്തില്‍ ചുരുങ്ങിയ വാക്കുകളില്‍ കാവ്യാനുഭവം നല്‍കുന്ന കവിതയെ ഹൈക്കു എന്നു വിളിക്കേണ്ടതുണ്ടോ?

ഇങ്ങനെ ചില സംശയങ്ങളാണ് ഞാന്‍ ഉന്നയിക്കാന്‍ ശ്രമിച്ചത്. ചില ചെറുകവിതകള്‍ ചൊല്ലുകയും ചെയ്തു. തുടര്‍ന്നു വളരെ സജീവമായ ചര്‍ച്ചയുണ്ടായി. എതിര്‍ത്തും അനുകൂലിച്ചുമുള്ള പ്രതികരണങ്ങളുണ്ടായി. യോജിപ്പും വിയോജിപ്പും പ്രകടിപ്പിക്കുമ്പോഴും സംവാദം ഒരിക്കലും അതിരുവിട്ടുപോയില്ല എന്നൊരു സന്തോഷവുമുണ്ട്.

ചെറിയാന്‍ കെ. ചെറിയാനുമായി സംസാരിക്കാനായി. വീരാന്‍‌കുട്ടി, പി. ആര്‍. രതീഷ്, ഹേമാംബിക തുടങ്ങിയ കവികളെപ്പറ്റി അദ്ദേഹം ആദ്യം തന്നെ അന്വേഷിച്ചിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളില്‍ കവിതയെഴുതുന്നവരോടുള്ള സ്നേഹമുണ്ടായിരുന്നു. ഇസ്താക്ക് സാറിന്റെ സാന്നിധ്യമുണ്ടായി. മറ്റു സുഹൃത്തുക്കളുമായും സൌഹൃദം പങ്കിടാനായി. സ്നേഹം നിലനിര്‍ത്തിക്കൊണ്ടുതന്നെ ഒരു ചര്‍ച്ച അവസാനിപ്പിക്കാനായി. ചുരുക്കിപ്പറഞ്ഞാല്‍ വളരെ സന്തോഷമായി.

(ഫേസ്ബുക്‍ നോ­ട്ട് പു­നഃ­പ്ര­സി­ദ്ധീ­ക­രി­ച്ച­തു­്)

 

Tagged as: ,

0 comments