Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി

[വെട്ടിപ്പുറം മുരളി]

എറണാകുളം ജില്ലയെ സ്ത്രീ സൌഹൃദ ജില്ലയാക്കുമെന്നും  നൂറു ശതമാനം  സാക്ഷരത കൈവരിച്ച ജില്ലയിൽ സ്ത്രീകൾക്കു പരിപൂർണ സുരക്ഷ ഉറപ്പാക്കുമെന്നും  കേന്ദ്രമന്ത്രി പ്രഫ. കെ.വി. തോമസ്‌ ഡിസംബർ ആദ്യം എറണാകുളത്തു പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. കോർപറേഷൻ വിതാ ജാഗ്രത സമിതിയുടെയും വിതാ സുരക്ഷയ്ക്കുള്ള ഹെല്പ്പ്‌മീ ഓൺ മൊബൈൽ ആപ്ളിക്കേഷന്റെയും ഉദ്ഘാടനം  നിർവഹിക്കവേയാണ്‌ അദ്ദേഹം ഇതു വെളിപ്പെടുത്തിയത്‌. സ്ത്രീകൾ സംരക്ഷിക്കപ്പെടണമെന്നും എന്നാൽ നിയമ നിർമാണം കൊണ്ടുമാത്രം സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ സാധിക്കയില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഈ നടപടിയിലൂടെ ജില്ലയിൽ സ്ത്രീകൾ സുരക്ഷിതരായി എന്നു കരുതാമോ? അതോ സ്ത്രീകളോടുള്ള ആദരവു മൂലമാണോ സ്ത്രീ സൌഹൃദ ജില്ലയാക്കുമെന്ന പ്രഖ്യാപനം ? വാസ്തവത്തിൽ കേരളത്തിൽ വനിതകൾക്കു നേരേ വർദ്ധിച്ചുവരുന്ന അതിക്രമങ്ങളിലേക്കാണ്‌ഇതു വിരൽ ചൂണ്ടുന്നത്‌. അഥവാ അതിക്രമങ്ങൾ കൂടുന്നതു മൂലമാണ്‌സ്ത്രീ സൌഹൃദ ജില്ലയും സ്ത്രീകൾക്കു മാത്രമായി ടാക്സിയും ഓട്ടോയും മറ്റും വേണ്ടിവരുന്നത്‌. അപചയം സംഭവിച്ച സമൂഹത്തിന്റെ മുഖമാണ്‌ഇവിടെ തെളിയുന്നത്‌.  സമൂഹത്തിനു  ലൈംഗികത സംബന്ധിച്ച തെറ്റിദ്ധാരണകളും അറിവ്‌ഇല്ലായ്മയും വ്യക്തമാക്കുന്ന സംഭവങ്ങൾ ലൈംഗികവിദ്യാഭ്യാസത്തിന്റെ പ്രസക്തിയാണ്‌ വെളിവാക്കുന്നത്‌.

ശക്തമായ നിയമവും കാര്യക്ഷമതയുള്ള നിയമപാലകരുമുള്ള രാജ്യത്ത്‌സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേ അതിക്രമങ്ങൾ ഉയർന്നുവരികയാണെന്നും കേന്ദ്രമന്ത്രി പറയുന്നു. നിയമങ്ങൾ കൊണ്ടു മാത്രം സുരക്ഷിതത്വം ഉണ്ടാവുകയില്ലെന്ന്‌ ഒട്ടേറെ സ്ത്രീപീഡനക്കേസുകളുടെ വിധി നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്‌. അതേസമയം ഇത്തരം നിയമങ്ങൾ ദുരുപയോഗപ്പെടുത്താനും  പ്രതിയോഗികളെ വകവരുത്താനും  വിനിയോഗിച്ചേക്കാമെന്ന മറുവശവും കാണാതിരുന്നുകൂടാ.  അതിനാൽ പീഡനങ്ങൾക്കെതിരെ സമൂഹം ഉണർന്നുവരണം, അതു സാധ്യമാകണമെങ്കിൽ ലൈംഗികത സംബന്ധിച്ച ശരിയായ ദിശാബോധം ഉണ്ടാകണം, ഈ ദിശാബോധം ലഭിക്കാൻ ശരിയായ ലൈംഗികവിദ്യാഭ്യാസം ഉണ്ടാകേണ്ടിയിരിക്കുന്നു.

ഡൽഹി പീഡനസംഭവത്തിനു  ശേഷം  ഡൽഹിയിലും ബാംഗ്ളൂരിലും  രാജ്യത്തിന്റെ മറ്റു പല ഭാഗത്തും  ഇപ്പോഴും സ്ത്രീകൾക്കു നേരേ അതിക്രമങ്ങൾ ആവർത്തിക്കുന്നെങ്കിലും കർശന നടപടികൾ ഉണ്ടാകുന്നില്ല.. ഇത്തരം സംഭവത്തിനു  തക്ക ശിക്ഷ കൊടുക്കണമെന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായം ഉണ്ടാകുകയില്ലെങ്കിലും ശിക്ഷ എത്രമാത്രം ഫലപ്രദമായി നടപ്പാക്കുമെന്ന കാര്യത്തിൽ ഇപ്പോഴും സംശയം ബാക്കിയാണ്‌. മറ്റു നിയമങ്ങൾ പോലെ ഇതും സാധാരണക്കാരായ കുറ്റവാളികളെ തളയ്ക്കാൻ മാത്രമായിരിക്കും വിനിയോഗിക്കുന്നത്‌. പണം, രാഷ്ട്രീയ സ്വാധീനം , അധികാരം തുടങ്ങിയവ ഉള്ളവർക്ക്‌ഇത്തരം ഏതു നിയമത്തിൽ ഇന്നും രക്ഷപെടാമെന്ന സാഹചര്യമാണ്‌നില നില്ക്കുന്നതെന്നു സാധാരണക്കാർക്കു പോലും വ്യക്തമാണ്‌.

നമ്മുടെ നാട്ടിലെ സംവിധാനത്തിൽ കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുകയെന്നത്‌അപൂർവം സംഭവമാണ്‌. അഥവാ ശിക്ഷിക്കപ്പെടുന്നതാകട്ടെ നേരത്തെ സൂചിപ്പിച്ചതു പോലെ നിർദ്ധനരും ഭരണസംവിധാത്തിൽ സ്വാധീനം ചെലുത്താൻ കഴിയാത്തവരുമാണ്‌. അതിനാൽ നിയമം  ഉണ്ടായതുകൊണ്ടു മാത്രം പ്രശ്നത്തിന്‌ പരിഹാരമാകുമെന്നു കരുതുന്നതു ശരിയല്ല.

കുറ്റം ചെയ്യുന്നവരെ ശിക്ഷിക്കാൻ  കാത്തിരിക്കുന്നതിനപ്പുറം കുറ്റകൃത്യങ്ങൾ ഉണ്ടാകാനിടയുള്ള സാഹചര്യങ്ങൾ കുറയ്ക്കാനും  അതിക്രമങ്ങൾ തടയാനും  നടപടി ഏർപ്പെടുത്തേണ്ടതാണ്‌. ഇതിന്റെ ഭാഗമായി സമൂഹത്തിൽ  മതിയായ ബോധവല്ക്കരണവും ലൈംഗിക വിദ്യാഭ്യാസവും നൽകാൻ പദ്ധതികൾ തയ്യാറാക്കുന്നത്‌ഉചിതമായിരിക്കും. എന്നാൽ ഇപ്പോഴുണ്ടാകുന്ന നടപടികളാകട്ടെ ചില സംഭവങ്ങൾ ഉയർത്തിയ കടുത്ത പ്രതിഷേധത്തെ മറികടക്കാനായി സ്വീകരിക്കുന്ന തന്ത്രങ്ങൾ മാത്രമായി മാറുകയാണ്‌.

സമൂഹത്തിനു  ലൈംഗികബോധവല്ക്കരണം നൽകുന്നതിന്റെ   ഭാഗമായി വിദ്യാർഥികൾക്കു സ്കൂൾതലത്തിൽ ലൈംഗിക വിദ്യാഭ്യാസം നൽകുന്നത്‌ ഉചിതമായിരിക്കും. ലൈംഗികതയെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാട്‌ലഭിക്കാൻ സഹായകമായിരിക്കണം  ഇത്തരത്തിലുള്ള വിദ്യാഭ്യാസം. മാറിയ കാലഘട്ടത്തിൽ കുട്ടികൾ ഇന്റർനെറ്റ്‌, മൊബൈൽഫോൺ, ചുറ്റുപാടുകൾ തുടങ്ങിയവയിലൂടെ ലൈംഗികത ഉൾപ്പെടെയുള്ള ഒട്ടേറെ കാര്യങ്ങൾ മസിലാക്കുന്നവരാണ്‌. എന്നാൽ ഇതിൽ പലതും ശരിയായ ദിശയിലല്ലാത്തതിനാൽ അവർ തെറ്റായ വഴിയിലേക്കു തിരിയാൻ സാധ്യത ഏറെയാണ്‌. ബഹുജനമാധ്യമങ്ങളിലൂടെ കുട്ടികൾ മനസിലാക്കുന്ന തെറ്റായ കാര്യങ്ങളെ ഒഴിവാക്കാൻ വിദ്യാലയത്തിലൂടെ ശരിയായ ലൈംഗിക വിദ്യാഭ്യാസം നൽകാൻ സാധിക്കണം. അതിന്‌പാഠ്യപദ്ധതിയിൽ ലൈംഗികത അഥവാ സെക്സ്‌ഒരു വിഷയമായി ഉൾപ്പെടുത്തുകയും പക്വമതികളായ അധ്യാപകർ ക്ളാസുകൾ നയിക്കുകയും വേണം. ഇതോടൊപ്പം  അതിക്രമങ്ങളെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങളും അവർക്കു പകർന്നു നൽകണം.

കപടസദാചാരത്തിന്റെ മുഖംമൂടി മാറ്റി യാഥാർഥ്യത്തിന്റെ വഴി കാട്ടിക്കൊടുക്കുന്നതും  വിദ്യാർഥികൾക്കു സമഗ്രമായ ലൈംഗിക അവബോധം നൽകുന്നതുമായിരിക്കണം ലൈംഗിക വിദ്യാഭ്യാസം.  കൌമാരകാലത്ത്‌ഓരോ കുട്ടിയിലും ഉണ്ടാകുന്ന ശാരീരികവും മാനസികവും ആയ  മാറ്റങ്ങൾ, കൌമാരകാലത്തെ ലൈംഗിക ചിന്തകൾ, ലൈംഗികത നിയന്ത്രിക്കേണ്ടതിന്റെ ആവശ്യം, തെറ്റായ ലൈംഗികത വഴി പകരുന്ന മാരക വിപത്തുകൾ, ലൈംഗിക വൈകൃതങ്ങൾ, എതിർലിംഗത്തോടുള്ള മനോഭാവം, സദാചാരബോധം വളർത്തേണ്ടതിന്റെയും പാലിക്കേണ്ടതിന്റെയും ആവശ്യകത  തുടങ്ങി ഒട്ടേറെ കാര്യങ്ങൾ കുട്ടികൾക്കു വിശദീകരിക്കേണ്ടതാണ്‌. ലൈംഗികത സംബന്ധിച്ച്‌ശരിയായ ബോധം ലഭിക്കാനും  മികച്ച രീതിയിൽ പെരുമാറാനും  കുട്ടികൾക്കു കഴിയണം.  ഇതിനു  പാകമാകുന്ന തരത്തിലുള്ള ലൈംഗിക വിദ്യാഭ്യാസം നൽകാൻ ഇനിയും അമാന്തിച്ചു കൂടാ.

നിലവിലാകട്ടെ ഇന്റർനെറ്റും , സിനിമകളും മറ്റും നൽകുന്ന  വികലമായ ചിത്രങ്ങളാണ്‌യുവാക്കളുടെ മനസിലധികവും ഇടം പിടിച്ചിരിക്കുന്നത്‌. കുട്ടികൾക്കു വിദ്യാഭ്യാസം നൽകുന്നതു കൂടാതെ മുതിർന്നവർക്കായി ലൈംഗിക ബോധവല്ക്കരണ പരിപാടികൾ  സംഘടിപ്പിക്കാൻ അധികൃതർക്കു സാധിക്കണം. ജീവിതത്തിൽ സെക്സിനുള്ള മഹത്തായ സ്ഥാനം  എന്താണെന്നു വ്യക്തമായി തിരിച്ചറിയാനും  നിയന്ത്രിക്കാനും  സഹായകമായിരിക്കണം ബോധവല്ക്കരണ പ്രവർത്തങ്ങൾ. സെക്സ്‌, വിശാലമായ അർഥത്തിൽ എല്ലാ ജീവജാലങ്ങളിലും ഉള്ള ജീവധർമ്മമാണെന്ന്‌തിരിച്ചറിയാൻ, അഥവാ അറിയിക്കാൻ, വിദ്യാഭ്യാസത്തിനു  സാധിക്കണം.  കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന സംഭവങ്ങളെപ്പറ്റി നിത്യേന വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. വീട്ടിലും വിദ്യാലയത്തിലും നാട്ടിലും ഉണ്ടാകുന്ന ഇത്തരം സംഭവങ്ങൾ തടയാൻ ഫലപ്രദമായിരിക്കണം ലൈംഗിക വിദ്യാഭ്യാസം.

കൌമാരക്കാർ വഴിതെറ്റാതിരിക്കാൻ ഹൈസ്കൂൾതലത്തിൽ തന്നെ ബോധവല്ക്കരണ പരിപാടികൾക്കു തുടക്കമിടുന്നത്‌ നന്നായിരിക്കും. ലൈംഗിക രോഗങ്ങൾ, അവ കാരണം ഉണ്ടാകുന്ന ദുരിതങ്ങൾ, സാമൂഹിക പ്രശ്ങ്ങൾ തുടങ്ങിയവ കുട്ടികൾ തിരിച്ചറിയണം. ഇത്തരം വിഷയങ്ങൾ പഠിപ്പിക്കാൻ പ്രത്യേക പരിശീലനം നൽകുന്ന അധ്യാപക കേന്ദ്രങ്ങളും സജ്ജമാക്കണം.  ലൈംഗിക വിജ്ഞാനം  വ്യക്തമായ ഒരു വിഷയമായി തിരിച്ച്‌ലക്ഷ്യബോധത്തോടെയുള്ള പാഠ്യപദ്ധതി തയ്യാറാക്കേണ്ടതാണ്‌. പാളിപ്പോയാൽ വൻതോതിൽ അരാജകത്വം ഉണ്ടാകാമെന്നതിനാൽ മറ്റു വിഷയങ്ങളിൽനിന്നു വ്യത്യസ്തമായി  തികഞ്ഞ പക്വതയോടെ മാത്രം കൈകാര്യം ചെയ്യേണ്ടതാണിത്‌.

കുട്ടികൾക്കു ലൈംഗികവിജ്ഞാനം  നൽകിയാൽ അതു കൌമാരകാലം തരണം ചെയ്യുന്നതിനു  മാത്രമായിരിക്കില്ല, മറിച്ച്‌അവരുടെ യൌവനവും  വിവാഹജീവിതവും ഒക്കെ വിജയകരമായി ഭവിക്കാൻ ഇതു സഹായകമായിരിക്കും. എതിർ ലിംഗത്തിലുള്ളവരെ മാന്യമായി കാണാനും  സമീപിക്കാനും  പക്വത നൽകുന്നതായിരിക്കണം ഇത്‌. ഇന്ത്യയിലെ 40 ശതമാത്തിലധികം പുരുഷന്മാർ സ്ത്രീകളെ അഥവാ ഭാര്യമാരെ തങ്ങളേക്കാൾ കുറഞ്ഞവരായി കണക്കാക്കുന്നതായി അടുത്തകാലത്തു നടന്ന ഒരു പഠനം  വെളിപ്പെടുത്തുന്നു. ഇതു കുടുംബജീവിതത്തെയും സമൂഹത്തെയും ദുഷിപ്പിക്കാൻ പോരുന്നതാണ്‌. മറ്റു ദുഷ്‌പ്രവണതകളോടൊപ്പം ഇത്തരം ചിന്തകളെയും ഇല്ലാതാക്കാൻ സഹായിക്കുന്നതായിരിക്കണം ലൈംഗികവിജ്ഞാന  പാഠങ്ങൾ.  ഇത്തരം പാഠ്യപദ്ധതിയിലും നടത്തിപ്പിലും ഏറെ സൂക്ഷ്മതപാലിക്കുകയും പക്വത പ്രകടിപ്പിക്കുകയും വേണം. അല്ലെങ്കിൽ ഒടുവിൽ വെളുക്കാൻ തേച്ചത്‌പാണ്ഡായി എന്ന ദുരിതാവസ്ഥയിലാകും.

 

Tagged as: ,

0 comments