Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

ഇനി ചൂലുകൾ നയിക്കട്ടെ??

[വെട്ടിപ്പുറം മുരളി]
അഴിമതിയിൽ ആറാടിനിൽക്കുന്ന ഇന്ത്യൻ ജനാധിപത്യസംവിധാനത്തിൽ മാറ്റങ്ങൾക്കു തുടക്കം chool jpcm300കുറിച്ചിരിക്കുന്നത്‌ ചൂൽ ആണെന്നത്‌ നമ്മെ ഇരുത്തി ച്ചിന്തിപ്പിക്കേണ്ടതാണ്‌. നൂറ്റാണ്ടുകളും ദശാബ്ദങ്ങളും പിന്നിട്ട, മഹാന്മാരായ നേതാക്കൾ നേതൃത്വം നൽകിയ ദേശീയ പാർട്ടികൾക്കൊന്നും സാധിക്കാത്ത അഴിമതിവിരുദ്ധവികാരം ഉണർത്താൻ ഒടുവിൽ ഒരു ചൂൽ അവതരിക്കേണ്ടി വന്നു. ആം ആദ്മി പാർട്ടിയുടെ അടയാളമാവുകയും ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ അവർ ഞെട്ടിക്കുന്ന വിജയം കൈവരിക്കുകയും ചെയ്തതോടെ ചൂൽ പിന്നാമ്പുറത്തു നിന്നു അരങ്ങത്തേക്കു വന്നിരിക്കുകയാണ്‌.

യുഗങ്ങളോളം വെറും ചൂലായി പിന്നാമ്പുറത്ത്‌ അഴുക്കുകളുടെ കൂട്ടുകാരിയായി കഴിഞ്ഞിരുന്ന ചൂലിന്‌ ഇപ്പോൾ ശാപമോക്ഷം ലഭിച്ചിരിക്കുകയാണ്‌. അതേ, ഇത്‌ ചൂലുകളുടെ യുഗമായിരിക്കുന്നു. ഇനി ചൂലുകൾക്കു ധൈര്യമായി ജനാധിപത്യത്തെ നയിക്കാം. ചെറുപാർട്ടികളെപ്പറ്റി പരാമർശിക്കുന്ന ഈർക്കിൽപാർട്ടി­കളെന്ന ആക്ഷേപം ഇനി ഉയരുമെന്നു തോന്നുന്നില്ല കാരണം ഈർക്കിലുകളുടെ സമാഹാരമായ ചൂൽ ഒരു വിപ്ളവത്തിന്റെ ആയുധമായി വരികയാണ്‌. ഒരു ചൂൽ വിപ്ളവത്തിനു സമയമായിരിക്കുന്നു എന്നു സാരം. ചൂൽ ചൂൽ സിന്ദാബാദ്‌ എന്ന ശബ്ദഘോഷം നാടുനീളെ തെരുവുകളിൽ ഉയർന്നു നിറയുന്നകാലം വിദൂരമല്ലെന്നു കരുതാം.

ഇതേവരെ ആക്ഷേപത്തിന്റെ അടയാളമായിട്ടായിരുന്നു ചൂൽ പ്രയോഗം ഉയർന്നിരുന്നത്‌. എതിരാളിയെ അപമാനിക്കാൻ ചൂൽ എന്നു വിളിക്കുക പതിവായിരുന്നു. ആക്ഷേപത്തിന്റെ മൂർച്ച കൂട്ടാൻ കുറ്റിച്ചൂൽ എന്നു വരെ പ്രയോഗിച്ചിരുന്നു. ഫ്ഫ ചൂലേ എന്നു പ്രയോഗിക്കുന്നത്‌ കടുത്ത പ്രത്യസ്ത്രം തന്നെയായിരുന്നു. ചൂൽ ചാണകവെള്ളത്തിൽ മുക്കി അടിക്കണം, ശത്രുവിനെ നിലമ്പരിശാക്കാനുള്ള ഒരു പ്രയോഗമാണിത്‌. ചൂലില്ലാത്ത വീടുണ്ടോ, എങ്കിലും ചൂൽ ചേർത്ത ഭാഷാപ്രയോഗങ്ങളെല്ലാം ആക്ഷേപിക്കാനും അപമാനിക്കാനും വേണ്ടിയായിരുന്നു. വീടിന്റെ മുന്നിലോ, പൂമുഖത്തോ ചൂൽ കിടക്കുന്നത്‌ അപശകുനമായി കണക്കാക്കി. ചൂലിനെ കണികാണാൻ ആരും ഇഷ്ടപ്പെടുന്നില്ല. ശകുനംകണ്ട്‌ യാത്ര പുറപ്പെടാനും ഇതുപയോഗിക്കുന്നില്ല. ചൂലിന്റെ ചിത്രം ഒരു ചുമരിനെയും അലങ്കരിക്കുന്നില്ല. ചൂൽ വീടും പരിസരവും വൃത്തിയാക്കാനുപയോഗിക്കുന്ന വസ്തുവായിട്ടും അതിനു മാന്യമായ സ്ഥാനം ലഭിച്ചിരുന്നില്ല.

ഈർക്കിൽ, കമുകിൻതുഞ്ചാണി. വിവിധയിനം പൂല്ലുകൾ തുടങ്ങിയവ കൊണ്ട്‌ പാവങ്ങളായ ഗ്രാമീണരാണ്‌ ചൂൽ കെട്ടി ചന്തയിൽ വിറ്റിരുന്നത്‌. മത്സ്യം, തേങ്ങ, പച്ചക്കറി, കപ്പ, വാഴക്കുല തുടങ്ങിയവയ്ക്കെല്ലാം ചന്തകളിൽ പ്രത്യേകം ഇടം ലഭിച്ചിരുന്നതിനാൽ ആ ഭാഗങ്ങളെ മീൻചന്ത, തേങ്ങാച്ചന്ത, വാഴക്കുലച്ചന്ത, കപ്പച്ചന്ത എന്നൊക്കെ പറഞ്ഞിരുന്നു. അതുപോലെ ചൂൽച്ചന്ത എന്ന പ്രയോഗമൊന്നും ഉണ്ടായിട്ടില്ല. ചന്തയുടെ ഒഴിഞ്ഞ ഭാഗത്തായിരുന്നു പണ്ട്‌ ചൂലുകൾക്കു സ്ഥാനം. കാലം മാറിയപ്പോൾ ചില സംരംഭകർ ചൂലിനെ നീണ്ട പ്ളാസ്റ്റിക്‌ കവറിലാക്കി സ്ഥാപനത്തിന്റെ പേരും നാളും ചാർത്തി വ്യാപാരസ്ഥാപനങ്ങളിലൂടെ വിൽക്കാൻ തുടങ്ങി. ഇപ്പോൾ ചൂൽ വേണമെങ്കിൽ മിക്കവരും സ്റ്റേഷനറിക്കടയിൽ പോയി നല്ല വില കൊടുത്തു വാങ്ങി ഉപയോഗിക്കുന്നു. ഇത്രയും പുരോഗതി ചൂലിനുണ്ടായിട്ടും അതിനു വീടിനു മുമ്പിലേക്കു സ്ഥാനം ലഭിച്ചിരുന്നില്ല. എന്നാലിപ്പോൾ ചൂലിന്‌ ആദ്യമായി പൂമുഖത്തേക്കു സ്ഥാനം ലഭിച്ചിരിക്കുന്നു. വീടിനു മുമ്പിലേക്കു മാത്രമല്ല, നിയമനിർമ്മാണസഭയുടെ അകത്തളങ്ങളിലേക്കു കടന്നുചെല്ലാനുള്ള മാർഗ്ഗമായിരിക്കുന്നു ചൂൽ. ഇതോടെ ചൂലിനു മാന്യമായ പദവി കൈവരികയാണ്‌.

തിരുവനന്തപുരത്ത്‌ ഇടതുമുന്നണി ക്ളിഫ്ഹൗസ്‌ ഉപരോധിച്ചു നടത്തിയ സമരത്തിൽ സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെട്ട ഒരു വീട്ടമ്മ നേതാക്കളോട്‌ കയർത്തത്‌ മറ്റൊരു വിപ്ളവത്തിന്റെ നാന്ദിയായി കരുതാം. ഇതും ചൂലുമായി എന്തു ബന്ധമെന്നു ചോദിച്ചേക്കാം. ബന്ധമുണ്ട്‌, നോക്കുക: ആ വീട്ടമ്മയുടെ കൈയ്യിൽ ഒരു അദൃശ്യമായ ചൂൽ ഇരിക്കുന്നതായി പ്രശസ്ത എഴുത്തുകാരൻ എം. മുകുന്ദൻ പറയു­ന്നു. അങ്ങനെ ചൂൽ അഴിമതിക്കും അനീതിക്കും എതിരെയുള്ള ഒരു പ്രതീകമായി മാറിയിരിക്കുന്നു. നോക്കൂ, ചൂൽ പോയ പോക്ക്‌!. അഥവാ ചൂലിനു ലഭിച്ചിരിക്കുന്ന സ്ഥാനം. വീടിന്റെ പിന്നാമ്പുറത്തുനിന്നു രാഷ്ട്രീയത്തിലൂടെ സമൂഹമദ്ധ്യത്തിലേക്കു പ്രവേശിച്ച ചൂൽ ഇനി സാഹിത്യം, ചിത്രരചന, കാർട്ടൂൺ, സിനിമ, നാടകം തുടങ്ങിയവയിലൊക്കെ വലിയ നിലയിൽ സ്ഥാനം പിടിക്കാനിരിക്കുന്നതേയുള്ളൂ. ഇനി ചൂലിന്റെ വ്യാവസായിക സാധ്യതകളും ചിന്തിക്കാം. വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മിച്ച്‌ മറ്റു രാജ്യങ്ങളിലേക്കു കയറ്റി വിടാവുന്ന ഒന്നാണോ ചൂൽ. എന്തുകൊണ്ട്‌ ആയിക്കൂടാ. ഈ ആഗോളഗ്രാമത്തിൽ എന്തുകൊണ്ട്‌ ഇതു സാധ്യമല്ലാതാകും.

അഴിമതിക്കും അനീതിക്കും എതിരെ ചിന്തിക്കുന്നവരുടെ അടയാളമായി ചൂൽ മാറിയിരിക്കുന്നു എന്നു പറയുന്നതിൽ അതിശയോക്തിയില്ല. മറ്റൊരു അടയാളത്തിനും ഈ പദവി ലഭിക്കാൻ വിധിയുണ്ടായില്ല. കാലപ്പഴക്കമുള്ള എത്രയെത്ര രാഷ്ട്രീയ പാർട്ടികളും ചിഹ്നങ്ങളും നമുക്കുണ്ട്‌. പലവിധ അഴിമതിവിരുദ്ധ സമരങ്ങളുടെയും തലയ്ക്കുമീതേ കൂടി ഈ ചിഹ്നങ്ങൾ അലയടിച്ചൊഴുകി പോയി. എന്നിട്ടും അവയ്ക്കൊന്നിനും പ്രതീകാത്മകമായ ഒരർത്ഥം നേടിയെടുക്കാൻ കഴിഞ്ഞില്ല. ഒടുവിൽ ആ ഭാഗ്യം കാത്തിരുന്നത്‌ ഒരു ചൂലിനെയായിരുന്നു. അഴിമതിയും അനീതിയും തുടച്ചുനീക്കാൻ നിലകൊള്ളുന്ന ഒരു ?ചൂലാ?ണ്‌ നമ്മുടെ നേതാവ്‌, എന്ന്‌ അണികൾ വാഴ്ത്തിയാൽ ഏതു നേതാവിനു നിഷേധിക്കാനാകും. ഒടുവിൽ ഈയൊരു വിശേഷണം നേടിയെടുക്കാൻ നേതാക്കൾ മത്സരിക്കുമോ എന്നു കണ്ടറിയണം. കാരണം കാലം ഒത്തുവന്നപ്പോൾ അത്രമാത്രം പ്രശസ്തിയും ഉന്നതിയുമാണ്‌ ചൂൽ നേടിയെടുത്തത്‌. ഏതു ചൂലിനും ഒരു ദിനം വരും എന്നു പറഞ്ഞാൽ ചിരിച്ചുതള്ളാൻ കഴിയുമോ? ഇത്തരത്തിലുള്ള ഒട്ടേറെ ചൊല്ലുകൾ രൂപപ്പെടാനുള്ള സാധ്യതയും കുറവല്ല. ചുരുക്കത്തിൽ ചൂലിനോടുള്ള മനോഭാവത്തിന്‌ മാറ്റം വരാൻ തുടങ്ങിയിരിക്കുന്നു. ഇനി ചൂൽ സംബന്ധിച്ച വർത്തമാനങ്ങൾ നാലാൾ കേൾക്കെ പറയാനും മടിക്കേണ്ടതില്ല. അത്രയ്ക്കു പെട്ടെന്നാണ്‌ മാറ്റങ്ങൾ ദൃശ്യമായത്‌. ചുരുക്കത്തിൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ ചക്രവാളത്തിൽ പ്രതീക്ഷയുടെ ചൂലോദയം കണ്ടിരിക്കുന്നു. അഴിമതിയുടെയും അനീതിയുടെയും ഇരുൾ അടിച്ചുനീക്കാൻ ഈ ഉദയത്തിനു കഴിയുമെന്ന്‌ ജനം വിശ്വസിക്കുന്നു.

Tagged as: ,

0 comments