Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

‘ജനാധിപത്യത്തോടുള്ള കൂറാണ്‌ പ്രശ്നം’

[സക്കറിയ]

ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർക്ക് അവിശ്വസനീയമായ അനുഭവമായിരുന്നു അടിയന്തരാവസ്ഥ. Paul_zakariaദാസ്യമനോഭാവവും ഭീരുത്വവും നല്ല ശീലങ്ങളായി അംഗീകരിക്കപ്പെട്ട കാലം. അധികാരം ഉപജാപക സംഘങ്ങളുടെ നിയന്ത്രണത്തിൽ. കോടതികൾ  ഭരണകൂടത്തിന്റെ സേവകരായി. പത്രങ്ങൾ  നിശ്ശബ്ദമാക്കപ്പെട്ടു. ബലപ്രയോഗമായിരുന്നു നീതി. ഭീതി അന്തരീക്ഷത്തിൽ നിറഞ്ഞുനിന്നു. ജനാധിപത്യം എത്ര വിലപ്പെട്ടതാണെന്ന് ഇന്ത്യക്കാർ മനസ്സിലാക്കിയത് അടിയന്തരാവസ്ഥയിലൂടെയാണ്. ഒരിക്കലും മറക്കാൻ പാടില്ലാത്ത പാഠം അതു പഠിപ്പിച്ചു. 39 വർഷത്തിനു ശേഷവും അടിയന്തരാവസ്ഥയെ നമ്മൾ ഓർക്കുന്നു. ചരിത്രത്തിന്റെ താക്കീത് എന്ന നിലയിൽ ആ കാലവും ആ അനുഭവങ്ങളും നമ്മുടെ മനസ്സിലുണ്ടാവണം. അടിയന്തരാവസ്ഥയുടെ വാർഷികദിനത്തിൽ സക്കറിയയോട് ഞങ്ങൾ ആ ദിവസങ്ങളെക്കുറിച്ച് ചോദിച്ചു. ആ കാലഘട്ടം സൃഷ്ടിച്ച വീർപ്പുമുട്ടലും ധാർമ്മികരോഷവും എല്ലാ തീക്ഷ്ണതയോടെയും ആവിഷ്കരിക്കാൻ ശ്രമിച്ച അപൂർവ്വം എഴുത്തുകാരിൽ പ്രധാനിയാണ്‌ സക്കറിയ.

അടിയന്തരാവസ്ഥപോലെ ഒരു ദുരനുഭവം ഓർത്തെടുക്കാൻ സക്കറിയ ഇഷ്ടപ്പെടുന്നില്ലെന്ന് തോന്നി. “കോണ്‍ഗ്രസിന്റെ തകർച്ചയുടെ ഉദാഹരണമാണ് അടിയന്തരാവസ്ഥ. ഇൻഡ്യൻ ഡമോക്രസി കോണ്‍ഗ്രസിനെ വിശ്വസിച്ചതിന്റെ ട്രാജഡി. ഇൻഡ്യൻ ഡമോക്രസി നെഹ്‌റു കുടുംബത്തെ വിശ്വസിച്ചു. ഇന്ത്യക്കാർക്ക് കോണ്‍ഗ്രസിനോട് കൂറുണ്ടെങ്കിലും കോണ്‍ഗ്രസിനു ഇന്ത്യക്കാരോട് കൂറില്ല. കോണ്‍ഗസിനെ വിശ്വസിക്കാൻ കൊള്ളില്ല.”

അടിയന്തരാവസ്ഥയെ എതിർത്തവരിൽ ആർ എസ് എസ്സും ജനസംഘവും ഉണ്ടായിരുന്നല്ലോ. അത് അവർ ജനാധിപത്യവാദികളായതുകൊണ്ടാണോ  എന്ന ചോദ്യത്തോട് സക്കറിയ പ്രതികരിച്ചത് ഇങ്ങനെയാണ്:  “അത് രാഷ്ട്രീയമാണ്. ജനാധിപത്യത്തോടുള്ള സ്നേഹമൊന്നുമായിരുന്നില്ല. ആർ.എസ്.എസ്സിന് കോണ്‍ഗ്രസിനെ എതിർക്കുക എന്ന രാഷ്ട്രീയം. കോണ്‍ഗ്രസിനെ എതിർക്കാൻ വീണുകിട്ടിയ അവസരമായിരുന്നു അടിയന്തരാവസ്ഥ. കോണ്ഗ്രസ് കയ്യിൽകൊണ്ടു കൊടുത്ത അവസരം. ആർ.എസ്.എസ് ജനാധിപത്യത്തിൽ വിശ്വസിക്കുന്നില്ല. ഒരു ഫാഷിസ്റ്റ് സംഘടനയ്ക്കും ജനാധിപത്യത്തോട്‌ കൂറുണ്ടാകില്ല. സി പി എം ജനാധിപത്യത്തിൽ വിശ്വസിക്കുന്നുണ്ടോ? വേറേ മാർഗ്ഗമില്ലാത്തതുകൊണ്ട് participate ചെയ്യുന്നു. വേറേ മാർഗ്ഗമില്ലാത്തതുകൊണ്ട് മാത്രം.”

വ്യക്തിപരമായി അടിയന്തരാവസ്ഥ എന്ന അനുഭവം:  “വ്യക്തിപരമായി വിശ്വസിക്കാൻ പോലും കഴിയാത്ത …അവിശ്വസനീയമായ കാര്യം. ഹിറ്റ്ലറുടെ ചരിത്രം മുസ്സോളിനിയുടെ ചരിത്രം ..അതൊക്കെ വായിച്ചിട്ട്…ഇവിടെയും വന്നു ചേർന്നല്ലോ. ദേഷ്യം, നിരാശ…ദൈവത്തിൽ വിശ്വാസമില്ല. 77 ലെ തെരഞ്ഞെടുപ്പിന് ശേഷം അതിന്റെ സന്തോഷം ആഘോഷിക്കുമ്പോൾ  ഒരു സുഹൃദ്സംഘത്തിൽ ദൈവത്തിൽ വിശ്വസിക്കാൻപോലും തോന്നിപ്പോകുന്നു എന്ന് പറഞ്ഞതോർക്കുന്നു. ”

അടിയന്തരാവസ്ഥയുടെ അന്തരീക്ഷം വീണ്ടും ഉരുണ്ടു കൂടുകയല്ലേ എന്ന ഞങ്ങളുടെ ചോദ്യത്തെ തള്ളിക്കളയുകയായിരുന്നു സക്കറിയ. ” അടിയന്തരാവസ്ഥ ഉണ്ടാകുമോ എന്ന് പറയാനാവില്ല. ആ കാലം വേറെയായിരുന്നു. വ്യക്തികൾ വേറെയായിരുന്നു. സാഹചര്യം വേറെയായിരുന്നു. ഒരു വ്യക്തി, ഒരു കുടുംബം, പാർട്ടി ജനങ്ങളെ വഞ്ചിക്കുകയായിരുന്നു. ഭരണഘടനയെ തകർക്കാനല്ല ജനങ്ങൾ തെരഞ്ഞെടുത്തത്.   I’ m  a  democrat.  ഞാൻ ജനാധിപത്യത്തിൽ വിശ്വസിക്കുന്നു. 31 ശതമാനം ആളുകൾ തെരഞ്ഞെടുത്ത ഒരു  സർക്കാർ അധികാരത്തിൽ വന്നതേയുള്ളൂ. ജനങ്ങൾ  ആശാപൂർവ്വം തെരഞ്ഞെടുത്തിരിക്കുന്നു. എങ്ങനെ വരുമെന്ന് നോക്കാം. സംഭവിക്കുന്നത്‌ കാണണം.  Advanced ആയി ഭയപ്പെട്ടിട്ടു കാര്യമില്ല. കണ്ണ് തുറന്നു ജീവിക്കണം.”

ലേഖനത്തിലെ പരാമർശങ്ങളുടെ പേരിൽ ബി.രാജീവന് ആർ. എസ് എസ്സുകാർ വക്കീൽ നോട്ടീസ് അയച്ചതുപോലെയുള്ള കാര്യങ്ങൾ ഒരു സൂചനയായി എടുക്കേണ്ടതല്ലേ എന്ന ചോദ്യത്തിനും  പതിവുപോലെ തന്റേതായ കാഴ്ചപ്പാടിൽ വ്യത്യസ്തമായ മറുപടിയായിരുന്നു സക്കറിയയുടേത്. ” മറ്റാളുകളെ നേരിടാനുള്ള അവരുടെ ഒരു method ആണത്. പ്രതിഷേധ പ്രസ്താവനയിൽ ഞാനും ഒപ്പ് വെച്ചിട്ടുണ്ട്. ആരും ആർക്കും വക്കീൽ നോട്ടീസ് അയക്കരുതെന്ന് പറയാൻ കഴിയില്ല. വക്കീൽനോട്ടീസ് വന്നാൽ തിരിച്ചു വക്കീൽ നോട്ടീസ് അയക്കണം. വക്കീൽ നോട്ടീസ് വന്നു എന്ന് പറഞ്ഞു സെക്രട്ടറിയേറ്റിനുമുന്നിൽ ചെന്ന് നിന്നിട്ട് കാര്യമില്ല. ”

“ഒരു പ്രതീക്ഷയും ഞാൻ കാണുന്നില്ല. എന്താണ് കോണ്‍ഗ്രസിന്റെ അവസ്ഥ? തലച്ചോറും നട്ടെല്ലും പോയി പുഴുവായിത്തീർന്നു. കോണ്‍ഗ്രസും ഇടതുപക്ഷവും ജനങ്ങളെ വഞ്ചിച്ചു. ഇടതുപക്ഷത്തിൽ പ്രതീക്ഷയുണ്ടായിരുന്നു. 1960 വരെയൊക്കെ.  പിന്നെയും ഇടതുപക്ഷത്തെക്കുറിച്ച് കുറച്ചു പ്രതീക്ഷകൾ ശേഷിച്ചിരുന്നു. കേരളത്തിൽവന്നു താമസിച്ചപ്പോഴെക്ക് അതൊക്കെ പോയി. തിരിച്ചു വന്നതിനുശേഷം ഇടതുപക്ഷവുമായി സഹകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസുമായി  സഹകരിക്കാൻ എനിക്ക് പറ്റില്ല. ബി ജെ പിയുമായും പറ്റില്ല.  സഹകരിക്കാൻ കൊള്ളാവുന്ന  ഒരേ ഒരു പ്രസ്ഥാനം ഇടതുപക്ഷമാണ്. ഹൃദയം കൊണ്ട് ഞാൻ ഇടതുപക്ഷമാണ്.  ഇടതുപക്ഷം എന്ന് പറയുന്നത് സി പി എമ്മും സി പി ഐയുമാണെന്ന് ഞാൻ കരുതുന്നില്ല.  ഇടതുപക്ഷം എന്ന് പറഞ്ഞാൽ സാധുജനങ്ങളെപ്പറ്റി ഒരു മനസ്സാക്ഷി ഉണ്ടാകണം.”

” ഇന്ത്യയിലാകെ 29 സംസ്ഥാനങ്ങളും 50-60 സംസ്കാരങ്ങളുമുണ്ട്. എന്തെല്ലാം അത്ഭുതങ്ങൾ സംഭവിക്കുമെന്നു പറയാനാവില്ല. കണ്ണും ചെവിയും തുറന്നു ജീവിക്കണം.കരിമ്പടം പുതച്ചു കിടന്നുറങ്ങിയിട്ടു കാര്യമില്ല. നമ്മുടെ ഉള്ളിൽ മതേതരത്വവും ജനാധിപത്യവും ഉണ്ടാവണം. അത് സൂക്ഷിക്കണം.”

Tagged as:

0 comments