Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

പെണ്‍സ­മ­ര­ത്തിലെ അരാ­ഷ്ട്രീയം ?

[വെട്ടിപ്പുറം മുരളി]

ഇന്നാട്ടിലെ സമരചരിത്രത്തിൽ വേറിട്ട ഒരധ്യായമാണ് മൂന്നാറിലെ തേയിലത്തോട്ടങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീതൊഴിലാളികൾ നടത്തിയ ഐതിഹാസിക സമരം. തൊഴിലാളി സമരങ്ങളുടെ മുഴുവൻ കുത്തകയും അവകാശപ്പെടുന്ന ട്രേഡ് യൂണിയന്റെയും രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണയില്ലാതെ തൊഴിലാളി സ്ത്രീകൾ നടത്തിയ സമരം നൽകുന്ന പാഠങ്ങൾ ഏറെയാണ്. തൊഴിലുടമകളെക്കാൾ വലിയ മുതലാളിമാരായി മാറിയ ട്രേഡ് യൂണിയൻ നേതാക്കളെ അമ്പരിപ്പിക്കുന്നതായിരുന്നു ആ സമരം. തൊഴിലെടുക്കാതെ തൊഴിലാളികളുടെ നേതാവായി, അതിന്റെ പേരിൽതന്നെ സുഖസകര്യങ്ങളുടെ പറുദീസയിൽ കഴിഞ്ഞിരുന്ന നേതാക്കൾ പക്ഷേ, തങ്ങളെ പറ്റിക്കുകയായിരുന്നു എന്ന യാഥാർത്ഥ്യം മണ്ണിൽ പണിയെടുക്കുന്നവർ തിരിച്ചറിഞ്ഞ് പ്രതികരിച്ചതാണ് മൂന്നാർ നൽകുന്ന ഒരു പാഠം. ഇതിന് സംഘടിത ട്രേഡ് യൂണിയനുകളും മറ്റ് നേതാക്കളും നൽകിയ വിശേഷണം, പെണ്ണുങ്ങളുടെ സമരം അരാഷ്ട്രീയം എന്നാണ്.

Microsoft Word - S.EDഎല്ലാക്കാലത്തും തരാതരം പോലെ ജനങ്ങളുടെ കണ്ണിൽ മണ്ണിട്ടു തൊഴിലാളികളെ വഞ്ചിച്ചവരാണ് എല്ലാ മുന്നണിയിയും നേതാക്കൾ. രാഷ്ട്രീയ നേതാക്കളും ട്രേഡ് യൂണിയനുകളും ജനത്തെ കബളിപ്പിച്ച്, ജനത്തിന്റെ പേരിൽ സമ്പത്ത് സമാഹരിച്ചു സുഖജീവിതം നയിക്കുന്നു. തൊഴിൽ മേഖലകളിലും സമരമുഖങ്ങളിലും ചർച്ചകളിലും നേതാക്കൾ തൊഴിലാളികളെയും ജനത്തെയും വഞ്ചിക്കുന്നു. ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നതായിരുന്നു മൂന്നാറിലെ സമരം. തുടർന്ന് ട്രേഡ് യൂണിയനുകൾ സ്വീകരിച്ച നിലപാടും മറ്റൊന്നായിരുന്നില്ല. സ്ത്രീകളുടെ സമരത്തെ അട്ടിമറിക്കാൻ ഭരണ-പ്രതിപക്ഷ യൂണിയനുകൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങി. സ്ത്രീകൾ ഭയന്നു പിൻമാറുന്നില്ലെന്നു കൺട പ്പോൾ സമരമുഖത്ത് അവരെ ആക്രമിച്ച് ഒതുക്കാനായിരുന്നു ട്രേഡ് യൂണിയൻ മുതലാളിമാരുടെ നീക്കം. അതും പാളിയത് ട്രേഡ് യൂണിയൻ മുതലാളിമാരെയും അവരുടെ രാഷ്ട്രീയപ്പാർട്ടികളെയും വിഷമവൃത്തത്തിലാക്കിയിരിക്കുകയാണ്.

സമരത്തിന്റെ ആദ്യഘട്ടത്തിൽ സെപ്റ്റംബർ അഞ്ചു മുതൽ 13 വരെ ഒൻപതു ദിവസം നടത്തിയ സമരം സെപ്റ്റംബർ 13നു രാത്രിയിൽ ഒത്തുതീരുമ്പോൾ അതു സമരചരിത്രത്തിലെ വേറിട്ട സാക്ഷ്യപ്പെടുത്തലായി. കൊച്ചിയിൽ മുഖ്യമന്ത്രി ഉമ്മൻ ചാൺ‍ടിയുടെയും മന്ത്രിമാരായ ഷിബു ബേബി ജോണിന്റെയും ആര്യാടൻ മുഹമ്മദിന്റെയും മധ്യസ്തതയിൽ സെപ്റ്റംബർ 13നു നു നടന്ന ചർച്ചകളെ തുടർന്നാണു സമരം ഒത്തുതീർന്നത്. ഏതെങ്കിലും ഒരു ട്രേഡ് യൂണിയന്റെയോ രാഷട്രീയ പാർട്ടിയുടെയോ നേതാവിന്റെയോ പിൻബലമില്ലാതെയാണ് സാധാരണക്കാരായ തൊഴിലാളി സ്ത്രീകൾ രാജ്യത്തെ വൻകിട സ്ഥാപനമായ ടാറ്റായിൽ നിന്ന് ആനുകൂല്യങ്ങൾ പിടിച്ചു വാങ്ങിയത്. പിന്നീട് നടന്ന ചർച്ച­യിൽ 20 ശതമാനം ബോണസ് തുക ലഭിക്കുമെന്ന് ഉറപ്പാക്കി.

സമര നേതൃത്വം ഏറ്റെടുക്കാൻ ഭരണ­പ്രതിപക്ഷ മുന്നണിയിലെ നേതാക്കൾ എത്തിയെങ്കിലും സ്ത്രീകൾ അവരെ ദൂരെയകറ്റി. ഒടുവിൽ സമരത്തിനു പിന്തുണയുമായി എത്തിയ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാന്ദനെ മാത്രമാണ് സമരക്കാർ സ്വീകരിച്ചത്. പ്രശ്നം പരിഹരിക്കുന്നതു വരെ താൻ തൊഴിലാളികളോടൊപ്പം സമരത്തിന് ഇരിക്കുമെന്നു പ്രഖ്യാപിച്ച അദ്ദേഹം സമരത്തിനു കൂടുതൽ ഊർജം നൽകി. തൊഴിലാളികൾക്ക് 20 ശതമാനം ബോണസ് നൽകാൻ കണ്ണൻദേവൻ കമ്പനി മാനേ ജ്മെന്റ് സമ്മതിച്ചു. 8.33 ശതമാനം ബോണസും 11.67 ശതമാനം എക്സ്ഗ്രേഷ്യ അലവൻസും നൽകാനായിരുന്നു തീരുമാനം. ചികിത്സ, പാർപ്പിടം തുടങ്ങിയ മറ്റ് സൗകര്യങ്ങൾ വർദ്ധിപ്പിക്കാമെന്ന വാഗ്ദാനവും ഉൺ‍ടായി.

എന്നാൽ ദിവസവും 500 രൂപ കൂലി വേണമെന്ന അവരുടെ ആവശ്യം സെപ്റ്റംബർ 29നു നടന്ന ചർച്ചയിൽ അംഗീകരിക്കാതെ വന്നപ്പോൾ തൊഴിലാളികൾ വീൺ‍ടും സമരത്തിനിറങ്ങി. അവരെ പാട്ടിലാക്കി വീൺ‍ടും കബളിപ്പിക്കാനുള്ള ട്രേഡ് യൂണിയൻ നേതാക്കളുടെ ശ്രമം പാളിയപ്പോഴാണ് അവര് സെപ്റ്റം­ബർ 30നു സ്ത്രീകളുടെ സമരത്തെ ആക്രമിച്ചു തകർക്കാൻ ശ്രമിച്ചത്. കബളിപ്പിക്കപ്പെട്ട തൊഴിലാളി സ്ത്രീകൾ നടത്തിയ സമരത്തെ കായികമായി ആക്രമിച്ച് ഇല്ലാതാക്കാനുള്ള ശ്രമത്തെ ഏതു രാഷ്ട്രീയമെന്നു പറഞ്ഞാണ് നേതാക്കൾ ന്യായീകരിക്കുക.

ട്രേഡ് യൂണിയൻ നേതാക്കൾ ടാറ്റാ കമ്പനിയിൽ നിന്നു നേടിയ ബംഗ്ളാവുകളുടെയും അവയിലൂടെ നേടുന്ന വരുമാനത്തിന്റെയും വിവരങ്ങൾ പിന്നീട് മാധ്യമങ്ങൾ പുറത്തുകൊൺ‍ടുവന്നു. മൂന്നാറിന്റെ ചുവടു പിടിച്ച് മറ്റു തോട്ടങ്ങളിലെ തൊഴിലാളികൾ കൈവിട്ടുപോകുമോ എന്നു ഭയന്ന യൂണിയനുകൾ മിക്ക തോട്ടങ്ങളിലും സമരം പ്രഖ്യാപിച്ച് തൊഴിലാളികളുടെ സ്വയമേവയുള്ള മുന്നേറ്റത്തിനു തടയിട്ടു. എന്നിട്ടും മൂന്നാറിലെ പെൺകരുത്തിനെ അട്ടിമറിക്കാൻ സംഘടിത രാഷ്ട്രീയ­ട്രേഡ് യൂണിയനുകൾക്ക് കഴിഞ്ഞില്ല. യൂണിയൻ നേതൃത്വമെന്നാൽ ലോട്ടറിയടിക്കുന്നതിക്കാൾ വലിയ ഭാഗ്യമല്ലേ.

പെൺകരുത്തിന്റെ സമരത്തെ അരാഷ്ട്രീയം എന്നു പറഞ്ഞ് ആക്ഷേപിക്കാൻ ചില നേതാക്കൾ മത്സരിക്കുകയാരുന്നു. നിലവിലുള്ള നേതാക്കളുടെ സംഘടിത ചൂഷണത്തിനെതിരെ ശബ്ദിക്കുകയും രംഗത്തുവരികയും ചെയ്താൽ അതിനെ സംഘടിതമായിത്തന്നെ അരാഷ്ട്രീയം എന്നുപറഞ്ഞ് തള്ളിക്കളയാനാണ് ട്രേഡ് യൂണിയ മുതലാളിമാർ ശ്രമിച്ചത്. രാഷ്ട്രീയപ്പാർട്ടികളും ഈ സ്ത്രീകളുടെ കൂട്ടായ്മയെ തള്ളിപ്പറയുകയും ആക്രമിച്ച് ഇല്ലാതാക്കാനുമാണ് തുനിഞ്ഞത്. കാരണം കാലാകാലങ്ങളായി ഈ തൊഴിലാളികളെ ചൂഷണം ചെയ്തും അവരെ പിഴിഞ്ഞും കമ്പനിക്കാർക്ക് ഒറ്റിക്കൊടുത്തും സമ്പന്നരായവരാണ് നേതാക്കൾ. ഈ സാമ്പത്തികസ്രോതസിന് കോട്ടം തട്ടുന്നത് എങ്ങനെ സഹിക്കും. നേതാക്കൾ, പെൺസമരത്തെ അരാഷ്ട്രീയം എന്നു പറഞ്ഞ് തള്ളിക്കളയുന്നത് അവരുടെ സാമ്പത്തികവും സ്ഥാനമാനങ്ങളും നിലനിർത്താനുള്ള തത്രപ്പാടിലാണെന്നു കാണാൻ പ്രയാസമില്ല. എല്ലാ തൊഴിലാളികളും തങ്ങളുടെ ചൊൽപ്പടിക്ക് നിന്നുകൊള്ളണമെന്നും സ്വയം സംഘടിക്കാൻ പാടില്ലെന്നുമുള്ള നേതാക്കളുടെ നിലപാട് ലക്ഷ്യമാക്കുന്നത് എന്തെന്ന് വ്യക്തമാണ്. ഇക്കാര്യത്തിൽ ഭരണ­പ്രതിപക്ഷകക്ഷികളുടെ ഒത്തൊരുമ കാണേൺടതു തന്നെയാണ്. പലരും പറയുന്നതു പോലെ ട്രേഡ് യൂണിയൻ വലിയൊരു ട്രേഡ് ആയി മാറിയിരിക്കുകയാണ്. ഈ ട്രേഡിനു തടസമായി വരുന്ന സ്ത്രീകൾ ഉൾപ്പെടെ എന്തിനേയും എതിർത്തു തോൽപ്പിക്കാൻ എല്ലാ യൂണിയനുകളും സംയുക്തമാകുന്നതു സ്വാഭാവികം. തങ്ങളുടെ ദുഷ്ചെയ്തികളെ എതിർക്കുന്നവരെയും അവരുടെ കൂട്ടായ്മകളെയും അരാഷ്ട്രീയം എന്നു പറഞ്ഞ് പുച്ഛിക്കുന്ന നേതാക്കൾ, പക്ഷേ, എത്രനാൾ ഇത്തരത്തിൽ പുകമറ സൃഷ്ടിച്ചു ജീവിക്കും.

ഈ ലേഖനം തയ്യാറാക്കുമ്പോഴും സ്ത്രീതൊലാളികൾ കൂലിക്കൂടുതലിനായുള്ള സമരത്തിലാണ്. ഇതേ ആവശ്യമുന്നയിച്ച് സംയുക്ത ട്രേഡ് യൂണിയനുകളുടെ സമരവും നടക്കുന്നുൺ‍ട്.

 

 

Tagged as: ,

Categorised in: Articles, News

0 comments