Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

അറബി തീവ്രവാദത്തിന്റെ മുമ്പില്‍ പാശ്‌ചാത്യരുടെ പ്രതിസന്ധി

[ഫാ. ഡോ. പോള്‍ തേലക്കാട്ട്‌]

നാഗരികതകളുടെ സംഘട്ടനത്തില്‍ സാമുവല്‍ ഹണ്ടിംഗ്‌ടന്‍ എഴുതി, പാശ്‌ചാത്യരുടെ അന്ത്യമില്ലാത്ത തലവേദന ഇസ്ലാമിക മൗലികവാദമല്ല, മറിച്ച്‌ ഇസ്ലാം തന്നെയാണ്‌! തങ്ങളുടെ സംസ്‌കാരം ഉന്നതമാണെന്നു കരുതുകയും എന്നാല്‍ തങ്ങളുടെ ശക്‌തിയുടെ അധമ സ്‌ഥിതിയെക്കുറിച്ച്‌ പീഡിതബോധത്തില്‍ അലട്ടപ്പെടുകയും ചെയ്യുന്ന ഒരു ജനതയുടെ ഭിന്നമായ നാഗരികത. അമേരിക്കയിലെ ഇരട്ടഗോപുരങ്ങള്‍ക്കെതിരേ നടന്ന വിമാനാക്രമണത്തിനു ശേഷം ഡെയ്‌ലി ടെലഗ്രാഫ്‌ എഴുതിയതും ഇതിനു സമാനമാണ്‌. നല്ല സര്‍ഗാത്മകതയുള്ള പാശ്‌ചാത്യരെ പതിയിരുന്നു അപകടപ്പെടുത്തുന്ന അറബി അഹന്തയെക്കുറിച്ചാണ്‌ അവര്‍ എഴുതിയത്‌.

democracy

ഇസ്ലാമിക തീവ്രവാദത്തെ മറ്റു തീവ്രവാദങ്ങളില്‍ നിന്നു ഭിന്നമാക്കുന്നത്‌ ബഹുസ്വരതയോ ജനാധിപത്യമോ സമത്വമോ അംഗീകരിക്കാത്ത അതിന്റെ രാഷ്‌ട്രീയമാണ്‌ എന്നെ ഡേവിഡ്‌ ബുക്കെ തന്റെ ഗ്രന്ഥത്തില്‍ എഴുതി. പാശ്‌ചാത്യരുടെ സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും ജനാധിപത്യത്തിന്റെയും ശൈലിക്കെതിരായ അക്രമമായി പലരും ഇസ്ലാമിക തീവ്രവാദത്തെ കാണുന്നു. അവര്‍ ഇസ്ലാം മതത്തെയും ക്രിസ്‌തുമതത്തെയുമല്ല താരതമ്യം ചെയ്യുന്നത്‌. മറിച്ച്‌, പാശ്‌ചാത്യ നാടുകളേയും അറബിദേശങ്ങളെയും മതാടിസ്‌ഥാനത്തില്‍ താരതമ്യം ചെയ്യുകയാണ്‌. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന പ്രതിസന്ധി ഒരു ന്യൂനപക്ഷം കഠിന യാഥാസ്‌ഥിതികരുടെ വളരെ ഇടുങ്ങിയ ഖുര്‍-ആന്‍ വ്യാഖ്യാന ഫലമാണ്‌ എന്നു ന്യൂയോര്‍ക്കിലെ ഒരു പ്രധാന ഇമാമായ ഒമര്‍ അബു-നമുസ്‌ പറയുന്നു: ഒരു മുറിയെ താക്കോല്‍ ദ്വാരത്തിലൂടെ മാത്രം കാണുന്ന കാഴ്‌ചപ്പാടുകാരാണ്‌ ഈ മൗലികവാദികള്‍ എന്നാണ്‌ അദ്ദേഹത്തിന്റെ കാഴ്‌ചപ്പാട്‌.

എന്നാല്‍ ഇതില്‍ നിന്നു ഭിന്നമാണ്‌ അല്‍-ജാബ്രി എന്ന ഗ്രന്ഥകാരന്റെ വീക്ഷണം. ഇപ്പോള്‍ നടക്കുന്നതു ചെറിയ സംഘര്‍ഷങ്ങളാണെന്നും വലിയ കുടിയേറ്റങ്ങള്‍ പാശ്‌ചാത്യനാടുകളിലേക്ക്‌ മുസ്ലീങ്ങള്‍ നടത്തുകയാണ്‌ എന്നുമാണ്‌. ഈ കുടിയേറ്റങ്ങള്‍ ആ സമൂഹങ്ങളില്‍ ശീതസമരം പോലുള്ള അവസ്‌ഥകള്‍ ഉണ്ടാക്കുന്നു. കാരണം സമൂഹത്തിന്റെ ഹൃദയഭാഗത്തെ പാശ്‌ചാത്യരും അതിരുകളിലെ മുസ്ലീങ്ങളും തമ്മില്‍ ഉണ്ടാകുന്ന ശീതസമരങ്ങള്‍. പക്ഷെ ഇതു സാവധാനം വലിയ ഉദ്‌ഗ്രഥനത്തിനു വഴിവയ്‌ക്കുമെന്നും കൂടുതല്‍ ഐക്യത്തിലേക്കു സമൂഹം വളരുമെന്നുമാണ്‌. ഈ വീക്ഷണത്തോട്‌ യോജിക്കാനാണ്‌ ഈ ലേഖകന്‍ ഇഷ്‌ടപ്പെടുന്നത്‌.

ആദാന പ്രദാനങ്ങളിലൂടെ രണ്ടു സമൂഹങ്ങളും ഒന്നിച്ച്‌ മെച്ചപ്പെട്ട അവസ്‌ഥയിലേക്ക്‌ വളരാനാണ്‌ സാധ്യത. പാശ്‌ചാത്യനാടുകള്‍ നേരിടുന്ന പ്രതിസന്ധിക്ക്‌ ഇതു ചിലപ്പോള്‍ മരുന്നാകുകയും ചെയ്യും. പാശ്‌ചാത്യരുടെ പ്രതിസന്ധി ബാഹ്യമായ യുദ്ധത്തെക്കാള്‍ ആന്തരികമായ മൂല്യശോഷണമാണ്‌. അവരെ ശക്‌തിപ്പെടുത്തിയ പാരമ്പര്യത്തിന്റെ മേല്‍ അവര്‍ക്കുണ്ടായ ബന്ധവിഛേദം. മനുഷ്യയുക്‌തിയില്‍ വിശ്വസിച്ചതിന്റെ അത്ഭുതമായിരുന്നു പാശ്‌ചാത്യസംസ്‌കാരം. ക്രൈസ്‌തവവിശ്വാസവും യവന യുക്‌തിയും സമ്മേളിച്ചതിന്റെ ഫലം.

അതു ഉണ്ടാക്കിയതു സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നീ മൂല്യങ്ങളില്‍ അടസ്‌ഥാനമിട്ട വലിയ മാനവികതയുടെ ജീവിതവ്യാകരണമാണ്‌. 20-ാം നൂറ്റാണ്ടിലെ അസ്‌തിത്വ ദാര്‍ശനികത ഹ്യൂമനിസമാണ്‌ എന്ന്‌ സാര്‍ത്ര്‌ ആവര്‍ത്തിച്ചു പറയുമ്പോഴും അദ്ദേഹത്തിന്റെ ഓക്കാനം(Nausea)എന്ന കൃതിയിലെ അദ്ദേഹത്തിന്റെ തന്നെ പ്രതിപുരുഷനായ റൊക്കെന്റിന്‍ പറയുന്നു: ഞാന്‍ ഉദ്‌ഗ്രഥനം ആഗ്രഹിക്കുന്നില്ല… മാനവ വിരുദ്ധന്‍ എന്ന്‌ എന്നെ വിളിക്കാവുന്ന വിധം ഞാന്‍ മണ്ടനല്ല. ഞാന്‍ ഒരു ഹ്യൂമനിസ്‌റ്റല്ല. അതു മാത്രമാണ്‌ യാഥാര്‍ത്ഥ്യം. മാനവദര്‍ശനം ഓക്കാനത്തിലും ഛര്‍ദ്ദിയിലുമെത്തിയ പ്രതിസന്ധി.
20-ാം നൂറ്റാണ്ടിലെ മറ്റൊരു പ്രമുഖ ഫ്രഞ്ച്‌ ചിന്തകനായ മിഷേല്‍ ഫുക്കോ എഴുതി: അടുത്തകാലത്ത്‌ മാത്രം കണ്ടെത്തപ്പെട്ടവനാണ്‌ മനുഷ്യന്‍ എന്നാണ്‌ നമ്മുടെ പുരാണം കാണിക്കുന്നത്‌. ആ കണ്ടെത്തലിന്റെ അന്ത്യം സമീപിച്ചിരിക്കുന്നു. ചിന്തിക്കാന്‍ ധൈര്യപ്പെടുക എന്ന കാന്റിന്റെ മുദ്രാവാക്യത്തില്‍ സംസ്‌ഥാപിതമായ നവോത്ഥാനത്തിന്റെ അടിസ്‌ഥാനമൂല്യങ്ങള്‍ അസ്‌ഥിരപ്പെടുന്നതിന്റെ വിനാശകരമായ പ്രതിസന്ധിയാണ്‌ കാണപ്പെടുന്നത്‌. നമ്മുടെ നാടും മൗലികവാദപരമായ തിരതള്ളലില്‍ നേരിടുന്ന പ്രതിസന്ധി നവോത്ഥാന മൂല്യങ്ങളുടേതുതന്നെ. പാശ്‌ചാത്യ ഹ്യുമനിസത്തിന്റെ രണ്ടു മാനങ്ങളാണ്‌ ക്രൈസ്‌തവ മാനവികതയും കമ്യൂണിസ്‌റ്റ് മാനവികതയും. ജോര്‍ജ്‌ സ്‌റ്റെയ്‌നര്‍ എന്ന ഫ്രഞ്ചുകാരനാണ്‌ പാശ്‌ചാത്യ മാനവിക ദര്‍ശനങ്ങള്‍ നിര്‍വചിച്ചത്‌ യഹൂദന്റെ മൂന്നു ഊഴങ്ങളായിരുന്നു എന്നു എഴുതിയത്‌. അവര്‍ മോസസ്‌, ജീസസ്‌, മാര്‍ക്‌സ് എന്നിവരാണ്‌.
ഈ മാനവിക ദര്‍ശനം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു നാസിസം. അതു പാശ്‌ചാത്യ സംസ്‌കാരത്തിന്റെ ഉള്ളില്‍ നിന്നു തന്നെ ഉണ്ടായി – ആര്യ വര്‍ഗാധിപത്യത്തിന്റെ ശുദ്ധമായ പേഗനിസം. അതിനെ അതിജീവിച്ച പാശ്‌ചാത്യ സംസ്‌കാരത്തിന്റെ അടിസ്‌ഥാനങ്ങള്‍ ഇപ്പോള്‍ ഇളകിയിരിക്കുന്നു.

ഞാനാണ്‌, ഞാനുണ്ട്‌, ഞാന്‍ ചിന്തിക്കുന്നു, അതുകൊണ്ട്‌ ഞാനുണ്ട്‌; ഞാനുണ്ട്‌ അതുകൊണ്ട്‌ ഞാന്‍ ചിന്തിക്കുന്നു. എനിക്ക്‌ ഇനി ചിന്ത വേണ്ട. ഞാന്‍ ഇനി വേണ്ട എന്ന്‌ ഞാന്‍ ചിന്തിക്കുന്നു…. ഓക്കാനത്തില്‍ സാര്‍ത്ര്‌ എഴുതി. ഞാന്‍ വേണ്ടാത്തവനാണ്‌, ഇതാണ്‌ ആത്യന്തികമായ ചിന്ത. പടര്‍ന്നു പിടിക്കുന്ന അര്‍ത്ഥശൂന്യതയുടെ അസ്‌തിത്വരോഗം നിഷേ വെളിപ്പെടുത്തിയ ദൈവത്തിന്റെ മരണത്തിന്റെ പ്രതിസന്ധിയാണ്‌.

അര്‍ത്ഥപൂര്‍ണമായ ജീവിതത്തിനും ചിന്തയ്‌ക്കും അടിസ്‌ഥാനം നല്‌കിയ ക്രൈസ്‌തവികതയുടെ തരിശുഭൂമിയായി ആ ലോകം മാറുന്നു. ആ സമൂഹത്തിന്റെ ആന്തരികബോധ്യങ്ങള്‍ ആ സമൂഹത്തിന്റെ അനുദിന പ്രവര്‍ത്തികളും ഉദ്യോഗങ്ങളും ഉത്തരവാദിത്വങ്ങളും നിര്‍വഹിക്കുന്നതുമായി ഒരു വിധത്തിലും പൊരുത്തപ്പെടത്തില്ല. നിരാശാജനകമായ വൈരുദ്ധ്യം.
ഇതിനോടു ചേര്‍ന്നു വായിക്കേണ്ടതാണ്‌ കമ്യൂണിസത്തിന്റെ പതനവും. മനുഷ്യത്വരഹിതമായ ഭീകരതയിലേക്കു സ്‌റ്റാലിനും ലെനിനും കമ്യൂണിസത്തെ നയിച്ചപ്പോഴും അതു മനുഷ്യന്‍ എന്ന ആദര്‍ശത്തിലേക്കുള്ള ധാര്‍മ്മികമായ പുറപ്പാടായിരുന്നു. പക്ഷെ, അതു അധാര്‍മ്മികതയില്‍ അലസിപ്പോയി. ഇതുപോലൊരു കഥനമാണ്‌ ബര്‍ട്രന്റ്‌ റസലിനെപ്പോലുള്ളവര്‍ യൂറോപ്പിലെ ക്രൈസ്‌തവികതയെക്കുറിച്ച്‌ എഴുതിയത്‌.

ഫ്രാന്‍സിസ്‌ അസീസിയുടെ ദാരിദ്ര്യം, ലാളിത്യം തുടങ്ങിയവയെ പിന്‍ഗാമികള്‍ അട്ടിമറിച്ചപ്പോള്‍ അതു ജീവിക്കാന്‍ ശ്രമിച്ച ഫ്രാന്‍സിസ്‌കന്‍ സ്‌പിരിച്ച്വല്‍സുകളെ 1323-ല്‍ ജോണ്‍ 22-ാമന്‍ മാര്‍പാപ്പ പാഷണ്ഡതയായി പ്രഖ്യാപിച്ചു പീഡിപ്പിച്ച കഥ അദ്ദേഹം അനുസ്‌മരിക്കുന്നു. മക്കിയവെല്ലിയുടെ രാജകുമാരന്‍ സുവിശേഷത്തേക്കാള്‍ പ്രധാനമായി കൈപ്പുസ്‌തകമാക്കിയ രാഷ്‌ട്രീയവും സഭയെ തളര്‍ത്തിട്ടിയിട്ടുണ്ട്‌. ഇവിടെ ക്രൈസ്‌തവികതയില്ല ക്രൈസ്‌തവ സാമ്രാജ്യമേയുള്ളൂ എന്ന പ്ര?ട്ടസ്‌റ്റന്റ്‌ ഡെന്മാര്‍ക്കിനെക്കുറിച്ച്‌ സോറണ്‍ കീര്‍ക്കെഗോര്‍ വിലപിച്ചതും മറക്കാനാവില്ല. ഒടുവില്‍ പ്ര?ട്ടസ്‌റ്റന്റിസം കമ്പോള മുതലാളിത്വത്തില്‍ മുങ്ങിമരിക്കുന്നു.

പക്ഷെ, യഹൂദ-ക്രൈസ്‌തവ മാനവീകതയാണ്‌ പാശ്‌ചാത്യസംസ്‌കാരം തീര്‍ത്ത്‌ ആ പ്രദേശങ്ങളെ ലോകത്തെവിടേയുമുള്ള മനുഷ്യരുടെ സ്വപ്‌നമാക്കിയത്‌. ഇന്നും ഇവിടെയും എവിടെയുമുള്ളവര്‍ അങ്ങോട്ട്‌ ചേക്കേറാന്‍ കൊതിക്കുന്നു. പാശ്‌ചാത്യഭൂമിയെ മനുഷ്യരുടെ ഭാവിയാക്കുന്നതു അവിടത്തെ മണ്ണിന്റെ പ്രത്യേകതയോ കാലാവസ്‌ഥയുടെ സുഖമോ സാമ്പത്തിക ലാഭനഷ്‌ടങ്ങളുടെ കണക്കോ അല്ല. അവിടെ മനുഷ്യനു ഭാവി നല്‌കുന്ന സംസ്‌കാരത്തിന്റെ പേരിലാണ്‌. അവിടെ മാനവീകതയുടെ മഹത്തായ മൂല്യങ്ങളുടെ ഭരണക്രമവും ജീവിതസാധ്യതകളുമുള്ളതുകൊണ്ടാണ്‌. ഇന്നും ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കമ്യൂണിസത്തിലേക്കും ക്രൈസ്‌തവികതയിലേക്കും സമൂഹങ്ങള്‍ ആകര്‍ഷിക്കപ്പെടുന്നതു അതിന്റെ മാനവികതയുടെ പേരിലാണ്‌. ഒരു ഉദാഹരണമാണല്ലോ നേപ്പാള്‍.

1912-ല്‍ അമേരിക്കയില്‍ റൂസ്‌വെല്‍റ്റ്‌ രാഷ്‌ട്രീയ പാര്‍ട്ടി കണ്‍വെന്‍ഷനില്‍ നടത്തിയ പ്രസംഗം വിശ്വാസപ്രഖ്യാപനത്തിന്റെയായിരുന്നു. അദ്ദേഹം അതവസാനിപ്പിച്ചതു ഇന്നും പ്രസക്‌തവും സാര്‍ത്ഥകവുമായ പ്രസ്‌താവത്തിലാണ്‌. മനുഷ്യവര്‍ഗത്തിന്റെ നന്മയ്‌ക്കായി അന്ത്യമില്ലാത്ത പോരാട്ടത്തിനു അരമുറുക്കിയ നിങ്ങളോട്‌ ഞാന്‍ വീണ്ടും പറയുന്നു. നാം ദുരന്തത്തിന്റെ മുമ്പിലാണ്‌, നാം ദൈവത്തിനായി യുദ്ധം ചെയ്യണം. ഇതു വിശ്വാസത്തിന്റെയാണ്‌, പക്ഷേ, സെക്കുലര്‍ മാനവികതയുടെ. ആ പാതയിലേക്ക്‌ ഇസ്ലാം മതവിശ്വാസികളുമായുള്ള ഒത്തുവാസത്തിലൂടെ പാശ്‌ചാത്യര്‍ തങ്ങളുടെ വിശ്വാസം വീണ്ടും കണ്ടെത്തുമെന്നതു അടിസ്‌ഥാനരഹിതമായ പ്രതീക്ഷയല്ല.

See more at: http://www.mangalam.com/opinion/381919

Tagged as:

Categorised in: വായന@ബൂലോകം, News

0 comments