Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

തിരുവിതാംകൂര്‍ ചരിത്രം; വേറിട്ടൊരു കാഴ്‌ചപ്പാട്‌

 [ഡോ. എം.എസ്‌. ജയപ്രകാശ്‌]

ലക്ഷം കോടി രൂപ കവിഞ്ഞിരിക്കുന്ന നിധിശേഖരമുള്ള പത്മനാഭസ്വാമി ക്ഷേത്രം ലോകശ്രദ്ധാകേന്ദ്രമായിരിക്കുകയാണല്ലോ. ഇതുസംബന്ധിച്ചു നടക്കുന്ന ചര്‍ച്ചകളിലും മറ്റും അബദ്ധജടിലമായ കാര്യങ്ങളാണ്‌ പലരും പറഞ്ഞുകൊണ്ടിരിക്കുന്നത്‌. തിരുവിതാംകൂര്‍ ചരിത്രമറിയാത്ത ചരിത്രകാരന്മാരും സാംസ്‌കാരിക-സാഹിത്യ നായകരും അടിസ്‌ഥാനരഹിതമായ വാദങ്ങള്‍ നിരത്തുന്നതു വിചിത്രമാണ്‌. മലബാര്‍ചരിത്രം പോലെയാണു തിരുവിതാംകൂറും എന്ന മട്ടിലാണ്‌ ചില പ്രമുഖ ചരിത്രകാരന്മാര്‍പോലും കാര്യങ്ങള്‍ തട്ടിവിടുന്നത്‌.

ശ്രീപത്മനാഭനും രാജാക്കന്മാരും ഇത്രയധികം സ്വത്ത്‌ ജനങ്ങള്‍ക്കുവേണ്ടി സൂക്ഷിച്ചുവച്ചിരുന്നു എന്നും അത്‌ ആലോചിക്കുമ്പോള്‍ കോള്‍മയിര്‍ കൊള്ളുന്നു എന്നും പറയുന്നവരുണ്ട്‌. അന്നു ജനദ്രോഹപരമായി ഭരണം നടത്തിയിരുന്നവരെ വാഴ്‌ത്തുകയും ചെയ്‌തിരിക്കുന്നു. ഇത്രയ്‌ക്കും കരുണാനിധിയായ പത്മനാഭസ്വാമിയുടെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ജനങ്ങളെ നൂറ്റാണ്ടുകളോളം അനുവദിക്കാതിരുന്നതും ജനങ്ങള്‍ക്കുവേണ്ടിയായിരിക്കുമോ!

യഥാര്‍ഥത്തില്‍ പഴയ ബുദ്ധവിഹാരമായിരുന്നു ഇന്നത്തെ പത്മനാഭസ്വാമിക്ഷേത്രം. അതുമായി ബന്ധപ്പെട്ട ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെയാണ്‌ അയിത്തം കല്‍പിച്ച്‌ പത്മനാഭദാസന്മാര്‍ മാറ്റിനിര്‍ത്തിയിരുന്നത്‌. ക്ഷേത്രപ്രവേശനം 1936ല്‍ നടന്നു. എന്നാല്‍ എന്നുമുതലാണ്‌ ക്ഷേത്രപ്രവേശനം നിഷേധിച്ചിരുന്നതെന്ന കാര്യം ആരും ചോദിക്കാറോ പറയാറോ ഇല്ല.

ഒമ്പതാം നൂറ്റാണ്ടിനുശേഷം നടന്ന കേരളത്തിലെ ആര്യവല്‍ക്കരണ ത്തെത്തുടര്‍ന്നാണ്‌ ബുദ്ധവിഹാരങ്ങള്‍ തകര്‍ത്ത്‌ ഹിന്ദുക്ഷേത്രങ്ങളാക്കി മാറ്റിയത്‌. പിന്നാക്ക- ദളിത്‌ വിഭാഗങ്ങള്‍ ഹിന്ദുക്കളായിരുന്നില്ല, ബുദ്ധമതക്കാരായിരുന്നു, അതുകൊണ്ടാണ്‌ അവരെ ക്ഷേത്രത്തില്‍ കയറ്റാതിരുന്നത്‌.

‘തിരുവിതാംകൂര്‍’ (മുമ്പ്‌ തിരുവിതാംകോടായിരുന്നു) എന്ന പദത്തിന്റെ അര്‍ഥംതന്നെ ബുദ്ധനെ സ്‌മരിക്കുന്നതാണ്‌. ഇക്കാര്യം ഇപ്പോള്‍ വിശദീകരിക്കുന്നില്ല. തിരുവിതാംകൂര്‍ ചരിത്രം പറയുന്ന എം.ജി.എസിനെപ്പോലുള്ളവര്‍ അതു പറയട്ടെ. അപ്പോഴറിയാം അദ്ദേഹം പറയുന്ന അബദ്ധങ്ങളുടെയും അസംബന്ധകാര്യങ്ങളുടെയും ആഴം. എം.ജി.എസ്‌. ധര്‍മരാജ്യമായി കാണുന്ന തിരുവിതാംകൂറിനെ സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമായിട്ടാണു കണ്ടത്‌.

പത്മനാഭസ്വാമിയുടെ നാടിനെപ്പറ്റി 1931ലെ സെന്‍സസ്‌ കമ്മിഷണര്‍ പറയുന്നത്‌ ഇങ്ങനെ: ”ഇന്ത്യയിലെതന്നെ നാട്ടുരാജ്യങ്ങളില്‍ ഏറ്റവുമധികം ജാതിവിവേചനം നിലനില്‍ക്കുന്ന രാജ്യമാണ്‌ തിരുവിതാംകൂര്‍. കേരളമാണ്‌ ഇതിന്റെ പാപഭാരം ഏറ്റെടുത്തിരിക്കുന്നത്‌”. (സെന്‍സസ്‌ റിപ്പോര്‍ട്ട്‌ 1931, പുറം 364)

ഈ അമൂല്യസമ്പത്ത്‌ അന്നത്തെ ഭരണാധികാരികള്‍ നേടിയതു സ്വന്തം പ്രജകളുടെ അവയവങ്ങള്‍ക്കുപോലും നികുതി വാങ്ങിക്കൊണ്ടായിരുന്നു. അവര്‍ണസമുദായങ്ങള്‍ നല്‍കിയ തലക്കരവും മുലക്കരവും ഇതില്‍ ഉള്‍പ്പെടും. പ്രജകളുടെ തലയും മുലയും വളരുന്നതനുസരിച്ച്‌ തങ്ങളുടെ ഖജനാവും വളരുമെന്നാണു ധര്‍മരാജ്യത്തിലെ പ്രജാക്ഷേമതല്‍പരര്‍ കരുതിയിരുന്നത്‌. ട്രഷറി കാലിയാവുന്ന പ്രശ്‌നമുണ്ടാകില്ല. ജനസംഖ്യ കൂടുന്തോറും വരുമാനവും കൂടും. ഇതായിരുന്നു ധര്‍മരാജ്യക്കാരുടെ സാമ്പത്തികശാസ്‌ത്രം.

 സ്‌ത്രീകള്‍ക്ക്‌ രണ്ടു മുലകള്‍ ഉണ്ടെങ്കിലും ഒരു നികുതി നല്‍കിയാല്‍ മതിയായിരുന്നു. ചേര്‍ത്തലയില്‍ ഒരു ഈഴവ സ്‌ത്രീ മുലക്കരം വാങ്ങാന്‍വന്ന ഉദ്യോഗസ്‌ഥന്റെ മുന്നില്‍ തന്റെ മുലകള്‍ ഛേദിച്ചുവച്ച ചരിത്രമുണ്ട്‌. ഈഴവരുടെ രക്ഷകനായി അവതരിച്ചിരിക്കുന്ന ചേര്‍ത്തലയിലെ വെള്ളാപ്പള്ളി ഇതൊന്നുമറിയാതെ ക്ഷേത്രസ്വത്ത്‌ തമ്പുരാന്റേതാണെന്നും ഹിന്ദുവിന്റേതാണെന്നും പറയുന്നത്‌ തികച്ചും അപലപനീയമാണ്‌. ഈ സ്‌ത്രീയുടെ സ്‌ഥലം ‘മുലച്ചിപറമ്പ്‌’ എന്നാണ്‌ ഇപ്പോഴും അറിയപ്പെടുന്നത്‌. ഇതു ഫ്രാന്‍സിലോ റഷ്യയിലോ ആയിരുന്നെങ്കില്‍ നമ്മുടെ ചരിത്രകാരന്മാര്‍ പാഠപുസ്‌തകത്തിലാക്കി കുട്ടികളെ പ്രബുദ്ധരാക്കുമായിരുന്നു.

ജനദ്രോഹപരമായ നൂറിലധികം നികുതികള്‍ അക്കാലത്തു കേരളത്തിലുണ്ടായിരുന്നു; പ്രത്യേകിച്ചു തിരുവിതാംകൂറില്‍. രൂപാവരി, ആണ്ടക്കാഴ്‌ച, കുപ്പക്കാഴ്‌ച, മുടിയെടുപ്പ്‌, അലങ്കാരം, കൈക്കൂലി, തങ്കശേരി വേലികെട്ട്‌, മുണ്ടുവച്ചുതൊഴല്‍, ഈഴവാത്തിക്കാശ്‌, മണ്ണാന്‍ മാറ്റുവരി, കച്ചപ്പണം, തിരുക്കല്യാണം തുടങ്ങിയ പേരുകളിലാണു നികുതികള്‍ പിരിച്ചിരുന്നത്‌. തലക്കരം വര്‍ഷത്തിലൊരിക്കലാണു പിരിച്ചിരുന്നത്‌. 16 മുതല്‍ 60 വരെ വയസുള്ള അവര്‍ണരുടെ തലയെണ്ണി വാങ്ങിയിരുന്ന നികുതിയാണിത്‌. നായന്മാരെയും മാപ്പിളമാരെയും കൊങ്കിണികളെയും ഈ നികുതിയില്‍നിന്ന്‌ ഒഴിവാക്കിയിരുന്നു. മരിച്ചുപോയവര്‍ക്കും തലക്കരം കൊടുക്കണമായിരുന്നു. സി.എം. ആഗൂര്‍ രചിച്ച ‘ചര്‍ച്ച്‌ ഹിസ്‌റ്ററി ഓഫ്‌ ട്രാവന്‍കൂര്‍’ എന്ന കൃതിയിലും സ്‌റ്റേറ്റ്‌ മാന്വലുകളിലും ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്‌. തലവരിയിനത്തില്‍ ഈഴവരില്‍നിന്നും ചാന്നാന്മാരില്‍നിന്നും പ്രതിവര്‍ഷം 88,044 രൂപയും മറ്റ്‌ ഏഴു ജാതികളില്‍നിന്ന്‌ 4,624 രൂപയും പിരിച്ചെടുത്തിരുന്നു. കുടില്‍ ഒന്നിന്‌ രണ്ടു പണം വീതമാണ്‌ മറ്റു ഹീനജാതിക്കാരില്‍നിന്നു പിരിച്ചെടുത്തിരുന്നത്‌. 1861ല്‍ നാലു മണ്ഡപത്തും വാതില്‍ക്കലായി 4089 ഈഴവരുടെയും പറയരുടെയും പേരില്‍ 4492 കാലേ അരയ്‌ക്കാല്‍ പണം പിരിച്ചതായി കണക്കുണ്ട്‌. അനേകം നൂറ്റാണ്ടുകള്‍ ഈ കൊള്ള നീണ്ടുനിന്നു. ഈ നികുതിപ്പണവും ക്ഷേത്രസ്വത്തിലുണ്ട്‌.

”ചേരവംശപാരമ്പര്യവും ആയ്‌വംശ പാരമ്പര്യവും അവകാശപ്പെട്ട വേണാട്ട്‌ നാടുവാഴികള്‍ തിരുവനന്തപുരം തലസ്‌ഥാനമാക്കി തിരുവിതാംകൂര്‍ എന്നു പേരുള്ള രാജ്യം ഭരിച്ചുപോന്നു” എന്ന അഭിപ്രായവും പഠനാര്‍ഹമാണ്‌.

ചേരരാജാക്കന്മാരും ആയ്‌ രാജാക്കന്മാരും കേരളത്തിന്റെ ആര്യവല്‍ക്കരണത്തിനു മുമ്പ്‌ (ബ്രാഹ്‌മണാധിപത്യമുള്ള ചാതുര്‍വര്‍ണ്യ വ്യവസ്‌ഥിതി അടിച്ചേല്‍പിച്ച പ്രക്രിയ) ബുദ്ധമത പാരമ്പര്യമുള്ളവരായിരുന്നു. കൊടുങ്ങല്ലൂരില്‍ ഇസ്ലാം മതം സ്വീകരിച്ച ചേരമാന്‍ പെരുമാള്‍വരെ ആ പാരമ്പര്യം നീണ്ടുനിന്നു. ‘പെരുമാള്‍’ എന്നതു ബുദ്ധമതക്കാരായിരുന്ന ചേരരാജാക്കന്മാരുടെ മാത്രം സ്‌ഥാനപ്പേരാണ്‌.

ബുദ്ധമതത്തെയും ചേരസംസ്‌കാരത്തെയും തകര്‍ത്ത ചാതുര്‍വര്‍ണ്യ ശക്‌തികളാണു തിരുവിതാംകൂറില്‍ ഹിന്ദു രാജാക്കന്മാരായി രംഗത്തുവന്നത്‌. അതോടെ ‘പെരുമാള്‍’ സ്‌ഥാനം ഉപേക്ഷിച്ച്‌ ‘വര്‍മ’ എന്ന സ്‌ഥാനപ്പേരു സ്വീകരിച്ചു. മാര്‍ത്താണ്ഡവര്‍മ, രാജശേഖരവര്‍മ എന്നിങ്ങനെയുള്ള പേരുകള്‍ അങ്ങനെ വന്നതാണ്‌.

ചേരഭരണകാലത്ത്‌ ഈ ക്ഷേത്രം ബുദ്ധവിഹാരമായിരുന്നു. പാമ്പിന്റെ പുറത്തു കിടക്കുന്നതോ ഇരിക്കുന്നതോ ആയ ബുദ്ധവിഗ്രഹങ്ങള്‍ ഉത്തരേന്ത്യയിലും ശ്രീലങ്കയിലും ധാരാളമായി കാണാം. കുലശേഖര പെരുമാളുടെ കിരീടം കിട്ടിയതായി വാര്‍ത്ത വന്നിരുന്നല്ലോ. ഈ കിരീടം തിരുവിതാംകൂര്‍ രാജാക്കന്മാര്‍ കിരീടധാരണച്ചടങ്ങിന്‌ ആചാരമായി തലയില്‍ വയ്‌ക്കാറുണ്ടായിരുന്നു.

ബുദ്ധമതക്കാരനായിരുന്ന പെരുമാളുടെ കിരീടം പത്മനാഭക്ഷേത്രത്തില്‍ വന്നത്‌ എങ്ങനെ? പള്ളിവേട്ട ഉള്‍പ്പെടെയുള്ള ‘പള്ളി’ ശബ്‌ദമുള്ള ക്ഷേത്രാചാരങ്ങള്‍ കാണിക്കുന്നത്‌ പള്ളിയെ (ബുദ്ധവിഹാരത്തെ) തകര്‍ത്തു എന്നു തന്നെയാണ്‌. ‘പള്ളികൊള്ളുന്ന പത്മനാഭന്‍’ എന്ന പദപ്രയോഗവും ശ്രദ്ധിക്കുക. കൈയില്‍ താമരപ്പൂ പിടിച്ചിട്ടുള്ള ബുദ്ധവിഗ്രഹങ്ങളും ധാരാളമുണ്ട്‌. ആല്‍വൃക്ഷം, താമര, വലംപിരി ശംഖ്‌, സ്വര്‍ണമത്സ്യം തുടങ്ങിയവ ബുദ്ധമത പ്രതീകങ്ങളാണ്‌. ഇന്നു ഹിന്ദുത്വ പാര്‍ട്ടിയുടെ ചിഹ്നമാണു ‘താമര’ എന്നതും ശ്രദ്ധേയമാണ്‌. കൈയില്‍ താമരപ്പൂ പിടിച്ചു കിടക്കുന്ന ഒരാളുടെ പൊക്കിളിനടുത്തായിരിക്കും താമര കാണപ്പെടുക. ഇതിനെയാണു വിഷ്‌ണുവിന്റെ പൊക്കിളില്‍ താമരയെന്നു പറയുന്നത്‌.

ശബരിമലയ്‌ക്കു കൊണ്ടുപോകുന്ന കെട്ടിനെ പള്ളിക്കെട്ടെന്നു വിളിക്കുന്നുണ്ടല്ലോ. ശബരിമലയും മുമ്പു ബുദ്ധക്ഷേത്രമായിരുന്നു. ‘അയ്യന്‍’ ബുദ്ധന്റെ പര്യായമാണ്‌. ‘എന്റയ്യോ’ എന്നു മലയാളി നിലവിളിക്കുന്നത്‌ അയ്യനെന്ന അയ്യപ്പനെ (ബുദ്ധനെ) ഓര്‍ത്താണ്‌. ഇതിനു ശേഷമാണു കര്‍ത്താവേ, അള്ളാ എന്നൊക്കെ വിളിക്കാന്‍ തുടങ്ങിയത്‌. ബുദ്ധവിഗ്രഹമായ തകഴിയിലെ കരുമാടിക്കുട്ടനിലെ കുട്ടനും ബുദ്ധന്റെ പര്യായമാണ്‌. ബുദ്ധവിഗ്രഹങ്ങളെ വിഷ്‌ണുവാക്കുന്ന വിദ്യ ജയദേവന്റെ ‘ഗീതഗോവിന്ദം’ എന്ന കൃതിയില്‍ പറയുന്നുണ്ട്‌.

നിലവിലുള്ള ക്ഷേത്രകഥകളില്‍നിന്നു രണ്ടു കാലഘട്ടങ്ങളിലൂടെ അതിന്റെ ചരിത്രം കടന്നുവരുന്നതായി മനസിലാക്കാം. പുത്തരിക്കണ്ടത്തിനടുത്തുള്ള അനന്തന്‍കാട്ടില്‍ കിഴങ്ങു ചികഞ്ഞുകൊണ്ടിരുന്ന പെരുമാട്ടുനീലി എന്ന പുലയസ്‌ത്രീയുടെ അരിവാളില്‍ ഒരു ശിലാവിഗ്രഹം തടയുവാനിടയായി. അവള്‍ അതിനെ അരയാലിന്‍ചുവട്ടില്‍ സ്‌ഥാപിച്ചത്രേ. മണ്ണില്‍ പുതഞ്ഞുകിടന്ന വിഗ്രഹം തകര്‍ക്കപ്പെട്ടതും മണ്ണടിഞ്ഞതുമായ ഒരു കേന്ദ്രത്തിലേതാണെന്നു തെളിയുന്നു. 
Problem in keeping an erection A problem in getting erection but do not forget to ordine cialis on line talk to your doctor before using the drug. The anti-impotence medication gives you results in under 30 minutes, with some people claiming that it works faster viagra sans prescription browse over here now than other medicines presented for sale for the supervision of erectile dysfunction are caused physical conditions such as cardiovascular disease, neurological disorders, diabetes, kidney disease, smoking, high cholesterol, alcoholism and hormonal imbalance. The generic tadalafil tablets intensely saw trial lasted five months and MJ was eventually acquitted in May 2005. Together with your partner in therapy can additionally be ready to lend a hand. cialis in canada pharmacy
വില്വമംഗലം സ്വാമിയുമായി ബന്ധപ്പെട്ട കഥയില്‍ പറയുന്നതിങ്ങനെ: ”വിഗ്രഹത്തിന്റെ കിരീടമണിഞ്ഞ ശിരസ്‌ തിരുവല്ലത്തും മധ്യഭാഗം അനന്തന്‍കാട്ടിലും പാദങ്ങള്‍ തൃപ്പാദപുരത്തുമാണ്‌.” അനേകം ബുദ്ധമത കേന്ദ്രങ്ങളെ ഹിന്ദുക്ഷേത്രങ്ങളായി മാറ്റിയ ആളാണു വില്വമംഗലം. ക്ഷേത്രപ്രവേശനം നിരോധിച്ചിരുന്ന കാര്യവും ഇവിടെ ഓര്‍ക്കുക. അനേകം ബുദ്ധമതാനുയായികളെ തീയിട്ടു കൊന്ന കാര്യവും ഈ ലേഖകന്‍ മുമ്പു പരാമര്‍ശിച്ചിട്ടുള്ളതും ഇവിടെ ശ്രദ്ധേയമാണ്‌. ഇന്നത്തെ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വിഗ്രഹത്തെ മുഴുവനായി കാണാനാവില്ല. തല, മധ്യഭാഗം, കാലുകള്‍ എന്നിങ്ങനെ വേര്‍തിരിച്ചു കാണാവുന്ന തരത്തിലാണു വിഗ്രഹം കാണുന്നത്‌. ”കലിയുഗം ആരംഭിച്ച്‌ മൂന്നുവര്‍ഷവും ഇരുനൂറ്റിമുപ്പതു ദിവസവും കഴിഞ്ഞപ്പോള്‍ ഒരു സന്യാസി വിഗ്രഹം പ്രതിഷ്‌ഠിച്ചു” എന്നു മതിലകം ഗ്രന്ഥവരിയില്‍ പറയുന്നുണ്ട്‌. ബുദ്ധവിഗ്രഹത്തെ വില്വമംഗലം വിഷ്‌ണുവാക്കിയതിന്റെ സൂചനയാണ്‌ ഇതില്‍ തെളിയുന്നത്‌. കോട്ടയ്‌ക്കകത്തു ക്ഷേത്രത്തിനു ചുറ്റും താമസിക്കുന്ന തമിഴ്‌നാടുമായി ബന്ധമുള്ള ബ്രാഹ്‌മണ കുടുംബങ്ങളുടെ വരവും മേല്‍പറഞ്ഞ കാര്യവുമായി ചേര്‍ത്തുവായിക്കാവുന്നതാണ്‌. മലയാള ബ്രാഹ്‌മണര്‍ എന്നറിയപ്പെടുന്ന നമ്പൂതിരിമാര്‍ അവിടെയില്ല. അയ്യര്‍, അയ്യങ്കാര്‍ വിഭാഗം ബ്രാഹ്‌മണര്‍ അഗ്രഹാരങ്ങളിലും നമ്പൂതിരിമാര്‍ ഇല്ലങ്ങളിലുമാണു താമസിക്കുന്നതെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ട ചരിത്രവസ്‌തുതയാണ്‌. ഇതൊക്കെ തമസ്‌കരിച്ചുകൊണ്ടാണ്‌ എം.ജി.എസും മറ്റും ചരിത്രം പറയുന്നത്‌.

പത്മനാഭസ്വാമി ക്ഷേത്രത്തെപ്പറ്റി ശ്രീനാരായണഗുരുവിന്റെ ശിഷ്യന്മാരില്‍ അഗ്രഗണ്യനും നായര്‍ സമുദായാംഗവുമായ സത്യവ്രത സ്വാമികള്‍ പറയുന്നത്‌ ഏറെ ശ്രദ്ധേയവും ചിന്തോദ്ദീപകവുമാണ്‌. അതിങ്ങനെ: ”സംന്യാസികളില്‍ നായരും തിയ്യരും എന്ന വ്യത്യാസമില്ല. അതുകൊണ്ടു നിങ്ങള്‍ എന്നെ ‘നായര്‍’ എന്ന ദൃഷ്‌ടിവച്ചു നോക്കാതെയിരിക്കണം…. നാമെല്ലാവരും ബുദ്ധമതക്കാരായിരുന്നു എന്നുള്ളതിനും ഉത്തമലക്ഷ്യം നമ്മുടെ ‘മാമൂല്‍’ പ്രിയം തന്നെ. ബുദ്ധമതാചാര ഗ്രന്ഥത്തിനുള്ള പേര്‍ മാമൂല്‍ എന്നാണ്‌. തിരുവിതാംകൂര്‍ രാജ്യം ധര്‍മരാജ്യമാണെന്നു കേട്ടിരിക്കുന്നമല്ലോ. ”ധര്‍മാജ്യസ്‌തഥാഗതം” എന്നുള്ള അമരവാക്യം ”ധര്‍മ്മോമല്‍ കുലദൈവം” എന്നാണ്‌. (തഥാഗതന്‍ ബുദ്ധനാണ്‌). ധര്‍മ്മരാജാക്കന്മാരുടെ കുലദൈവമായ തിരുവനന്തപുരത്തുള്ള ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹം ബുദ്ധ വിഗ്രഹമാണ്‌. അതുപോലുള്ള വിഗ്രഹം സിലോണിലെ ബുദ്ധവിഹാരങ്ങളില്‍ ഞാന്‍ കണ്ടിട്ടുണ്ട്‌. ഇന്നത്തെ ശാസ്‌താംകോവിലില്‍ കാണുന്നതും ബുദ്ധവിഗ്രഹമാണ്‌. നമ്മുടെ ഭഗവതിമാരെല്ലാം ബുദ്ധഭിക്ഷുണിമാരായിരുന്നു….. കൊടുങ്ങല്ലൂര്‍ക്കു കോഴിയും കള്ളും മരലിംഗവുമായി പോകുന്നവര്‍ ഈ സദസില്‍ കാണുമെന്നറിയാം.” (1923 മാര്‍ച്ച്‌ 31-നു പാലക്കാട്‌ കുഴല്‍മന്ദത്തു നടത്തിയ പ്രസംഗം, ശിവഗിരി മാസിക പുനഃപ്രകാശനം ചെയ്‌തത്‌. വാല്യം 24, ലക്കം-15, മെയ്‌ 2002).

ഒന്‍പതാം നൂറ്റാണ്ടു മുതല്‍ക്കെങ്കിലും ആള്‍വാര്‍മാര്‍ എന്ന വൈഷ്‌ണവധാര ഇവിടെ എത്തിയെന്നും ഒന്‍പതാം നൂറ്റാണ്ടിന്റെ അവസാനം എഴുതിയ ‘മലൈനാട്ടു തിരുപ്പതികള്‍’ എന്ന കവിതാ സമാഹാരത്തില്‍ തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രം സ്‌ഥാനം പിടിച്ചുവെന്നും എം.ജി.എസ്‌. പറയുന്നു. 925 വരെ ഭരിച്ചിരുന്ന ആയ്‌ രാജാവായ വിക്രമാദിത്യ വരഗുണന്‍ ബുദ്ധവിഹാരങ്ങള്‍ക്കു സംഭാവന നല്‍കിയതായി രേഖയുണ്ട്‌. ചേരനാട്ടിലെ തിരുമൂലപാദം (ശ്രീമൂലവാസം) ബുദ്ധവിഹാരത്തിനു വന്‍തോതില്‍ ഭൂമി ഉള്‍പ്പെടെ ദാനം നല്‍കിയിട്ടുണ്ട്‌. കൊല്ലത്തെ തിരുമുല്ലവാരമാണു ‘തിരുമൂല പാദത്തിന്റെ’ കേന്ദ്രമെന്ന്‌ ഈ ലേഖകന്‍ കണ്ടെത്തിയിട്ടുണ്ട്‌. ശൈവ-വൈഷ്‌ണവധാരയിലെ ആള്‍വാര്‍മാരും നയിനാര്‍മാരും ചേരനാട്ടില്‍ (കേരളത്തില്‍) ശക്‌തിപ്പെടുന്നത്‌ 11, 12 നൂറ്റാണ്ടുകളിലാണ്‌. അതുവരെ ബുദ്ധമതമാണു ശക്‌തമായി നിലനിന്നിരുന്നത്‌, ചില പ്രദേശങ്ങളില്‍ ജൈനമതവും. അതായത്‌ എ.ഡി. ഒന്‍പതാം നൂറ്റാണ്ടു വരെ പത്മനാഭക്ഷേത്രം ബുദ്ധവിഹാരം തന്നെയായിരുന്നു എന്നാണ്‌ ഇവിടെ തെളിയുന്നത്‌. ആര്യവല്‍ക്കരണം ശക്‌തമായതും ഇക്കാലത്താണ്‌.

എ.ഡി. 9-ാം നൂറ്റാണ്ടു വരെയും ‘പത്മനാഭന്‍’ ബുദ്ധനാണെന്നാണല്ലോ ഇതു തെളിയിക്കുന്നത്‌. ക്ഷേത്രത്തിനു ചുറ്റും തമിഴ്‌ ബ്രാഹ്‌മണരെ കൊണ്ടുവന്നു കുടിയിരുത്തിയതും ബുദ്ധനെ വിഷ്‌ണുവാക്കിയതിന്റെ തെളിവാണ്‌. ക്ഷേത്രസ്വത്തില്‍ ഒരുഭാഗം ചേര-ബുദ്ധമത കാലത്തിന്റേതു കൂടിയാണെന്നും ഇതില്‍ നിന്നു മനസിലാക്കാം. അന്നു തലയ്‌ക്കും മുലയ്‌ക്കും നികുതിയുണ്ടായിരുന്നില്ല. ഗ്രീസ്‌, റോം, ഈജിപ്‌ത് തുടങ്ങിയ രാജ്യങ്ങളുമായി വന്‍തോതില്‍ കച്ചവടം നടന്നിരുന്ന കാലമായിരുന്നു അത്‌. രാജ്യത്ത്‌ സമ്പല്‍സമൃദ്ധി നിലനിന്നിരുന്നു. പില്‍ക്കാലത്ത്‌ ഇതൊക്കെ തകര്‍ത്ത ഹിന്ദുത്വ വാദികളാണു ചേരമാന്‍ പെരുമാളിനെയും പ്രജകളെയും ഇസ്ലാംമതം സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്‌.

ചേരമാന്‍ പള്ളിയും കൊടുങ്ങല്ലൂര്‍, ഗുരുവായൂര്‍, ചാവക്കാട്‌ മേഖലയിലെ മുസ്ലിം ജനസംഖ്യയും ഇതാണു തെളിയിക്കുന്നത്‌. നല്ലൊരു ഭാഗം ഈഴവരായിരുന്നു ഇസ്ലാം മതം സ്വീകരിച്ചത്‌. ബാക്കി വന്നവരെയാണ്‌ ഇന്നു നാട്ടികയിലും മറ്റും കൂടുതലായി കാണുന്നത്‌. ക്ഷേത്രം തിരുവിതാംകൂര്‍ രാജാക്കന്മാരുടെ കുടുംബസ്വത്താണെന്ന വാദം വിഡ്‌ഢിത്തമാണ്‌. ഒന്‍പതാം നൂറ്റാണ്ടു വരെയും അതു ബുദ്ധവിഹാരമായിരുന്നെന്നു നാം കണ്ടുകഴിഞ്ഞു. ഇന്നത്തെ പിന്നാക്ക-ദളിത്‌-മതന്യൂനപക്ഷങ്ങളുടെ പൂര്‍വിക രുടേതാണു പത്മനാഭസ്വാമി ക്ഷേത്രം എന്നു വേണം കരുതാന്‍. മേല്‍പ്പറഞ്ഞ വസ്‌തുതകള്‍ അതാണു തെളിയിക്കുന്നത്‌.

‘മതിലകം രേഖകള്‍’ പറയുന്നതു ബുദ്ധക്ഷേത്രത്തെ തന്ത്രപൂര്‍വം ഹിന്ദു ക്ഷേത്രമാക്കിയതിനു ശേഷമുള്ള ചരിത്രമാണ്‌. ക്ഷേത്രം പലതവണ പുതുക്കിപ്പണിത കാര്യവും വിശദ വിവരങ്ങളുമാണ്‌ അതിലുള്ളത്‌. 1733-ല്‍ മാര്‍ത്താണ്ഡവര്‍മ പുതുക്കിപ്പണിതിട്ടുണ്ട്‌. എന്തിനെയാണു പുതുക്കിപ്പണിതതെന്ന ചരിത്രസത്യമാണു മുമ്പു പറഞ്ഞ കാര്യങ്ങളില്‍ തെളിയുന്നത്‌. ക്ഷേത്രം തീപിടിച്ച കാര്യവും ഇതില്‍ കാണാം. 1688 ഫെബ്രുവരിയില്‍ തീപിടിത്തമുണ്ടായതിന്റെ വര്‍ണനയിങ്ങനെ: ”വെള്ളിയും പൊന്നും ചെമ്പും തിരാമും (വെള്ളിനാണയം) വെങ്കലവും ഇരുമ്പും മരവും കല്ലും ഒന്നുപോലെ വെന്തുപോയി. തിരുമേനി (മുമ്പ്‌ ബുദ്ധന്‍) കിടന്നു തീയെരിയുന്നതുകണ്ട്‌ ഒക്കെക്കൂടി ചെന്നു വെള്ളം കോരി വീത്തി”.

രാജവാഴ്‌ചക്കാലത്തു രാജാവാണു രാഷ്‌ട്രത്തിന്റെ അധിപന്‍. എല്ലാം സംരക്ഷിക്കേണ്ടയാള്‍ അദ്ദേഹം തന്നെ. ഇന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍ ക്ഷേത്രം സംരക്ഷിക്കാമെന്നു പറഞ്ഞാല്‍ അതിന്റെ അര്‍ഥം ക്ഷേത്ര സ്വത്ത്‌ ചാണ്ടി വകയാകുമെന്നല്ല. അതുപോലെയാണ്‌ അന്നത്തെ രാജാവു സംരക്ഷിച്ച രാഷ്‌ട്രത്തിന്റെ മുതല്‍ രാജാവിന്റെ കുടുംബസ്വത്താകുന്നില്ല. നിധി കാക്കുന്ന ഭൂതം നിധിയുടെ ഉടമയാകുമോ? ഭൂതകാലത്തിലും വര്‍ത്തമാനത്തിലും അതുതന്നെയാണു ചരിത്രഗതി. ഏതു ജാതി സ്‌ത്രീയായാലും രാജവാഴ്‌ചക്കാലത്ത്‌ അതു രാജാവിന്റെയും ശിങ്കിടികളുടെയും വകയാണെന്നു പറയുന്ന വെണ്‍മണി പ്രയോഗം പോലെയാണിത്‌.

തിരുവിതാംകൂര്‍, കൊച്ചി നാട്ടുരാജ്യങ്ങളിലെ ക്ഷേത്രങ്ങളുടെ അവകാശം ഐക്യകേരള രൂപീകരണത്തോടെ ദേവസ്വം ബോര്‍ഡുകളുടേതായി. എന്നാല്‍, പത്മനാഭ സ്വാമി ക്ഷേത്രഭരണം തിരുവിതാംകൂര്‍ രാജാവിനു തന്നെ ലഭിച്ചു. 1991-ല്‍ ചിത്തിരതിരുനാള്‍ അന്തരിച്ചതോടെ ഭരണഘടനയുടെ 366(22) അനുഛേദപ്രകാരമുള്ള ഭരണാധികാരി എന്ന പദവി സര്‍ക്കാരിനാണെന്നു കോടതി കണ്ടെത്തിയിരിക്കുന്നു. എന്നിട്ടും ഭരണം നടത്താന്‍ മുന്‍ രാജാവിനെ അനുവദിച്ച സര്‍ക്കാര്‍ നിലപാട്‌ നിയമപരവും ന്യായവുമാണെന്നു കരുതാനാകില്ലെന്നു കോടതി വിധിച്ചിട്ടുണ്ട്‌.

അവസാന രാജാവിന്റെ സഹോദരന്‍ ക്ഷേത്രസ്വത്തുക്കളുടെയും മറ്റും ചിത്രങ്ങളെടുത്തതു വിവാദമായിരുന്നു. മാത്രമല്ല 2007 സെപ്‌റ്റംബര്‍ 15-നു പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കള്‍ രാജകുടുംബത്തിന്റേതാണെന്നു പ്രസിദ്ധപ്പെടുത്തുകയും ചെയ്‌തു. ഇതിനെതിരേ ഭക്‌തരും മറ്റും നല്‍കിയ നിരവധി സിവില്‍ കേസുകളും നിലവിലുണ്ട്‌. തിരുവനന്തപുരം സ്വദേശി അഡ്വ. സുന്ദരരാജന്‍ നല്‍കിയ ഹര്‍ജിയിലാണു ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്‌. ഇതിനെയാണു സുപ്രീംകോടതിയില്‍ ചോദ്യം ചെയ്‌തത്‌.

നൂറ്റാണ്ടുകളായി തുറക്കാതിരിക്കുന്ന ക്ഷേത്രത്തിലെ ‘ബി’ എന്ന ഉരുക്കറയ്‌ക്കു പിന്നില്‍ ഒരു രഹസ്യമുണ്ടാകാനാണു സാധ്യത. ശംഖുമുഖം കടലിലേക്കും പുലയനാര്‍ കോട്ടയിലേക്കുമുള്ള പണ്ടത്തെ തുരങ്കത്തിന്റെ പ്രവേശനകവാടമാണതെന്നു കരുതേണ്ടിയിരിക്കുന്നു. അറ തുറന്നാല്‍ കടല്‍ ഇരച്ചു കയറുമെന്നും വിഷപ്പാമ്പുകള്‍ ചീറി വരുമെന്നുമുള്ള ക്ഷേത്രകഥയിലെ പരാമര്‍ശങ്ങള്‍ മംഗളം കഴിഞ്ഞദിവസം ഒന്നാം പേജില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നല്ലോ. ഈ കഥയില്‍ ചരിത്രസത്യം മറഞ്ഞിരിക്കുന്നുണ്ട്‌.

ക്ഷേത്രം ബുദ്ധവിഹാരമായിരുന്ന കാലത്തു ശംഖുമുഖം കടല്‍ത്തീരത്തുനിന്നും പുലയനാര്‍ കോട്ടയില്‍ നിന്നും ക്ഷേത്രത്തിലെത്താനുള്ള തുരങ്കമുണ്ടായിരുന്നതായി ചില വിവരണങ്ങളില്‍ കാണുന്നുണ്ട്‌. ലോകപ്രസിദ്ധ ബുദ്ധമത കേന്ദ്രമായ ശ്രീലങ്കയില്‍ നിന്നും കേരളതീരത്തുള്ള ശ്രീമൂലവാസം, കൊടുങ്ങല്ലൂര്‍, ഗുരുവായൂര്‍ (അന്ന്‌ കൊരവയൂര്‍) തുടങ്ങിയ ബുദ്ധമത കേന്ദ്രങ്ങളില്‍ നിന്നും കടല്‍മാര്‍ഗം ശംഖുമുഖത്ത്‌ എത്തുന്നവര്‍ ഈ തുരങ്കം വഴി വന്നു പത്മപാണിയെ (കൈയില്‍ താമരയുള്ള ബുദ്ധവിഗ്രഹത്തെ) സന്ദര്‍ശിച്ചിരുന്നു. ബുദ്ധനെ വിഷ്‌ണുവിന്റെ പത്താമത്തെ അവതാരമാക്കിയതിനു ശേഷമാണ്‌ ഇന്നു കാണുന്ന ‘പത്മനാഭന്‍’ എന്ന പേരു വന്നത്‌. നാഭിയില്‍ (പൊക്കിളില്‍) താമരയുള്ളവന്‍ എന്നര്‍ഥം.

പുലയറാണിയുടെ കേന്ദ്രമായിരുന്ന തിരുവനന്തപുരത്തെ പുലയനാര്‍ കോട്ടയില്‍നിന്നു ഒരു തുരങ്കം ക്ഷേത്രത്തിലേക്ക്‌ ഉണ്ടായിരുന്നതായും പരാമര്‍ശമുണ്ട്‌. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പുതിയ ബ്ലോക്കിന്റെ നിര്‍മാണസമയത്തു തൊഴിലാളികള്‍ ഒരു തുരങ്കത്തിന്റെ ഭാഗം കണ്ടതായി വാര്‍ത്ത വന്നിരുന്നു. 

കടലിലേക്കും കൊട്ടാരത്തിലേക്കുമുള്ള തുരങ്കത്തിന്റെ പ്രവേശനകവാടമായതു കൊണ്ടാകാം അപകടം സൂചിപ്പിക്കുന്ന സര്‍പ്പത്തിന്റെ ചിത്രം ‘ബി’ അറയില്‍ കാണുന്നത്‌. ഉരുക്കിലുണ്ടാക്കിയ പൂട്ടു വന്നതും അതുകൊണ്ടാവാം.

കാസര്‍ഗോട്ടെ മഞ്ചേശ്വരത്തുള്ള ‘അനന്തപുരം’ ക്ഷേത്രത്തിലും ഇതുപോലത്തെ തുരങ്കം കടല്‍ത്തീരത്തേക്കു പോകുന്നുണ്ട്‌. തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രത്തിലേക്കും അതുവഴി പോകാമെന്നു മഞ്ചേശ്വരത്തെ നാട്ടുകാര്‍ പറയുന്നുണ്ട്‌. പാമ്പിന്റെ മുകളിലിരിക്കുന്ന ബുദ്ധപ്രതിമയെ ആണ്‌ ‘അനന്തപുരത്തു’ വിഷ്‌ണുവായി ആരാധിക്കുന്നത്‌. അനന്തപുരത്തോട്‌ ‘തിരു’ ചേര്‍ത്താണു തിരുവനന്തപുരം എന്ന പേരുണ്ടാക്കിയതെന്നും കാണാനാവും.

Media association with Mangalam daily.

http://mangalam.com/index.phppage=detail&nid=445579&lang=malayalam

Tagged as: ,

1 Response »

  1. ഗ്രീസ്‌, റോം, ഈജിപ്‌ത് തുടങ്ങിയ രാജ്യങ്ങളുമായി വന്‍തോതില്‍ കച്ചവടം നടന്നിരുന്ന കാലമായിരുന്നു അത്‌. അതും ഒന്‍പതാം നൂറ്റാണ്ടില്‍….???? വിഡ്ഢിത്തം പറയുമ്പോള്‍ കുറച്ചുകൂടി ആലോചിച്ചു പറയു …..

Leave a Reply