Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

വോള്‍ഗയില്‍ മഞ്ഞുപെയ്യുമ്പോള്‍

[പുനത്തില്‍ കുഞ്ഞബ്ദുള്ള ]

മിന്‍സ്‌കില്‍ വണ്ടി നിന്നു. ലഗേജുകള്‍ ഇറക്കിവെച്ച് കുറച്ചുനേരം ഞങ്ങള്‍ പ്ലാറ്റ്‌ഫോമില്‍ ആരെങ്കിലും വരുമെന്ന് പ്രതീക്ഷിച്ചുകൊണ്ടു നിന്നു. പക്ഷേ, ആരും വന്നില്ല. അവിടെ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ മലയാളി വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. അവരെ കാലേക്കൂട്ടി വിവരം അറിയിച്ചിരുന്നുവെങ്കിലും
ഫ്‌ളൈറ്റും വണ്ടിയുമെല്ലാം തെറ്റിവന്നതുകൊണ്ട് ആര്‍ക്കും എത്താന്‍ പറ്റിയില്ല.

ഞങ്ങള്‍ ടാക്‌സി പിടിച്ച് രാത്രി തങ്ങാനായി ഹോട്ടലിലേക്ക് യാത്രയായി. ശ്രീജിത്ത് അവിടെ വിദ്യാര്‍ത്ഥിയായിരുന്നതിനാല്‍ റോഡും വഴിയും നല്ല നിശ്ചയമുണ്ടായിരുന്നു.

അരമണിക്കൂറിനകം ഞങ്ങള്‍ ഷിയോസ്ദ (നക്ഷത്രം) ഗസ്റ്റ് ഹൗസിലെത്തി. ഞങ്ങളുടെ പാസ്‌പോര്‍ട്ടും വിസയും പരിശോധിച്ചശേഷം കൗണ്ടറില്‍ ഇരിക്കുന്ന സ്ത്രീ അഡ്വാന്‍സും ഡെപ്പോസിറ്റുമായി റൂബിള്‍ ആവശ്യപ്പെട്ടു. ഞങ്ങളുടെ കൈവശം ഡോളറാണുണ്ടായിരുന്നത്. അവര്‍ ഡോളര്‍ സ്വീകരിച്ചില്ല. ശ്രീജിത്ത് പുറത്തുപോയി എക്‌സ്‌ചേഞ്ച് ഓഫീസില്‍നിന്ന് ഡോളര്‍ റൂബിളാക്കി മാറിക്കൊണ്ടുവന്നു.

വാടക ഏകദേശം നാല്പത് ഡോളറോളം വരും. എങ്കിലും മുറി നല്ലതായിരുന്നു. ഒരു ബെഡ്‌റൂമും വലിയ ഒരു ഡ്രോയിങ് റൂമും. റഷ്യയിലെ കിടക്കകള്‍ വളരെ കട്ടികൂടിയതും പതുപതുപ്പുള്ളതുമായിരുന്നു.

ഡിന്നര്‍ കഴിച്ചശേഷം ഞങ്ങള്‍ ടി.വി. ഓണ്‍ ചെയ്തു. റഷ്യന്‍ ചാനലുകളേ പ്രവര്‍ത്തിച്ചിരുന്നുള്ളൂ. ഒന്നില്‍ ഒരു പഴയ റഷ്യന്‍ സിനിമയാണ്. മറ്റൊന്നില്‍ കൗതുകകരമായ ലൈംഗികവേഴ്ചകള്‍. യൂറോപ്യന്‍ ചാനലുകള്‍ക്കെല്ലാം പണം കൊടുക്കണം.

റഷ്യയും ബലാര്‍സും തമ്മില്‍ നല്ല പൊരുത്തക്കേടുണ്ട്. രണ്ടു രാഷ്ട്രങ്ങളും ഒന്നാകുന്നതില്‍ ബലാര്‍സുകാരില്‍ വലിയൊരു വിഭാഗത്തിനു താത്പര്യമില്ലത്രേ. അത് അവരുടെ സംസ്‌കാരത്തില്‍ നിഴലിക്കുന്നുണ്ട്.

പിറ്റേന്നു കാലത്ത് ഒരു റഷ്യന്‍ സുന്ദരി ഞങ്ങളുടെ മുറിയില്‍ വന്നു. ഓവര്‍കോട്ടും തൊപ്പിയും അഴിച്ചുവെച്ച് അവള്‍ സോഫയില്‍ ഇരുന്നു. അവള്‍ ശ്രീജിത്തിനെ കാണാന്‍ വന്നതാണ്. പേര് ലേന. ദില്ലിയിലെ മിന്‍സ്‌ക് എംബസിയിലെ അസിസ്റ്റന്റ് സെക്രട്ടറിയുടെ മകള്‍. അമ്മ മകള്‍ക്ക് പുതുവത്സരസമ്മാനം
ശ്രീജിത്ത് വശം കൊടുത്തയച്ചതാണ്. മരതകം പതിച്ച ഒരു ചെയിന്‍. ഡപ്പി തുറന്ന് അവള്‍ മാലയുടെ രണ്ടറ്റവും മുന്നോട്ടു പിടിച്ച് അതിന്റെ ഭംഗി നോക്കുകയാണ്.

‘ലേന ഇന്ത്യയില്‍ പോകാറില്ലേ?’ ശ്രീജിത്ത് ചോദിച്ചു.
‘ഇല്ല, ഞാനിതുവരെ പോയിട്ടില്ല’. ലേന പറഞ്ഞു.
‘ഉം അതെന്തേ?’
‘എന്റെ അനുജത്തി പോകാറുണ്ട്.’ ഒരു ക്ഷമാപണത്തോടെ ലേന പറഞ്ഞു: ‘ഞാന്‍ അച്ഛന്റെ ആദ്യത്തെ വിവാഹത്തിലുള്ള മകളാണ്.’
‘അപ്പോള്‍ ഇവിടെ അച്ഛന്റെ കൂടെയാണോ താമസം?’
‘അല്ല’. അല്പം സങ്കടത്തോടെ ലേന പറഞ്ഞു.
‘അച്ഛന്‍ രണ്ടാനമ്മയുടെ കൂടെയാണ്.’
അവള്‍ തുടര്‍ന്നു. ‘എനിക്കിവിടെ ചെറിയൊരു ജോലിയുണ്ട്. ഹൈവേയില്‍. ഹോസ്റ്റലില്‍ താമസിക്കുന്നു.’
‘ന്യൂ ഇയര്‍ ഞങ്ങളുടെകൂടെ ആഘോഷിക്കാം.’ ശ്രീജിത്ത് അവളെ
ക്ഷണിച്ചു.
‘താങ്ക്‌യു. ഞാന്‍ എന്റെ സുഹൃത്തിന്റെ കൂടെയായിരിക്കും.’ ഒരു രഹസ്യംപോലെ അവള്‍ പറഞ്ഞു: ‘തെറ്റിദ്ധരിക്കരുത്, സുഹൃത്ത് എന്നെപ്പോലെ ഒരു പെണ്ണാണ്.’
നന്ദി പറഞ്ഞുകൊണ്ട് ലേന യാത്ര ചോദിച്ചു.

വിഷാദം മുറ്റിനിന്ന അവളുടെ മുഖം ഏറെനേരം എന്റെ മനസ്സില്‍ തങ്ങിനിന്നു; ഇപ്പോഴുമുണ്ട്. മനുഷ്യബന്ധങ്ങള്‍ എല്ലായിടത്തും ഒരുപോലെതന്നെ.
പ്രാതലിന്റെ സമയമായപ്പോഴേക്കും മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് ശ്രീജിത്തിന്റെ സുഹൃത്തുക്കളെത്തി. ഷിഹാസ്, ഹാരിസ്, രജനീഷ്. തമ്മില്‍ കണ്ടുമുട്ടിയപ്പോള്‍ അവര്‍ കെട്ടിപ്പിടിച്ചാഹ്ലാദിച്ചു.

ഹോട്ടല്‍ ലോബിയിലും പരിസരങ്ങളിലും തിരക്കു വര്‍ധിച്ചു. റോഡിലൂടെ സാധാരണ ദിവസങ്ങളെക്കാള്‍ കൂടുതല്‍ വാഹനങ്ങളും കാല്‍നടക്കാരും പ്രത്യക്ഷപ്പെട്ടു. നാളെ രണ്ടായിരം പിറക്കുകയാണ്.

മിലേനിയം.
കെട്ടിടങ്ങളിലും വീടുകളിലും ക്രിസ്മസിന്റെ തോരണങ്ങളും അലങ്കാരങ്ങളും ഒരോര്‍മക്കുറിപ്പുപോലെ നില്ക്കുന്നുണ്ട്. സമ്മാനപ്പെട്ടികളും പൂച്ചെണ്ടുകളുമായി സുന്ദരന്മാരും സുന്ദരികളും ധൃതിയില്‍ അങ്ങുമിങ്ങും പാഞ്ഞുനടക്കുകയാണ്.

റഷ്യക്കാര്‍ രണ്ട് ക്രിസ്മസ് ആഘോഷിക്കുന്നു. നവവത്സരദിനം കഴിഞ്ഞാല്‍ ഒരു ക്രിസ്മസ്‌കൂടിയുണ്ട്. ജനവരി ഏഴാം തീയതിയാണത്. റഷ്യയിലെ ഓര്‍ത്തഡോക്‌സ് സഭ ക്രിസ്മസ് ആഘോഷിക്കുന്നത് ജനവരി ഏഴിനാണ്.

പുറത്തു മഞ്ഞു പെയ്യാന്‍ തുടങ്ങി. അതുപോലെ തണുത്ത കാറ്റും. റോഡില്‍ കുമിഞ്ഞുകൂടുന്ന ധൂളികളും ഐസും അപ്പപ്പോള്‍ ട്രക്കര്‍ വന്നു ക്ലീന്‍ ചെയ്യുന്നുണ്ട്. റോഡരുകില്‍ മണല്‍ കൂട്ടിയിട്ടതുപോലെ മഞ്ഞുപൊടി കിടക്കുന്നതു കാണാം. നടക്കുമ്പോള്‍ ഷൂസ് അതില്‍ പൂണ്ടുപോകും. ഉറച്ചുകിടക്കുന്ന
മഞ്ഞിലൂടെ നടക്കാനാണ് പ്രയാസം. പരിചയമില്ലെങ്കില്‍ തെന്നിവീണ് എല്ല് പൊട്ടിയെന്ന് വരും.
ഞങ്ങള്‍ ഒരു ടാക്‌സി കൈകാണിച്ചു നിര്‍ത്തി. ആജാനബാഹുവായ ഡ്രൈവര്‍ വാതില്‍ തുറന്നുതന്നു. അയാള്‍ നല്ല സംഗീതാസ്വാദകനാണ്. സ്റ്റീരിയോവില്‍ ഒരു സിംഫണിയാണിട്ടിരിക്കുന്നത്. സ്റ്റിയറിങ്ങില്‍ വിരലുകളനക്കി ഡ്രൈവര്‍ ചെറുതായി താളം പിടിക്കുന്നുണ്ട്. അയാള്‍ ഉസ്ബക്കിസ്താന്‍കാരനാണെന്നു പറഞ്ഞു. ഞങ്ങളുടെ പോക്കറ്റില്‍നിന്ന് ഒരു സിഗരറ്റ് വാങ്ങി അയാള്‍ തീ കൊളുത്തി.

ടാക്‌സി ഡ്രൈവര്‍മാര്‍ അന്യനാട്ടുകാരായ നമ്മളോട് സൗഹൃദത്തിലാണ് പെരുമാറുന്നത്. അമേരിക്കയിലോ യൂറോപ്പിലോ ഇത്തരം പെരുമാറ്റം പ്രതീക്ഷിക്കരുത്. അവര്‍ ഇന്ത്യക്കാരെ കറുത്തവരായിത്തന്നെ കാണുന്നു. ഇത്തരം പെരുമാറ്റം റഷ്യന്‍ സംസ്‌കാരത്തിന്റെ മഹത്ത്വംതന്നെയാണ്.
ഡ്രൈവര്‍ ഇടതടവില്ലാതെ വര്‍ത്തമാനം പറഞ്ഞുകൊണ്ടിരുന്നു. ചെയിനായി സിഗരറ്റും വലിക്കുന്നു.

ഞങ്ങള്‍ ‘പ്ലോഷാജ് പബേദി’ക്കു മുന്നിലെത്തിയപ്പോള്‍ കാര്‍ പാര്‍ക്ക് ചെയ്ത് പുറത്തിറങ്ങി. അത് വിക്ടറി സ്‌ക്വയര്‍ ആണ്. ആ സ്തംഭത്തിന്റെ ചുവട്ടില്‍ ഒരിക്കലും അണയാത്ത ദീപശിഖ കത്തിത്തെളിഞ്ഞുകൊണ്ടിരിക്കുന്നു.

രണ്ടാം ലോകമഹായുദ്ധത്തില്‍ റഷ്യ വിജയിച്ചതിന്റെ സ്മാരകമായിട്ടാണ് അണയാത്ത ഈ ദീപശിഖയും വിക്ടറി സ്‌ക്വയറും പണിതുയര്‍ത്തിയത്.
വിക്ടറി സ്‌ക്വയറില്‍ സന്ദര്‍ശകരുടെ തിരക്കാണ്. വീരചരമം പ്രാപിച്ചവര്‍ക്കുവേണ്ടി ചിലര്‍ പുഷ്പങ്ങളും സമര്‍പ്പിക്കുന്നുണ്ട്. ശീതക്കാറ്റ് വീണ്ടും ശക്തിയായി വീശിയടിക്കുകയാണ്. കൈയില്‍നിന്ന് ഗ്ലൗസെങ്ങാനും എടുത്തുമാറ്റിയാല്‍ ചിരട്ടക്കനലിട്ടതുപോലെ പൊള്ളിപ്പോകും. ആളുകളുടെ മുഖമ
ല്ലാതെ മറ്റൊരവയവവും പുറത്തു കാണുന്നില്ല. എല്ലാവരുടെ മുഖവും ചുവന്നു തുടുത്തിരിക്കുന്നു. ഇപ്പോള്‍ പൊട്ടിത്തെറിക്കുമെന്നു തോന്നും. ശ്വസിക്കുമ്പോള്‍ മൂക്കില്‍നിന്ന് സിഗരറ്റ് വലിച്ചതുപോലെ പുക പുറത്തേക്കു പോകുന്നതു കാണാം. വെറുതെ ഒന്നൂതിയാല്‍ മതി. അതു പുകയായിട്ടാണ് പുറത്തു പോകുന്നത്.

മിനിസ്‌കില്‍ ബാംഗ്ലൂര്‍ സ്‌ക്വയര്‍ എന്ന പേരില്‍ ഒരു സ്ഥലമുണ്ട്. അതുപോലെ ബാംഗ്ലൂരില്‍ മിനിസ്‌ക് സ്‌ക്വയറുമുണ്ട്. ഇന്ത്യയും റഷ്യയുമായുള്ള ബന്ധത്തിന്റെ പേരില്‍ സമാനമായ രണ്ട് നഗരങ്ങള്‍ക്ക് അങ്ങനെ ഒരു പേര് കൊടുത്തുവെന്നേയുള്ളു.

ഞങ്ങള്‍ ബാംഗ്ലൂര്‍ സ്‌ക്വയറില്‍ ചെന്ന് അവിടെയൊക്കെ കണ്ടു. വിശേഷിച്ച് അവിടെ ഒന്നുമില്ല. വിശാലമായ ധാരാളം സ്‌ക്വയറുകള്‍. അവയെ ചുറ്റിക്കൊണ്ട് സദാ മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കൊണ്ടിരിക്കുന്ന റോഡുകള്‍. വലിയ പട്ടണമോ കെട്ടിടമോ കാണാനുണ്ടായിരുന്നില്ല. മുംബൈ, ദില്ലി, കല്‍ക്കത്ത, ചെന്നൈ എന്നീ നഗരങ്ങള്‍ കഴിഞ്ഞാല്‍ അഞ്ചാം സ്ഥാനം ബാംഗ്ലൂരിനാണല്ലോ. അതുപോലെ പഴയ റഷ്യയില്‍ മിനിസ്‌കിന് അഞ്ചാം സ്ഥാനമായിരുന്നു.
ഏതെങ്കിലും തരക്കേടില്ലാത്ത ഒരു ഹോട്ടലില്‍ പുതുവത്സരം ആഘോഷിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ടാക്‌സിയുമായി രണ്ടുമൂന്നു ഹോട്ടലുകളില്‍ പോയി പ്രോഗ്രാംസും മെനുവുമൊക്കെ പരിശോധിച്ചു. അവസാനം അധികം ഡോളര്‍ ഈടാക്കാത്ത ഒരു ഹോട്ടലില്‍ ഞങ്ങള്‍ രണ്ടുപേര്‍ ടിക്കറ്റെടുത്ത് റിസര്‍വ് ചെയ്തു. പരീക്ഷ കാരണം മറ്റുള്ളവര്‍ ഒഴിഞ്ഞുമാറി.

ഹോട്ടല്‍ ‘സ്​പുട്‌നിക്കി’ലാണ് ഞങ്ങള്‍ റിസര്‍വ്വ് ചെയ്തത്. ഒരാള്‍ക്ക് നൂറ്റിയിരുപത് ഡോളര്‍. ബ്ലൂപ്രിന്റ് നോക്കി ശേഷിച്ചതില്‍ ഏറ്റവും നല്ല ടേബിള്‍ ഞങ്ങള്‍ തിരഞ്ഞെടുത്തു. രാത്രി ഏഴര മണിയാവുമ്പോഴേക്കും എത്തണം.

യൂറോപ്പിലെയും റഷ്യയിലെയും ജനങ്ങള്‍ നവവത്സരം എങ്ങനെയാണ് ആഘോഷിക്കുന്നതെന്ന് കാണുവാന്‍ എനിക്ക് പണ്ടുതൊട്ടേ ആഗ്രഹമുണ്ടായിരുന്നു. കഠിനാദ്ധ്വാനം ചെയ്ത് കുടുംബത്തിനും രാഷ്ട്രത്തിനും ഐശ്വര്യമുണ്ടാക്കണമെന്നും ഒഴിവുദിവസങ്ങള്‍ മതിമറന്ന് ആഹ്ലാദിച്ചാസ്വദിക്കണമെന്നും വിശ്വസിക്കുന്നവരാണല്ലോ ഇക്കൂട്ടര്‍. നമ്മളെപ്പോലെ ദേഹമനങ്ങാതെ വയറു നിറയ്ക്കണമെന്ന് ശഠിച്ചുനടക്കുന്ന മൂഢരല്ല.

ഉച്ചയാവുമ്പോഴേക്കും റോഡും വീടും പട്ടണവും പുഷ്പങ്ങളാലും ദീപങ്ങളാലും അലംകൃതമായി. നാടു നീളെ ഉത്സാഹത്തിമിര്‍പ്പ്. യുവജനങ്ങളും കുട്ടികളും കുതിക്കുകയും കിതയ്ക്കുകയും ചെയ്യുന്നുണ്ട്. യുവതീയുവാക്കളെല്ലാം കൈകോര്‍ത്തും കെട്ടിപ്പിടിച്ചുമാണ് നീങ്ങുന്നത്. ഏറ്റവുമധികം പ്രസരിപ്പു കണ്ടത് കുട്ടികളിലാണ്. ഇത്രയധികം തുടുതുടുപ്പും ആരോഗ്യവും ബുദ്ധിയും സൗന്ദര്യവുമുള്ള കുട്ടികള്‍ ലോകത്ത് മറ്റൊരു രാജ്യത്തുമില്ല. റഷ്യന്‍ നിര്‍മിത യന്ത്രങ്ങളും റഷ്യന്‍ മാതാക്കളുടെ കുട്ടികളും ഷോക്കേസില്‍ പ്രദര്‍ശിപ്പിക്കുവാന്‍ പറ്റിയവയാണ്. എട്ടൊമ്പതു വയസ്സുള്ള കുട്ടിക്ക് മുതിര്‍ന്നവരേക്കാള്‍ കാര്യങ്ങള്‍ ഗ്രഹിക്കാനും വിശകലനം ചെയ്യാനും കഴിവുണ്ട്.

യുവതീയുവാക്കള്‍ക്ക് അവിടെ മറയില്ല. അരുതായ്മകളില്ല. രതിക്കും പ്രണയത്തിനും ലോപമില്ല. ശ്രീകൃഷ്ണഭഗവാന്റെ ദ്വാരകയും കാളിന്ദീതീരവും നമുക്കവിടെ കാണാം. അവര്‍ പൊട്ടിച്ചിരിക്കുന്നു. ആഹ്ലാദിക്കുന്നു. നൂറ്റാണ്ടുകളോളം ആലിംഗനബദ്ധരായി നില്ക്കുന്നു.

ഇതൊക്കെയാണെങ്കിലും അമേരിക്കന്‍ നാടുകളിലെപ്പോലെ ഇത്തരം കാര്യങ്ങളില്‍ അരാജകത്വമില്ല. ഒരു വെടിയുണ്ടയുടെ ശബ്ദം നമുക്കവിടെ ഒരിക്കല്‍പോലും കേള്‍ക്കാന്‍ കഴിയില്ല.

ഞങ്ങള്‍ റോഡിലിറങ്ങി. ബാന്റുമേളം മുഴക്കിക്കൊണ്ട് കാര്‍ണിവല്‍ കണക്കെ കൊച്ചുകൊച്ചു സംഘങ്ങള്‍ പലയിടത്തും പ്രത്യക്ഷപ്പെട്ടു. നഗരത്തിന്റെ പ്രധാന കവലകളില്‍ തുറന്ന വേദികള്‍ കെട്ടി പാതിരാത്രിക്കുള്ള കലാപ്രകടനങ്ങള്‍ക്കുവേണ്ടി സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്.
ഹോട്ടല്‍ ‘സ്​പുട്‌നിക്’ ഭീമാകാരനായ ഒരു കെട്ടിടമാണ്. ഒരു നാഴിക ദൂരത്തുനിന്നുതന്നെ തലയെടുപ്പോടെ അവന്‍ നില്ക്കുന്നതു കണ്ടു. വെളിച്ചത്തിന്റെ ആയിരമായിരം പൂമൊട്ടുകള്‍ കെട്ടിടത്തിന്റെ പാര്‍ശ്വങ്ങളില്‍ ഒട്ടിപ്പിടിച്ചു നില്ക്കുന്നുണ്ട്. ചിലത് നക്ഷത്രങ്ങള്‍ പോലെ കണ്ണു ചിമ്മിക്കൊണ്ടിരിക്കുന്നു.
രാത്രി എട്ടുമണിയോടെ ഞങ്ങള്‍ ഹോട്ടല്‍ സ്​പുട്‌നിക്കില്‍ എത്തി. വിശാലമായ ഒരു ഹാളിലാണ് പാര്‍ട്ടി നടക്കുന്നത്. കൊത്തുപണികളാല്‍ അലംകൃതമായ മേശയും കസേരകളും നിരത്തിയിട്ടുണ്ട്. എട്ടും ആറും നാലും വീതമായാണ് കസേരകള്‍ ചേര്‍ത്തിട്ടിരിക്കുന്നത്.
അതിഥികള്‍ വന്നുചേരാന്‍ തുടങ്ങിയതേയുള്ളൂ. ഓരോ സംഘവും അനുവദിച്ചുകിട്ടിയ മേശയ്ക്കു ചുറ്റും ഇരിക്കുവാന്‍ തുടങ്ങി. ഞങ്ങള്‍ക്ക് കിട്ടിയിരുന്ന ഇരിപ്പിടം നാലുപേര്‍ക്കുള്ളതാണ്. രണ്ടുപേര്‍ എത്തിയിട്ടില്ല. മേശപ്പുറം അലങ്കരിച്ചുവെച്ചിട്ടുണ്ട്. ഷാമ്പയിന്റെ രണ്ടു കുപ്പികള്‍, രണ്ടു വൈന്‍. ഷാമ്പയിന്‍, വൈന്‍, വോഡ്ക, ചായ, ശീതള പാനീയങ്ങള്‍ എന്നിവ കുടിക്കാന്‍ പ്രത്യേകം ഗ്ലാസ്സുകള്‍. ക്രിസ്റ്റല്‍ ഗ്ലാസ്സുകളില്‍ തൂക്കുവിളക്കുകളില്‍നിന്നുള്ള വെളിച്ചം തട്ടി പ്രകാശകിരണങ്ങള്‍ നാലുപാടും വിതറി. കാരറ്റിനെയും മാതളനാരങ്ങയെയും കരവിരുതിനാല്‍ പുഷ്പങ്ങളായി വച്ചിട്ടുണ്ട്. മനോഹരമായ ഫ്രഞ്ചുപോര്‍സിലിന്‍ തളികകളില്‍ പലതരം റഷ്യന്‍ സലാഡുകള്‍ നിരത്തിയിട്ടുണ്ട്. ഡന്മാര്‍ക്കില്‍നിന്നു വരുത്തിയ ചീസ്​പീസുകള്‍ വരണ്ട മുലകള്‍പോലെ പ്ലേറ്റില്‍ കിടക്കുന്നു.

സ്റ്റേജില്‍ സംഗീതോപകരണങ്ങള്‍ നിരത്തി വെച്ചിരിക്കുകയാണ്. പത്തമ്പതു പേര്‍ക്ക് നൃത്തം വെക്കാന്‍ പാകത്തില്‍ സ്റ്റേജ് വളരെ വലുതാണ്. പശ്ചാത്തലത്തിലെ തിരശ്ശീലയില്‍ 2000 മിലേനിയത്തിന്റെ വര്‍ണചിത്രങ്ങള്‍ റഷ്യന്‍ കലാകാരന്മാര്‍ മനോഹരമായി വരച്ചുവെച്ചിരിക്കുന്നു.

നേര്‍ത്ത ഇമ്പമാര്‍ന്ന സംഗീതം കാതുകളിലേക്ക് ഒഴുകിവരുന്നുണ്ട്. അത് നമ്മോട് ആത്മാലാപം നടത്തുകയാണോ എന്ന് തോന്നിപ്പോകും. അത്രയും മൃദുവാണ് അതിന്റെ സ്വരം. സ്റ്റേജിലെ തോരണങ്ങളില്‍നിന്നും ബലൂണുകളില്‍നിന്നും നക്ഷത്രങ്ങള്‍ ഇടതടവില്ലാതെ ഉതിര്‍ന്നുവീഴുന്ന കാഴ്ച മനോഹരമാണ്.
അതിഥികളുടെ മേശയ്ക്കു ചുറ്റും പരിചാരകര്‍ കുറിഞ്ഞിപ്പൂച്ചകളെപ്പോലെ ഒച്ചയില്ലാതെ നടക്കുന്നുണ്ട്.

ഹാള്‍ നിറഞ്ഞുതുടങ്ങി.

പാര്‍ട്ടി ഒരു കുടുംബമേളയായിട്ടാണ് തോന്നിയത്. കാരണം മിക്ക ടേബിളുകളിലും കുടുംബങ്ങളാണ് സന്നിഹിതരായിരിക്കുന്നത്. യുവതീയുവാക്കള്‍ നാലഞ്ചു മേശകള്‍ക്കു ചുറ്റും മാത്രമേയുള്ളു. മദ്ധ്യവയസ്‌കരും വൃദ്ധരും ധാരാളമുണ്ട്. യുവതീയുവാക്കള്‍ ധാരാളമുണ്ടാകുമെന്ന് പ്രതീക്ഷിച്ച ഞങ്ങള്‍ക്ക് അല്പം നിരാശ തോന്നാതിരുന്നില്ല.
‘ഈ ടേബിളില്‍ ഇനിയാരും വരില്ല. ഇതു മുഴുവന്‍ നിങ്ങള്‍ക്ക് ആസ്വദിക്കാം.’ പരിചാരകന്‍ പറഞ്ഞു.
‘താങ്ക്‌സ്.’ നന്ദിപൂര്‍വം ശ്രീജിത്ത് പറഞ്ഞു.
‘വെല്‍ക്കം’. വെയിറ്റര്‍ പുഞ്ചിരിച്ചു. ‘ഷാമ്പയിന്‍, സര്‍’? അയാള്‍ ചോദിച്ചു.
കടും പച്ചനിറത്തിലുള്ള ഇറ്റാലിയന്‍ ഷാമ്പയിന്‍കുപ്പി അയാള്‍ കൈയിലെടുത്തു തുറക്കാന്‍ തുടങ്ങി. അടപ്പു തുറന്നപ്പോള്‍ പ്രതീക്ഷിച്ചത്ര നുരയും പതയും അത് ചുരത്തിയില്ല.
ഞങ്ങളുടെ ഗ്ലാസ്സുകളില്‍ അയാള്‍ ഷാമ്പയിന്‍ വിളമ്പി.
സംഗീതത്തിന്റെ ശബ്ദം കൂടി.
ഗായകസംഘം സ്റ്റേജില്‍ നിരന്നു.
നാടോടി രീതിയിലുള്ള ഒരു റഷ്യന്‍ ഗാനമാണ് അവര്‍ ആലപിച്ചത്. പാടുന്നില്ലെങ്കിലും പാട്ടിനേക്കാള്‍ മധുരമായി ഓര്‍ക്കസ്ട്രക്കാര്‍ പുഞ്ചിരിച്ചുകൊണ്ടിരുന്നു.
അതിഥികള്‍ തിന്നുവാനും കുടിക്കുവാനും തുടങ്ങി. ഗ്ലാസ്സുകള്‍ ഒഴിയുന്തോറും പരിചാരകര്‍ വോഡ്കയും ഷാമ്പയിനും മാറിമാറി ഒഴിച്ചുകൊണ്ടിരുന്നു. ബദാമും നട്‌സും ഒലീവ്കായയും മേശമേലിരിപ്പുണ്ട്. ഭക്ഷണപദാര്‍ത്ഥങ്ങള്‍ വന്നുകൊണ്ടിരുന്നു.
കല്‍ബസയാണ് റഷ്യക്കാരുടെ പ്രിയപ്പെട്ട മാംസാഹാരം. അതുകൊണ്ട് അവ പലവിധത്തില്‍ പാകം ചെയ്ത് വിളമ്പിക്കൊണ്ടിരുന്നു.
ജോഡികളായി അതിഥികള്‍ നൃത്തം വയ്ക്കാനായി സ്റ്റേജിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.
ഞങ്ങളുടെ തൊട്ടുമുമ്പില്‍ മൂന്നുപേരുള്ള ഒരു കുടുംബമാണ് ഇരുന്നിരുന്നത്. അച്ഛനും അമ്മയും മകളും. അച്ഛന് മുപ്പതു മുപ്പത്തഞ്ച് വയസ്സ് കാണും. അമ്മയ്ക്ക് അത്രതന്നെയോ അതില്‍ ഒന്നോ രണ്ടോ വയസ്സ് കൂടുതലോ തോന്നിക്കും. മകള്‍ക്ക് ഏകദേശം പത്തു വയസ്സ് കാണും. അവര്‍ വലിയ ബഹളമൊന്നും കൂട്ടുന്നില്ല. മെയ്യനങ്ങാതെ തിന്നുകയും കുടിക്കുകയും പതുക്കെ സംസാരിക്കുകയും ചെയ്യുന്നു. കോളയാണ് മകള്‍ കുടിക്കുന്നത്. അമ്മ വൈനും. അച്ഛന്‍ അല്പാലമായി വോഡ്കയും.

തൊട്ടുപിന്നിലെ ടേബിളില്‍ ചെറുപ്പക്കാരാണ്. നാലു പേര്‍. രണ്ടു യുവാക്കളും രണ്ടു യുവതികളും. ഒറ്റ നോട്ടത്തില്‍ത്തന്നെ അവര്‍ ഭാര്യാഭര്‍ത്താക്കന്മാരല്ലെന്നു മനസ്സിലാകും. അവര്‍ അടിച്ചുപൊളിക്കുന്നുണ്ട്.

കുറച്ചുനേരം കഴിഞ്ഞപ്പോള്‍ വെയിറ്റര്‍ ഒരു ഷാമ്പയിന്‍ കുപ്പിയുമായി വന്നു. ഷാമ്പയിന്‍ ഇവിടെയുണ്ടല്ലോ എന്നു ഞങ്ങള്‍ പറഞ്ഞപ്പോള്‍, പിന്നിലിരിക്കുന്ന അതിഥികള്‍ വിദേശികളായ നിങ്ങളോടുള്ള ആദരവ് നിമിത്തം പുതുവത്സര സമ്മാനമായി കൊടുത്തയച്ചതാണെന്നു പറഞ്ഞു.
ഞങ്ങള്‍ തിരിഞ്ഞുനോക്കി. അവര്‍ ഞങ്ങളെ നോക്കി പുഞ്ചിരിക്കുകയാണ്. ഞങ്ങള്‍ കൈവീശി അവരെ അഭിവാദ്യം ചെയ്തു.
അതില്‍ ഒരു ചെറുപ്പക്കാരന്‍ ഞങ്ങളുടെ മേശയില്‍ വന്നിരുന്നു. ഷാമ്പയിന്‍ നിറച്ച ഗ്ലാസ്സുകള്‍ ഞങ്ങള്‍ പരസ്​പരം മുട്ടിച്ചു. റഷ്യക്കാര്‍ കുടിക്കുന്തോറും മുട്ടിക്കൊണ്ടിരിക്കും. പഞ്ചേന്ദ്രിയങ്ങളെ പൂര്‍ണമായും മദിരോത്സവത്തില്‍ ആവാഹിച്ചെടുക്കാനാണ് ചിയേഴ്‌സ് പറഞ്ഞ് ഗ്ലാസ്സുകള്‍ പരസ്​പരം മുട്ടിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. മദ്യം നിങ്ങള്‍ കാണുന്നു. അതു നിങ്ങള്‍ സ്​പര്‍ശിക്കുന്നു. മണക്കുന്നു. കുടിക്കുന്നു. പക്ഷേ, കേള്‍വിക്ക് ഇതില്‍ പങ്കു കിട്ടുന്നില്ല. അതിനാലാണ് ഗ്ലാസ്സുകള്‍ പരസ്​പരം മുട്ടി ഒച്ച കേള്‍പ്പിക്കുന്നത്. അപ്പോള്‍ എല്ലാ ഇന്ദ്രിയങ്ങളും ഇതില്‍ ഭാഗഭാക്കായി.
യുവാവ് കുറെനേരം ചിരിച്ചു. എന്നിട്ട് അല്പം സങ്കടത്തോടെ പറഞ്ഞു: ‘നിങ്ങളുടെ ടേബിളില്‍ മാത്രമാണ് ഒരു സ്ത്രീയില്ലാത്തത്. അതുകൊണ്ട് നിങ്ങള്‍ അങ്ങോട്ടു വരിന്‍.’

ഞങ്ങള്‍ സന്തോഷപൂര്‍വം അവരുടെ ടേബിളില്‍ സ്ഥലം പിടിച്ചു.

‘താങ്കള്‍ എന്തുകൊണ്ട് ഭാര്യയെ കൊണ്ടുവന്നില്ല?’ അവരില്‍ ഒരാളായ ആന്ത്രൈയ് എന്നോടു ചോദിച്ചു.
‘ഇവിടത്തെ തണുപ്പ് അവള്‍ക്ക് സഹിക്കാന്‍ പറ്റില്ല.’ ഞാന്‍ പറഞ്ഞു.
ഒരു കുസൃതിച്ചിരി ചിരിച്ചുകൊണ്ട് ആന്ത്രൈയ് പറഞ്ഞു.
‘അതല്ല കാരണം. താങ്കള്‍ക്കിവിടെ പല വികൃതികളും കളിക്കാനുദ്ദേശ്യമുണ്ട്.’
എല്ലാവരും മേശമേല്‍ തട്ടി ചിരിച്ചു.

വളരെ ആകാംക്ഷയോടെ അവര്‍ ഞങ്ങളെ നോക്കിക്കൊണ്ടിരുന്നു. അവര്‍ നാലുപേരും ഒരേ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. യുവാക്കള്‍ രണ്ടുപേരും വിവാഹിതരാണ്. അതുപോലെ വിവാഹമോചനവും നടത്തി. യുവതികള്‍ നല്ലയിനം ഇണകളെ കിട്ടാന്‍ കാത്തിരിക്കുകയാണ്. ‘ഇവര്‍തന്നെ പോരെ’ എന്നു ഞങ്ങള്‍ ചോദിച്ചപ്പോള്‍ പെര്‍ഫോമന്‍സ് എങ്ങനെയുണ്ടെന്നു നോക്കട്ടെയെന്നു പറഞ്ഞ് യുവതികള്‍ ചിരിക്കാന്‍ തുടങ്ങി.

ഇന്ത്യയെക്കുറിച്ച് അവര്‍ ഒരുപാട് കാര്യങ്ങള്‍ അന്വേഷിച്ചു. അവര്‍ക്ക് ദില്ലിയെക്കുറിച്ചേ നിശ്ചയമുള്ളു. തെക്കന്‍ സംസ്ഥാനങ്ങളെക്കുറിച്ച് ഒന്നുമറിയില്ല. നമ്മുടെ സിനിമകള്‍ കൊള്ളാമെന്ന് അവര്‍ പറഞ്ഞു.
യുവതികളില്‍ ഒരുത്തി നന്നായി മദ്യപിക്കുന്നുണ്ട്. വോഡ്ക തന്നെയാണ് അവള്‍ തട്ടിവിടുന്നത്. അവളുടെ കണ്‍പോളകള്‍ പാതിയടഞ്ഞുകിടന്നു. വാക്കുകള്‍ കൊഴുത്ത ദ്രവംപോലെയാണ് പുറത്തുവരുന്നത്.
നൃത്തത്തിന്റെ ചുവടുകള്‍ വര്‍ധിക്കുകയാണ്. നൃത്തം ചെയ്യുന്നതില്‍ വൃദ്ധദമ്പതികളാണ് ആവേശം കാണിക്കുന്നത്.
സംഗീതം മുറുകിക്കൊണ്ടിരുന്നു.
ആന്ത്രൈയുടെ കൂട്ടുകാരി അവളുടെകൂടെ നൃത്തം വെക്കുവാന്‍വേണ്ടി
എന്നെ ക്ഷണിച്ചുകൊണ്ട് എന്റെ കൈ പിടിച്ചെഴുന്നേല്പിച്ചു.
സങ്കോചത്തോടെയാണ് ഞാന്‍ നീങ്ങിയത്. ഇത്തരം കാര്യങ്ങളില്‍ വലിയ മുന്‍പരിചയവുമില്ലല്ലോ. അഭിമാനപ്രശ്‌നം ഓര്‍ത്തുകൊണ്ട് ഞാന്‍ സ്റ്റേജില്‍ കയറി.
അവള്‍ക്ക് എന്നേക്കാള്‍ നല്ല ഉയരമുണ്ടായിരുന്നു. അതൊന്നും വകവെക്കാതെ ഞാനവളുടെ കൈകോര്‍ത്ത് മറ്റേ കൈ അരയില്‍ ചുറ്റി.
ചുവടുകള്‍ നീങ്ങുന്നത് ഞാനറിയുന്നുണ്ട്. എന്റെ തലയ്ക്കും കനമുണ്ടല്ലോ.
പത്തുപതിനഞ്ചു മിനിട്ടിനുള്ളില്‍ ഞാന്‍ ശരിക്കും തളര്‍ന്നു കിതച്ചു. എന്നാലും വിട്ടില്ല.
വിജയത്തില്‍ത്തന്നെ അത് കലാശിച്ചു.
(വോള്‍ഗയില്‍ മഞ്ഞുപെയ്യുമ്പോള്‍ എന്ന യാത്രാവിവരണത്തില്‍ നിന്ന്)
വോള്‍ഗയില്‍ മഞ്ഞുപെയ്യുമ്പോള്‍
പുനത്തില്‍ കുഞ്ഞബ്ദുള്ള
യാത്രവിവരണം
ഭാഷ : മലയാളം
Edition : 2
Publisher : Mathrubhumi
Price : 60  രൂപ

0 comments