Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

അവര്‍ പടിഞ്ഞാറോട്ട് നടക്കുകയാണ്..

 

[മുരളി നായര്‍]

 

“അന്ന് വൈകീട്ട് അവരൊന്നിച്ച് വീണ്ടുമാ കടല്‍ത്തീരത്തേക്ക് പോയി…അന്തിയോളം തിരകള്‍ക്കു പിറകെ ഓടി…കവിള് വേദനിക്കുവോളം കപ്പലണ്ടി തിന്നു..വാതോരാതെ വര്‍ത്തമാനം പറഞ്ഞു..കൈവിട്ടു പോയ ബലൂണിനു പിറകെ ഓടിയ തടിയന്‍കുട്ടിയെ കളിയാക്കിച്ചിരിച്ചു…പിന്നെ രാവേറെയായപ്പോള്‍കടലിലേക്കിറങ്ങിപ്പോവുന്ന ആ പഴയ പാലത്തിന്റെ കൈവരിയില്‍പിടിച്ച് പടിഞ്ഞാറേക്ക്‌നടന്നു.. പരസ്പരം കൈകള്‍കോര്‍ത്തുപിടിച്ചിരുന്നെങ്കിലും മൂന്നാമത്തെ പ്രാവശ്യവും മുങ്ങിത്താണപ്പോള്‍അവസാനത്തെതെന്നപോലെ അവര്‍ഒന്നുകൂടി പരസ്പരം നോക്കി..

എന്നിട്ടും ആലിക്കുട്ടിയും ദേവയാനിയും മരിച്ചില്ല…”

“ഇത് ചെമ്മീനിന്റെ ക്ലൈമാക്സ് പോലെയുണ്ടല്ലോ??..ഇതെങ്ങനെ ശരിയാകും??”

അയാള്‍തന്റെ സംശയം തുറന്നു ചോദിച്ചു..

“ജീവിതത്തോട് ചേര്‍ത്തുവച്ച ചില കഥകളില്‍കഥയും കഥാപാത്രങ്ങളും എന്തിനു ചിലപ്പോള്‍പരിണാമഗുപ്തി പോലും ഒരുപോലെ വരാം..ഒരു കഥയിലെ ജീവിതം ആ കഥയില്‍തുടങ്ങി ആ കഥയില്‍തന്നെ അവസാനിക്കുന്നു എന്ന് കരുതുന്നുണ്ടോ???..”

“എന്ന് ചോദിച്ചാല്‍……”

തന്റെ മുന്നിലിരിക്കുന്ന വ്യക്തിയോട് തര്‍ക്കിച്ചു നിന്നാല്‍ജയിക്കാന്‍പോവുന്നില്ലെന്നറിയാമെങ്കിലും ഒരു മറുവാദത്തിനെന്നവണ്ണം അയാള്‍പറഞ്ഞു നിര്‍ത്തി…

“ഞാന്‍പറഞ്ഞില്ലേ..ഞാനിപ്പോള്‍വായിച്ചത് പരിണാമഗുപ്തിയാണ്..ഈ കഥ തുടങ്ങുന്നത് ക്ലൈമാക്സില്‍നിന്നും പിറകിലേക്കാണ്..അല്ലെങ്കില്‍കഥാകൃത്തിന് ഏറ്റവുമെളുപ്പം എഴുതാന്‍കഴിഞ്ഞത് അവസാനഭാഗമാവാം…അവിടെ കഥാകൃത്ത് പരാജയപ്പെട്ടോ എന്ന് തീരുമാനിക്കേണ്ടത് വായനക്കാരാണ്…കഥ ഇനി തുടങ്ങാന്‍പോകുന്നേയുള്ളൂ……….”

*** *** *** ***

പണ്ടു ഞാറല്‍പഴം തിന്നു നീലിച്ച ചുണ്ടുകളുമായി ക്ലാസ്സില്‍വന്നതിനു കുഞ്ഞപ്പ മാഷിന്റെ കൈയ്യില്‍നിന്നും അടിവാങ്ങി കരഞ്ഞ ദിവസം ദേവയാനിയുടെ അടുത്ത് ആരും കാണാതെ പോയി “സാരോല്ലാട്ടോ” എന്ന് പറയാന്‍ധൈര്യം കാട്ടിയത് ആലിക്കുട്ടി മാത്രമാണ്. അന്നാണ് ഈര്‍ച്ചക്കാരന്‍അലവിയുടെ നാലാമത്തെ ചെക്കന്‍ആലിക്കുട്ടിയെ ദേവയാനി ആദ്യമായി ശ്രദ്ധിക്കുന്നത് പോലും.. ഒറ്റയ്ക്ക് മൂത്രമൊഴിക്കാന്‍പോകാന്‍പോലും ധൈര്യമില്ലാത്ത ആലിക്കുട്ടി കൃഷ്ണക്കുറുപ്പിന്റെ മോളുടെ അടുത്ത് പോയി കിന്നാരം പറഞ്ഞ കഥ സ്കൂളില്‍അവിടേം ഇവിടേം വച്ച് പിള്ളേര് പറഞ്ഞു നടന്നപ്പോള്‍ഗവര്‍മന്റ് ഏല്‍പ്പിയിലെ നാലാം ക്ലാസ്സുകാരന് ലേശം പേടി തോന്നാതിരുന്നില്ല..

ഉപ്പ അറിഞ്ഞാല്‍കഷ്ണിച്ചു കളയും..

എന്നിട്ടും ആലിക്കുട്ടി ആരും കാണാതെ ദേവയാനിക്ക് ഞാറല്‍പഴം പറിച്ചു കൊണ്ട് കൊടുത്തു..

അപ്പോഴേക്കും ചുണ്ട് നീലിക്കാതെ ഞാറല്‍പഴം തിന്നുന്ന വിദ്യ സ്വായത്തമാക്കിയിരുന്ന ദേവയാനി, തെക്കേപ്പറമ്പിലെ കയ്യാലയില്‍കമഴ്ന്നു കിടന്നു കൊണ്ടു താഴെ ഇടവഴിയില്‍നിന്നും ആലിക്കുട്ടി എറിഞ്ഞു തരുന്ന ഞാറല്‍പഴങ്ങള്‍താഴെ വീഴാതെ പിടിച്ചെടുക്കാനും പഠിച്ചിരുന്നു. അമ്മകാണാതെ,കയ്യാലയ്ക്കടുത്തെ വരിക്കപ്ലാവിന്‍ചോട്ടില്‍വച്ച് അതി സൂഷ്മമായി ഞാറല്‍പ്പഴങ്ങള്‍തിന്നുന്ന ദേവയാനിയോട് എന്തെങ്കിലുമൊന്നു മിണ്ടാന്‍ആലിക്കുട്ടിയുടെ കുഞ്ഞ് ഹൃദയം പലപ്പോഴും പിടച്ചിരുന്നെങ്കിലും ഉള്ളില്‍പെരുമ്പറ കൊട്ടുന്ന പേടി കാരണം ഒന്നും ചോദിച്ചില്ല..എങ്കിലും വല്ലപ്പോഴും ദേവയാനിയില്‍നിന്നു കിട്ടുന്ന ഒരു ചിരി മാത്രം മതിയായിരുന്നു അവനു പിന്നെയും ഒരുപാടു ഞാറല്‍പഴങ്ങളുമായി ആ ഇടവഴിയില്‍കാത്തിരിക്കാന്‍. കുപ്പിഗ്ലാസ് താഴെ വീണ് പൊട്ടുമ്പോലെയുള്ള ആ ചിരി ക്ലാസ്സില്‍മുഴങ്ങുമ്പോള്‍പലപ്പോഴും അവനൊരു മന്ദബുദ്ധിയെപ്പോലെ അവളെ നോക്കി ചിരിച്ചു.

അങ്ങനെ കൊല്ലം ഒന്ന് കടന്നു പോയപ്പോഴാണ് പുതിയ പ്രതിസന്ധി ഉടലെടുത്തത്.

സ്കൂള്‍മാറണം.

നാലുകഴിഞ്ഞാല്‍അഞ്ചാണെന്ന എണ്ണം പഠിച്ച് കഴിഞ്ഞ ആലിക്കുട്ടിയെ ഇനിയെന്തിനു വെറുതേ അഞ്ചില്‍കൊണ്ടുപോയി ചേര്‍ക്കുന്നു എന്നായിരുന്നു അവന്റെ ബാപ്പ അലവിയുടെ ചോദ്യം..കാരണം അഞ്ച് അങ്ങ് ദൂരേ പട്ടണത്തിലാണ്..

ജീവിതത്തിലാദ്യമായി ആലിക്കുട്ടി ആണത്തം കാട്ടിയത് അന്നാണ്.ദേവയാനി പഠിക്കാന്‍പോണ സ്കൂളില്‍ചേരണമെന്ന ചെറിയ മോഹമേ അവനുണ്ടായിരുന്നുള്ളൂ..പട്ടണത്തിലെ അവളുടെ അമ്മ വീട്ടില്‍നിന്നും അവള്‍സ്കൂളില്‍പോകുമെന്ന വാര്‍ത്ത കേട്ടതിലേറെ അവളെ ഇനി കാണാന്‍കഴിയില്ലല്ലോ എന്ന ചിന്തയില്‍നിന്നുമാണ് ആ ധൈര്യം ഉടലെടുത്തത്. രാവിലെ തന്നെ ഈര്‍ച്ചവാളുമെടുത്ത് മരമീരാന്‍പോവുകയായിരുന്ന അലവിയെ നോക്കി രണ്ടും കല്‍പ്പിച്ചു അവന്‍പറഞ്ഞു..

” എനക്കും യൂപ്പീ സ്കോളില്‌പോണം…”

അലവി ഒന്നും പറഞ്ഞില്ല..ആലിക്കുട്ടിയെ ഒന്നിരുത്തി നോക്കി എന്ന് മാത്രം..പിന്നെ മുറ്റമടിക്കുകയായിരുന്ന കെട്ട്യോള്‍പാത്തുമ്മയോട് കഠിനമായി ചോദിച്ചു..

“നിജ്ജ് ആണോ ഇച്ചെക്കനെ ഓരോ പെരാന്ത് പഠിപ്പിച്ചത്??..”

അവസാന ശ്രമമെന്നോണം അന്ന്‌രാത്രി ആലിക്കുട്ടി വാപ്പച്ചി കേള്‍ക്കെ ഒന്നുച്ചത്തില്‍കരഞ്ഞു നോക്കി..പക്ഷേ സ്വന്തം കാലിലെ തൊലി കുറേ പോയെന്നല്ലാതെ ആ മോഹം നടക്കാന്‍പോകുന്നില്ല എന്ന് അതോടെ ആലിക്കുട്ടിക്ക് ബോധ്യമായി.

പിന്നെയും മാസങ്ങള്‍കടന്നുപോയി ദേവയാനി പട്ടണത്തിലും ആലിക്കുട്ടി ഈര്‍ച്ചപ്പൊടിയിലും വളര്‍ന്നു. ഇതിനിടയില്‍ഒന്ന് രണ്ട് തവണ നാട്ടില്‍വച്ച് അവളെ കണ്ടിരുന്നെങ്കിലും ആലിക്കുട്ടിക്കു ഒന്ന് മിണ്ടാനോ ചിരിക്കാനോ ഉള്ള ധൈര്യമില്ലായിരുന്നു.ഒരിക്കല്‍ഓണത്തിന് ദേവയാനി നാട്ടില്‍വന്നപ്പോള്‍ആലിക്കുട്ടി രണ്ടും കല്‍പ്പിച്ച് കൃഷ്ണക്കുറുപ്പിന്‍റെ പറമ്പിലെ വണ്ണം കുറഞ്ഞ ആ പുളിമരത്തില്‍കയറി.ദേഹത്തു പടര്‍ന്നു കയറുന്ന ചോണനുറുമ്പുകളെ വകവെയ്ക്കാതെ “ആ മഞ്ഞ ഉടുപ്പില്‍അവളെക്കാണുമ്പോള്‍എല്ലായ്പ്പോഴും അവളുടെ കൂടെ കളിക്കാന്‍തോന്നുന്നല്ലോ..” എന്ന് അത്ഭുതപ്പെട്ടു നില്‍ക്കുമ്പോഴാണ് പിറകിലൂടെ വന്ന ഉമ്മച്ചിയുടെ കയ്യിലെ കമ്യൂണിസ്റ്റ്‌പച്ചയുടെ തണ്ടിന്റെ ചൂടറിഞ്ഞത്.

അതോടെ ആരും കാണാതെയുള്ള കൃഷ്ണക്കുറുപ്പിന്റെ പറമ്പിലേക്കുള്ള സഞ്ചാരവും നിന്നു…

ഈര്‍ച്ചപ്പൊടി വാരലും വാപ്പച്ചിയ്ക്ക് കട്ടന്‍ ചായ ഒഴിച്ച് കൊടുക്കലുമൊക്കെയായി ആലിക്കുട്ടിയുടെ വര്‍ഷങ്ങള്‍അങ്ങനെ പിന്നെയും കടന്നു പോയി….എങ്കിലും എല്ലാ പ്രാവശ്യവും ദേവയാനി നാട്ടില്‍വരുമ്പോള്‍ആലിക്കുട്ടി എങ്ങനെയെങ്കിലും അവളെ ഒരു നോക്കു കാണും…

ദേവയാനിയുടെ അച്ഛന്‍കൃഷ്ണക്കുറുപ്പ് പാമ്പു കടിച്ചു മരിച്ച അന്ന് രാത്രിയാണ് ആലിക്കുട്ടി പിന്നീട് അവളെ തൊട്ടടുത്ത് കണ്ടത്…അന്നവള്‍മുള ചീന്തും പോലെ കരയുന്നുണ്ടായിരുന്നു..ആ കണ്ണുകള്‍കലങ്ങി ചുണ്ടപ്പൂവിന്റെ നിറമായിരുന്നു..അവളെ നോക്കിയിരിക്കെ ആലിക്കുട്ടിക്കു തനിക്കും കരച്ചില്‍വരുന്നതുപോലെ തോന്നി..അന്ന് ആരും കാണാതെ വടക്കേതിലെ ചേരിന്റെ ചോട്ടില്‍അവന്‍കണ്ണില്‍വെള്ളവും നിറച്ചിരുന്നു…

അന്നവന് പതിമൂന്നു വയസ്സാണ്..മീശ കിളുര്‍ത്തു വരുന്നുണ്ട്…

അന്നാ ചേരിന്റെ ചോട്ടില്‍അവനു കൂട്ട് കുറേ മിന്നാമിനുങ്ങുകളായിരുന്നു.കുറെ നേരം തനിച്ചിരുന്നപ്പോള്‍ആ മിന്നാമിനുങ്ങുകള്‍ എല്ലാം ചേര്‍ന്ന് ഒരു മനുഷ്യരൂപം പ്രാപിക്കുന്നതായി അവനു തോന്നി..ആ വെളിച്ചത്തിനുള്ളില്‍ദേവയാനിയാണ്..സ്വര്‍ണത്തില്‍തീരത്ത ഒരു പ്രതിമ പോലെ അവള്‍ തന്നെ നോക്കി ചിരിക്കുന്നു..അവളുടെ രൂപം ഒരുപാട് മാറിയിട്ടുണ്ട്..പണ്ട് ഞാറല്‍പ്പഴം തിന്നു നീലിച്ച ചുണ്ടുകള്‍ഇന്ന് ചുവന്നു തുടുത്തിരിക്കുന്നു..ആ മെലിഞ്ഞ ആ ശരീരം ആരോ കടഞ്ഞെടുത്തത് പോലെ..അവളോട്‌പണ്ട് തോന്നാത്ത എന്തൊക്കയോ വികാരങ്ങള്‍ ഉടലെടുക്കുന്നത് പോലെ.. അടുത്തുപോയി ഒന്നു കെട്ടിപ്പിടിച്ചിരിക്കാന്‍പോലും തോന്നി ആലിക്കുട്ടിക്ക്…പിന്നെ ശവദാഹം കഴിഞ്ഞു ആരോക്കയോ ചൂട്ടും വീശി ആ വഴി കടന്നു പോയപ്പോഴാണ് അവന്‍താനൊരു മായികലോകത്തായിരുന്നുവെന്നു തിരിച്ചറിഞ്ഞത്…

തിരിച്ചു വീട്ടിലേക്കു നടക്കും വഴി അവനൊരു തീരുമാനമെടുത്തിരുന്നു..ദേവയാനിയെ കല്യാണം കഴിക്കണം..സ്വന്തം കാലില്‍നില്‍ക്കണം..അതിനു ആദ്യം വേണ്ടത് ഈ നശിച്ച സ്ഥലത്തുനിന്നും രക്ഷപ്പെടുകയാണ്..അതിനു ഒരു വഴിയേയുള്ളൂ..

നാട് വിടുക…

പണ്ട് മൂന്നാം ക്ലാസ്സു വരെ കൂടെയുണ്ടായിരുന്ന ബഷീര്‍മൈസൂരില്‍പോയി കാശുണ്ടാക്കിയ കഥ അവന്‍കേട്ടിരുന്നു..അങ്ങനെയാണ് മൈസൂരിലേക്ക് പോകാനുള്ള തീരുമാനമെടുത്തത്..എങ്കിലും കണ്ണില്‍കണ്ട ബസ്സുകളൊക്കെ മാറിക്കയറി ഒടുവില്‍എത്തിപ്പെട്ടത് കുടകിലാണ്..ഏതോ മലയാളിയുടെ കാരുണ്യം കൊണ്ട് കൂപ്പില്‍ഒരു പണി തരപ്പെട്ടു..അങ്ങനെ അന്ന് മുതല്‍

കുടകിലെ കൊടും കാട്ടില്‍കരിവീട്ടിപോലത്തെ ആനകള്‍ക്കൊപ്പം നിന്ന് ആലിക്കുട്ടിയും മരം വലിച്ചു..

വര്‍ഷം അഞ്ചാറു കഴിഞ്ഞെങ്കിലും അവന്‍ നാട്ടിലേക്ക് പോയില്ല…കാട്ടുപോത്തുകളുടെ സ്വഭാവമുള്ള മല്ലന്മാരോടോത്തുള്ള വാസം ജീവിതത്തിലും സ്വഭാവത്തിലും സ്വാധീനം ചെലുത്താന്‍തുടങ്ങിയിരുന്നെങ്കിലും ദിവസവും അവന്‍ദേവയാനിയെ സ്വപ്നം കണ്ടു.മനസ്സുകൊണ്ട് അവളോടോത്തു ജീവിച്ചു..

കുടകിലെ കടുകെണ്ണ മണക്കുന്ന പെണ്ണുങ്ങള്‍ആരും തന്നെ അവന്റെ മനസ്സിനെ ഇളക്കിയില്ല..

കയ്യിലും കാലിലും ഉരുണ്ടുകൂടിയ മസിലുകളില്‍ എണ്ണ തേച്ചു മിനുക്കിക്കൊണ്ടിരുന്ന ഒരു വൈകുന്നേരം അവന്റെ കുടകിലെ ഒരേയൊരു സുഹൃത്ത് കരീമാണ് ചോദിച്ചത്.

“അനക്ക് നാട്ടില് പോയി മംഗലം കയിക്കരുതോ..വയസ്സ് പത്തിരുപതായില്ലേ..”

കല്യാണം കഴിക്കാനല്ലെങ്കിലും നാട്ടിലെക്കൊന്നു പോകണമെന്ന് ആലിക്കുട്ടിയുടെ മനസ്സ് പറഞ്ഞു…ദേവയാനി ഇപ്പോള്‍കാണാന്‍ എങ്ങനെയിരിക്കും??…ഏഴു മക്കളുള്ള അലവിക്കും പാത്തുമ്മക്കും അതിലൊന്ന് പോയാല്‍ ഒന്നും സംഭവിക്കാന്‍പോവുന്നില്ലെന്ന തിരിച്ചറിവിലാണ് ഇത്രയും നാള്‍നാട്ടില്‍ പോവാതിരുന്നത്…എന്നാലും കൂടപ്പിറപ്പുകളെയും വാപ്പയും ഉമ്മച്ചിയെയും ഒക്കെ ഒന്നു കാണണം.. വല്യ സ്നേഹം ഒന്നും ഉണ്ടായിട്ടല്ല..എന്നാലും വെറുതെ…

മൂന്നാം നാള്‍ആലിക്കുട്ടി നാട്ടിലെത്തി.

ഒന്നും സംഭവിച്ചില്ല..നാടുവിട്ടുപോയ അലവിയുടെ ചെക്കന്‍നല്ല തണ്ടും തടിയുമായി തിരിച്ചു വന്നിരിക്കുന്നു എന്ന് കരക്കാര് പറഞ്ഞുനടന്നു…

പാത്തുമ്മ മാത്രം മോനെ നോക്കി കുറെ നേരം കരഞ്ഞു..

പിറ്റേന്ന് വൈകീട്ട് ആ പഴയ ഇടവഴിയിലൂടെ നടക്കുമ്പോള്‍ആലിക്കുട്ടി പിന്നെയും ദേവയാനിയെ കണ്ടു..ഒന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം..

അവള്‍ അമ്പലത്തില്‍നിന്ന് വരികയാണ്…ആലിക്കുട്ടിയ്ക്ക് ശ്വാസം നിലച്ചപോലെ തോന്നി.. നിലാവ് പൂത്തപോലെ മുന്നില്‍നിറഞ്ഞു നില്‍ക്കുകയാണവള്‍ദേവയാനി.
HOW IS INSTRUCTIONAL LEADERSHIP DISTRIBUTED? Instructional management and LEADERSHIP? Earlier images of heroic managers may have encouraged many districts to seek instructional management deeprootsmag.org levitra in canada and leadership by hiring exemplary candidates with all the right traits (Elmore). Always buy levitra online online levitra.net/product/generic-buy levitra online as per prescribed manner. Diabkil capsule keeps this order cialis online side effect in control. So, as viagra sale without prescription you see, there are many treatments available for erectile dysfunction.
“ന്നെ അറിയോ..” ചോദിക്കണമെന്നുണ്ടായിരുന്നു..പക്ഷെ ശബ്ദം പുറത്തുവന്നില്ല….

അലിക്കുട്ടിയെ നോക്കി ഒന്ന് മന്ദഹസിച്ച് ദേവയാനി കടന്നു പോയി..

ഇല്ല..അവള്‍തന്നെ മറന്നിട്ടില്ല…നോക്കി ചിരിച്ചപ്പോള്‍മനസ്സില്‍മഞ്ഞു കഷണങ്ങള്‍വാരിയിട്ട പോലെ..ആ കണ്ണുകള്‍എന്തൊക്കെയോ പറയാന്‍വെമ്പുന്നുണ്ടായിരുന്നോ..ആ ചിരിയില്‍മുഴുവനും തന്നോടുള്ള സ്നേഹമില്ലേ..???…

അവള്‍ പോയിക്കഴിഞ്ഞിട്ടും ആലിക്കുട്ടിക്ക് അവിടെ നിന്നും അനങ്ങാന്‍ കഴിഞ്ഞില്ല…

പക്ഷെ പിറ്റേ ദിവസം ഒരു വാര്‍ത്ത കേട്ടതോടെ ആ ഹൃദയം തകര്‍ന്നു..

“ദേവയാനിയുടെ കല്യാണം നിശ്ചയിച്ചിരിക്കുന്നു..”

കണ്ണില്‍കണ്ടതെല്ലാംഅടിച്ചു നുറുക്കാനാണ് ആദ്യമയാള്‍ക്ക് തോന്നിയത്..വേറൊരാള്‍ദേവയാനിയെ കൊണ്ടുപോകാന്‍ വരുന്നു..ഹൃദയത്തിന്‍റെ ഉള്ളില്‍എന്തൊക്കയോ ഉടയുന്നുണ്ട്..ചിലപ്പോഴൊക്കെ സ്വബോധം നഷ്ടപ്പെടുന്ന പോലെ…ഒരുപാട് ബീഡികള്‍വലിച്ചു തീര്‍ത്തു..കുറേ നേരം കുളക്കരയിലെ കൈതോലപ്പടര്‍പ്പിനുള്ളില്‍പോയിരുന്നു.എന്നിട്ടും അവള്‍മാത്രം മനസ്സില്‍നിന്നും പോവാന്‍കൂട്ടാക്കുന്നില്ല…

ദേവയാനിയുടെ കല്യാണത്തിന്റെ അന്ന് ആലിക്കുട്ടി പാതി മരിച്ച മട്ടായിരുന്നു..എങ്കിലും നാട്ടുകാരുടെ കൂടെ അയാളും കല്യാണത്തിനു പോയി…

മണ്ഡപത്തിലെ വിളക്കുകളും അലങ്കാരങ്ങളുമൊക്കെ കണ്ടപ്പോള്‍എല്ലാം അടിച്ചു തകര്‍ത്ത് അവളെയും കൊണ്ടു രക്ഷപ്പെട്ടാലോ എന്ന് കൂടി ചിന്തിച്ചു..

പക്ഷെ ഒന്നും മിണ്ടാതെ കിണറിന്റെ ആള്‍മറയില്‍ ചാരിനിന്നു..

കടും ചുവപ്പ് കസവുസാരിയില്‍സ്വര്‍ണത്തില്‍പൊതിഞ്ഞ് ദേവയാനി വരുന്നു..കൂടെ കയ്യില്‍ താലങ്ങളുമേന്തി കുറേ സ്ത്രീകളും..ആലിക്കുട്ടി ദേവയാനിയെ മാത്രമേ കണ്ടുള്ളൂ..അവള്‍ മണ്ഡപത്തിലേക്ക് കയറിയപ്പോള്‍ആ പ്രഭയില്‍താന്‍അലിഞ്ഞു പോകുന്നു വെന്നാണ് ആലിക്കുട്ടിക്കു തോന്നിയത്..ഈ ഭൂമിയില്‍ഇപ്പോള്‍താനും അവളും മാത്രമേയുള്ളൂ..ഒരു വലിയ ഞാറല്‍മരത്തിനു ചോട്ടില്‍വച്ച് മുഖത്താകെ നീല നിറം നിറച്ചു വച്ച് അവള്‍ ചിരിക്കുകയാണ്..ദൂരെ അമ്പലത്തിലെ ഉല്‍സവത്തിന് കതിനപൊട്ടുന്നതിന്റെയും ചെണ്ടയടിക്കുന്നതിന്റെയും ശബ്ദം..ആ താളത്തില്‍ലയിച്ചങ്ങനെ കുറേ നേരം നിന്നുപോയി..പെട്ടെന്ന് ദേവയാനിയുടെ മുഖം മാറിയോ..ആ കണ്ണുകള്‍നിറഞ്ഞോ???..ഇപ്പോള്‍ കേള്‍ക്കുന്നത് ചെണ്ടമേളമല്ല..മറ്റെന്തോ താളം..!! താന്‍നില്‍ക്കുന്നത് ദേവയാനിയുടെ വീട്ടുമുമറ്റത്താണ്.!!.ഒരാള്‍അവളുടെ കഴുത്തില്‍താലി കെട്ടാന്‍പോകുന്നു…തന്റെ ഹൃദയത്തിന്‍റെ ഒരു കഷ്ണം വേറൊരാള്‍മുറിച്ചെടുത്തു കൊണ്ടുപോകുകയാണ്..ഇനി ഒരു നിമിഷം കൂടിയെയുള്ളൂ..എന്തെങ്കിലും ചെയ്തില്ലെങ്കില്‍ദേവയാനിയെ അയാള്‍കൊണ്ടു പോകും..അവള്‍അയാള്‍ക്ക്‌മുന്നില്‍തലകുനിക്കുകയാണ്..അവളുടെ മുഖത്ത് നിറഞ്ഞു നില്‍ക്കുന്നത് കഠിനമായ വിഷാദമല്ലേ..??..ഈ യൊരു നിമിഷം കഴിഞ്ഞാല്‍ജീവിതകാലം മുഴുവനും അവള്‍ഇഷ്ടപ്പെടാത്ത ഒരാളുടെ കൂടെ ജീവിക്കേണ്ടി വരില്ലേ??… മനസ്സില്‍ ആഞ്ഞു വീശിയ കൊടുങ്കാറ്റില്‍ആടിയുലഞ്ഞു നിലതെറ്റി നില്‍ക്കുന്നതിനിടെ ഒരു നിമിഷത്തിന്റെ ഉന്മാദത്തില്‍അരയിലെ പച്ചബെല്‍റ്റില്‍നിന്നും ചെറിയ പീച്ചാംകത്തി വലിച്ചൂരി ആലിക്കുട്ടി മണ്ഡപത്തിലേക്ക് ചാടിക്കയറി..

“നായിന്റെ മോനെ….ഓളെ….തൊഡരുത്…!!”

സദസ്സ് സ്തംഭിച്ചു…പക്കമേളം നിലച്ചു…അതിലെ വീശിയ കാറ്റുപോലും ശബ്ദമുയര്‍ത്താന്‍പേടിച്ചു..

പക്ഷെ കൂടുതല്‍നേരം ആ മൌനം നീണ്ടു നിന്നില്ല..നാട്ടുകാര്‍ഇടപെട്ടു..ചര്‍ച്ചകള്‍ക്കും കോലാഹലങ്ങള്‍ക്കുമിടയില്‍ ദേവയാനി മാത്രം പകച്ചു നിന്നു…

ആലിക്കുട്ടിക്കു ഭ്രാന്താണെന്നായിരുന്നു പൊതുവെയുള്ള അഭിപ്രായം…അല്ലാതെ ഇങ്ങനെ വരാന്‍വഴിയില്ല….അല്ലെങ്കിലും ഈ ആലിക്കുട്ടി എപ്പോഴാണ് ദേവയാനിയെ കണ്ടത്?? എപ്പോഴാണ് അവളോട്‌മിണ്ടിയത്??..പിന്നെ ചിലരൊക്കെ പറയുന്നത് പോലെ അവര്‍തമ്മില്‍എന്ത് പ്രേമം ഉണ്ടാവാന്‍..??പിന്നെ..അവന്റെ ഉപ്പുപ്പായ്ക്കും ഭ്രാന്തുണ്ടായിരുന്നു..കുറേക്കാലം ചങ്ങലക്കിട്ടിട്ടുണ്ട്..

ഏതായാലും നേരമിരുട്ടുന്നതിനു മുന്‍പേ ആലിക്കുട്ടി ഭ്രാന്തനായി..ആദ്യമൊക്കെ ആലിക്കുട്ടി മൌനിയായി പീടികത്തിണ്ണയിലും കൈതോലക്കാട്ടിലുമൊക്കെ പോയിരിക്കാറേ ഉണ്ടായിരുന്നുള്ളൂ..പക്ഷെ പിന്നെ പതുക്കെ പതുക്കെ താന്‍ശരിക്കുമൊരു ഭ്രാന്തനാണെന്ന് അയാള്‍തിരിച്ചറിഞ്ഞു തുടങ്ങി..

ആലിക്കുട്ടിയുടെ പിന്നീടുള്ള ഓര്‍മ്മകള്‍ചിതറിയതാണ്…എന്നും കാതില്‍ഭയപ്പെടുത്തുന്ന ശബ്ദങ്ങളും കണ്ണുതുറന്നാല്‍ഇരച്ചുകയറുന്ന വെളിച്ചവും മാത്രം…

*** *** *** ***

“ഈ കഥയുടെ ക്ലൈമാക്സ് ആണോ ആദ്യം വായിച്ചത്??…”

അയാളുടെ ശബ്ദം അല്‍പ്പം പതറിയിരുന്നു…

“അതെ..”

“അപ്പോള്‍ആലിക്കുട്ടിയുടെ പിന്നീടുള്ള ഓര്‍മ്മകള്‍??”

“പിന്നീടുള്ള ഓര്‍മ്മകള്‍ആലിക്കുട്ടിയുടേതല്ല ദേവയാനിയുടെതാണ്…ആ ഓര്‍മ്മകള്‍പിന്നെ തുടങ്ങുന്നത് നഗരത്തിലെ മാനസികാരോഗ്യകേന്ദ്രത്തിലും…”

“അപ്പോള്‍ആലിക്കുട്ടി പിന്നെയും ദേവയാനിയെ കണ്ടു??

“അതെ…വര്‍ഷങ്ങള്‍ക്കു ശേഷം..അന്നവള്‍ സര്‍ക്കാര്‍സര്‍വീസില്‍ജോലി ചെയ്യുകയായിരുന്നു…മനുഷ്യാവകാശകമ്മീഷന്റെ ഒരു അന്വേഷണത്തിനു സഹായിയായി ആ മാനസികാരോഗ്യ കേന്ദ്രത്തിലെത്തിയ അവള്‍യാദൃശ്ചികമായി ആലിക്കുട്ടിയെ കണ്ടു..യാതൊരു മാനസികാസ്വാസ്ഥ്യവുമില്ലാതെ..പഴയ ഓര്‍മകളും പേറി ജീവിക്കുന്ന ഒരു മനുഷ്യനെ..”

“എന്നിട്ട് ദേവയാനി അയാളോട് എന്ത് ചോദിച്ചു…??”

“എന്നെങ്കിലും അയാളെ വീണ്ടും കണ്ടു മുട്ടിയാല്‍അയാളോട് ഒരു ചോദ്യം ചോദിക്കണമെന്ന് ദേവയാനി കരുതിയിരുന്നു..”ജീവിതത്തില്‍എപ്പോഴെങ്കിലും ദേവയാനി അയാളോട് ഒരു വാക്കെങ്കിലും മിണ്ടിയിട്ടുണ്ടോ” എന്ന്…..”

“എന്നിട്ട് ചോദിച്ചില്ലാ….??”

“ഇല്ല..

“എന്തേ??…”

“അയാളുടെ മാനസികനില പിന്നെയും തെറ്റുമോ എന്നവള്‍ഭയന്നു…ഒറ്റനോട്ടത്തില്‍തന്നെ ദേവയാനിയെ തിരിച്ചറിഞ്ഞ ആ സ്നേഹത്തിന് മുന്നില്‍അവളും ഒന്നു പതറിക്കാണും….”

“അപ്പോള്‍ പറഞ്ഞു വരുന്നത്…ദേവയാനിക്ക് അയാളോട് സ്നേഹമുണ്ടായിരുന്നു എന്നാണോ??…”

“അത് കഥയില്‍ സൂചിപ്പിക്കുന്നില്ല..സൂചിപ്പിക്കേണ്ട ആവശ്യവുമില്ല…പക്ഷെ അവിടെനിന്നും മോചിതനായതിനു ശേഷം അവളറിയാതെ അയാള്‍അവളെ പിന്തുടര്‍ന്നു… പലവട്ടം അവളുടെ ഓഫീസിനു മുന്നില്‍വന്നിരുന്ന്‍ആരും കാണാതെ അവളെ കണ്ടു..”

“ദേവയാനിക്ക് അയാളോടു സ്നേഹമുണ്ടായിരുന്നോ എന്നത് കഥയില്‍സൂചിപ്പിക്കേണ്ട ആവശ്യമില്ല എന്ന് പറഞ്ഞത് ???…” അത് ചോദിച്ചപ്പോള്‍അയാളുടെ കണ്ണുകള്‍കുറുകി..

“അവിടെയാണ് കഥയും ജീവിതവും തമ്മിലുള്ള വ്യത്യാസം…നല്ല ഒരു വായനക്കാരന് ഒരു പക്ഷേ കഥാപാത്രങ്ങളുടെ മനസ്സിലേക്കിറങ്ങിചെല്ലാന്‍കഴിഞ്ഞു എന്ന് വരും…..”

“ആദ്യം പറഞ്ഞ ക്ലൈമാക്സില്‍…”അവര്‍വീണ്ടുമാ കടല്‍ത്തീരത്തു പോയി എന്നാണു തുടക്കം” കടലും ഈ കഥയുമായുള്ള ബന്ധം?? അവര്‍പിന്നെയും സന്ധിച്ചിരുന്നു എന്നല്ലേ അതിനര്‍ത്ഥം..??”

അയാള്‍സംശയത്തോടെ,ജിജ്ഞാസയോടെ ചോദിച്ചു..

ഇത്തവണ കഥാകൃത്ത് മറുപടി പറഞ്ഞത്, കടുത്ത വിഷാദത്തോടെ മുഖം കുനിച്ചുകൊണ്ടാണ്…

“ഒരു പക്ഷെ ഈ ഒരു സംശയം എന്നും ദേവയാനിയുടെ വിവാഹ ജീവിതത്തില്‍നിറഞ്ഞു നിന്നത് കൊണ്ട്, അല്ലെങ്കില്‍ദേവയാനി എന്നും തന്റെ ഭര്‍ത്താവിനാല്‍സംശയിക്കപ്പെട്ടതുകൊണ്ടാവാം ആദ്യം പറഞ്ഞ ക്ലൈമാക്സില്‍നിന്നും കഥ തുടങ്ങാന്‍കഥാകൃത്ത് പ്രേരിക്കപ്പെട്ടത്‌…”

നിറഞ്ഞു തുടങ്ങിയ മിഴികളുമായി കഥാകൃത്ത് എഴുന്നേറ്റു പോയിക്കഴിഞ്ഞിട്ടും ശ്രോതാവായ സദാശിവന് എഴുന്നേല്‍ക്കാന്‍ തോന്നിയില്ല..

ആലിക്കുട്ടിയെന്ന കഥാപാത്രം അബ്ദുല്‍ റസ്സാഖായും, ദേവയാനി എന്ന നായിക തന്റെ ഭാര്യ ശാരദാ സദാശിവനായും രൂപാന്തരം പ്രാപിക്കുന്ന കഥയില്‍സദാശിവന്‍എന്ന തന്നെക്കുറിച്ച്, അല്ലെങ്കില്‍കഥയിലെ ദേവയാനിയുടെ ഭര്‍ത്താവിനെപ്പറ്റി ചെറിയൊരു പരാമര്‍ശം പോലുമില്ലല്ലോ എന്ന് ചിന്തിക്കുകയായിരുന്നു അയാള്‍…

സ്വന്തം ജീവിതത്തെ ആസ്പദമാക്കി ശാരദ ഇങ്ങനെ ഒരു കഥ എഴുതിയതും അത് തന്നെ വായിച്ചു കേള്‍പ്പിച്ചതും എന്തിനായിരുന്നു ??

ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു വന്ന വന്ന താനെഴുതിയ,തന്റെ സ്വന്തം കഥ മുഴുവന്‍ഭര്‍ത്താവിനെ വായിച്ചു കേള്‍പ്പിച്ച് ശാരദാ സദാശിവന്‍എന്ന കഥാകൃത്ത് എഴുന്നേറ്റു പോയെങ്കിലും അവളെഴുതിയ പ്രസിദ്ധീകരിക്കപ്പെടാത്ത കഥകള്‍പലതും,ആ മുറിയിലെ പഴയ ഇരുമ്പുപെട്ടിക്കുള്ളില്‍ അപ്പോഴും നല്ല വായനക്കാരെ തേടിക്കൊണ്ടിരുന്നു….

Tagged as: ,

Leave a Reply