Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

വാണിഭചിന്ത ആധിപത്യമുറപ്പിക്കുന്ന വിദ്യാഭ്യാസ രംഗം

[വി പി ഉണ്ണികൃഷ്ണന്‍]

 

വിവിധ സാമൂഹ്യ വര്‍ഗങ്ങളേയും വിഭാഗങ്ങളേയും ഒരുമിപ്പിക്കുകയും അതുവഴി സമത്വാധിഷ്‌ഠിതവും ഏകീകൃതവുമായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കുകയും ചെയ്യാനുള്ള ബാധ്യത വിദ്യാഭ്യാസ സമ്പ്രദായത്തിനുണ്ട്‌. എന്നാല്‍ ഇപ്പോള്‍ ഇതിന്‌ പകരം വിദ്യാഭ്യാസത്തെ സാമൂഹ്യ വിവേചനം വര്‍ധിപ്പിക്കുവാനും വര്‍ഗ വ്യത്യാസം നിലനിര്‍ത്താനുമാണ്‌ പ്രേരിപ്പിക്കുന്നത്‌.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഉന്നത വിദ്യാഭ്യാസമെന്നത് ആധുനിക കാലഘട്ടത്തില്‍ സംഭവിച്ചതല്ല എന്ന സവിശേഷമായ പ്രത്യേകതയുണ്ട്. ബുദ്ധ-ജൈന മതങ്ങളുടെ കാലത്തുതന്നെ ഇന്ത്യയില്‍ ഉന്നത വിദ്യാഭ്യാസം പുഷ്ടിപ്പെട്ടുവന്നിരുന്നു. ബുദ്ധവിഹാരങ്ങള്‍ ഉന്നത പഠനത്തിന്റെ വിഹാരകേന്ദ്രങ്ങളായിരുന്നു. ചൈനീസ് സഞ്ചാരിയായ ഫാഹിയാന്‍ ഇങ്ങനെ പറയുന്നു; ‘ബുദ്ധവിഹാരങ്ങള്‍ വളരെ വലുതും അനേകം ഭിക്ഷുക്കള്‍ അന്തേവാസികളായി താമസിക്കുന്നവയുമായിരിക്കും. ബഹുവിധ വിജ്ഞാനം പകരുന്ന കേന്ദ്രങ്ങളാണവ’. ഹ്യൂയാന്‍ സാംങും വിവരിക്കുന്നത് വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കിയിരുന്ന കാലത്തെക്കുറിച്ചാണ്. ജ്ഞാനം തേടിയലഞ്ഞ ബ്രഹ്മചാരികളെക്കുറിച്ച് ഹ്യൂയാന്‍ സാംങ് പറഞ്ഞതിങ്ങനെ: ”ബഹുമതികളോ പ്രലോഭനങ്ങളോ അവരെ ആകര്‍ഷിച്ചില്ല. അധിക്ഷേപങ്ങളോ ആക്ഷേപങ്ങളോ അവരെ ഒരിക്കലും അലട്ടിയതുമില്ല. വിദ്യാസമ്പന്നരായ അവരുടെ പ്രശസ്തി ദിഗന്തങ്ങളില്‍ പ്രസരിച്ചു. പണ്ഡിതന്‍മാരായ അവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുവാന്‍ ഭരണാധികാരികള്‍ ശ്രദ്ധചെലുത്തി. വൈജ്ഞാനിക ലോകത്ത് ആപാദചൂഡം മുഴുകി ആനന്ദം കണ്ടെത്തുന്നതില്‍ അവര്‍ ശ്രദ്ധിച്ചു. ഈ പണ്ഡിതസമൂഹം സ്വന്തം ആവശ്യങ്ങളെ അവഗണിക്കുകയും ആഹാരത്തിനായി ഭിക്ഷയെ ആശ്രയിക്കുകയും ചെയ്തു” എന്നാണ് ഹ്യൂയാന്‍ സാംങിന്റെ നിരീക്ഷണം. വിദ്യ പരമപ്രധാനം എന്നു കരുതിയിരുന്ന ഒരു ഭാരതീയ കാലത്തിന്റെ ചിത്രത്തെ സാക്ഷ്യപ്പെടുത്തുകയാണ് ചൈനക്കാരായ ഫാഹിയാനും ഹ്യൂയാന്‍ സാംങും ചെയ്യുന്നത്.

ചരിത്രത്തിലെ ഈ പവിത്രത ജൈന-ബുദ്ധമത കാലത്തു മാത്രമല്ല ഇന്ത്യയ്ക്ക് സ്വന്തമായിരുന്നത്. അതിനു മുമ്പും പിമ്പും വിദ്യാഭ്യാസത്തിലെ ഈ മഹനീയത ഇന്ത്യ പിന്തുടര്‍ന്നിരുന്നു. വിദ്യ മഹാധനം എന്നു കരുതുകയും പ്രചരിപ്പിക്കുകയും ചെയ്ത വേദ-ബ്രാഹ്മണ-ഉപനിഷത്തുക്കളുടെ കാലവും ജൈന-ബുദ്ധകാലത്തിനൊപ്പം ഇന്ത്യയ്ക്ക് സ്വന്തമായിരുന്നു. വേദകാലത്ത് സ്ത്രീ വിദ്യാഭ്യാസത്തിനുപോലും ഇന്ത്യ വളരെ വലിയ പ്രാധാന്യം കല്‍പ്പിച്ചിരുന്നു. പെണ്‍കുട്ടികളെ നന്നേ ചെറുപ്പത്തില്‍ തന്നെ വിവാഹം കഴിപ്പിച്ചു നല്‍കരുതെന്ന് ഋഗ്വേദ സൂക്തങ്ങള്‍ പറയുന്നു. പ്രായം തികഞ്ഞവളും വിദ്യാവിചക്ഷണയുമായ വധുവിനെ തത്തുല്യമായ പ്രായവും വിദ്യാഭ്യാസവും ഉള്ളവര്‍ക്കു മാത്രമേ വിവാഹം കഴിച്ചുകൊടുക്കാവൂ എന്നാണ് വിധി. വിവാഹത്തിന്റെ പൊരുത്തം ജാതകപ്പൊരുത്തമായിരുന്നില്ല. വിദ്യാഭ്യാസവും പ്രായവുമായിരുന്നു വിവാഹപ്പൊരുത്തത്തിന്റെ പ്രാഥമിക യോഗ്യതകള്‍. ഇതെല്ലാം തെളിയിക്കുന്നത് വിദ്യാഭ്യാസത്തില്‍ പൗരാണികകാലം മുതലേ ഇന്ത്യ പുലര്‍ത്തിപ്പൊന്നിരുന്ന ഔന്നത്യമാണ്. ഇന്ന് കേരളീയ വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും അതുവഴിയുണ്ടായ അപചയങ്ങളും പൗരാണികകാലം മുതലേ നാം തുടര്‍ന്നുപോന്നിരുന്ന വിദ്യാഭ്യാസത്തിലെ മഹനീയത എത്രമാത്രം ഹനിക്കപ്പെട്ടു എന്നതിന്റെ സാക്ഷ്യപത്രമാണ്.
വിദ്യാഭ്യാസത്തിന്റെ മാനദണ്ഡം പണമാണ് എന്ന സൂത്രവാക്യം വര്‍ത്തമാനകാലത്ത് രാക്ഷസീയ ഭാവങ്ങളോടെ ആധിപത്യം പുലര്‍ത്തുന്നു. ‘വിദ്യാധനം സര്‍വധനാല്‍ പ്രധാനം’ എന്ന ആപ്തവാക്യത്തെ ഇകഴ്ത്തുന്നതിലും അവഗണിക്കുന്നതിലും അങ്ങേയറ്റമാണ് സ്വാശ്രയ കോളജുകള്‍ എന്ന വിദ്യാഭ്യാസ വാണിഭകേന്ദ്രങ്ങള്‍ പ്രകടിപ്പിക്കുന്നത്. സര്‍ക്കാരുകള്‍ ഏത് മുന്നണിയുടേതുമാകട്ടെ സ്വാശ്രയ വിദ്യാഭ്യാസ മുതലാളിമാരുടെ സമ്മര്‍ദങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും ഒരു പരിധിവരെ ഭീഷണികള്‍ക്കും വഴങ്ങേണ്ടിവരുന്നുവെന്നതാണ് ഇന്നത്തെ കഠിന യാഥാര്‍ഥ്യം. ഉന്നത വിദ്യാഭ്യാസമണ്ഡലത്തിലെ നയവും സമീപനവും ചട്ടങ്ങളും തങ്ങള്‍ രൂപീകരിക്കുമെന്ന ഭയാനകമായ നിലയിലേയ്ക്ക് വിദ്യാഭ്യാസ വാണിഭശക്തികള്‍ വളര്‍ന്നിരിക്കുന്നു.

പണം, പണം, കൂടുതല്‍ പണം എന്നതു മാത്രമായിരിക്കുന്നു മെഡിക്കല്‍, എന്‍ജിനീയറിംഗ്, നഴ്‌സിംഗ്, ബി ഡി എസ് പഠനത്തിനുള്ള ഏകമാനദണ്ഡം. ബി എഡ്, എം എഡ്, ബി ബി എ, എം ബി എ, ഫാര്‍മസി എന്നീ പ്രൊഫഷണല്‍ കോഴ്‌സുകളിലേയ്ക്കുമുള്ള മാനദണ്ഡം ഇതു തന്നെ. ആഗോളവല്‍ക്കരണത്തിന്റേതായ സാമ്രാജ്യത്വ അജണ്ടകളെ പിന്തുണയ്ക്കുന്നവരാണ് വിദ്യാഭ്യാസരംഗത്തെ ഈ വാണിഭശക്തികള്‍. വിദ്യ കേവലം ഒരു ചരക്കാണെന്നും പണം നല്‍കാന്‍ കഴിവുള്ളവര്‍ക്കുമാത്രം സ്വായത്തമാകേണ്ടതാണെന്നുമുള്ള പ്രമാണത്തെ അവലംബിച്ച് ലാഭം കൊയ്യാനും ധനസമാഹരണം നടത്താനും കൊതിക്കുന്നവരാണ് വിദ്യാഭ്യാസരംഗത്ത് മുതല്‍മുടക്കുന്ന മുതലാളിമാരായി രംഗപ്രവേശം ചെയ്യുന്നത്.

‘സ്വാശ്രയം’ എന്ന പദം സ്വാതന്ത്യസമരഭൂമിയില്‍ ഉയര്‍ന്ന മഹനീയമായ വാക്കായിരുന്നു. സ്വന്തം കാലില്‍ നില്‍ക്കുന്ന മനുഷ്യരെയും സമൂഹത്തെയും ഗ്രാമങ്ങളെയും ‘സ്വാശ്രയം’ എന്ന പദത്തിലൂടെ ഗാന്ധിജി സ്വപ്നം കണ്ടു. പക്ഷേ ഉത്തരാധുനിക കാലത്ത് ‘സ്വാശ്രയം’ എന്ന വാക്ക് വിദ്യാഭ്യാസ വാണിഭത്തിന്റെയും ചൂഷണത്തിന്റെയും പര്യായപദമായി മാറി. സ്വാശ്രയം എന്ന വിദ്യാഭ്യാസവാണിഭ പരിപാടി സമൂഹത്തില്‍ സൃഷ്ടിച്ച ആഘാത-പ്രത്യാഘാതങ്ങള്‍ ചെറുതൊന്നുമല്ല. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലത്തെ കേരളത്തിന്റെ അനുഭവം മാത്രം പരിശോധിച്ചാല്‍ ഈ മുതലാളിത്ത വിദ്യാഭ്യാസ പ്രക്രിയ വരുത്തിവെച്ച കടുത്ത വിനാശങ്ങള്‍ ബോധ്യപ്പെടും.

കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലമായി ‘സ്വാശ്രയം’ എന്ന വിദ്യാഭ്യാസത്തിലെ മുതലാളിത്ത ആശയം കൂടുതല്‍ കൂടുതല്‍ കനത്ത നാശങ്ങള്‍ കേരളത്തിലെ വിദ്യാഭ്യാസമണ്ഡലത്തില്‍ സൃഷ്ടിക്കുകയാണ്. 1990 കളില്‍ നവ സാമ്പത്തിക നയങ്ങള്‍ ഇന്ത്യയില്‍ അവരോധിക്കപ്പെട്ടപ്പോഴാണ് സ്വാശ്രയ കോളജുകള്‍ എന്ന ദുര്‍ഭൂതം കേരള വിദ്യാഭ്യാസമണ്ഡലത്തെ ആവേശിക്കുവാന്‍ തുടങ്ങിയത്. രണ്ടു സ്വാശ്രയ കോളജുകള്‍ ആരംഭിച്ചു തുടങ്ങിയ ഈ വിദ്യാഭ്യാസ മുതലാളിത്ത പരീക്ഷണം ഇന്ന് എത്ര ഭീകരരൂപമായി വളര്‍ന്നിരിക്കുന്നുവെന്ന് കാലിക അനുഭവങ്ങള്‍ തെളിയിക്കുന്നു.

വിദ്യാഭ്യാസ-ആരോഗ്യ മന്ത്രാലയങ്ങളെ നിയന്ത്രിക്കുകയും നേര്‍വഴി കാണിക്കുകയും ചെയ്യേണ്ടുന്ന ഭരണാധികാരികള്‍ പോലും വിദ്യാഭ്യാസവാണിഭ മേധാവികളുടെ മോഹിപ്പിക്കുന്ന വലയില്‍ വീണുപോകുന്നു. ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് ആണ് സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ കുത്സിത പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കേണ്ടതും അവരുടെ തെറ്റുകളും കുറ്റങ്ങളും കണ്ടുപിടിക്കേണ്ടതുമായ ഒരാള്‍. അതേ ഭരണാധികാരി സ്വന്തം മകളുടെ എം ബി ബി എസ് പ്രവേശനം അനധികൃതമായ നിലയില്‍ സ്വന്തം ഭരണാധികാരത്തിലുള്ള സ്വാശ്രയ മെഡിക്കല്‍ കോളജില്‍ നടത്തി എന്നത് മാധ്യമ വാര്‍ത്തകളിലൂടെ കേരളം തിരിച്ചറിഞ്ഞു. യുക്തിഭദ്രമായി തന്റെ നിലപാടിനെയും മകളുടെ എം ഡി (പി ജി) പ്രവേശനത്തെയും പ്രതിരോധിക്കാനാവാത്തതുകൊണ്ട് തന്റെ ആരോഗ്യമന്ത്രിപദവി സംരക്ഷിക്കുവാന്‍ മകളുടെ എം ഡി പ്രവേശനം ഉപേക്ഷിച്ചതായി ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് പ്രസ്താവിച്ചു. തൊട്ടുപിന്നാലെ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബും പ്രതിസന്ധിയില്‍പ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ നിബന്ധനകളെ തൃണവിലപോലെ കാറ്റില്‍പറത്തുകയും ജനാധിപത്യ ഭരണ സംവിധാനങ്ങളുടെ നിബന്ധനകള്‍ തങ്ങള്‍ക്ക് ബാധകമല്ലെന്ന് ധാര്‍ഷ്ട്യത്തോടെ പ്രഖ്യാപിക്കുകയും ചെയ്ത സ്വാശ്രയ മെഡിക്കല്‍ കോളജ് ശ്രേണിയിലാണ് പി കെ അബ്ദുറബ് സ്വന്തം മകനെ പ്രവേശിപ്പിച്ചത്. മാനദണ്ഡം കോഴകള്‍ തന്നെ. വിവാദമായപ്പോള്‍ അബ്ദുറബും മകന്റെ എം ഡി പ്രവേശനം വേണ്ടെന്നുവെച്ചു.

There are several changes that take place cialis professional cipla when there is no sufficient blood flow in the penile region. Fats reduce the absorption of the contents of the viagra properien medication. Please note that this story is even before the buy sildenafil canada . Seeking into the proper levitra 20mg measures of recovery from the problems like erectile dysfunction. സ്വാശ്രയ വിദ്യാഭ്യാസവാണിഭത്തിനെതിരായി സമരം നയിച്ച സംഘടനകളുടെ ഇന്നത്തെ പ്രതിനിധി ഒരുപക്ഷേ തന്റെ സംഘടനയുടെ പൂര്‍വകാല ചരിത്രം അറിയാത്തതുകൊണ്ടാവാം അരക്കോടി ഔദ്യോഗികമായും അതിലേറെ അനൗദ്യോഗികമായും നല്‍കി സ്വന്തം മകള്‍ക്ക് പ്രവേശനം നേടിയെടുത്തു. വിളിക്കുന്ന മുദ്രാവാക്യത്തിനും നടത്തുന്ന പ്രക്ഷോഭത്തിനും അവരവര്‍തന്നെ വിലനല്‍കുന്നില്ലെന്ന സന്ദേശം വ്യക്തമാക്കപ്പെടുമ്പോള്‍ ആനന്ദിക്കുന്നതും ആ ആനന്ദത്തിലൂടെ കൊഴുത്തു തടിക്കുന്നതും വിദ്യാഭ്യാസവാണിഭക്കാരാണ്.

മെഡിക്കല്‍ വിദ്യാഭ്യാസം കൈകാര്യകര്‍തൃത്വം ചെയ്യുന്ന ആരോഗ്യമന്ത്രിയും വിദ്യാഭ്യാസം കൈകാര്യം ചെയ്യുന്ന മന്ത്രിയും ലക്ഷോപലക്ഷമോ കോടികളോടടുക്കുന്ന തുകയോ സമ്മാനിച്ച് വിദ്യാഭ്യാസ സൗകര്യം സ്വന്തം മക്കള്‍ക്കുവേണ്ടി സ്വായത്തമാക്കുന്നത് വിദ്യാഭ്യാസത്തിന് എന്നെന്നും സ്വന്തമായിരിക്കേണ്ട ഔന്നത്യം നഷ്ടമാകുന്നതുകൊണ്ടാണ്. സമരം നയിക്കുന്നവര്‍ തന്നെ രക്ഷിതാവെന്ന ദൗര്‍ബല്യം വന്നുപെട്ടുപോയതുകൊണ്ട് സ്വന്തം സംഘടനയുടെ ആശയം വിസ്മരിക്കുന്നത് വിദ്യാഭ്യാസമുതലാളിമാര്‍ക്ക് ശക്തിപകരുവാന്‍ സഹായിക്കുകയല്ലാതെ മറ്റൊന്നും ചെയ്യില്ല.

വിദ്യാഭ്യാസം അവകാശമല്ല, ഔദാര്യവും പണം കൊണ്ട് കീഴ്‌പ്പെടുത്തേണ്ട ചരക്കാണെന്നും വരുമ്പോള്‍ അര്‍ഹതയും സാമൂഹ്യ നീതിയും പരിഗണനാ വിഷയംപോലും അല്ലാതെയാകും. പഠനത്തിലെ സാമര്‍ഥ്യവും അറിവിലെ അര്‍ഹതയും ബുദ്ധിയിലെ കേമത്തവും മുന്‍ഗണനാ വിഷയമല്ലാതാവുകയും പണം മാത്രം മാനദണ്ഡമാവുകയും ചെയ്യുന്ന ആഭാസകരമായ സ്ഥിതി ആധിപത്യം പുലര്‍ത്തുമ്പോഴാണ് നമ്മുടെ ഭരണാധികാരികള്‍ക്ക് വിദ്യാഭ്യാസ മാനേജ്‌മെന്റ് ശക്തികള്‍ക്ക് മുന്നില്‍ തല കുമ്പിട്ടു നില്‍ക്കേണ്ടിവരുന്നത്. വിദ്യാഭ്യാസ മാനേജ്‌മെന്റുകളുടെ പണം എന്ന മാനദണ്ഡത്തെയും കോഴ എന്ന ഉപാധിയെയും അംഗീകരിച്ചുകൊടുക്കുന്നതുകൊണ്ടാണ് നമ്മുടെ ഭരണാധികാരികള്‍ക്ക് ഈ കീഴടങ്ങല്‍-നാണംകെട്ട കീഴടങ്ങല്‍-കക്ഷിഭേദമന്യേ വേണ്ടിവരുന്നത്. എന്തിന് ഈ കീഴടങ്ങല്‍ എന്ന ചോദ്യത്തിന് ഉത്തരം നല്‍കുവാന്‍ വിദ്യാഭ്യാസ വരേണ്യശക്തികള്‍ക്കു മുന്നില്‍ മുട്ടുമടക്കി നില്‍ക്കുന്നവര്‍ക്ക് കഴിയുന്നില്ല എന്നതാണ് പരമമായ സത്യം. ‘ഏത് സര്‍ക്കാര്‍, ഏത് നിയമസഭ, ഞങ്ങള്‍ ഞങ്ങളുടെ ഇഷ്ടംപോലെ മുന്നോട്ടുപോകും’ എന്ന് പറയാതെ പറയുന്നവരുടെ മുന്നില്‍ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ടവര്‍ കേണു കരയുമ്പോഴാണ് നമ്മുടെ ജനാധിപത്യത്തിന്റെ അന്തഃസത്ത ചോദ്യം ചെയ്യപ്പെടുന്നത്. ഈ വിധം അന്തഃസത്ത ചോദ്യം ചെയ്യപ്പെടുമ്പോഴാണ്, അതിനു കൂട്ടുനില്‍ക്കുമ്പോഴാണ് നമ്മുടെ മന്ത്രിമാര്‍ക്ക് അലാവുദ്ദീന്റെ അദ്ഭുത വിളക്ക് തങ്ങളുടെ കയ്യിലില്ല എന്നു പറയേണ്ടിവരുന്നത്.
 
മാനേജ്‌മെന്റുകളെ നയിക്കുന്ന സാമുദായികശക്തികള്‍ക്കും ഇതര വാണിഭ ശക്തികള്‍ക്കും മുന്നില്‍ വോട്ടിനുവേണ്ടി കീഴടങ്ങിയവര്‍ക്ക് ‘അദ്ഭുതവിളക്ക്’ കൈയിലില്ല എന്നു പറയാനേ ആവൂ. അധികാര ലാഭത്തിനുവേണ്ടി എന്തും ഏതും അടിയറവയ്ക്കാന്‍ സന്നദ്ധമാവുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ പ്രതിസന്ധിയാണിത്. ‘അലാവുദ്ദീന്റെ അദ്ഭുതവിളക്ക്’ തേടി നടക്കുന്നവര്‍, ചോദിച്ചവര്‍ക്കൊക്കെയും സ്വാശ്രയ കോളജ് നല്‍കിയപ്പോള്‍ പാവപ്പെട്ടവര്‍ക്ക് 50 ശതമാനം സീറ്റ് തങ്ങളുറപ്പാക്കി എന്നു പറഞ്ഞത് മറന്നുപോകാന്‍ പാടില്ല. അമ്പത് ശതമാനം പാവപ്പെട്ടവര്‍ക്ക്, അമ്പത് ശതമാനം പണമുള്ളവര്‍ക്ക് എന്നു പറയാതെ പറഞ്ഞ ആന്റണി സര്‍ക്കാരിന്റെ സ്വാശ്രയ കോളജ് വിതരണകാലത്ത് റവന്യുമന്ത്രിയായിരുന്ന കെ എം മാണിയാണ് ഇന്ന് ‘അലാവുദ്ദീന്റെ അദ്ഭുതവിളക്ക്’ തിരയുന്നത്. തങ്ങള്‍ ഒരുക്കിയ കൊടും ഇരുട്ടില്‍ നിന്നുകൊണ്ട് അദ്ഭുതവിളക്കിനെ തിരയുന്ന പരാധീനത ജനത കണ്ടറിയുന്നു. പക്ഷേ ആ കണ്ടറിയലിലെ കഠിന യാഥാര്‍ഥ്യങ്ങള്‍ വളരെ വലുതാണെന്ന് കെ എം മാണി തിരിച്ചറിയണം.

വിവിധ സാമൂഹ്യ വര്‍ഗങ്ങളേയും വിഭാഗങ്ങളേയും ഒരുമിപ്പിക്കുകയും അതുവഴി സമത്വാധിഷ്‌ഠിതവും ഏകീകൃതവുമായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കുകയും ചെയ്യാനുള്ള ബാധ്യത വിദ്യാഭ്യാസ സമ്പ്രദായത്തിനുണ്ട്‌. എന്നാല്‍ ഇപ്പോള്‍ ഇതിന്‌ പകരം വിദ്യാഭ്യാസത്തെ സാമൂഹ്യ വിവേചനം വര്‍ധിപ്പിക്കുവാനും വര്‍ഗ വ്യത്യാസം നിലനിര്‍ത്താനുമാണ്‌ പ്രേരിപ്പിക്കുന്നത്‌. 1968ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ്‌ പാസ്സാക്കിയ വിദ്യാഭ്യാസത്തിന്റെ ബൈബിള്‍ എന്ന്‌ വിശേഷിപ്പിക്കുന്ന കോത്താരി കമ്മിഷന്‍ റിപ്പോര്‍ട്ടിലെ വാചകങ്ങളാണിവ. നാല്‌ പതിറ്റാണ്ട്‌ പിന്നിടുമ്പോള്‍ വിദ്യാഭ്യാസം സാമൂഹ്യ വിവേചനവും വര്‍ഗവ്യത്യാസവും വന്‍തോതില്‍ വര്‍ധിപ്പിക്കുന്ന നിലയാണ്‌ സംജാതമായിരിക്കുന്നത്‌. സ്വാശ്രയ കോളജുകളും സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്തെ സ്വകാര്യ വിദ്യാലയങ്ങളും സാമൂഹ്യമായ അസമത്വത്തിന്റെ രൂക്ഷത സൃഷ്‌ടിക്കാന്‍ വിദ്യാഭ്യാസത്തെ തന്നെ ആയുധമാക്കുകയാണ്‌.

മെറിറ്റ്‌ എന്നത്‌ സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ കേവലം തമാശയാണ്‌. കോടികള്‍ മാത്രം മാനദണ്‌ഡമാക്കുന്ന പ്രവേശന സംവിധാനത്തെ മറച്ച്‌ പിടിക്കാന്‍ പ്രവേശന പരീക്ഷയെന്ന പ്രഹസനങ്ങളും മാനേജുമെന്റ്‌ തന്നെ നടത്തുന്നു. തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ കോടതി വിധികളെ തരാതരം പോലെ അവര്‍ കൂട്ടുപിടിക്കുന്നുണ്ടുതാനും. മെറിറ്റ്‌ നിര്‍ബന്ധിതമായിരിക്കണമെന്നും ഏകജാലക പ്രവേശനമാണ്‌ വേണ്ടതെന്നും ഇനംദാര്‍ കേസില്‍ സുപ്രിം കോടതി പറഞ്ഞത്‌ തങ്ങള്‍ക്ക്‌ ആവശ്യമുള്ള ഉത്തരവിലെ ഭാഗങ്ങള്‍ ഉദ്ധരിക്കുന്നവര്‍ സൗകര്യപൂര്‍വം മറക്കുകയും ചെയ്യുന്നു. ഇത്തരം സ്ഥാപനങ്ങള്‍ സൃഷ്‌ടിക്കുന്ന സാമൂഹ്യ പ്രശ്‌നങ്ങള്‍ നിരവധിയാണ്‌. ഒരു ദശകം മുമ്പ്‌ നാലായിരത്തില്‍പരം എന്‍ജിനിയറിംഗ്‌ സീറ്റുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത്‌ കേരളത്തില്‍ ഇന്ന്‌ 25000ത്തിലധികം സീറ്റുകള്‍ ഉണ്ടായിരിക്കുന്നു. മെഡിക്കല്‍ സീറ്റുകളുടെ കാര്യത്തിലും വന്‍തോതില്‍ വര്‍ധനയുണ്ടായി. ഇത്രയും എന്‍ജിനിയര്‍മാരും ഡോക്‌ടര്‍മാരും നമ്മുടെ സമൂഹത്തിന്‌ ആവശ്യമാണോയെന്ന മൗലികമായ ചോദ്യം ഗൗരവമേറിയ നിലയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല. എല്ലാവരും എന്‍ജിനിയര്‍മാരും ഡോക്‌ടര്‍മാരുമാകാന്‍ പണക്കിഴികളുമായി സ്വശ്രയ കോളജുകളുടെ മുന്നില്‍ കാവല്‍ നില്‍ക്കുമ്പോള്‍ നമ്മുടെ സര്‍ക്കാര്‍ എയ്‌ഡഡ്‌ കലാലയങ്ങള്‍ അവഗണിക്കപ്പെടുകയും ഭാഷയും ചരിത്രവും അടങ്ങുന്ന മാനവിക വിഷയങ്ങള്‍ തിരസ്‌കരിക്കപ്പെടുന്നു. പണം നല്‍കി പ്രവേശനം നേടുകയും വന്‍തോതില്‍ ഫീസ്‌ നല്‍കുകയും ചെയ്യുന്ന ഇവര്‍ ആതുര സേവന രംഗത്ത്‌ എത്തിച്ചേരുമ്പോള്‍ ആ തൊഴിലിന്റെ മഹത്വം തിരിച്ചറിയുകയോ സാമൂഹ്യ പ്രതിബദ്ധത പുലര്‍ത്തുകയോ ചെയ്യില്ലെന്ന്‌ ഉറപ്പാണ്‌. തങ്ങള്‍ നല്‍കിയ പണം തങ്ങളുടെ തൊഴിലിലൂടെ തിരിച്ചുപിടിക്കുക എന്നതായിരിക്കും ലക്ഷ്യം.

സ്വാശ്രയ വിദ്യാഭ്യാസ മേഖല എല്ലാ അധ്യയന വര്‍ഷത്തിലും സജീവ ചര്‍ച്ചാ വിഷയമായി നിലകൊള്ളുമ്പോള്‍ ഉന്നതവിദ്യാഭ്യാസ രംഗത്തെ മറ്റ്‌ മണ്‌ഡലങ്ങള്‍ സര്‍ക്കാരിന്റേയും ഒരു പരിധിവരെ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടേയും സജീവ പരിഗണനയില്‍ എത്തുന്നില്ല. ഉന്നതവിദ്യാഭ്യാസ രംഗത്തെ വരേണ്യ വാണിജ്യ വല്‍ക്കരണം സ്‌കൂള്‍ വിദ്യാഭ്യാസ തലത്തിലേയ്‌ക്കും അതിശക്തമായി വേരൂന്നുന്നുണ്ട്‌. ഏറ്റവും ഒടുവില്‍ അഞ്ഞൂറില്‍പരം സി ബി എസ്‌ ഇ, ഐ സി എസ്‌ ഇ സ്‌കൂളുകള്‍ക്ക്‌ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം ഇതിന്റെ തെളിവാണ്‌. സ്വാശ്രയ കോളജ്‌ അനുവദിച്ചതുപോലെ അപേക്ഷിക്കുന്ന എല്ലാവര്‍ക്കും അനുമതി നല്‍കുന്ന രീതിയാണ്‌ ഇക്കാര്യത്തിലും അവലംബിക്കുന്നത്‌. കേരളീയ പൊതുവിദ്യാഭ്യാസത്തെ ദുര്‍ബലപ്പെടുത്താന്‍ മാത്രമേ ഇതിന്‌ കഴിയൂ.

എല്ലാ കുട്ടികള്‍ക്കും പ്രാപ്യമായതും സൗജന്യമായതുമായ പൊതുവിദ്യാഭ്യാസ ശൃംഘല സൃഷ്‌ടിക്കപ്പെടണമെന്നാണ്‌ കോത്താരി കമ്മിഷന്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ പഠനങ്ങള്‍ മുന്നോട്ടുവച്ച ആശയം. കോമണ്‍ സ്‌കൂള്‍ സംവിധാനം പോലുള്ളവ ആ കമ്മിഷനുകള്‍ മുന്നോട്ടുവയ്‌ക്കുകയും ചെയ്‌തു. എന്നാല്‍ ഇന്ന്‌ എല്ലാപേര്‍ക്കും പ്രാപ്യമായതും സൗജന്യവുമായ വിദ്യാഭ്യാസ അന്തരീക്ഷം തകര്‍ക്കാനാണ്‌ ശ്രമിക്കുന്നത്‌.

പൊതുവിദ്യാലയങ്ങള്‍ അടച്ചുപൂട്ടലിന്റെ വക്കിലെത്തിക്കുന്നതും അണ്‍ എയ്‌ഡഡ്‌ ഇംഗ്ലിഷ്‌ മീഡിയം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിളഭൂമിയായി കേരളത്തെ പരിവര്‍ത്തനം ചെയ്യുകയും ചെയ്‌താല്‍ ഏറ്റവും കുറഞ്ഞത്‌ ആയിരം രൂപ ഫീസായി നല്‍കാന്‍ കഴിയുന്നവര്‍ക്ക്‌ മാത്രമായി സ്‌കൂള്‍ വിദ്യാഭ്യാസം പരിമിതപ്പെടും. കേരളത്തിന്റെ മഹനീയ ചരിത്രത്തോട്‌ നീതി പുലര്‍ത്താത്ത സമീപനമാണിത്‌. 1816ല്‍ കുട്ടികളെ സൗജന്യമായി പഠിപ്പിക്കുന്നതിന്‌ തിരുവിതാംകൂറില്‍ റാണി ഗൗരി പാര്‍വതീ ഭായി ഉത്തരവിട്ട അഭിമാനകരമായ ചരിത്രമുണ്ട്‌. 1834 ല്‍ ഇംഗ്ലിഷ്‌ വിദ്യാഭ്യാസം ആരംഭിച്ചു. 1859ല്‍ പെണ്‍കുട്ടികള്‍ക്ക്‌ മാത്രമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ചു. 1904ല്‍ പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കുകയും ചെയ്‌ത മഹത്തായ ചരിത്രം തിരുവിതാംകൂറിനുണ്ട്‌. 1818ല്‍ കൊച്ചി ഭരണകൂടത്തിന്റെ ഉടമസ്ഥതയില്‍ സ്‌കൂള്‍ ആരംഭിച്ചു. ഇതെല്ലാം പ്രാപ്യമാകുന്ന വിദ്യാഭ്യാസ മണ്‌ഡലം സൃഷ്‌ടിക്കാനുള്ള ആദ്യ ചുവടുവയ്‌പ്പുകളായിരുന്നു. 1957ല്‍ അധികാരത്തിെലത്തിയ കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാര്‍ സാര്‍വത്രികവും സൗജന്യവുമായ സ്‌കൂള്‍ വിദ്യാഭ്യാസം നിര്‍ബന്ധിതമാക്കി. എണ്ണമില്ലാത്ത നിലയില്‍ അധികൃതവും അനധികൃതവുമായ സ്വകാര്യ വിദ്യാലയങ്ങള്‍ വ്യാപിപ്പിക്കുന്നതിലൂടെ ഈ ചരിത്രത്തെയാണ്‌ നിരാകരിക്കുന്നത്‌. പ്രാഥമിക തലം മുതല്‍ ഉന്നത തലം വരെയുള്ള വിദ്യാഭ്യാസത്തെ വാണിഭ ശക്തികള്‍ക്കായി തീറെഴുന്നത്‌ നമ്മുടെ സംസ്‌കാരത്തേയും മാനവിക ബോധത്തേയും ദുര്‍ബലപ്പെടുത്തുമെന്ന വലിയ സത്യം തിരിച്ചറിയാതെ പോകും. ഏറ്റവും ലാഭകരമായ വ്യവസായമായി വിദ്യാഭ്യാസത്തെ നോക്കികാണുന്നവരുടെ കൈകളില്‍ കേരളീയ വിദ്യാഭ്യാസ മണ്‌ഡലം അകപ്പെട്ടുപോകുന്നത്‌ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക്‌ വഴിയൊരുക്കും.

Tagged as: , , ,

Leave a Reply