Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

മാര്‍ട്ടിന്‍ ലൂതറില്‍ നിന്ന് ‘മാവോ’ ലൂതറിലേക്ക്‌

[പി.വി.ഷാജികുമാര്‍]

അമേരിക്കയ്ക്ക് വേണ്ടി അമേരിക്കന്‍ ഗാന്ധി മാര്‍ട്ടിന്‍ ലൂതര്‍ കിങിന്റെ പ്രതിമ ഒരു ചൈനക്കാരന്‍ നിര്‍മ്മിച്ചതില്‍ എന്തെങ്കിലും തെറ്റുണ്ടോ..? ഉണ്ടെന്ന് മാത്രമല്ല, പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ സുപ്രധാനമായ വിഷയമായി വരെ അത് മാറിയേക്കാം എന്നത് വരെയെത്തി നില്ക്കുകയാണ് ഇപ്പോള്‍ കാര്യങ്ങള്‍ .

 ബസ്സുകളില്‍ കറുത്തവര്‍ക്കിരിക്കാന്‍ ഹോട്ടലിലെന്ന പോലെ ‘വടക്കുപുറങ്ങളും’ ഉണ്ടായിരുന്നു അമേരിക്കയില്‍ ഒരു കാലത്ത്. പല തെക്കന്‍ സംസ്ഥാനങ്ങളിലും വെള്ളക്കാരുടെ ഗുണ്ടാ സംഘങ്ങള്‍ക്ക് കറുത്തവരെ സുരക്ഷിതമായി കൊല്ലുക പോലും ചെയ്യാമായിരുന്നു. ഇതൊന്നും അബ്രഹാം ലിങ്കന്റെ കാലത്തല്ല ജോണ്‍ എഫ് കെന്നഡി ഭരിക്കുന്ന 1960കളിലായിരുന്നു. ആ തലമുറയില്‍ പെട്ട ആഫ്രിക്കന്‍ അമേരിക്കക്കാര്‍ക്ക് വികാരേവേശത്തോടെ യല്ലാതെ ഓര്‍ക്കാന്‍ പറ്റാത്ത പേരാണ് മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ജൂനിയര്‍. കറുത്തവരും മനുഷ്യരാണ് എന്ന് ഊറ്റത്തോടെ വിളിച്ചുപറഞ്ഞ് അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടാന്‍ സ്വജീവിതം ഉഴിഞ്ഞ് വെച്ചൂ അദ്ദേഹം. ഏറ്റവും ചെറുപ്പത്തില്‍ നോബല്‍ സമ്മാനം ലഭിച്ച വ്യക്തി. 1929 ജനുവരി 15ന് ജനിച്ച ലൂതറിന്റെ ‘എനിക്ക് ഒരു സ്വപ്നമുണ്ട്’ (I Have A Dream) എന്ന പ്രസംഗം ഇന്നും അധികാരത്തിന്റെ വേട്ടയാടലില്‍ പിടയുന്നവര്‍ക്ക് വലിയ പ്രചോദനമാണ്. 1963ല്‍ കറുത്തവര്‍ വാഷിങ്ങ്ടണിലേക്ക് നടത്തിയ മാര്‍ച്ചിനെ അഭിമുഖീകരിച്ചാണ് അദ്ദേഹം ആ പ്രസംഗം നടത്തിയത്. 2,50000 ആളുകളെ സാക്ഷി നിര്‍ത്തി ലൂതറില്‍ നിന്ന് ഒഴുകിയ വാക്കുകള്‍ കറുത്തവരെ ഇളക്കിമറിച്ചിരുന്നു. അമേരിക്കയിലെ അധികാരിവര്‍ഗ്ഗത്തെ ഒരു പുനര്‍വിചിന്തനത്തിന് പ്രേരിപ്പിക്കുന്നതില്‍ ലൂതറിന്റെ ഈ പ്രസംഗം നിര്‍ണായകമായിട്ടുണ്ട്.

 1965 ഡിസംബര്‍ ഒന്നാം തീയ്യതി കറുത്തവംശജയായ റോസ പാര്‍ക്‌സ്, ഒരു വെള്ളക്കാരന് ബസ്സില്‍ സീറ്റ് ഒഴിഞ്ഞുകൊടുക്കാത്തതിനാല്‍ നിയമ ലംഘനത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഇതിനെത്തുടര്‍ന്ന് മോണ്ട്‌ഗോമറിയിലെ ബസ് ബഹിഷ്‌കരണസമരം നയിച്ചത് കിംഗായിരുന്നു. 385 ദിവസം നീണ്ടുനിന്ന ഈ സമരത്തിനിടെ കിംഗ് അറസ്റ്റ് ചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ വീടിനുനേരെ ബോംബാക്രമണമുണ്ടായി. അലബാമയിലെ യു. എസ്.ഡിസ്ട്രിക്റ്റ് കോടതി കേസില്‍ പ്രക്ഷോഭകര്‍ക്കനുകൂലമായി വിധി പ്രഖ്യാപിക്കുകയും മോണ്ട് ഗോമറിയിലെ ബസ്സുകളില്‍ വെള്ളക്കാര്‍ക്ക് പ്രത്യേകസീറ്റുകള്‍ നിലവിലുണ്ടായിരുന്നത് നിര്‍ത്തലാക്കുകയും ചെയ്തു.

 1968 ഏപ്രില്‍ 4ന് റ്റെന്നിസ്സി സംസ്ഥാനത്തിലെ മെംഫിസ് നഗരത്തില്‍ വെച്ച് വംശവെറി മൂത്ത ലൊറേന്‍ മോട്ടലില്‍ ജയിംസ് എള്‍റേ എന്ന വെള്ളക്കാരന്റെ വെടിയേറ്റ് കിംഗ് രക്തസാക്ഷിയായി.  മാര്‍ട്ടിന്‍ ലൂതര്‍ കിങിന്റെ സ്മരണാര്‍ത്ഥം അമേരിക്കന്‍ ഗവണ്‍മെന്റ് മാര്‍ട്ടിന്‍ ലൂതര്‍ മെമ്മോറിയല്‍ പ്രൊജക്ടിന് രൂപം നല്കിയത് അടുത്തീയിടെയാണ്. അതിന്റെ ഭാഗമായാണ് വാഷിംഗ്ടണ്‍ ഡിസിയില്‍ മാര്‍ട്ടിന്‍ ലൂതറിന്റെ ഒരു കൂറ്റന്‍ പ്രതിമ നിര്‍മ്മിക്കാനുള്ള തീരുമാനമുണ്ടാവുന്നത്, അമേരിക്കയിലെ എക്കാലത്തേയും മികച്ച പ്രസിഡന്റ് എബ്രഹാം ലിങ്കന്റേയും അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ (ഡിക്ലറേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സ്) രചയിതാവും മൂന്നാമത്തെ പ്രസിഡന്റുമായ തോമസ് ജെഫേഴ്‌സന്റേയും പ്രതിമകള്‍ക്കിടയില്‍ .മഹാന്മാരുടെ പ്രതിമ നിര്‍മ്മിക്കുന്നതില്‍ കര്‍ശന നിയന്ത്രണങ്ങളുള്ള അമേരിക്കയില്‍ ആദ്യമായി ഒരു കറുത്തവര്‍ഗ്ഗക്കാരന്റെ പ്രതിമ നിര്‍മ്മിക്കപ്പെടുന്നു. കറുത്തവര്‍ഗ്ഗക്കാരനായ ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റ് ഭരിക്കുമ്പോള്‍ തന്നെയായത് അതോടൊപ്പം ശ്രദ്ധേയം. 2007 ജനുവരി 15ന് പ്രതിമനിര്‍മ്മാണം ശില്പികളുടെ രാജാവായ ലീ യിക്‌സിന്‍ എന്ന ചൈനക്കാരന് നല്കി. ഐ ഹാവ് എ ഡ്രീം എന്ന ഏറെ പ്രശസ്തമായ പ്രഭാഷണത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ടായിരുന്നൂ ലീയുടെ ശില്പനിര്‍മ്മാണം. നിരാശയുടെ പര്‍വ്വതത്തില്‍ നിന്ന് പ്രതീക്ഷയുടെ ഒരു ശില എന്ന പ്രസംഗവാചകമായിരുന്നൂ ശില്പത്തിന്റെ അടിസ്ഥാനമായത്. ഏറെ പരിശ്രമിച്ച് ലീ അബ്രഹാലിങ്കണേക്കാളും തോമസ് ജെഫേഴ്‌സണെക്കാളും 28 അടിയോളം ഉയരത്തില്‍ മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിനെ വെളുത്ത മാര്‍ബിളില്‍ ഒരുക്കിയെടുത്തു. 12 കോടി ഡോളര്‍ ആയിരുന്നൂ ശില്പനിര്‍മ്മാണച്ചെലവ്. ലൂതറിന്റെ പ്രതിമയോട് ചേര്‍ന്ന് ഇരുവശത്തുമായി 450 അടി നീളത്തില്‍ ഒരു മതിലും പണികഴിപ്പിക്കപ്പെട്ടു. മാര്‍ടിന്‍ ലൂതര്‍ നടത്തിയ പ്രഭാഷങ്ങളില്‍ നിന്നും ലേഖനങ്ങളില്‍ നിന്നും സെമിനാറുകളില്‍ നിന്നും എടുത്ത ശ്രദ്ധേയവരികള്‍ മതിലില്‍ ആലേഖനം ചെയ്തിരുന്നു. കൈകള്‍ നെഞ്ചില്‍ കെട്ടി നില്ക്കുന്ന രീതിയിലായിരുന്നു പ്രതിമയുടെ രൂപകല്പന. കാണുന്നവര്‍ക്ക് ലൂതര്‍ ജീവിച്ച കാലത്തേക്കുള്ള തിരിച്ചുപോക്കായിരുന്നൂ വാഷിംഗ്ടണില്‍ സ്ഥാപിക്കപ്പെട്ട ലൂതര്‍. ലൂതറിന്റെ സമരവീര്യമാര്‍ന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ സന്ദര്‍ശകരില്‍ മിക്കരും വികാരഭരിതരായി. എബ്രഹാം ലിങ്കനടുത്തായി മാര്‍ട്ടിന്‍ ലൂതറിന്റെ സ്മാരകശിലപം കാണുമ്പോള്‍ വാഷിംഗ്ടണ്‍ ഡിസിയില്‍ എബ്രഹാം ലിങ്കന്റെ പ്രതിമക്ക് കീഴില്‍ നിന്ന് കൊണ്ട് മാര്‍ട്ടിന്‍ ലൂതര്‍ കിങ് മുമ്പ് പ്രസംഗിച്ച ഓര്‍മ്മയിലേക്ക് പോകുന്നൂ പലരും.

 ഐ ഹാവ് എ ഡ്രീം പ്രസംഗത്തിന്റെ നാല്പത്തിയെട്ടാം വാര്‍ഷികദിനത്തില്‍ ബരാക് ഒബാമ മാര്‍ട്ടിന്‍ ലൂതര്‍ കിങിനെ അനച്ഛാദനം ചെയ്യാനുള്ള തീരുമാനമുണ്ടായി. അങ്ങനെ ആഗസ്റ്റ് 28ലേക്ക് ദിവസങ്ങള്‍ ആവേശപൂര്‍വ്വം മുന്നോട്ട് പോയിക്കൊണ്ടിരിക്കെയാണ് ഒരു അമിട്ട് പൊട്ടിയത്. മാര്‍ട്ടിന്‍ ലൂതറിനെ നിര്‍മ്മിക്കാന്‍ വേണ്ടി അമേരിക്ക ഒരു ചൈനാക്കാരന്റെ കൈയ്യും കാലും പിടിച്ചത് തീരെ ശരിയായില്ല ഇതായിരുന്നൂ അമിട്ടിന്റെ സംഗ്രഹിത പുനരാഖ്യാനം. ഓലവെടിയായിരിക്കുമെന്ന് വിചാരിച്ച് അധികാരത്തിലുള്ളവര്‍ ആദ്യം പരിഗണിച്ചില്ല. പക്ഷേ സംഗതി അതിവേഗം ബഹുദൂരം നാട്ടിലെങ്ങും പാട്ടായി. ആരോപണങ്ങളും കുറ്റപ്പെടുത്തലുകളും മലവെള്ളം പോലെ മാര്‍ട്ടിന്‍ ലൂതര്‍ കിങിലേക്ക് ഇരച്ചുവന്നു. അമേരിക്കക്കാരനല്ലാത്ത ഒരാള്‍ ശില്പം നിര്‍മ്മിച്ചത് ഒരിക്കലും ന്യായികരിക്കാനാവില്ല, ഒരു പാട് ശില്പികള്‍ അമേരിക്കയില്‍ തന്നെയുള്ളപ്പോള്‍ എങ്ങുനിന്നോ ഉള്ള ചുവപ്പനെക്കൊണ്ട് ചെയ്യിക്കരുതായിരുന്നൂ, ഇതായിരുന്നൂ ഉയര്‍ന്നുവന്ന കുറ്റപ്പെടുത്തല്‍. കറുത്തവര്‍ഗ്ഗത്തില്‍ ജനിച്ച ഒരാളുടെ രൂപവും മട്ടും ഭാവവും ഉള്‍ക്കൊള്ളാന്‍ ഒരു ചൈനക്കാരനാകില്ല എന്ന കൂട്ടിച്ചേര്‍ക്കല്‍ ആഫ്രോഅമേരിക്കിന്‍ ശില്പിയായ എഡ് ഡ്വിറ്റിന്റെ വകയുമുണ്ടായി.

 അതിന്റെ തുടര്‍ച്ചയൊഴുകി പിന്നെ. അമേരിക്കന്‍ ജനതയെ നന്മയുടേയും സ്‌നേഹത്തിന്റേയും നല്ല വഴിയിലേക്ക് നയിച്ച മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന്റെ വ്യക്തിത്വത്തിന് തീരെ യോജിച്ച ഭാവമല്ല ശില്പത്തില്‍ ഉള്ളതെന്നായി മറ്റൊരുവിഭാഗം. ഒരു സേച്ഛ്വാധിപതിയുടെ ഗൗരവം ലൂതറിന്റെ മുഖത്ത് തെളിയുന്നുണ്ടെന്ന് ലീ വിരദ്ധരായ മാധ്യമനിരൂപകര്‍ അഭിപ്രായം ശക്തമായി രേഖപ്പെടുത്തി, വളര്‍ത്തി, വലുതാക്കി. കൈകള്‍ ചേര്‍ത്തുപിടിച്ചുള്ള ലൂതറിന്റെ നില്പ് ലൂതറിന്റെ നല്ല പ്രതിച്ഛായയെ പോറലേല്പ്പിക്കുന്നത് തന്നെയാണ്, ആണ്. ആണ്. ഇങ്ങനെയൊരു അമിതമായ ഗൗരവം ലൂതറിന് നല്കിയത് ലീയിലെ കമ്മ്യൂണിസ്റ്റുകാരനാണെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ കുറ്റപ്പെടുത്തി. 12 കോടി ഡോളറിലധികം ഫണ്ട് മ്യൂസിയത്തിന് എവിടുന്ന് കിട്ടി എന്നുള്ള ചോദ്യം ഇതിനിടയില്‍ ഉയര്‍ന്നുകേട്ടു. അതിന്റെ വ്യക്തമായ വിവരങ്ങള്‍ മ്യൂസിയം അധികാരികള്‍ ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ല. ചൈനീസ് പട്ടാളം സഹായിച്ചിട്ടുണ്ടെന്നുള്ള ആരോപണവും ഉയര്‍ന്നുയര്‍ന്ന് വാനത്തിലായി. മനുഷ്യരുടെ സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും പുല്ലുവില പോലും കല്പിക്കാത്ത രാഷ്ട്രമെന്ന് പുറംലോകം ആരോപിക്കുന്ന ചൈനയില്‍ നിന്നുള്ള ഒരു ശില്പി മനുഷ്യസ്‌നേഹത്തിന്റെ മഹത്തായ മാതൃകയായ ലൂതറിന്റെ പ്രതിമ നിര്‍മ്മിക്കുന്നതില്‍ വൈരുദ്ധ്യമുണ്ടെന്ന് ഒരു വിഭാഗം. ഡ്യൂപ്ലിക്കേറ്റുകളുടെ രാജാവായ ചൈനയില്‍ നിന്നുള്ള മറ്റൊരു മെയ്ഡ് ഇന്‍ ചൈന ആയിപ്പോയോ ലൂതര്‍ എന്ന ആശങ്കയും ചിലര്‍ക്ക്. പ്രതിമയോട് ചേര്‍ന്നുള്ള ശില ഒറ്റനോട്ടത്തില്‍ ശവക്കല്ലറയ്ക്ക് മുകളില്‍ വെയ്ക്കുന്ന കല്ലിനെ ഓര്‍മ്മയിലെത്തിക്കുന്നു എന്ന കുറ്റംപറച്ചിലുമായി പിന്നെയൊരുകൂട്ടര്‍ രംഗത്തെത്തി.

 മാര്‍ട്ടീന്‍ ലൂതര്‍ കിങിന്റെ ശിലപ്ത്തിന് മാവോ സേതുങുമായുള്ള മുഖസാമ്യമാണ് ശില്പവിരുദ്ധരുടെ പ്രധാനപ്പെട്ട ആരോപണങ്ങളില്‍ മറ്റൊന്ന്. മാവോ ശില്പസ്‌പെഷലിസ്റ്റാണ് ലീ. ചൈനക്കാരനാണ്, രക്തത്തില്‍ കമ്മ്യൂണിസത്തിന്റെ അളവ് കൂടിക്കൂടിയിരിക്കും, മാവോ എന്നത് ദൈവം എന്ന ബൂര്‍ഷ്വാസങ്കല്പത്തിനപ്പുറത്തായിരിക്കും, കാണുന്നതിലെല്ലാം ലീ മാവോയെ കണ്ടതിന്റെ ഫലമാണ് ലൂതര്‍ മാവോയായി പരിണമിക്കപ്പെട്ടത് എന്ന് വിമര്‍ശകര്‍ പറയുന്നു. ഒറ്റനോട്ടത്തില്‍ മലയില്‍ ശിരസ്സുയര്‍ത്തിനില്കുന്നത് മാവോ സേ തുങാണെന്ന് തോന്നുമത്രെ. വയസ്സായ ആളുകള്‍ ലൂതറിന്റെ ശില്പം കണ്ട് താനിപ്പോള്‍ ചൈനയിലാണെന്ന് ആശങ്കപ്പെട്ടാല്‍ അല്‍ഭുതമില്ലെന്നാണ് വിമത മതം.

 എന്നാല്‍ പാലം കടകടാ കുലുങ്ങുന്നത് കണ്ടിട്ടും പെരുന്തച്ചന് കുലുക്കം തെല്ലുമില്ല. ആരോപണങ്ങള്‍ക്കെല്ലാം പച്ചയ്ക്ക് പച്ചയ്ക്ക് മറുപടി സ്റ്റോക്ക് വെച്ചിട്ടാണ് ലിയുവിന്റെ നില്പ്. ലിയു ആള്‍ ചില്ലറക്കാരനല്ല. ചൈനയിലെ ശില്പികളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്ക്കുന്നയാളാണ്. ഒരു ശില്പമുണ്ടാക്കുമ്പോള്‍ അതില്‍ നൂറ് ശതമാനവും അര്‍പ്പിതനാണ് ലീ. മുന്‍പ് ചെയ്ത ശില്പങ്ങള്‍ ലീയുടെ വൈഭവത്തിനുള്ള ഉദാഹരണങ്ങളാകുന്നു. അതുകൊണ്ട് തന്നെ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ക്ക് കൃത്യമായ മറുപടി ലീയുടെ പക്കലുണ്ട്. മാസങ്ങളോളം ലൂതറിന്റെ എഴുത്തുകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ശില്പനിര്‍മ്മാണത്തിനായി ലീ കടന്നുപോയിട്ടുണ്ട്. ലൂതറിലെ മഹാനില്‍ ഒരു സാധാരണമനുഷ്യന്‍ കൂടിയുണ്ട്. ഇത് രണ്ടും ലൂതറിന്റെ സ്മാരകശില്പത്തില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ലീ പറയുന്നു. നിങ്ങള്‍ ലൂതറിന്റെ ശില്പം കാണുമ്പോള്‍ നിങ്ങളുടെ ചിന്തയിലേക്ക് ആദ്യമെത്തേണ്ടത് കണ്‍മുന്നില്‍ നടക്കുന്ന അനീതികളായിരിക്കണം. അനീതി ഇല്ലായ്മ ചെയ്യാനുള്ള ശ്രമത്തിനിടെയാണ് ലൂതര്‍ കൊല്ലപ്പെടുന്നത്. അനീതി ഇല്ലാതാകുക തന്നെ ചെയ്യും എന്ന ഉറച്ച പ്രതീക്ഷയാണ് ലൂതറിന്റെ മുഖത്ത്. പക്ഷേ കൈകള്‍ നെഞ്ചില്‍ കെട്ടിയുള്ള അദ്ദേഹത്തിന്റെ ഗൗരവനില്പ് അദ്ദേഹം ചിന്തിക്കുകയാണ് എന്ന അര്‍ത്ഥത്തെയാണ് കൂട്ടിപ്പിടിക്കുന്നത്. ലീ കൂട്ടിച്ചേര്‍ക്കുന്നു. വര്‍ണ്ണവിവേചനം ഇല്ലാതാക്കാനായിരുന്നു അദ്ദേഹത്തിന്റെ സമരങ്ങള്‍ ഏറെയും. ഇന്ന് അങ്ങനെയൊന്ന് അമേരിക്കയില്‍ തീവ്രമല്ല. അതുകൊണ്ട് തന്നെ വെളുത്ത ലൂതര്‍ വഴി വര്‍ണ്ണരഹിതമായ, അടിമുടിമാറിയ സമൂഹത്തിലേക്കുള്ള കാഴ്ചയാണ് വെള്ളമാര്‍ബിളുകാര്‍ക്കുള്ള ഉത്തരമായി ലീ പറയുന്നു. മാവോയും ലൂതറും വ്യത്യസ്തമായ സമര രീതിയായിരുന്നെങ്കിലും സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്കെതിരായിരുന്നൂ സമരം ചെയ്തിരുന്നത്. അവര്‍ ഒരേ നാണയത്തിന്റെ ഇരുവശങ്ങളായിരുന്നു. അവരുടെ ആശത്തിലുള്ള ഐക്യതയായിരിക്കാം ലൂതറിന്റെ പ്രതിമ കാണുന്നവന് അതില്‍ മാവോയെ കണുന്നുവെന്ന് തോന്നുന്നത്. അങ്ങനെയല്ലാതുള്ള ആരോപണങ്ങളെല്ലാം തന്നെ വസ്തുതാ വിരുദ്ധവും അസംബന്ധവും നീതിക്ക് നിരക്കാത്തതുമാണ് എന്ന പഴയ പ്രയോഗങ്ങള്‍ ആവര്‍ത്തിച്ച് ലീ അവസാനിപ്പിച്ചു.

 ഇങ്ങനെയുള്ള മുറവിളികള്‍ ഒറ്റയ്ക്കും തെറ്റയ്ക്കും പുറപ്പെട്ടതാവാം ഒബാമ അനാച്ഛാദനം അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചു. മോശം കാലാവസ്ഥയാണ് എന്നൊക്കെയുള്ള കാരണങ്ങള്‍ നിരത്തിവെക്കുന്നുണ്ടെങ്കിലും അതിനൊക്കെ മുകളില്‍ വരാന്‍ പോകുന്ന തിരഞ്ഞെടുപ്പാണ് അടയിരിക്കുന്നതെന്ന് ഒന്ന് ചെരിഞ്ഞ് നോക്കിയാല്‍ മനസ്സിലാകും. പ്രതിമ കണ്ട ഭൂരിപക്ഷം പോരും പ്രചോദനാത്മകം, ഓര്‍മ്മിക്കത്തക്കത്, വണ്ടര്‍ഫുള്‍ എന്ന് തന്നെയാണ് അഭിപ്രായപ്പെടുന്നത്. യു.എസ്.എ ടുഡേ നടത്തിയ സര്‍വ്വേപ്രകാരം അമേരിക്കയിലെ 70 ശതമാനം പേരും മാര്‍ട്ടിന്‍ ലൂതറിന്റെ പ്രതിമ കാണാന്‍ ആഗ്രഹിക്കുന്നവരാണ് എന്ന് കാണുമ്പോള്‍ തന്നെ ആ മനുഷ്യനോടുള്ള അമേരിക്കക്കാരുടെ വൈകാരികസ്‌നേഹം എത്ര മാത്രം ആഴത്തിലുള്ളതാണെന്ന് മനസ്സിലാകും. എന്നാല്‍ ചെറിയ കുത്തുകളെയും ഒബാമ പേടിക്കുന്നുണ്ട് എന്നതിന്റെ ദൃഷ്ടാന്തമാണ് അനാച്ഛാദന മാറ്റിവെക്കല്‍. നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങുമെന്ന നാട്ടുചൊല്ല് നമ്മളെക്കാളും കൂടുതല്‍ കടികൊണ്ടറിയുന്നത് ഒരു പക്ഷേ അമേരിക്കന്‍ പ്രസിഡന്റിനായിരിക്കും.

Tagged as:

0 comments