Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

എന്താണ് സാനിട്ടറി പാഡിന്റെ അന്തിമ രഹസ്യം ?

[കെ. എ. ബീന ] 

എന്‍.എസ് . മാധവന്‍, ബിയാട്രീസ്, ശിവന്‍, ഉസ്ഗവോന്‍കര്‍,സര്‍ബജിത്ത്,ജസ്ബീര്‍കൗര്‍,സുനിത അച്ച് റേജ…ഉത്തര്‍ പ്രദേശിലെ സാമാന്യം  വലുതെന്നു വിളിക്കാവുന്ന  ആ പട്ടണത്തില്‍ വച്ച് അവരെല്ലാം ഓര്‍മ്മയില്‍ ഇരച്ചു കയറി.
ഉസ്ഗവോന്‍കര്‍ സാനിട്ടറി പാഡുകളുടെ അന്തിമരഹസ്യം ശിവനു പറഞ്ഞു കൊടുക്കുകയായിരുന്നു..

ArunachalamMuruganantham

ArunachalamMuruganantham

”ഇന്ത്യയില്‍ ഇന്ന് എണ്‍പതു കോടി ജനങ്ങളാണ് ഉള്ളത്.ഇവരില്‍ അന്‍പതു കോടി ഗ്രാമങ്ങളില്‍ ജീവിക്കുന്നു.ആദിവാസികള്‍, അമ്പും വില്ലും ധരിച്ചു നടക്കുന്നവര്‍,വയലില്‍ ഉഴുന്നവര്‍ , എലിയെ ചുട്ടു തിന്നുന്നവര്‍,പാമ്പു പിടുത്തക്കാര്‍…ഈ അന്‍പതു കോടിയില്‍ പാതി സ്ത്രീകളാണ്.അതായത് ഇരുപത്തഞ്ച് കോടി ഗ്രാമീണ ഭാരതീയ നാരികള്‍..
ഉസ്ഗവോന്‍കര്‍ ശ്വാസം ദീര്‍ഘമായി ഉള്ളിലേക്കു വലിച്ചു കൊണ്ടു തുടര്‍ന്നു..
ആ ഇരുപത്തിയഞ്ചു കോടി സ്ത്രീകളില്‍ ഇരുപതു കോടി പന്ത്രണ്ടിനും അന്‍പതിനും ഇടയ്ക്കു പ്രായമുള്ളവരാണ്..കൂട്ടുകാരേ, മാസം ഉദ്ദേശം പത്തു പാഡുകള്‍ വച്ച് ഉദ്ദേശം അവര്‍ക്ക് കൊല്ലത്തില്‍ ശരാശരി നൂറു പാഡുകള്‍ വേണം.ഇതാണ് സാനിട്ടറി പാഡുകളുടെ അന്തിമരഹസ്യം .”
(ബിയാട്രീസ് ,എന്‍ എസ് മാധവന്‍ )

കേരളത്തില്‍ ഏതു കുഗ്രാമത്തിലെ മെഡിക്കല്‍ സ്റ്റോറിലും പ്രൊവിഷന്‍ സ്റ്റോറിലും നിശ്ചയമായും ലഭിക്കുന്ന ഒന്നാണ് സാനിട്ടറി പാഡുകള്‍.  ആ ശീലം വച്ചാണ് ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍ നിന്ന് അസംഗഡിലേക്ക് പോകുംവഴിയുള്ള ആ ചെറുപട്ടണത്തിലെ മെഡിക്കല്‍ സ്റ്റോറില്‍ കയറിച്ചെന്നത്.  ഇതേവരെ തങ്ങളുടെ കടയില്‍ അങ്ങനൊരു സാധനം വിറ്റിട്ടില്ല എന്ന് കടക്കാരന്‍ മുഹമ്മദ് ഷാ തറപ്പിച്ചു പറഞ്ഞു. എന്റെ അബദ്ധ ഹിന്ദി മനസ്സിലാവാഞ്ഞതിനാലാവും പറഞ്ഞതെന്നോര്‍ത്ത് ഞാന്‍ വീണ്ടും ചോദിച്ചു.
അയാളെന്നോട് കടയില്‍ കയറി നോക്കി വേണ്ട സാധനം ഉണ്ടെങ്കില്‍ എടുത്തോളാന്‍ പറഞ്ഞു.   ”ങേഹെ” – അവിടെങ്ങും അതില്ലായിരുന്നു.  അവിടത്തെ പല കടകളിലും ഞാന്‍ കയറിയിറങ്ങി.  മെഡിക്കല്‍ ഷോപ്പുകള്‍, ഫാന്‍സി കടകള്‍, പ്രൊവിഷന്‍ കടകള്‍ – എങ്ങും ഉണ്ടായിരുന്നില്ല സാനിട്ടറി പാഡുകള്‍.
എന്‍ എസ് മാധവന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ബിയാട്രീസ് എന്ന കഥയിലൂടെ പറഞ്ഞ  അന്തിമ രഹസ്യം ഇന്നും വലിയ മാറ്റമൊന്നുമില്ലാതെ തുടരുന്നുവെന്ന് വളരെ പെട്ടന്ന് മനസ്സിലായി.
എന്റെ പ്രയാസം മനസ്സിലാക്കിയ ഡ്രൈവര്‍ ഒരു സ്ത്രീ നടത്തുന്ന മെഡിക്കല്‍ ഷോപ്പ് കണ്ടുപിടിച്ചു തന്നു.  ഭാഗ്യം.. അവിടെ ഒരു പാക്കറ്റ് സാനിട്ടറി നാപ്കിന്‍ ഉണ്ടായിരുന്നു.    മെഡിക്കല്‍ സ്റ്റോറിലെ പെണ്‍കുട്ടി (സുനിത) യോട് ഞാന്‍ എന്തേ ഈ കടകളിലൊന്നും ഈ അവശ്യവസ്തു ഇല്ലാത്തതെന്ന് തിരക്കി.  അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു:
”ഇത് എങ്ങനെ അവശ്യവസ്തുവാകും ..ഇവിടെ സാനിട്ടറി പാഡ് വാങ്ങാന്‍ വരുന്നവര്‍ തീരെ കുറവാണ്.”
ഇവരൊക്കെ പിന്നെന്തു ചെയ്യും? എന്ന് ചോദിക്കാനാഞ്ഞ എനിക്ക് ഉസ്ഗവോന്‍കര്‍  ഉത്തരം തന്നു:
”നിങ്ങള്‍ക്ക് മനസ്സിലായിട്ടില്ല സാനിട്ടറി പാഡിന്റെ പരമസത്യം .അത് ഞാന്‍ പറയുവാന്‍ പോകുന്നു..ചെവിയോര്‍ക്കൂ..നമ്മുടെ ഇരുപതു കോടി നാടന്‍ പെങ്ങന്‍മാര്‍ക്ക് നൂറു പാഡുകള്‍ വച്ച് ഒരു കൊല്ലം രണ്ടായിരം കോടി പാഡുകളുടെ വിപണി ഇന്ന് ശൂന്യമാണ്.ശൂന്യം.”
കഥയെഴുതിയ കാലത്തു നിന്ന് ഇന്ത്യന്‍ ജനസംഖ്യ 120 കോടിയായി ഉയര്‍ന്നു.സ്ത്രീജനസംഖ്യ 60 കോടിയോളമായി..പണ്ടത്തെ രണ്ടായിരം കോടിയുടെ സ്ഥാനത്ത് ആവശ്യമുള്ള പാഡുകളുടെ എണ്ണവും കൂടി.
എന്നിട്ട് ആ ശൂന്യ വിപണിയ്ക്ക് എന്തു സംഭവിച്ചു. അത് പഠിക്കാന്‍ ശ്രമിച്ചപ്പോള്‍ തിരിച്ചറിഞ്ഞത്
വലിയൊരു യാഥാര്‍ത്ഥ്യമായിരുന്നു.. മഹത്തായ ഇന്ത്യന്‍ യാഥാര്‍ത്ഥ്യം.
എന്‍.ജി.ഒ പ്ലാന്‍ ഇന്ത്യ (NGO Plan India) യുടെ ആഭിമുഖ്യത്തില്‍ എ.സി. നീല്‍സണ്‍ (A.C.Nielson) ഗ്ലോബല്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് മെഷര്‍മെന്റ് കമ്പനി 2011 ഒക്ടോബറില്‍ ദേശീയാടിസ്ഥാനത്തില്‍ നടത്തിയ പഠനവിവരങ്ങള്‍ ആ യാഥാര്‍ത്ഥ്യത്തിന്റെ നേര്‍മുഖം പറഞ്ഞുതന്നു.
ഇന്ത്യയിലെ 88% സ്ത്രീകള്‍ക്കും സാനിട്ടറി നാപ്കിന്‍ ഇന്നും അപ്രാപ്യമാണ്.  81% സ്ത്രീകള്‍ക്ക് നിരവാരമില്ലാത്ത തുണികള്‍ ആര്‍ത്തവസമയത്ത് ഉപയോഗിക്കേണ്ടി വരുന്നു.  68% സ്ത്രീകള്‍ക്ക് സാനിട്ടറി പാഡുകള്‍ വാങ്ങാനുള്ള സാമ്പത്തിക ശേഷിയില്ല.  ഇവരിലൊരുപാട് പേര്‍ ചാക്കുള്‍പ്പെടെയുള്ള തുണിത്തരങ്ങള്‍ ഉപയോഗിച്ചാണ് ആര്‍ത്തവകാലം കടത്തിവിടുന്നത്.  മണ്ണ്, ഇലകള്‍, വൈക്കോല്‍ എന്തിന് ചാരം വരെ ആര്‍ത്തവകാലത്ത് ഉപയോഗിക്കേണ്ടിവരുന്ന സ്ത്രീകള്‍ ഇന്ത്യയിലുണ്ടെന്ന് ഈ സര്‍വ്വെ വ്യക്തമാക്കിയിട്ടുണ്ട്.  റീപ്രൊഡക്ടീവ് ട്രാക്ട് ഇന്‍ഫെക്ഷന്‍ കേസ്സുകളില്‍ 70% ത്തോളം ആര്‍ത്തവകാലത്തെ ശുചിത്വക്കുറവു കൊണ്ടുണ്ടാവുന്നു എന്നത് ഗൈനക്കോളജിസ്റ്റുകള്‍ പറഞ്ഞതായും സര്‍വ്വെ രേഖപ്പെടുത്തിയിട്ടുണ്ട്.  64% ത്തോളം സെര്‍വിക്കല്‍ കാന്‍സര്‍ കേസ്സുകളും ഇക്കാലത്തെ ശുചിത്വമില്ലായ്മയുടെ ഫലമാണെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.  ആര്‍ത്തവകാലത്ത് പഴയ തുണികള്‍ ഉപയോഗിക്കുന്ന സ്ത്രീകളില്‍ 45% പേരും കഴുകി ഉണക്കി വീണ്ടും വീണ്ടും ഉപയോഗിക്കുകയാണ് ചെയ്യുന്നത്.  ഇവരില്‍ 70% പേര്‍ യാഥാസ്ഥിതികത്വം മൂലം വീട്ടിനുള്ളിലും മറ്റും തുണികള്‍ ഉണക്കുകയാണ് പതിവ്.  സൂര്യപ്രകാശത്തില്‍ തുണികള്‍ ഉണക്കാത്തതും രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.  ഗ്രാമീണ ഇന്ത്യയിലെ പെണ്‍കുട്ടികള്‍ക്ക് വര്‍ഷംതോറും 50 ദിവസത്തോളം സ്‌കൂള്‍ദിനങ്ങള്‍ ആര്‍ത്തവകാല ഉപാധികളില്ലാത്തതു മൂലം നഷ്ടമാവുന്നു എന്നും സര്‍വ്വെ റിപ്പോര്‍ട്ടിലുണ്ട്.  12 മുതല്‍ 18 വരെ വയസ്സുപ്രായമുള്ള 23% പെണ്‍കുട്ടികള്‍ പഠനംനിര്‍ത്താന്‍ ഇത് കാരണമാകുന്നുണ്ട്.  75%ത്തോളം ഗ്രാമീണ സ്ത്രീകള്‍ക്കും ശുചിത്വമുള്ള ആര്‍ത്തവകാല പരിരക്ഷയെക്കുറിച്ച് അറിവ ്‌പോലുമില്ല എന്ന് പഠനം വ്യക്തമാക്കുന്നു.
”മരക്കോണി കയറുവാന്‍ ഓരോ പടി ചവിട്ടുമ്പോഴും ശിവന് താന്‍ ഒന്നു രണ്ടു ദശകം പുറകോട്ട് പോകുകയാണെന്ന് തോന്നി. അവസാനം തട്ടിന്‍പുറത്തെ മുറിയില്‍ എത്തിയപ്പോള്‍ പ്രാകൃതമായ ഒരു നൂറ്റാണ്ടില്‍ പ്രവേശിച്ചതായി അയാള്‍ക്ക് അനുഭവപ്പെട്ടു.(ബിയാ്ര്രടീസ്)”
അതു തന്നെയാണ് ശരി ..ഇന്നും പ്രാകൃതമായ നൂറ്റാണ്ടിലാണ് ആര്‍ത്തവകാലത്ത് ഇന്ത്യന്‍ ഗ്രാമീണസ്ത്രീ.
ഇന്ത്യന്‍ സമൂഹത്തില്‍ ഇന്നും നിലവിലുള്ള കടുത്ത യാഥാസ്ഥിതികത്വം ആര്‍ത്തവത്തെക്കുറിച്ച് സംസാരിക്കുന്നതിനു പോലും അവസരം നിഷേധിക്കുന്നു. ശ്രദ്ധാപൂര്‍വ്വം ചര്‍ച്ച ചെയ്ത് പരിഹാരങ്ങള്‍ നടപ്പാക്കേണ്ട ഒരു പ്രശ്‌നമായി ആര്‍ത്തവകാല പരിരരക്ഷയെ കണക്കാക്കുന്നവര്‍ വിരളം.
ഇതിനിടയിലും ഈ പ്രശ്‌നം  ഗൗരവമായെടുക്കാനും പ്രതിവിധികള്‍ നടപ്പാക്കാനുമുള്ള ഒറ്റപ്പെട്ട ചില ശ്രമങ്ങള്‍ നടക്കുന്നു എന്നത് ആശാവഹമാണ്.
സ്‌കൂളുകളില്‍ വെന്‍ഡിംഗ് മെഷീനുകള്‍ വഴി പെണ്‍കുട്ടികള്‍ക്ക് തീരെ കുറഞ്ഞ ചിലവില്‍ സാനിട്ടറി പാഡുകള്‍ നല്‍കുന്നതിന് രാജ്യത്തിന്റെ പല ഭാഗത്തും ഇന്ന് പരിപാടികള്‍ ആവിഷ്‌ക്കരിക്കപ്പെടുന്നുണ്ട്.  ചില എന്‍.ജി.ഒ.കള്‍ പഴയ തുണി ശേഖരിച്ച് ഉപയോഗപ്രദമായ രീതിയില്‍ മാറ്റിയെടുത്ത് സ്ത്രീകള്‍ക്ക് നല്‍കുന്നു.  ചില സ്ഥലങ്ങളില്‍ ആര്‍ത്തവകാലത്തെ ശുചിത്വപരമായി നേരിടുന്നതിനെക്കുറിച്ച് ബോധവല്‍ക്കരണ പരിപാടികളും മറ്റും സംഘടിപ്പിക്കപ്പെടുന്നുണ്ട്.
ഇക്കൂട്ടത്തില്‍ തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ നിന്നുള്ള അരുണാചലം മുരുകാനന്ദത്തെക്കുറിച്ച് എടുത്തു പറയാതെ വയ്യ.  ദാരിദ്ര്യം മൂലം 14 വയസ്സില്‍ ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടി വന്ന മുരുകാനന്ദം പല തൊഴിലുകള്‍ ചെയ്ത് കാലക്ഷേപം നടത്തുകയായിരുന്നു.  വിവാഹശേഷം ഭാര്യ ശാന്തി വൃത്തിഹീനമായ പഴയ തുണിക്കഷണങ്ങള്‍ ഒരു ന്യൂസ്‌പേപ്പറില്‍ പൊതിഞ്ഞു വച്ചിരിക്കുന്നത് കണ്ട് കാര്യം തിരക്കിയപ്പോഴാണ് ആര്‍ത്തവകാലത്ത് ഉപയോഗിക്കാനാണെന്ന് മരുതാനന്ദം അറിഞ്ഞത്.  ചുറ്റുപാടുള്ള സ്ത്രീകളില്‍ 10-ല്‍ ഒരാള്‍ പോലും ശരിയായ രീതിയില്‍ ആര്‍ത്തവകാലത്ത് സംവിധാനങ്ങള്‍ ഉപയോഗിക്കാറില്ലെന്ന് അയാളറിഞ്ഞു.  ഞെട്ടിപ്പോയ മരുതാനന്ദത്തിന്റെ പിന്നീടുള്ള ജീവിതം ആര്‍ത്തവകാലത്തെ സുരക്ഷിതത്വവും ശുചിത്വപൂര്‍ണ്ണവുമായ സംരക്ഷണത്തെക്കുറിച്ചുള്ള ചിന്തകളില്‍ കുരുങ്ങി.  മരുതാനന്ദം പലതരം പരീക്ഷണങ്ങള്‍ നടത്തി.  അവയുടെയെല്ലാം ഫലമറിയാനായി ഭാര്യയെയും സഹോദരിമാരെയും ഉപയോഗപ്പെടുത്തി.  വിവിധതരം തുണികളും പഞ്ഞിത്തരങ്ങളുമൊക്കെ മാറിമാറി ഉപയോഗിച്ച് പാഡുകള്‍ ഉണ്ടാക്കി നോക്കി.  ഒടുവില്‍ കമ്പോളത്തില്‍ കിട്ടുന്ന പാഡുകള്‍ വാങ്ങി അതുപോലെ ഉണ്ടാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടി.  10 പൈസ ചിലവില്‍ ഉണ്ടാക്കാവുന്ന പാഡുകള്‍ക്ക് 40 ഇരട്ടിയിലേറെ വിലയാണ് വന്‍കിട കമ്പനികള്‍ ഈടാക്കുന്നതെന്ന് മനസ്സിലാക്കിയ മരുതാനന്ദം കുറഞ്ഞ ചെലവില്‍ സാനിട്ടറി പാഡുകള്‍ ഉണ്ടാക്കാനുള്ള വഴികള്‍ക്കായി തലപുകച്ചു കൊണ്ടേയിരുന്നു.
ആര്‍ത്തവത്തെക്കുറിച്ച് ഉറക്കെ പറയുന്നതുപോലും നിഷിദ്ധവും ലജ്ജാകരവുമായി കണക്കാക്കിയിരുന്ന സമൂഹത്തില്‍ മുരുകാനന്ദം ഒറ്റപ്പെടാന്‍ തുടങ്ങി.  കുടുംബം അയാളില്‍ നിന്നകന്നു, സമൂഹം ഒറ്റപ്പെടുത്തി.  പലപ്പോഴും മുരുകാനന്ദത്തിന്റെ പരീക്ഷണങ്ങള്‍ കടുത്ത എതിര്‍പ്പു വിളിച്ചു വരുത്തി.  ഒരിക്കല്‍ സ്വന്തം ശരീരത്തില്‍ പാഡുവച്ചുകെട്ടി മൃഗരക്തം ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്.  നാട്ടിലെ മെഡിക്കല്‍ കോളേജിലെ പെണ്‍കുട്ടികള്‍ക്ക് പാഡുകള്‍ നല്‍കിയിട്ട് ഉപയോഗശേഷം അവ മടക്കിനല്‍കാന്‍ ആവശ്യപ്പെട്ടത് പ്രതിഷേധത്തിനിടയാക്കി.  ഒരുവേള മരുതാനന്ദത്തിന്റെ അമ്മ പോലും മകന്റെ ഭ്രാന്ത് താങ്ങാനാവാതെ ഉപേക്ഷിച്ചുപോയി.
മരുതാനന്ദം പിന്മാറിയില്ല.  രണ്ട് വര്‍ഷം കൊണ്ട് കൊമേഴ്‌സ്യല്‍ സാനിട്ടറി പാഡുകളുടെ നിര്‍മ്മാണവസ്തു പൈന്‍ മരത്തൊലിയില്‍ നിന്നുള്ള സെല്ലുലോസ് ആണെന്ന് അയാള്‍ കണ്ടെത്തി.  ഏറെ വൈകാതെ ചിലവുകുറഞ്ഞ പാഡുകള്‍ നിര്‍മ്മിക്കാനുള്ള യന്ത്രങ്ങള്‍ നിര്‍മ്മിക്കുന്ന വിദ്യയും. കണ്ടുപിടിച്ചു   അങ്ങനെ മരുതാനന്ദം ചരിത്രം കുറിച്ചു.  ഇന്ന് ഇന്ത്യയിലെ 23 സംസ്ഥാനങ്ങളില്‍ മരുതാനന്ദത്തിന്റെ സാനിട്ടറി പാഡ് നിര്‍മ്മാണ യന്ത്രം ഉപയോഗത്തിലുണ്ട്.  106 രാഷ്ട്രങ്ങളിലേക്ക് ഇതിന്റെ ഉപയോഗം വ്യാപിക്കപ്പെടുന്നു. ഇന്ത്യന്‍്ര്രപസിഡന്‌റ്  മരുതാനന്ദത്തിന് അവാര്‍ഡ് നല്‍കി. ടൈം (TIME) വാരിക ലോകത്തിലെ ഏറ്റവും സ്വാധീനം ചെലുത്തുന്ന 100 വ്യക്തികളിലൊരാളായി മരുതാനന്ദത്തിനെ തെരഞ്ഞെടുത്തിട്ടുണ്ട്.  ഇന്ന് മരുതാനന്ദത്തിന് സ്ത്രീ സമൂഹത്തിന് ആര്‍ത്തവകാല സുരക്ഷാസൗകര്യം ഉണ്ടാക്കിയെടുക്കാന്‍ തന്നാലാവുന്നത് ചെയ്യാനായി എന്ന തൃപ്തി മാത്രമല്ല, പണവും പദവിയും ഉണ്ട്, ഒപ്പം പിണങ്ങിപ്പോയ കുടുംബാംഗങ്ങളും മടങ്ങിവന്നിട്ടുണ്ട്.
സമുദ്രം പോലെ വിശാലമായ ഒരു പ്രശ്‌നത്തിന്റെ ഒരു വക്കില്‍ അല്‍പ്പം ആശ്വാസമുണ്ടാക്കാനുള്ള ശ്രമത്തിലാണ് മരുതാനന്ദം വിജയിച്ചത്.  പക്ഷെ, പ്രശ്‌നത്തിന്റെ സങ്കീര്‍ണ്ണത കടലു പോലെ തന്നെ കിടക്കുന്നു.  സ്ത്രീയും അവളുടെ പ്രശ്‌നങ്ങളും രാഷ്ട്രത്തിന്റെയോ സമൂഹത്തിന്റെയോ ചിന്താധാരകളില്‍പ്പെടുന്നവയല്ല എന്ന് കാലാകാലങ്ങളായി തിരിച്ചറിഞ്ഞിട്ടുള്ളതാണ്.
എന്തും കച്ചവടമാക്കുന്ന പുതിയ കാലം ആര്‍ത്തവത്തെയും മാര്‍ക്കറ്റ് വാല്യു ഉള്ള കച്ചവടമാക്കി മാറ്റിക്കഴിഞ്ഞിരിക്കുന്നു.  ആര്‍ത്തവസംരക്ഷണത്തിന് ചിലവ് കൂടിയ പുതിയ പുതിയ മാര്‍ഗ്ഗങ്ങള്‍ വിപണിയിലെത്തുന്നു.  ടാമ്പൂണുകള്‍, ആര്‍ത്തവകാലത്തുപയോഗിക്കാവുന്ന പ്രതേ്യകതരം കപ്പുകള്‍ എന്നിവ മാത്രമല്ല സാനിട്ടറി പാഡുകളില്‍ തന്നെ എത്രമാത്രം വൈവിധ്യങ്ങളാണ് ഇന്നുള്ളത്.  ചിലവേറിയ ഒന്നായി സാനിട്ടറി നാപ്കിന്‍ ഉപയോഗം മാറിക്കഴിഞ്ഞിരിക്കുന്നു, കേരളം പോലെയുള്ള സ്ഥലങ്ങളില്‍ പ്രതേ്യകിച്ചും.
മരുതാനന്ദത്തിന്റേതുപോലെയുള്ള കണ്ടുപിടുത്തങ്ങളുടെ സാധ്യതകള്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത അധികാരികള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല എന്നാണ് തോന്നുന്നത്.  മരുതാനന്ദത്തിന്റെ യന്ത്രമോ തത്തുല്യമായ ഗവേഷണശ്രമങ്ങളോ താല്‍പ്പര്യക്കാര്‍ക്ക് ലഭ്യമാക്കാന്‍ ഗവണ്‍മെന്റുതലത്തില്‍ ശ്രമങ്ങള്‍ നടത്തിയേ തീരൂ.  ഈ മേഖലയില്‍ കുടുംബശ്രീ പോലെയുള്ള പ്രസ്ഥാനങ്ങളുടെ ചിന്തയും, ശ്രമവും ഉപയോഗപ്പെടുത്തേണ്ടത് ഇന്ത്യന്‍ സ്ത്രീയുടെ ആവശ്യമാണ്.  നമ്മുടെ കുടുംബശ്രീ യൂണിറ്റുകള്‍ കുറഞ്ഞ ചിലവില്‍ സാനിട്ടറി പാഡുകള്‍ ഉണ്ടാക്കി സ്ത്രീകള്‍ക്ക് (മറ്റ് സംസ്ഥാനങ്ങളിലെ സ്ത്രീകള്‍ക്കും) വില്‍ക്കുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു.  ഇടുക്കിയില്‍ ഒരു കുടുംബശ്രീ യൂണിറ്റ് ഇത്തരം ഒരു ശ്രമം നടത്തിയതായി കേട്ടിട്ടുണ്ട്. കേരള മഹിളാ  സമഖ്യ സൊസൈറ്റി യും ചില ശ്രമങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതായി പ്രോജക്ട് ഡയറക്ടര്‍  പി ഇ. ഉഷ പറയുന്നു.
സ്ത്രീയെ പിന്‍നിരയിലേക്ക് മാറ്റിനിര്‍ത്തുന്നതിനുള്ള കാരണങ്ങളില്‍ ആര്‍ത്തവത്തിനുള്ള പങ്ക് ചെറുതല്ല.  മെച്ചപ്പെട്ടതും സൗകര്യമുള്ളതുമായ സുരക്ഷിതത്വ ഉപാധികള്‍ ഇല്ലാതിരിക്കുന്നതു കൊണ്ടാണോ ആര്‍ത്തവകാലത്ത് സ്ത്രീയുടെ മേല്‍ നിയന്ത്രണങ്ങള്‍ ഉണ്ടായതെന്ന് സംശയിക്കേണ്ടയിരിക്കുന്നു.
ഇന്നും പല സമൂഹങ്ങളിലും ആര്‍ത്തവകാലം സ്ത്രീക്ക് ഒറ്റപ്പെട്ട് താമസിക്കാനുള്ളതാണ് , വീട്ടിനുള്ളില്‍ നിന്നുകൂടി മാറിനില്‍ക്കാനുള്ളതാണ്. (അനാചാരത്തിന്റെ പേരിലാണെങ്കില്‍ കൂടി ആ ദിവസങ്ങളില്‍ സ്ത്രീക്ക് വിശ്രമം കിട്ടും എന്നത് നല്ല കാര്യമാണെന്നത് വിസ്മരിക്കുക വയ്യ)  ആചാരങ്ങളും അനാചാരങ്ങളും ഏറെയുണ്ട്!
സ്ത്രീ അനുഭവിക്കുന്ന ഇത്തരം പ്രശ്‌നങ്ങളെ ഗൗരവമായെടുക്കാന്‍ സമൂഹം മിനക്കെടുന്നില്ല എന്നത് സത്യം മാത്രമാണ്.  ആര്‍ത്തവവുമായി ബന്ധപ്പെട്ട മാമൂലുകള്‍ പിന്തുടരാന്‍ ഏറ്റവും ശ്രദ്ധിക്കുന്നതും സ്ത്രീകള്‍ തന്നെയാണ്.  ശുചിത്വകരമായ രീതികള്‍ പറഞ്ഞു കൊടുക്കുന്നതിനെക്കാള്‍, ഇളംതലമുറയ്ക്ക്  പല മുതിര്‍ന്ന സ്ത്രീകളും  കൈമാറുന്നത് തലമുറകള്‍ കൈമാറിവന്ന അന്ധവിശ്വാസങ്ങളാണ്.
യാത്ര സ്ത്രീക്ക് പ്രാപ്യമല്ലാത്തതായി മാറ്റുന്നതിലെ ഒരു പ്രധാനഘടകം ആര്‍ത്തവമാണ്.  ടോയ്‌ലറ്റുകള്‍ സങ്കല്‍പ്പം മാത്രമാകുന്ന ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ആര്‍ത്തവകാലത്ത് പോയിട്ട് സാധാരണ ദിവസങ്ങളില്‍ പോലും സ്ത്രീക്ക് യാത്രചെയ്യാന്‍ പ്രയാസം തന്നെയാണ്.
പ്രകൃതി  ദുരന്തങ്ങളും മറ്റും സംഭവിക്കുമ്പോഴാണ് ആര്‍ത്തവം സ്ത്രീകള്‍ക്ക് മുഖ്യവെല്ലുവിളിയുണര്‍ത്തുന്നത്.  ദുരന്തബാധിത മേഖലകളിലെ സ്ത്രീകളോട് ചോദിച്ചാല്‍ ഭക്ഷണത്തെക്കാള്‍, വസ്ത്രത്തെക്കാള്‍ ആദ്യം അവരാവശ്യപ്പെടാറുള്ളത് ആര്‍ത്തവദിനങ്ങള്‍ക്ക് വേണ്ട തുണികളും മറ്റുമാണെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.  പല സന്നദ്ധസംഘടനകളും ഇത്തരം ക്യാമ്പുകളില്‍ സാനിട്ടറി പാഡുകള്‍ വിതരണം ചെയ്യാന്‍ ശ്രദ്ധിക്കാറുണ്ട്.
പതുങ്ങിയ ശബ്ദത്തില്‍ ഇന്ത്യന്‍ സ്ത്രീ പറയുന്ന കാര്യങ്ങളിലൊന്നാണ് ആര്‍ത്തവവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും.  അതുകൊണ്ടുതന്നെയാണ് ഇത്തരം കാര്യങ്ങള്‍ക്ക് കിട്ടേണ്ട ശ്രദ്ധ കിട്ടാത്തതും.  സ്ത്രീശരീരത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനങ്ങളിലൊന്നായി ആര്‍ത്തവത്തെ കണക്കാക്കുന്നതിലൂടെ മാത്രമേ ഇന്ന് നിലനില്‍ക്കുന്ന അപര്യാപ്തതകള്‍ ഇല്ലാതാവൂ.  ശുചിത്വവും സുരക്ഷയും സൗകര്യപ്രദവുമായ ജീവിതവും എല്ലാ സ്ത്രീകളുടെയും അവകാശമാണ് എന്ന് തിരിച്ചറിയാനുള്ള പ്രാപ്തി പുരുഷ മേധാവിത്വമുള്ള ഭരണസംവിധാനത്തിനുണ്ടാകണമെങ്കില്‍ സ്ത്രീകളെ  മനുഷ്യരായി കാണാനുള്ള മനോഭാവം ഉണ്ടാകണം.  പൊതുവിതരണ സംവിധാനത്തിലൂടെ പാവപ്പെട്ട സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സൗജന്യമായി സാനിട്ടറി പാഡുകള്‍ നല്‍കുന്നതിനെക്കുറിച്ച് ഭരണാധികാരികള്‍  ഇനിയും ചിന്തിക്കുന്നില്ലല്ലോ..
അതെങ്ങനെ നടക്കും എന്ന മറു ചോദ്യവും…കുഞ്ഞുങ്ങളുടെ പട്ടിണി മാറ്റാന്‍ കഴിയാത്ത സാഹചര്യത്തില്‍ ് സ്ത്രീയുടെ ആര്‍ത്തകാല ശുചിത്വത്തിന് എന്തു പ്രസക്തി  . അതു തന്നെയാണ് സാനിട്ടറി പാഡുകളുടെ അന്തിമരഹസ്യവും.
അതു കൊണ്ടു തന്നെയാവാം ദിവസങ്ങളോളം പഞ്ചാബിലെ ഗ്രാമങ്ങളില്‍ രണ്ടായിരം കോടിപാഡുകളുടെ വിപണിസാധ്യതകള്‍ തേടി നടന്ന ശിവന്റെ കഥ എന്‍ എസ് മാധവന്‍   ഇങ്ങനെ അവസാനിപ്പിച്ചത്..
ശിവന്‍ ഒടുവില്‍
”സാനിട്ടറി പാഡുകളുടെ ഒരു പാക്കറ്റ് തുറന്ന് വെള്ളത്തിന്റെ ഒഴുക്കിനു മേല്‍ വച്ചു.  അത് വയലിന്റെ ഓരത്തിലൂടെ വളഞ്ഞും പുളഞ്ഞും ഒഴുകി.  അയാള്‍ കുറെ ദൂരം അതിന്റെ പുറകില്‍ ഓടി.തിരിച്ചെത്തി മറ്റൊരു സാനിട്ടറി പാഡു കൂടി കടലാസ് വഞ്ചി പോലെ വെള്ളത്തിലേക്ക് ഇറക്കി.പെണ്‍കുട്ടികള്‍ കൈകൊട്ടി ചിരിക്കുവാന്‍ തുടങ്ങി.
സാനിട്ടറി പാഡുകളുടെ പല പല പായ്ക്കറ്റുകള്‍ തുറക്കുന്ന ശബ്ദം വയലില്‍ മുഴങ്ങി.അവരും വഞ്ചികള്‍ പായിച്ചു.വെള്ളത്തില്‍ ഇലാസ്റ്റിക് പട്ടകള്‍ നീര്‍ക്കോലികള്‍ പോലെ പുളഞ്ഞു.
”പരിപൂര്‍ണ്ണ സുരക്ഷിതത്വം.”
ശിവന്‍ പറഞ്ഞു.
”പരിപൂര്‍ണ്ണ സുരക്ഷിതത്വം.”
എല്ലാവരും ഏറ്റു പറഞ്ഞു.
ഒന്നൊന്നായി സാനിട്ടറി പാഡുകള്‍ വെള്ളത്തില്‍ ഒഴുക്കുമ്പോള്‍ അവര്‍ ഒരുമിച്ച് അട്ടഹസിച്ചു.
”കളയാന്‍ എളുപ്പം.”
(ബിയാട്രീസ്)

[ദേശാഭിമാനി വാരികയോട് കടപ്പാട് ]

Tagged as:

0 comments